എഴുതിയത് : Abhishek M
കടപ്പാട് : മൂവി സ്ട്രീറ്റ്
ഇന്ത്യാ ടുഡേ കോൺക്ലേവിൻ്റെ 2009 എഡിഷനിൽ ചെയ്ഞ്ചസ് ഓഫ് ചലഞ്ച് എന്ന സെഷനിൽ ഷാരൂഖ് ഖാൻ പങ്കെടുക്കുകയാണ്. സദസ്സിൽ നിന്നൊരാൾ ഷാരൂഖിനോട് ചോദിക്കുകയാണ്,
” ഷാരൂഖ്, നിങ്ങളുടെ പേര് ശേഖർ കൃഷ്ണ എന്നായിരുന്നെങ്കിൽ…?”
ചോദ്യം പൂർത്തിയാക്കും മുൻപേ ഷാരൂഖ് ഇടപെട്ട് തിരുത്തുന്നു.
” ശേഖർ രാധാകൃഷ്ണ, എസ് ആർ കെ ”
ഷാരൂഖിൻ്റെ പെട്ടെന്നുള്ള മറുപടിയിലെ നർമം ഉൾക്കൊണ്ടുകൊണ്ട് സദസ്സിലാകെ ചിരി പടർന്നു. തെറ്റുതിരുത്തിക്കൊണ്ട് ചോദ്യകർത്താവ് തുടരുന്നു.
“നിങ്ങളൊരു ഹിന്ദു ആയിരുന്നെങ്കിൽ, നിങ്ങൾ ശേഖർ രാധാകൃഷ്ണൻ ആയിരുന്നെങ്കിൽ ജനങ്ങൾക്ക് നിങ്ങളോടുള്ള ആരാധനയിൽ,സ്നേഹത്തിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമായിരുന്നോ??അതോ ഇപ്പോഴുള്ളതു പോലെ തന്നെ തുടരുമായിരുന്നോ?”
ചോദ്യകർത്താവിനോടുള്ള ബഹുമാനവും തൻ്റെ പുഞ്ചിരിയും കൈവെടിയാതെ ഷാരൂഖ് തൻ്റെ മറുപടി പറഞ്ഞു തുടങ്ങുകയാണ്.
“അങ്ങനെയൊരു വ്യത്യാസമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. എൻ്റെ പോയിൻ്റ് തന്നെ അതാണ്. ഈ മഹത്തായ രാജ്യത്ത് എൻ്റെ പ്രൊഫഷനിലോ അല്ലാതെയോ ആരും എൻ്റെ മതത്തെക്കുറിച്ച് എന്നെ ബോധവാനാക്കിയിട്ടില്ല. എനിക്ക് മാത്രമല്ല ആമിറിനോ സൽമാനോ ദിലീപ് സാഹിബിനോ ആർക്കും തന്നെ അത്തരമൊരു സാഹചര്യമുണ്ടായിട്ടില്ല. കലയ്ക്കും കലാകാരനും ഒരു പ്രത്യേകതയുണ്ട് – മതം അയാളെ ഇഷ്ടപ്പെടാൻ ഒരു ഘടകം ആകുന്നില്ല. നിങ്ങളെന്നെ എന്ത് പേര് വിളിച്ചാലും എനിക്കിതേ മാധുര്യം തന്നെയായിരിക്കും.”
പെറ്റുപോറ്റിയ നാടിനോടുള്ള സ്നേഹാദരങ്ങളും,ബോളിവുഡിൻ്റെ ബാദ്ഷായാക്കി വളർത്തിയ ജനങ്ങൾ കെട്ടകാലത്തും തള്ളിപ്പറയില്ലെന്ന കോൺഫിഡൻസും,കഴ്സൺ തൊട്ടിങ്ങോട്ട് വിഭജനരാഷ്ട്രീയം കളിച്ചവർക്കൊന്നും തൊടാൻ പറ്റാത്ത മൂല്യങ്ങൾ പലതുമുണ്ടെന്ന വിശ്വാസവും ആവോളമുണ്ടായിരുന്നു അന്നത് പറയുമ്പോൾ എസ്.ആർ.കെയ്ക്ക്.അഞ്ചാണ്ടിനിപ്പുറത്തൊരു ഷാരൂഖ് പടം നാളെ പ്രേക്ഷകരിലേക്കെത്തുകയാണ്.ആക്ഷനും റൊമാൻസും ഡാൻസും തോക്കും ബോംബും മെഷീൻ ഗണ്ണും അതിനെയൊക്കെ വെല്ലുന്ന ഷാരൂഖുമുള്ള അടിമുടിയൊരു കൊമേർഷ്യൽ പടം.നീണ്ട വനവാസത്തിന് ശേഷമുള്ള കിങ്ങ് ഖാൻ്റെ മടങ്ങിവരവ് മാത്രമല്ല പഠാൻ, എം സി യു തൊട്ട് ലോകിവേഴ്സ് വരെ നീണ്ടു കിടക്കുന്ന സിനിമാറ്റിക്ക് യൂണിവേഴ്സുകളുടെ കൂട്ടത്തിലേക്ക് യഷ് രാജ് ഫിലിംസിൻ്റെ സ്പൈ യൂണിവേഴ്സിലേക്കുള്ള സുപ്രധാനമായ ചുവടുവെയ്പ്പാണ്.അതിനുമപ്പുറം പാൻ ഇന്ത്യനാവാനുള്ള കിടമത്സരത്തിൽ രാജമൗലിയിലൂടെ ടോളിവുഡും പ്രശാന്ത് നീലിലൂടെ സാൻഡൽവുഡും സ്കോർ ബോർഡിൽ ബഹുദൂരം മുന്നിലെത്തുമ്പോൾ ബോളിവുഡിന് നിലനിൽപ്പിനായൊന്ന് പൊരുതി നോക്കാനുള്ള, പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ഗോൾഡൻ ചാൻസാണ്.
