✒️അഭിഷേക് എം.

“തന്റെ പറമ്പിലെ നാല് തേങ്ങ മോഷ്ടിച്ചു എന്ന കുറ്റത്തിന് ഹാജിയുടെ പാടത്ത് പണിയെടുക്കുന്ന അരുത്തൻ എന്ന കർഷകത്തൊഴിലാളിയെ ഹാജി ശിക്ഷിച്ചത് എങ്ങനെയെന്ന് അറിയാമോ?”

കേശവന്റെ ചോദ്യത്തിന് ഹരിദാസന്റെയും സരയൂവിന്റെയും മറുപടി മൗനമായിരുന്നു.
“അരുത്തനും അയാളുടെ സഹോദരൻ ചാമിയും ഹാജിയുടെ പാടത്ത് കന്നു പൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് അത് നടന്നത്.”കേശവൻ ആ കഥ പറഞ്ഞു തുടങ്ങി.

 

ഫ്രെയിമുകൾ വർഷങ്ങൾ പിന്നിലേയ്ക്ക് സഞ്ചരിക്കുകയാണ്,ഫോക്കസ് പതുക്കെ മുണ്ടും മടത്തുകെട്ടി പാടവരമ്പിലൂടെ നടന്നുനീങ്ങുന്ന മുരിക്കും കുന്നത്ത് അഹമ്മദ് ഹാജിയിലേക്ക് മാറുകയാണ്.
“അരുത്താ” ഹാജി നീട്ടി വിളിച്ചു.

ഭവ്യതയോടെ അടുത്തേക്ക് വന്ന അരുത്തനോട് ഹാജി ചോദിച്ചു.
“ഞ്ഞി ന്റെ പറമ്പ്ന്ന് തേങ്ങ കട്ട് ചെട്ട്യാരെ പീടിയേ കൊണ്ടോയി വിറ്റീണാ”?
“ഇല്ലോളി”
ഹാജിയെന്ന ഫ്യൂഡൽ ലോർഡിന്റെ കോടതിയിൽ പക്ഷേ അരുത്തന്റെ മറുപടിയ്ക്ക് മൂല്യം പുജ്യമായിരുന്നു,ശിക്ഷ ആദ്യമേ വിധിച്ചു കഴിഞ്ഞിരുന്നു.
“ചാമ്യേ…ആ എടത്തേ മൂരിക്ക് ഒരെടച്ചില് ണ്ടോ?”
“ഇല്ലോളീ…”
“ഇണ്ടടാ,ഇയ്യ് അയ്നെ അഴിക്ക്.ന്നിട്ട് ആ നൊകം നിന്റെ അനിയനീ കള്ള നായേണ്ടല്ലോ.ഓന്റെ ചൊമലില് വെച്ച് കെട്ട്”
ഞെട്ടൽ മാറാതെ നിന്ന ചാമിയെ നോക്കി ഹാജി അലറി.
“പറഞ്ഞത് അൻസരിക്ക് നായേ”

 

 

അരുത്തനെ നുകത്തിൽ വെച്ച് കെട്ടുന്നതും നോക്കി ഹാജിയുടെ ഒരു ചിരിയുണ്ട്.തന്റെ ആധിപത്യം ഊട്ടിയുറപ്പിച്ചതിന്റെ,പണിയെടുക്കുന്നവനെ-പാവപ്പെട്ടവനെ ചവിട്ടിയരച്ചതിന്റെ,അടിച്ചൊതുക്കിയതിന്റെ സംതൃപ്തിയിൽ നിന്നുണ്ടായ വന്യമായൊരു ചിരി.
“തെളിക്കെടാ…അടിച്ച് തെളിക്ക് നായീന്റ മോനെ”

ഹാജിയുടെ ആക്രോശങ്ങൾ ഉയർന്നുകേട്ടു,കൂടെപ്പിറന്നോനെ നോവിക്കാൻ മനസ്സു വരാഞ്ഞ ചാമിയെ നോക്കി അയാൾ ആജ്ഞാപിച്ചു.
“രണ്ടിനേം അടിക്കടാ”

വേദന സഹിക്കാതെ അലറിക്കരഞ്ഞ അരുത്തൻ അയാൾക്കൊരു തമാശ മാത്രമായിരുന്നു,കന്നിനൊപ്പം അരുത്തനോടുന്ന ഭയാനകമായ രംഗം കണ്ട് മറ്റുള്ളോർ നടുങ്ങി വിറയ്ക്കുമ്പോ ഹാജി ചുരുട്ട് വലിച്ച് ആസ്വദിക്കുകയായിരുന്നു,തളർന്നു വീണ അരുത്തനെ നോക്കി നീട്ടി തുപ്പുകയായിരുന്നു.
തന്റെ സുപ്രീമസി എല്ലാവർക്കും മുന്നിൽ തെളിയിച്ച ശേഷം അയാൾ വീണ്ടും ഗർജ്ജിച്ചു;
“ഇനി ന്റെ പറമ്പിലെ തേങ്ങ കണ്ണോണ്ട് നോക്കര്ത് നായേ”

