ടിപ്പുവിനെ വധിച്ച ആർതർ വെല്ലസ്‌ലിക്കു തന്റെ കാലിടറിയതു പഴശ്ശിയുടെ മുൻപിലായിരുന്നു.

0
211

Abhilash Jacob Varikkatt

ഇന്ന് നവംബർ 30
പോരാട്ടത്തിന്റെ പടവാൾ തിളക്കം, പഴശ്ശി വീരാഹുതി ദിനം

കേരളത്തിന്റെയും, ഭാരതത്തിന്റെയും ചരിത്രത്തിൽ സ്വാതന്ത്ര്യ ദാഹത്തിന്റെയും, ധീരതയുടെയും തിളങ്ങുന്ന ഏടുകൾ എഴുതി ചേർത്ത ഇതിഹാസ പുരുഷൻ വീര കേരളവർമ പഴശ്ശി രാജയുടെ ഇരുനൂറ്റി പതിനഞ്ചാം വീരാഹുതി ദിനമാണ് ഇന്ന്.

1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനും അരനൂറ്റാണ്ടു മുൻപ് ബ്രിട്ടീഷ് സാമ്രാജ്യ ആധിപത്യത്തിനെതിരെ പോരാടിയ ഒരു ഭരണാധികാരിയാണ് പഴശ്ശി. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ ഗറില്ലാ യുദ്ധമുറയിലൂടെ നീണ്ട പത്തുവർഷത്തോളം വിറപ്പിച്ച പഴശ്ശിയുടെ പോരാട്ടങ്ങൾ ആണ് തിരുവതാം കൂറിലെ വേലുത്തമ്പി ദളവ ഉൾപ്പെടെയുള്ളവർക്ക് യുദ്ധ വീര്യം പകർന്നത്.
പഴശ്ശിയുടെ ഇടതും വലതും നിന്ന് അടിമത്വത്തിനെതിരെ പോരാടിയ എടച്ചേന കുങ്കൻ നായരും, തലക്കൽ ചന്ദുവും മറ്റും ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന അതിമാനുഷരാണ്. അടിമത്വത്തിന്റെ ശക്തികൾക്ക് ജീവനോടെ പിടികൂടാൻ നിന്ന് കൊടുക്കാതെ, പിറന്ന നാടിനുവേണ്ടി വീരാഹുതി ചെയ്ത പഴശ്ശിയുടെ ജീവിതം ഭാരതത്തിലെ പുതുതലമുറകൾക്കു പ്രചോദനമാകുന്നു..

ഇന്ത്യയിലെ ഒട്ടുമിക്ക നാട്ടുരാജ്യങ്ങളെ നേരിട്ടുള്ള യുദ്ധത്തിലൂടെ പരാജയപ്പെടുത്തി ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്ത, മൈസൂരിലെ ടിപ്പൂ സുൽത്താനെ വധിച്ച, യൂറോപ്പിൽ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ടിനെ വാടര്ലൂ യുദ്ധത്തിൽ പരാജയപ്പെടുത്തി തടവുകാരനായി പിടിച്ച, ബ്രിട്ടീഷ് യുദ്ധവീരനായ സർ ആർതർ വെല്ലസ്‌ലിക്കു തന്റെ കാലിടറിയതു പഴശ്ശി രാജയുടെ ഗറില്ലാ യുദ്ധ മുറയുടെ മുൻപിൽ ആയിരുന്നു…. കോട്ടയത്തു യുദ്ധത്തിൽ പഴശ്ശിയെ പിടികൂടാൻ സാധിക്കാതെ നിരാശനായി ഇംഗ്ലണ്ടിലേക്കു മടങ്ങുന്ന വെല്ലസ്‌ലിയെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ചരിത്ര രേഖകളിൽ കാണുവാൻ സാധിക്കും.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചരിത്ര രേഖകളിൽ നാം ഇങ്ങനെ വായിക്കുന്നു….
“” വയനാട്ടിലും, വടക്കൻ മലബാറിലും ഉള്ള എല്ലാ തദ്ദേശീയരായ നട്ടുവർഗക്കാരിലും ഞങ്ങൾ ശ്രദ്ധിച്ചത് പഴശ്ശി രാജയോട് ആ നാട്ടുകാർക്കുണ്ടായിരുന്ന താല്പര്യമാണ്. ആരാധനയുടെ അടുത്തെത്തുന്ന ഒരുതരം കടുത്ത ഭക്തിയാധരം ആയിരുന്നു അത്. അദ്ദേഹത്തിന്റെ മരണം കൊണ്ടുപോലും ആ നാട്ടുകാരുടെ ആ വികാരം മാഞ്ഞു പോവില്ല എന്നുറപ്പാണ് “”