ക്ലീൻ ആക്ഷൻ ത്രില്ലറെന്ന ലേബലിൽ വാനോളം ഹൈപ്പും അതിനൊത്ത ബുക്കിങ്ങും പഠാന് കിട്ടുമ്പോഴും മറുവശത്ത് ബോയ്കോട്ട് പഠാനെന്ന പേരിൽ ഹേറ്റ് കാമ്പയിൻ അൺസ്റ്റോപ്പബിളായി തുടരുകയാണ്. സോഷ്യൽ മീഡിയയിൽ ഉത്ഭവിച്ച് തെരുവുകളിലേക്ക് പടരുന്ന രീതിയിൽ മാസ്റ്റർപ്ലാനിങ്ങും അതിനെ വെല്ലുന്ന എക്സിക്യൂഷനും ചേർന്ന ഒന്നാന്തരം പ്രൊപ്പഗണ്ടയാണ് പഠാനെതിരെ അഴിച്ചുവിട്ടിരിക്കുന്നത്. ബിക്കിനിയുടെ നിറം, ഐ.പി.എല്ലിൽ പാകിസ്ഥാൻ താരങ്ങളെ ഒഴിവാക്കിയതിനെതിരെ ഷാരൂഖ് നടത്തിയ അഭിപ്രായ പ്രകടനങ്ങൾ, ദീപികയുടെ ജെ.എൻ.യു സന്ദർശനം എന്ന് തുടങ്ങി മേം ഹൂനയിലെ സുനിൽ ഷെട്ടിയുടെ ക്യാരക്ടറും, എല്ലായ്പ്പോഴുമെന്ന പോലെ സുഷാന്തിൻ്റെ ആത്മഹത്യയും ബോയ്ക്കോട്ട് പഠാൻ ആളിക്കത്തിക്കാനുള്ള ഇന്ധനങ്ങളായി.സ്റ്റേറ്റിൻ്റെ തലപ്പത്ത് നിൽക്കുന്നവർ തൊട്ട് തെരുവിലിറങ്ങി കോലം കത്തിച്ചും കല്ലെറിഞ്ഞും വയലൻസിൽ പിച്ചവെയ്ക്കുന്ന സാധാ പരിവാറുകാരൻ വരെ നീണ്ടുകിടക്കുന്ന സംഘപരിവാറിൻ്റെ സകല മെഷീനറിയും അണിനിരന്ന ബോയ്ക്കോട്ട് ബ്രിഗേഡിൻ്റെ ലക്ഷ്യമൊന്ന് മാത്രമായിരുന്നു- ഷാരൂഖ് ഖാൻ.