 

 

അതായിരുന്നു അയാളുടെ ജനുസ്സ്-അളവറ്റ സ്വത്തിന്റെ അഹങ്കാരമോ,നാട്ടുപ്രമാണിയുടെ തലക്കനമോ മാത്രമായിരുന്നില്ല.ലോകം മൊത്തം തന്റെ കാൽക്കീഴിൽ നിൽക്കണമെന്ന ഈഗോ,തന്റെ കൽപ്പനയ്ക്കപ്പുറം പോകുന്നതിനെയൊക്കെ വെട്ടിയരിഞ്ഞു കളയണമെന്ന ക്രൂരമായ ചിന്ത,അമ്പട്ടനപ്പണി ചെയ്താൽ മതിയെന്ന സവർണ-വരേണ്യ ബോധം,പാലേരിയിലെ പെണ്ണുങ്ങളെയൊക്കെ പ്രാപിക്കണമെന്ന, പിച്ചിപ്പറിക്കണമെന്ന ഒരു പ്രായത്തിലും തളരാത്ത ഡിസൈർ…

അന്ന് വരെ കണ്ടു ശീലിച്ചൊരു മമ്മൂട്ടിയുണ്ടായിരുന്നു.നല്ലവനും,നായകനും,നീതിമാനുമായ മമ്മൂട്ടി..നാട്ടിൻ പുറത്തെ നിഷ്കളങ്കൻ മുതൽ നഗരങ്ങളെ വിറപ്പിക്കുന്ന ഗ്യാങ്ങ്സ്റ്റർ റോളുകൾ വരെ ഭദ്രമായി ചെയ്തുപോന്നിരുന്ന,കണ്ടിരിക്കുമ്പോ കൈയ്യടിപ്പിച്ചിരുന്ന ഒന്നാന്തരം ഹീറോ. പകയും,പ്രതികാരവും ഉള്ളിൽ ആളിക്കത്തിച്ച ആന്റണിയായും,നരസിംഹ മന്നാടിയാരായുമൊക്കെ അയാളെത്തിയിട്ടുണ്ടെങ്കിലും അതിനൊക്കെയപ്പുറം ക്രൂരതയും,ആസക്തിയും,മൃഗീയവാസനകളുമൊക്കെ ആ മുഖത്ത് തെളിയുമെന്ന് തിരിച്ചറിഞ്ഞത് പാലേരി മാണിക്യത്തിന് ശേഷമാണ്.

 

 

ഭാസ്കര പട്ടേലരെ കണ്ടത് പിന്നെയുമൊരുപാട് കാലം കഴിഞ്ഞാണ്.പട്ടേലരുടെ ഒറ്റവാക്കിലുള്ള ഡെഫനിഷൻ വേട്ടക്കാരനെന്നതാണ്.അയാളുടെ നീണ്ട തോക്കിന്റെ ലക്ഷ്യം പക്ഷേ പലപ്പോഴും മാംസം മാത്രമായിരുന്നില്ലെന്ന് മാത്രം.’വിധേയപ്പെട്ട്’ നിൽക്കാത്ത പുരുഷന്മാരെ ചോര തുപ്പും വരെ അയാൾ ചവിട്ടിയരച്ചു,പെണ്ണായി പിറന്നതിനെയൊക്കെ വെറിയോടെ നോക്കി-തരം കിട്ടുമ്പോഴൊക്കെ ബലാത്സംഗം ചെയ്തു,അഴിഞ്ഞാട്ടങ്ങൾക്ക് വിലങ്ങുതടിയായപ്പോൾ ഭാര്യ സരോജത്തെയും കൊന്നുതള്ളി….എല്ലാത്തിനെയും ആക്രമിച്ച് കീഴ്പ്പെടുത്താൻ ഉള്ള ത്വര ആയിരുന്നു അയാൾക്ക്.

ഏതാണ്ടൊരേ അച്ചിൽ വാർത്ത രണ്ട് കഥാപാത്രങ്ങളായിരുന്നു പട്ടേലരും ഹാജിയും.വായ്മൊഴിയിലുള്ള വ്യത്യാസം അല്ലാതെ മറ്റൊന്നും അവരെ അകറ്റി നിർത്തുന്നില്ല.ഫ്യൂഡൽ,ആൽഫ മെയിൽ,അബ്യൂസർ,സാഡിസ്റ്റ്,വയലന്റ്…..ചേരുവയെല്ലാം കൃത്യമായി ചേർത്ത പെർഫെക്ട് വില്ലൻമാർ..ഡയലോഗ് ഡെലിവറിയിലെയും,മാനറിസങ്ങളിലെയും ‘മമ്മൂട്ടിയിസം’ കൂടി കലരുമ്പോൾ പതിന്മടങ്ങ് നെഗറ്റീവായി മാറുന്ന രണ്ട് കഥാപാത്രങ്ങൾ.സമ്പന്നമായ ആക്ടിംഗ് കരിയറിലെ ഈ രണ്ട് കഥാപാത്രങ്ങളെയും വിവിധ പുരസ്കാരങ്ങൾ തേടിയെത്തി എന്നതും ചരിത്രം.

