✒️അഭിഷേക്.എം

പെണ്ണഴകിനെ പകർത്തിയെടുക്കുന്നതിൽ,തനിമയൊട്ടും ചോരാതെ അതിമനോഹര ഫ്രെയ്മുകളാക്കുന്നതിൽ മണിരത്നമെന്ന ഇതിഹാസ ചലച്ചിത്രകാരന്റെ മേന്മ അതുല്യമാണ്, പലകുറി പറഞ്ഞതാണ്,പാടിപ്പുകഴ്ത്തിയതാണ്.ശോഭന,രേവതി തുടങ്ങിയ വിന്റേജ് നായികമാരിൽ തുടങ്ങി ഉലകഴകി ഐശ്വര്യ റായും കടന്ന് പുതുതലമുറയിലെ അദിതി റാവോ ഹൈദാരി വരെയെത്തി നിൽക്കുന്ന അദ്ദേഹത്തിന്റെ നായികമാരും മിഴിവേറിയ അവരുടെ ഫ്രെയ്മുകളും നൂറ്റാണ്ടുകളിലേക്കുള്ള തെളിവാണ്.എന്നാൽ അതിനൊക്കെയപ്പുറം അളവ് തെറ്റാത്ത ഡെപ്ത്തിലും ഡയമെൻഷനിലും അയാളിലെ ക്രാഫ്റ്റ്സ്മാൻ കടഞ്ഞെടുത്ത,ശക്തരായ,വ്യക്തിത്വമുള്ള,പോരാടുന്ന പെണ്ണുങ്ങളൊരുപാടുണ്ട്,
-കയ്യൊപ്പ് പതിഞ്ഞ കഥാപാത്രങ്ങൾ,കാലത്തെയതിജീവിക്കുന്ന സൃഷ്ടികൾ.

 

കന്നത്തിൽ മുത്തമിട്ടാലെന്ന മണിരത്നം ക്ലാസിക്കിലൊരു രംഗമുണ്ട്.
കാട്ടിനുള്ളിലെ കുളത്തിൽ ദീലീപൻ മുങ്ങിക്കുളിക്കുകയാണ്.ശ്യാമ-അവന്റെ പ്രിയപ്പെട്ടവൾ തൊട്ടരികിലെ മരച്ചില്ലയിൽ കാല് നീട്ടിയിരിക്കുന്നു.
“അയ്യോ,ഛീ…ഇതാണ് ഉങ്കളെ എനക്ക് പിടിക്കാത്”
തന്റെ മേലാകെ വെള്ളം തെറിപ്പിച്ചതിലുള്ള പരിഭവമടക്കാതെ ശ്യാമ പറഞ്ഞു.
“അപ്പോ ഉനക്ക് വേറേ എന്നതാൻ പിടിക്കും”?കുസൃതിയൊളിപ്പിച്ചു കൊണ്ട് ദിലീപൻ ചോദിച്ചു.
“വീട്ടിൽ ഇരിക്കിറപ്പോതാ ?ഓടിപ്പോറപ്പോതാ?”
“എപ്പോവുമേ”
“എനക്ക് എവളവോ പേരെ കൊഞ്ചം കൊഞ്ചം പിടിക്കും..പത്താം വകുപ്പിലെ കാതൽ കടിതാസി കൊടുത്താനേ…അന്ത മൊട്ട മുരളി…അവനെ പിടിക്കും..പിറഗ്, ഒവ്വൊരു വിടുമുറൈയും വന്ത് എന്നെ വിസാരിച്ചിട്ട് പോറാണേ…എന്റെ അണ്ണന്റെ സ്നേഹിതൻ.അവനെയും പിടിക്കും…കവിതയെല്ലാം എഴുതുവാൻ,എന്റെ വടിവെ പാത്ത്..”