പർദ്ദയിട്ട പെണ്ണിന് പാദസേവ ചെയ്യുന്ന ഷാരൂഖ്, ബോളിവുഡിൽ നിന്ന് ഊറ്റിയെടുക്കുന്ന കോടികൾ പാക്കിസ്ഥാന് ഫണ്ട് ചെയ്യുന്ന ഷാരൂഖ്, അജ്മൽ കസബിനെ അനുകൂലിക്കുന്ന ഷാരൂഖ്…. ബ്ലൂ ടിക്കോട് കൂടിയും അല്ലാണ്ടും ചീറ്റിത്തെറിപ്പിച്ച വിഷത്തിൻ്റെ പ്രധാന കണ്ടൻ്റുകൾ ഇതൊക്കെയായിരുന്നു. അഭിനയസിദ്ധി കൊണ്ടും അപാരമായ ഡിറ്റർമിനേഷൻ കൊണ്ടും വെട്ടിപ്പിടിച്ചെടുത്ത ബോളിവുഡിൻ്റെ ഛത്രപതി പട്ടം, തോതളന്ന് കണ്ടുപിടിക്കാനൊക്കാത്ത പേരും പെരുമേം പണവും അതിനൊത്ത പ്രിവിലേജുകളും, ജീവിച്ച കാലമത്രയും സെക്കുലറിസത്തിൽ നിന്നോ അന്യനോടുള്ള ബഹുമാനത്തിൽ നിന്നോ വ്യതിചലിക്കാത്ത വ്യക്തിത്വം….ഷാരൂഖ് ഖാനെ ഇങ്ങനെയൊക്കെ ഡിഫൈൻ ചെയ്തു വെച്ചാലും അൾട്ടിമേറ്റ്ലി അയാളൊരു മുസ്ലിമാണ്.ജനിച്ചതും,ജീവിച്ചതും മുസ്ലീമായാണ്.പുതിയ ഇന്ത്യയിൽ അയാളുൾപ്പെടുന്ന കോടികൾ ചെയ്ത തെറ്റുമതാണ്. പട്ടിണി കിടക്കുന്നവനായാലും പത്മശ്രീ നേടിയവനായാലും സദാ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടേയിരിക്കും. രാജ്യസ്നേഹം സ്വയംപ്രഖ്യാപിത ദേശസ്നേഹികളാൽ അളക്കപ്പെടുന്ന, ഇസ്ലാമോഫോബിക്ക് ആയൊരു സമൂഹത്താൽ തീവ്രവാദബന്ധം സംശയിക്കപ്പെടുന്ന ഒരു ജീവിതം മാത്രമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
പ്രിയപ്പെട്ട എസ്.ആർ.കെ നിങ്ങളാ ചോദ്യം ഒന്നുകൂടി സ്വയം ചോദിച്ചു നോക്കൂ…ഉത്തരമതു തന്നെയാണോയെന്ന് ഉറപ്പു വരുത്തി നോക്കൂ…നിങ്ങൾ ഷാരൂഖ് ഖാൻ അല്ലായിരുന്നുവെങ്കിൽ,ശേഖർ രാധാകൃഷനായിരുന്നെങ്കിൽ നിങ്ങളീ ബഹിഷ്കരണം നേരിടേണ്ടി വരുമായിരുന്നോ? അപരനാണെന്ന്, ചാരനാണെന്ന് മുദ്രകുത്തപ്പെടുമായിരുന്നോ?? അക്രമാസക്തമായൊരു വലിയ ജനക്കൂട്ടം നിങ്ങൾക്കെതിരെ ആക്രോശിക്കുമായിരുന്നോ?അക്രമം അഴിച്ചുവിടുമായിരുന്നോ? അസ്ഥിത്വം പോലും ചോദ്യം ചെയ്യപ്പെടുമായിരുന്നോ?
ഇതൊരു ഷാരൂഖിൻ്റെ മാത്രം വിധിയല്ല, സൽമാനും, ആമിറും,ഇമ്രാനും നസറുദ്ദീനുമൊക്കെ ഇന്ന് ദേശവിരുദ്ധരായ തീവ്രവാദികൾ മാത്രമാണ്, അവർ നേടിയതൊക്കെ റദ്ദ് ചെയ്യപ്പെടേണ്ടതാണ്. സിംഹാസനങ്ങളിലിരിക്കുന്ന, സേഫ്റ്റി ഉറപ്പിക്കാവുന്ന വലിയ മനുഷ്യർ വരെ ഇങ്ങനെ വേട്ടയാടപ്പെടുന്ന ഇന്ത്യയിൽ, അന്നന്ന് വിയർപ്പൊഴുക്കി അന്നമുണ്ടാക്കി അന്തിയുറങ്ങുന്നവൻ്റെ – സാധാരണ മുസ്ലീമിൻ്റെ അവസ്ഥയെന്താകുമെന്ന് ഓർത്ത് നോക്കിയിട്ടുണ്ടോ? മതേതരമായി രൂപകൽപ്പന ചെയ്യപ്പെട്ടൊരു രാഷ്ട്രത്തിൻ്റെ പരിണാമം നിങ്ങളറിയുന്നുണ്ടോ? സമൂഹത്തിൽ അപരരായി ജീവിക്കേണ്ടി വരുന്നതിൻ്റെ ഭീകരത ഉൾക്കൊള്ളാനാവുന്നുണ്ടോ? പഠാന് അതിജീവിക്കാനാവട്ടെ.