ഒരു ഭാഷ കൂടി പഠിച്ചാൽ എന്താണ് കുഴപ്പം എന്ന നിഷ്കളങ്കന്മാരുടെ ചോദ്യം കേട്ട് മടുത്തു

330

 Abhinand Muraleedharan

ഒരു ഭാഷ കൂടി പഠിച്ചാൽ എന്താണ് കുഴപ്പം എന്ന നിഷ്കളങ്കന്മാരുടെ ചോദ്യം കേട്ട് മടുത്തു

ഇവിടെ വിഷയം നിങ്ങൾ ഒരു ഭാഷ പഠിക്കുന്നതല്ല. ഒരു ഭാഷ പഠിക്കുന്നതിൽ ഒരു കുഴപ്പവുമില്ല. ആദ്യം മനസ്സിലാക്കേണ്ടത് രാഷ്ട്രീയ അജൻഡകൾ നടപ്പിലാക്കപ്പെടുന്നത് നേരെ വാ നേരെ പോ എന്ന മട്ടിലല്ല. അത് പല വഴികളിൽ പല വേഷങ്ങളിൽ പല പിൻ വാതിലുകൾ വഴി ഒക്കെയാണ്. അത് കൊണ്ട് ഒരു കാര്യം വിലയിരുത്തുംബോൾ അതിൻറെ പിന്നാംബുറത്ത് നടക്കുന്നത് എന്താണെന്നെങ്കിലും ഒന്നന്വേഷിക്കണം. ഒരു ഭാഷ പഠിക്കണമെന്നല്ലെ പറഞ്ഞുള്ളു എന്ന് മനസ്സിലാക്കിയാൽ പോര. ഒരു ഭാഷയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ ദേശീയതയെയും ദേശീയ ഐക്യത്തെയും നിർവചിക്കപ്പെടാൻ പോകുന്നത് എന്നും, ആ ഭാഷ നിർബന്ധമായും ഹിന്ദി തന്നെ ആയിരിക്കും എന്നും, ഹിന്ദി ദേശീയതയുടെ ഉറപ്പിക്കലും അത് വഴി ഹിന്ദി-ഹിന്ദു സ്വത്വത്തെ ഇന്ത്യൻ ദേശീയതയുമായി കൂട്ടി ചേർക്കലും ആണ് ഇതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യമെന്നുമറിയണം.

ഇന്ത്യയെ ഐക്യപ്പെടുത്തേണ്ട ഭാഷ ഉറുദു ആയിക്കോട്ടെ എന്ന ഒരു നിർദ്ദേശം വെറുതെ നിങ്ങൾ അവരുടെ മുന്നിൽ വെച്ച് നോക്കൂ. ഹിന്ദി പഠിക്കാമെങ്കിൽ ഇന്ത്യയിലെ ഭൂരിപക്ഷം പേർക്കും ഉറുദു നിഷ്പ്രയാസം പഠിച്ചെടുക്കാം. വിശേഷിച്ചും ഹിന്ദി സംസ്ഥാനങ്ങളിലുള്ളവർക്ക്. എല്ലാവർക്കും മനസ്സിലാകുന്ന ഒരു ഭാഷ എന്ന നിഷ്കളങ്കമായ വാദം ഉന്നയിച്ചവർ അപ്പോൾ അവരുടെ യഥാർത്ഥ മുഖം പുറത്തെടുക്കും. അപ്പോൾ ഭാഷ വെറും ഭാഷയല്ലെന്ന് മനസ്സിലാകും. അത് അവരുടെ സ്വത്വമാണെന്നും ആ സാമൂഹ്യ സ്വത്വത്തിന്റെ രാഷ്ട്രീയ അധികാരം നേടിയെടുക്കുകയും, രാഷ്ട്രത്തെ അവരുടെ സ്വത്വവുമായി ഊട്ടി ഉറപ്പിച്ച് അത് വഴി അവരുടെ മേൽകോയ്മ ഉറപ്പിക്കുകയും ആണ് ലക്ഷ്യം എന്ന് മനസ്സിലാകും. അന്യ ഭാഷക്കാരെ അപരവൽക്കരിക്കുകയും അവർ ഇനിയും ഈ രാഷ്ട്രത്തിൻറെ ദേശീയതയിലേക്ക് കൂടി ചേരാൻ പണിയെടുക്കേണ്ടവർ ആയിരിക്കുകയും അതുകൊണ്ട് തന്നെ രണ്ടാം കിട പൗരന്മാരായി കഴിയുകയും വേണ്ടി വരും. അങ്ങനെ നമ്മളെല്ലാവരും അവരുടെ ഔദാര്യത്തിൽ കഴിയുന്ന രാഷ്ട്രത്തിനുള്ളിലെ കോളനികളാവുകയും അധികാരത്തിന്റെ ഭാഷ ഹിന്ദി ആവുകയും ചെയും. നമ്മൾ ഹിന്ദി പഠിക്കണം എന്നും അത് വഴി രാഷ്ട്രം ഐക്യപ്പെടണം എന്നൊന്നുമല്ല അവരുടെ ഉദ്ദേശം. അവരുടെ ഭാഷ ഇന്ത്യൻ ദേശീയതയായി വ്യാഖ്യാനിക്കപ്പെടണം, നമ്മുടെ ഭാഷ അന്യമാണെന്ന് വരണം. അത് വഴി നമ്മളുടെ അധികാരങ്ങൾ കവരണം. നമ്മളെ കോളനിവത്കരിക്കണം. അവരുടെ അപ്രമാധിത്യം ഉറപ്പിക്കണം.

