ഇന്ന് വിക്രം സാരാഭായ് ജൻമദിനം, മാനവരാശിയെക്കുറിച്ച് ഇങ്ങനെയും ദീർഘവീക്ഷണമുള്ള മനുഷ്യർ ഇവിടെ ജീവിച്ചിരുന്നു

20

Abhilash Joseph

യാഥാസ്ഥിതികവാദങ്ങളും മത-ജാതി ഭ്രാന്തും കൊടുമ്പിരി കൊള്ളുന്ന ഇന്ത്യയിൽ പണ്ട് ജീവിച്ചിരുന്ന ഒരു ശാസ്ത്രജ്ഞൻ്റ ജൻമ ദിനമാണിന്ന്.അയാളെപ്പോലുള്ള നിരവധി മനുഷ്യർ തുടങ്ങി വച്ച ചിന്തകളുടെ സൗകര്യങ്ങൾ ആസ്വദിച്ചാണ് ഇന്ന് ഭൂരിഭാഗവും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതും . ഇന്ന് വിക്രം സാരാഭായ് ജൻമദിനം.. മാനവരാശിയെക്കുറിച്ച് ഇങ്ങനെയും ദീർഘവീക്ഷണമുള്ള മനുഷ്യർ ഇവിടെ ജീവിച്ചിരുന്നു.

1919 ഓഗസ്റ്റ് 12-നു ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു ധനിക ജൈന കുടുംബത്തിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം അഹമ്മദാബാദിലും ഉന്നത വിദ്യാഭ്യാസം കേംബിഡ്ജിലുമായിരുന്നു. 1947-ൽ കോസ്‌മിക് റേകളെക്കുറിച്ച് ഗവേഷണം ചെയ്ത് കേംബ്രിഡ്‌ജിൽ നിന്ന് പി.എച്ച്.ഡി നേടി. തുടർന്ന് അഹമ്മദാബാദിലെ ഫിസിക്കൽ റിസേർച്ച് ലാബോറട്ടറിയിൽ കോസ്‌മിക് റേയെക്കുറിച്ച് പഠിപ്പിക്കുന്ന ഫിസിക്സ് പ്രൊഫസ്സറായി. പിന്നീട് 1965-ൽ അവിടുത്തെ ഡയറക്ടറുമായി. ഇതിനിടെ ഇന്ത്യയിലെ അണുശക്തി കമ്മീഷനിൽ അദ്ദേഹം നിയമിതനായി. ഉപഗ്രഹ വിക്ഷേപണത്തിൽ അദ്ദേഹം പ്രത്യേകം താല്പര്യം കാ‍ട്ടി.

ബഹിരാകാശഗവേഷണത്തെ വെറും ശൂന്യാകാശ യാ‍ത്രകളായി വഴിതിരിച്ചു വിടാതെ ,വാർത്താവിനിമയത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും ഉപയോഗപ്രദമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം തുമ്പയിലെ ബഹിരാകാശകേന്ദ്രത്തിന്റെ ശില്പി ഇദ്ദേഹമാണ്. അദ്ദേഹത്തോടുള്ള ബഹുന്മാനാർത്ഥം തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തെ “വിക്രം സാരാഭായ് സ്പേസ് സെൻറർ“ എന്ന് നാമകരണം ചെയ്തു.ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണത്തിന്റെ ശിൽ‌പ്പിയും അദ്ദേഹമാണ് റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്നതിൽ കഴിവുള്ള ഒരു നല്ല സംഘത്തെ വാർത്തെടുക്കാനായി എന്നത് പിൽക്കാലത്ത് ഇന്ത്യയ്ക്ക് ഈ രംഗത്ത് മുന്നേറ്റമുണ്ടാക്കാൻ സഹായകമായി.

1975-76 കാലഘട്ടത്തിൽ നാസയുടെ സാറ്റലൈറ്റ് ഉപയോഗിച്ച് നടത്തിയ ടെലിവിഷൻ പരീക്ഷണം ഏറെ ചർച്ച ചെയ്യപ്പെട്ടു. സൈറ്റ് (SITE- Satellite Instructional Television Experiment) എന്ന പേരിൽ നടത്തിയ ഈ സംവിധാനം ഉപയോഗിച്ച് 2,400 പിന്നാക്ക ഗ്രാമങ്ങളിൽ ആധുനികവിദ്യാഭ്യാസം എത്തിക്കുന്നതിന് ഇദ്ദേഹം പദ്ധതിയുണ്ടാക്കി.അദ്ദേഹം കേൾക്കുന്നില്ല എന്നറിയാം എങ്കിലും ഈ ജൻമദിനാംശംസകൾ ഇക്കാലത്ത് അതിജീവനത്തിൻ്റ പ്രതിരോധമാണ്.