കൈയിലൊരു RSS വിരുദ്ധ ലഘുലേഖ മതി അറസ്റ്റിലാകാൻ

0
33

കൈയിലൊരു RSS വിരുദ്ധ ലഘുലേഖ മതി അറസ്റ്റിലാകാൻ!

“മാവോയിസ്റ്റ്, ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ പ്രവർത്തകർ യുഎപിഎ ഇരകളാകുന്നു. അതിന് പ്രത്യേകിച്ച് ബോംബ് പൊട്ടണമെന്നില്ല കൈയ്യിൽ ആർ.എസ്.എസ് വിരുദ്ധമായ ഏതെങ്കിലും പുസ്തകമോ നോട്ടീസോ ഉണ്ടായാൽ മതി എന്നതാണ് സത്യം…”

അഭിലാഷ് പടച്ചേരി, മാധ്യമപ്രവർത്തകൻ

ഐക്യപ്പെട്ട് പോരാടുക, പോരാടുവാൻ വേണ്ടി ഐക്യപ്പെടുക. ഹിന്ദുത്വ ഫാസിസത്തിനെതിരേ രാജ്യമെമ്പാടും ഐക്യമുന്നണി കെട്ടിപ്പടുക്കണമെന്ന ആവശ്യവുമായി രാജ്യത്തെ ആർ.എസ്.എസ് ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങൾക്ക് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അയച്ച കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്.

പറഞ്ഞുവരുന്നത്, ഈ കെട്ടകാലത്തെ മുന്നിൽക്കണ്ട് ഒരു കമ്യൂണിസ്റ്റ് പാർട്ടി മോ​ദിയുടെ അധികാരം തുടങ്ങുന്നതിന് മുമ്പ് തന്നെ പടയൊരുക്കം നടത്തിയിരുന്നു. ചില സംഘടനകൾ മാത്രമാണ് ആ കത്തിന് അനുകൂല പ്രതികരണം നൽകിയതെന്ന് അന്നത്തെ മാധ്യമ റിപോർട്ടുകളിൽ നിന്ന് വ്യക്തമായിരുന്നു. അന്ന് മാവോയിസ്റ്റ് പ്രസ്ഥാനം മുന്നോട്ട് വച്ച നിലപാട് കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുന്ന സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നതെന്ന് എങ്ങിനെ പറയാതിരിക്കും?

ഇന്ത്യയിൽ ഇന്ന് കുറഞ്ഞത് 20നും 25നും ഇടയിൽ യുഎപിഎ കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ യുഎപിഎ കേസുകൾ ചുമത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം. അത്തരം കേസുകൾ ചാർത്തിയതാകട്ടെ മുസ്‌ലിം യുവാക്കൾക്കും മാവോയിസ്റ്റ് പ്രവർത്തകർക്കുമെതിരെയാണ്. ഈ കേരളത്തിലിരുന്നാണ് ബ്രാഹ്മണ്യവാദ ഹിന്ദു ഫാസിസ്റ്റുകളുടെ രാഷ്ട്രീയ അടിച്ചമർത്തലുകൾക്കെതിരേ യുഎപിഎ വിരുദ്ധമുന്നണി എന്ന കാലം ആവശ്യപ്പെടുന്ന ഐക്യമുന്നണിയെക്കുറിച്ച് പറയേണ്ടിവരുന്നത്.

ബ്രഹ്മണ്യത്തിന്റെ രാഷ്ട്രീയം ഉയർത്തുന്നവർ, ഹിന്ദുത്വ ഭീകരവാദത്തിലൂടെ രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളുന്നവർ യുഎപിഎ നിയമത്തിനു പുറത്താണ്. ഇത് നാം നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു. പക്ഷേ മാവോയിസ്റ്റ്, ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ പ്രവർത്തകർ യുഎപിഎ ഇരകളാകുന്നു. അതിന് പ്രത്യേകിച്ച് ബോംബ് പൊട്ടണമെന്നില്ല കൈയ്യിൽ ആർ.എസ്.എസ് വിരുദ്ധമായ ഏതെങ്കിലും പുസ്തകമോ നോട്ടീസോ ഉണ്ടായാൽ മതി എന്നതാണ് സത്യം.