 

കൊഞ്ചിക്കൊഞ്ചി തന്റെയിഷ്ടങ്ങൾ ഓരോന്നായിപ്പറഞ്ഞു തുടങ്ങിയ ശ്യാമയെ വെള്ളത്തിലേക്ക് ദിലീപൻ വലിച്ചിട്ടു,നനഞ്ഞൊട്ടിയ ഉടലുകൾ പുണർന്നപ്പോൾ ഒന്നായി മാറി.
“അപ്പുറം കമലഹാസനെ പിടിക്കും…ഇവയെല്ലാരേം വിട അധികമാ ഉങ്കളെ പിടിക്കും..”
ദിലീപനെ വകഞ്ഞുമാറ്റിക്കൊണ്ട് കരയിലേക്കവൾ നടന്നു
തുടങ്ങി.
“ഹേയ് എന്ന വിട അധികമാ ആരെ പിടിക്കും?”
പ്രാണന്റെ പാതിയായ തന്നേക്കാൾ അവളാരെയാണ് സ്നേഹിക്കുന്നതെന്ന് അറിയാനുള്ള ജിജ്ഞാസ അവന്റെ ചോദ്യത്തിലുണ്ടായിരുന്നു.
“സാമി”
“പിറഗ് “?
അതിന് മറുപടിയായി അവൾ ഒരുപിടി മണ്ണ് വാരിയെടുത്തു,ദിലീപന്റെ കവിളിലേക്ക് ഒരു ചെറുപുഞ്ചിരിയോടെയത് തേച്ചുപിടിപ്പിച്ചു.അതേ ചേറ് അവൻ അവളുടെ കവിൾത്തടങ്ങളിലും തേച്ചു.
ചുവന്ന സാരിയുടുത്ത വധു,കണ്ണാടി നോക്കി നിൽക്കുന്ന ഇണകൾ എന്നിങ്ങനെ ഒരു ടിപ്പിക്കൽ മണിരത്നം പ്രണയചിത്രത്തിന്റെ ചേരുവകളിൽ നിന്ന് ശ്രീലങ്കൻ ആഭ്യന്തരയുദ്ധവും,അഭയാർത്ഥി പ്രശ്നവുമൊക്കെ വലിയ കാൻവാസിൽ പറയുന്ന ഒരു ഓൾ ടൈം ക്ലാസിക്കിലേക്ക് ‘കന്നത്തിൽ മുത്തമിട്ടാൽ’ നടന്നകലുന്നത് ഈ ഒരു രംഗത്തിൽ നിന്നാണ്.തമിഴ് വേട്ട നടക്കുന്ന,അനേകായിരങ്ങൾ പലായനം ചെയ്തിരുന്ന ആ കാലത്ത്,പിറന്നമണ്ണിനെ മറ്റെന്തിനേക്കാളും സ്നേഹിക്കുന്നുവെന്ന പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് വിളിച്ചു പറയുന്ന പെണ്ണ് ഒരപൂർവ കഥാപാത്രമായിരുന്നു.പെറ്റിട്ട മകൾ അമ്മയെത്തേടി വന്നുവെന്ന വാർത്തയറിയുമ്പോഴും അവളുടെ നോട്ടം പോകുന്നത് താൻ യുദ്ധത്തിനായി പരിശീലിപ്പിക്കുന്ന കുട്ടികളിലേയ്ക്കാണ്,തന്റെ മക്കൾ ഇവരെല്ലാമാണെന്നാണ് അവൾ പറയുന്നത്.ഒടുവിൽ മദ്രാസിലേയ്ക്ക് മടങ്ങുമ്പോൾ കൂടെപ്പോരാനായി അമുത കേണപേക്ഷിക്കുമ്പോൾ കണ്ണീരോടെയാണെങ്കിലും ശ്യാമ നിരാകരിക്കുകയാണ്,തീരാതെ നീളുന്ന യുദ്ധമൊരുനാൾ അവസാനിക്കുമെന്നും അന്ന് അമുദയെ തേടി വരുമെന്നും അവൾ വാക്ക് കൊടുക്കുകയാണ്.

വല്ലാത്തൊരു കഥാപാത്രമായിരുന്നു ശ്യാമ.തിക്താനുഭവങ്ങളുടെ തീച്ചൂളയിൽ എരിഞ്ഞെരിഞ്ഞ് തീക്കനലായി മാറിയ പെണ്ണൊരുത്തി-ഒരുപക്ഷേ മണിരത്നത്തിന്റെ ഏറ്റവും മികച്ച സ്ത്രീകഥാപാത്രം.
അമറിന്റെ പ്രണയം തട്ടിമാറ്റുന്ന,അതിജീവിതയായ,ആളിക്കത്തുന്ന പകയുമായി ജീവിച്ച ദിൽസേയിലെ മേഘ്ന ഏതാണ്ടതേ ഗണത്തിൽ വരുന്നതാണെങ്കിലും നന്ദിത ദാസിന്റെ മികവ് ശ്യാമയെ ഒരു തട്ട് മുകളിൽ നിർത്തുന്നു.