 

 

വിധേയനും,പാലേരി മാണിക്യവും കണ്ട് തീർത്തതു മുതൽ ഇന്നു വരെയുള്ള ആഗ്രഹമാണ് മമ്മൂട്ടിയുടെ മറ്റൊരു വില്ലൻ റോൾ എന്നത്.ഇനിയെങ്കിലും,പടയോട്ടം എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങൾ ഉണ്ടെങ്കിലും കാരിക്കാമുറി ഷൺമുഖൻ അടക്കമുള്ള നെഗറ്റീവ് ഷേഡുള്ള നായകന്മാർ ഉണ്ടെങ്കിലും….മമ്മൂട്ടിയിൽ നിന്നൊരു 100% വില്ലൻ വേഷം ഒരുപാട് നാളായുള്ള ആഗ്രഹമാണ്,കാത്തിരിപ്പാണ്.

2022 മമ്മൂട്ടി സ്വയം നവീകരിക്കാൻ തീരുമാനിച്ച വർഷമാണെന്ന് എല്ലായ്പ്പോഴും തോന്നിയിട്ടുണ്ട്.സിബിഐ 5 മാറ്റി നിർത്തിയാൽ മലയാളം സിനിമയിലെ പുതിയ മുഖങ്ങളോട് കൈകോർക്കാൻ തീരുമാനിച്ചത് തന്നെ ആ ഒരു ഗിയർ ചെയ്ഞ്ചിന്റെ ഭാഗമാണ്.പുഴു,റോഷാക്ക്,നൻപകൽ നേരത്ത് മയക്കം,ഏജൻ്റ് എന്നീ സിനിമകളുടെ അപ്ഡേറ്റുകൾ കണ്ടപ്പോൾ ഒരുപക്ഷേ മമ്മൂട്ടിയുടെ നെഗറ്റീവ് റോൾ ഒരുപാടകലെ അല്ല എന്ന് വീണ്ടും തോന്നാൻ തുടങ്ങി.

ലൈനപ്പിൽ ആദ്യം പുറത്തിറങ്ങാൻ പോകുന്ന പുഴു ഇപ്പോഴും നിഗൂഢമായി തന്നെ തുടരുന്നു.പീഡോഫീലിയ,ടോക്സിക് പാരന്റിങ്ങ് എന്നിങ്ങനെ സിനിമയുടെ തീമിനെ പറ്റിയുള്ള പലവിധ അനുമാനങ്ങളും,തിയറികളും തുടരുന്നതല്ലാതെ ആ കഥാപാത്രത്തെ പറ്റി വ്യക്തമായ സൂചനയൊന്നും ഇത് വരെ ലഭിച്ചില്ല.എന്നിരുന്നാലും ട്രെയിലറിൽ നിന്നും,ടീസറിൽ നിന്നും കണ്ട മമ്മൂട്ടിയ്ക്ക് നായകനേക്കാൾ വില്ലനോടാണ് ഛായ.

 

 

എൽജെപി സിനിമാറ്റിക്ക് യൂണിവേഴ്സിലെ ലേറ്റസ്റ്റ് സിനിമകളിലൊക്കെയും നായകനെന്നും വില്ലനെന്നും എടുത്തു കാണിക്കാൻ പറ്റാത്ത,ഷെയ്ഡുകൾ ഇടകലർന്നുപോയ കഥാപാത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്.ചുരുളിയും,ജല്ലിക്കെട്ടും. പോലെ അത്രമേൽ വൈൽഡ് ആകുമെന്ന് തീർച്ചയില്ലെങ്കിലും അതേ പാറ്റേണാണ് പിന്തുടരുന്നതെങ്കിൽ നെഗറ്റീവ് ക്യാരക്ടർ ആകാനും സാധ്യതയുണ്ട്.
ഒരൊറ്റ പോസ്റ്ററിൽ നിന്ന് തരംഗം സൃഷ്ടിച്ച റൊഷാക്കിലെ റോൾ എന്താകുമെന്ന ചോദ്യവും ബാക്കിയാണ്.മാസ്കും രക്തവുമൊക്കെയായി ഒരു സൈക്കോ/ വില്ലന്റെ അപ്പീൽ എന്തായാലും മമ്മൂട്ടിയ്ക്ക് നൽകുന്നുണ്ട്.