മലയാളി ഹിന്ദി പഠിക്കുന്നത് മലയാളവും ഹിന്ദിയും തുല്യമായി ഇന്ത്യൻ ദേശീയതയുടെ ഭാഗമായിരിക്കുംബോഴാണ്. അല്ലാതെ ഇന്ത്യാക്കാരനാകാൻ ഹിന്ദി ഒരു മുൻ ഉപാധിയായി വെച്ച നാണംകെട്ട അവസ്ഥയിലല്ല. ചുരുക്കി പറഞ്ഞാൽ ഹിന്ദി പഠിക്കുന്നതല്ല വിഷയം. ഹിന്ദിയെ ഇന്ത്യൻ ദേശീയതയോട് ഉപമിക്കുന്നതാണ്. അത് നമ്മൾ ഇന്ന് അനുവദിച്ചാൽ പിന്നെ വരും നാളുകളിൽ പശ്ചാതപ്പിക്കേണ്ടി വരും. ഇപ്പോൾ തന്നെ ഗോസായിമാരുടെ വിചാരം ഈ രാജ്യം അവരുടേത് മാത്രമാണെന്നാണ്. ജർമനിയിലെ ഇന്ത്യൻ കോൺസുലേറ്റിൽ മലയാളികൾ ബീഫ് വിളംബിയതിന് ബീഫ് ഇന്ത്യൻ ഭക്ഷണമല്ല എന്ന് പറഞ്ഞ് അലംബുണ്ടാക്കിയത് കഴിഞ്ഞ ദിവസങ്ങളിലാണ്. അവൻറെ ഭക്ഷണം, അവൻറെ ഭാഷ, അവൻറെ വേഷം മാത്രമാണ് അവന് ‘ഇന്ത്യൻ’ ആയിട്ടുള്ളത്. ഈ അഹങ്കാരത്തോടാണ് മലയാളി പ്രതികരിക്കേണ്ടത്. ഒരുമിച്ച് ജീവിക്കാൻ പഠിക്കേണ്ടത് നമ്മളല്ല. അവരാണ്. അവരാണ് ദേശീയ ഐക്യത്തിന് തടസ്സമുണ്ടാക്കുന്നത്. രാഷ്ട്രം ഐക്യപ്പെടണമെങ്കിൽ എല്ലാ ഭാഷക്കാരും തുല്യമാണെന്ന് അവർ പഠിക്കണം. അല്ലാതെ അവർ അധികാരിയും നമ്മൾ കുടിയാനും, നമ്മൾ അവരുടെ ഭാഷ പഠിക്കലും അല്ല വേണ്ടത്. ഏത് ഭാഷയും ആർക്കും പഠിക്കാം. പക്ഷെ അവരുടെ ഭാഷയെ മാത്രം അടിസ്ഥാനമാക്കിയുള്ള ദേശീയത നിർവചനം അനുവദിക്കരുത്. നമ്മൾ മലയാളികളും തമിഴന്മാരും എത്രമാത്രം ഇന്ത്യക്കാരാണോ അത്ര തന്നെയെ അവരും ഇന്ത്യാക്കാരായുള്ളു. അല്ലാതെ അവർക്ക് മാത്രം കൂടുതലായി ഒരു ക്ലെയിമും ഈ രാജ്യത്തില്ല.

Advertisements