വേശ്യാലയത്തിലെ മരക്കതക് തുറന്ന് വേലുനായ്ക്കരെന്ന നായകൻ ചെന്നെത്തിയത് നീലയെന്ന നിഷ്കളങ്കയായ പെൺകൊടിയ്ക്ക് മുന്നിലേക്കായിരുന്നു.സാഹചര്യങ്ങളത്രയും എതിർത്തു നിന്നിട്ടും പഠിച്ച് വിദ്യാസമ്പന്നയാവണമെന്ന് ആഗ്രഹിച്ച,പ്രാപിക്കാനെത്തിയ പുരുഷനോട് ഒരൽപ്പം നേരത്തേ വിട്ടാൽ കണക്കുപരീക്ഷയ്ക്ക് പഠിക്കാമായിരുന്നു എന്നപേക്ഷിച്ച് നോക്കിയ ഒരു സാധു.അഭിസാരികയെന്ന് അറപ്പോടെ മാത്രം പറഞ്ഞുശീലിച്ച,അശ്ലീലതയായി മാത്രം കണ്ടുപോന്ന ഒരു സമൂഹത്തിന് മുന്നിൽ നീലയെന്ന നായികയെയും അവളുടെ നിർമല ഭാവങ്ങളെയും എത്ര സുന്ദരമായാണ് മണിരത്നം ഇറക്കി വിട്ടത്!

 

പട്ടിക്കാട് പൊണ്ണിൽ നിന്ന് പവർഫുൾ ക്യാരക്ടറിലേക്ക് റോജ മാറുന്നൊരു രംഗമുണ്ട്.
മന്ത്രിയുടെ മകൾക്ക് മാത്രമാണോ ജീവന് വിലയുള്ളത്,തന്റെ പങ്കാളിയ്ക്ക് പകരം മന്ത്രി പുത്രനെയായിരുന്നു തട്ടിക്കൊണ്ട് പോയിരുന്നതെങ്കിൽ ഇതേ അനാസ്ഥയുണ്ടാവുമായിരുന്നോ എന്ന് അവൾ ചോദിക്കുമ്പോൾ അതിൽ പ്രതിഷേധമുണ്ട്,പ്രിവിലേജുകളെ ചോദ്യം ചെയ്യുന്ന പൗരബോധമുണ്ട്.
തൊഴിലെടുത്ത് സമ്പാദിക്കുന്ന,സ്വപ്നങ്ങൾക്ക് പിന്നാലെ പോകുന്ന,തന്റെ സ്പേസിലേക്ക് അതിക്രമിച്ച് കയറുന്നവരെ കഴുത്തിന് പിടിച്ചു പുറത്താക്കുന്ന,സെക്ഷ്വൽ ഡിസൈർ പ്രകടിപ്പിക്കുന്ന ഒ.കെ.കൺമണിയിലെ താര മണിരത്നത്തിൻ്റെ മാത്രമല്ല,ഇന്ത്യൻ സിനിമയിലെ തന്നെ ശക്തയായ നായികയാണ്.പുക വലിയ്ക്കുന്ന പെണ്ണുങ്ങളെ അംഗീകരിക്കാൻ 2022-ൽ പോലും സമൂഹത്തിന് സാധിക്കാത്തപ്പോഴാണ് 1988-ൽ അഗ്നി നച്ചത്തിരത്തിലെ അഞ്ജലി സിഗററ്റ് കത്തിച്ച് വലിച്ചത്.വിവാഹ സമ്മാനമായി എന്ത് വേണമെന്ന് ചോദിക്കുമ്പോൾ വിവാഹമോചനം ആവശ്യപ്പെടുന്ന മാനരാഗത്തിലെ ദിവ്യയും എല്ലാ അർത്ഥത്തിലും കാലത്തിന് മുന്നേ സഞ്ചരിച്ച കഥാപാത്രമാണ്.