ഇനി പറയാൻ പോകുന്നത് കുറച്ച് അസ്വസ്ഥതകൾ ഉണ്ടാക്കുമെന്ന് കരുതുന്ന കുറച്ചു കാര്യങ്ങളാണ്. യുഎപിഎ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന പ്രസ്ഥാനങ്ങൾ നിരവധിയൊന്നും ഇല്ലെങ്കിലും വിരലിലെണ്ണാവുന്നവയൊക്കെ ഉണ്ട്. മാവോയിസ്റ്റ് പ്രസ്ഥാനം, ജമാഅത്ത് ഇസ്‌ലാമിസ്റ്റ്, മനുഷ്യാവകാശ സംഘടനകൾ, പൗരാവകാശ പ്രസ്ഥാനങ്ങൾ, ഇങ്ങനെ പോകുന്നു സംഘടനകൾ… കഴിഞ്ഞ കുറച്ചു മാസങ്ങളായി യുഎപിഎ ചാർത്തലിന്റെ കുത്തൊഴുക്കാണെന്ന് പറയേണ്ടതില്ലല്ലോ. ഈ കേസുകളിൽ അതത് സംഘടനാ നേതൃത്വങ്ങൾ അവരവരുടെ പ്രവർത്തകർക്ക് നേരെയുള്ള കേസുകളിൽ മാത്രമാണ് പ്രത്യക്ഷമായും പരോക്ഷമായും രംഗത്ത് വരുന്നത്. ഇതൊരു വിഭാ​ഗീയ പ്രവണതയാണെന്ന് മാത്രമല്ല, ഐക്യപ്പെട്ടുകൊണ്ടുള്ള പോരാട്ടത്തിന് വിലങ്ങുതടിയുമാണ്. വെറുതേ പറയുന്നതല്ല ഇതൊന്നും കൃത്യമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്.

കാംപസ് ഫ്രണ്ട് പ്രവർത്തകർ അറസ്റ്റ് ചെയ്തപ്പോൾ അവർ മാത്രം പ്രതികരിക്കുന്നു. മാവോയിസ്റ്റ് പ്രവർത്തകർ അറസ്റ്റിലാകുമ്പോൾ ( രാജൻ ചിറിറിലപ്പിള്ളി, രാജീവൻ… ഒക്കെ ഉദാഹരണമാണ്) അവർ മാത്രം പ്രതികരിക്കുന്നു. ഇതിനിടയിൽ താഹയുടെ ജാമ്യം റദ്ദ് ചെയ്യുകയും ചികിൽസാ കാര്യം മുൻനിർത്തി അലന് ജാമ്യത്തിൽ തുടരാമെന്ന വിധി വന്നപ്പോൾ താഹയുടെ സ്വത്വം തേടിപ്പോയ ഫ്രാറ്റേർണിറ്റിയുടെ യുഎപിഎ വിരുദ്ധ രാഷ്ട്രീയത്തിന്റെ ലിറ്റ്മസ് ടെസ്റ്റ് പുറത്തുവരാൻ അധിക കാലം വേണ്ടിവന്നില്ല. അതേ കേസിൽ വിജിത്ത് വിജയൻ അറസ്റ്റിലാകുന്നയത്രയും സമയമേ വേണ്ടിവന്നുള്ളു. ഇതെല്ലാം പറയുന്നത് രാഷ്ട്രീയ ശത്രുത ഉള്ളതുകൊണ്ടല്ല, യുഎപിഎ സാധാരണ കേസുപോലെ മാറുകയും രാജ്യത്ത് യുഎപിഎ തടവുകാരുടെ എണ്ണത്തിൽ ​ഗണ്യമായ വർധനവുണ്ടാവുകയും ചെയ്യുന്ന ആ നെറികെട്ടകാലത്തും വീണ്ടുവിചാരത്തിന് സമയമുണ്ടെന്ന് ഓർത്തുകൊണ്ട് മാത്രമാണ്.

ഇപ്പോഴിതാ രണ്ട് പോപുലർ ഫ്രണ്ട് പ്രവർത്തകരെ നട്ടാൽ മുളയ്ക്കാത്ത പച്ചക്കള്ളം പറഞ്ഞ് യുപിയിൽ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തിരിക്കുന്നു. പോപുലർ ഫ്രണ്ട് മൗനം പാലിച്ച കേസുകളിൽ പെട്ടവരുടെ പ്രസ്ഥാനങ്ങൾ ഇപ്പോൾ ഈ വിഷയത്തിൽ മൗനം പാലിക്കുന്നു. ഈ പൊളിറ്റിക്കൽ ഈ​ഗോ ഇങ്ങനെ നീളും. അവർ ഹിന്ദുരാഷ്ട്ര നിർമാണമെന്ന അവരുടെ ദൗത്യം പൂർത്തീകരിക്കുന്നതുവരെ. ഒരു ചൊല്ലുണ്ട്, നായാട്ടു നായ്ക്കൾ തമ്മിലടിച്ചാൽ പന്നി കുന്ന് കേറും. ഏറ്റവും കൂടുതൽ മുസ്‌ലിങ്ങൾ വസിക്കുന്ന കശ്മീർ കുന്നുകൾ, രാമക്ഷേത്രമെന്ന അത്ര വലുതല്ലാത്തൊരു വലിയ കുന്നും ആ പന്നികൾ കയറിയിരിക്കുന്നു. ഇനി നമ്മളെന്നാണ് ഐക്യപ്പെടുക?