കൂട്ടത്തിലൊട്ടും പ്രതീക്ഷയില്ലെങ്കിലും ഏജന്റിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ടാഗ് വ്യക്തിപരമായി ഇഷ്ടമായി-The devil ruthless Saviour.
ടിപ്പിക്കൽ ഗുരു-ശിഷ്യൻ ബന്ധമാകാനുള്ള സാധ്യതയുണ്ടെങ്കിലും ആ കഥാപാത്രത്തിന് മമ്മൂട്ടി നൽകുന്ന സ്വാഗ് കാണാൻ താൽപ്പര്യമുണ്ട്.

 

 

കലണ്ടർ വർഷത്തിൽ നാലു തവണ വില്ലൻ വേഷമണിയാനിത് അമരീഷ് പുരിയല്ല മമ്മൂട്ടിയാണെന്ന ബോധ്യമുണ്ട്.വില്ലന്റെ പുതപ്പുമൂടി നിന്നിട്ട് ക്ലൈമാക്സിൽ ഒറ്റയടിക്ക് വിശുദ്ധനാവുന്ന,പടിക്കൽ കലമുടയ്ക്കുന്ന ട്വിസ്റ്റുകൾ ആവർത്തിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.എന്നിരുന്നാലും സ്വയം എക്സ്പ്ളോർ ചെയ്യാനും അപ്ഡേറ്റഡ് ആകാനും തീരുമാനിച്ച,ബോൾഡ് ആയി സ്ക്രിപ്റ്റ് തെരഞ്ഞെടുക്കാൻ ശ്രമിക്കുന്ന മമ്മൂട്ടി ഇന്നല്ലെങ്കിൽ നാളെ ഒരു മുഴുനീള വില്ലൻ റോൾ ചെയ്യുമെന്ന് തന്നെ വിശ്വസിക്കുന്നു.
മുരിക്കിൻ കുന്നത്ത് അഹമ്മദ് ഹാജിയെ പോലെ,പട്ടേലരെപ്പോലെ…കോൾഡ് ബ്ലഡഡ് മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിപ്പ് തുടരുന്നു.

 

 

****

 

Leave a Reply
You May Also Like

അറിയാതെ ചിത്രം ഡിലീറ്റ് ചെയ്തു; കുഞ്ഞുവാവയുടെ സങ്കടക്കരച്ചില്‍ വൈറലായി – വീഡിയോ

തന്റെ കമ്പ്യൂട്ടറില്‍ അമ്മാവന്റെ ഫോട്ടോ നോക്കുകയായിരുന്ന നാല് വയസ്സുകാരി സുന്ദരിക്കുട്ടി കേഡന്‍സിന് പക്ഷെ ഡിലീറ്റ് ചെയ്യല്‍ എന്താണെന്ന് അറിയുമായിരുന്നില്ല.

ഉള്‍ക്കടലുകളുടെ റാണി

മാസങ്ങളായി അവള്‍ അതേ കാര്യം തന്നെ ആലോചിച്ചു കൊണ്ടിരുന്നു. ദിവസവും ഭക്ഷണം പാകം ചെയ്യുമ്പോഴും വസ്ത്രങ്ങള്‍ കഴുകുമ്പോഴും ചെറിയ കുട്ടിയെ കുളിപ്പിക്കുമ്പോഴും അവളുടെ മനസിന്റെ ഒരു ഭാഗം ആ കാര്യത്തേപ്പറ്റിയുള്ള കൂട്ടിക്കിഴിക്കലുകളിലായിരുന്നു.

“സാറ് ചിരിക്കണ്ട..സാറിന്റെ യഥാർത്ഥശത്രുക്കൾ മമ്മൂട്ടിയും മോഹൻലാലുമാണ്”

തമ്മിൽ കണ്ടപ്പോൾ ശകാരിക്കുമെന്ന് വിചാരിച്ചു..പക്ഷേ അതുണ്ടായില്ല..ഒരു കാരണവരെ പോലെ ചാരുകസേരയിൽ ചാഞ്ഞു കിടന്നു കൊണ്ട് സ്നേഹാർദ്രമായ ശബ്ദത്തിൽ കുറേ സംസാരിച്ചു,അതെന്റെ

പ്രണയിനി

‘സിതാരേ, അജേഷിന്റെ ‘ഫോര്‍ച്ചുനെര്‍’ എനിക്കിന്നവശ്യമുണ്ടെന്നു അവനോടു വിളിച്ചു പറയ് ‘. സിതാര ഫോണ്‍ ചെയ്യാന്‍ നടക്കുന്നതിനിടയില്‍ ഒരു നെടുവീപോടെ ഓര്‍ത്തു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്..