പണത്തിനും,പദവിയ്ക്കും,പ്രതികാരത്തിനും വേണ്ടി പുരുഷനാരംഭിയ്ക്കുന്ന യുദ്ധത്തിൽ ബലിയാടായിപ്പോകുന്ന സ്ത്രീകളുണ്ട്.രാവണനിലെ രാഗിണിയും,വെണ്ണിലായും ചെക്ക ചിവന്ത വാനത്തിലെ രേണുവും,ഛായയുമെല്ലാം ആ പോരിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ടവരാണ്,ഇരയാക്കപ്പെട്ടവരാണ്.രാവണനിൽ നിന്ന് മോചിക്കപ്പെട്ടുവെങ്കിലും രാമന്റെ സന്ദേഹത്തിനിരയായ സീതയുടെ അതേ അവസ്ഥ രാഗിണിയ്ക്കുമുണ്ടാകുന്നുണ്ട്,ചങ്ങല വലിച്ച് തീവണ്ടി നിർത്തി അവളിറങ്ങുന്നത് ട്രെയ്നിൽ നിന്ന് മാത്രമല്ല അയാളുടെ ജീവിതത്തിൽ നിന്ന് കൂടിയാണ്.

തമിഴ്സെൽവനും ആനന്ദനുമിടയിലെ സൗഹൃദവും ശത്രുതയും ഇരുവരിലെ ഫോക്കസ് ആകുമ്പോൾ തന്നെ സ്വതന്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും തീരുമാനമെടുക്കാനും സാധിക്കുന്ന സ്ത്രീകഥാപാത്രങ്ങളും അവർക്ക് ചുറ്റുമുണ്ടായിരുന്നു.ആനന്ദനെ വിവാഹം ചെയ്തില്ലായിരുന്നുവെങ്കിൽ ഗാന്ധിജിയ്ക്കും കസ്തൂർബയ്ക്കുമൊപ്പം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിക്കുമായിരുന്നുവെന്ന് പറയുന്ന പുഷ്പ,പോറ്റി വളർത്തിയവർ തന്നെ മർദ്ദിച്ചവശരാക്കുമ്പോൾ പ്രണയിച്ച പുരുഷനോടൊപ്പം ജീവിക്കാൻ തീരുമാനിച്ച രമണി,വായനാശീലവും രാഷ്ട്രീയ ബോധവുമുള്ള സെന്താമരൈ,ആനന്ദനെന്ന മുഖ്യമന്ത്രിയ്ക്ക് മുന്നിൽ കാലിന്മേൽ കാല് കയറ്റിവെച്ചിരിക്കുന്ന കൽപ്പന….ഇരുവർ ഒരു ക്ലാസിക് സിനിമയായി മാറുന്നത് ഇവരുടെ കൂടി സാന്നിധ്യത്തിലാണ്.

അലൈപായുതേയിലെ ശക്തി,കന്നത്തിൽ മുത്തമിട്ടാലിലെ തന്നെ ഇന്ദ,ആയുതാ എഴുത്തിലെ ശശി….പൊന്നിയിൻ സെൽവനിലൂടെ പ്രേക്ഷകരിലേക്കെത്താൻ കാത്തിരിയ്ക്കുന്ന പൂങ്കുഴലിയും,മന്ദാകിനിയും,കുന്ദവൈയും..പറഞ്ഞു തുടങ്ങിയാൽ പിന്നെയുമൊരുപിടി മികവുറ്റ പാത്രസൃഷ്ടികൾ.

മണിരത്നമയാളുടെ യാത്ര തുടരുകയാണ്, ദൂരമെത്രയെന്ന് തീർച്ചയില്ലാത്ത യാത്രയുടെ പതനസ്ഥാനമെന്തെന്നും നിശ്ചയമില്ല..അതിനിടയിൽ എത്രയെത്ര കഥകൾ അയാൾ പറയുമെന്നോ,ഇനിയുമെത്ര കഥാപാത്രങ്ങളെ മനസ്സിലടിച്ചുറപ്പിക്കുമെന്നോ ആർക്കുമറിയില്ല.അതെന്തോ ആകട്ടെ,കാലം കാണിച്ചു തരട്ടെ!
ഇന്ത്യൻ കൊമേർഷ്യൽ സിനിമയുടെ ഐക്കണിന്,ഇന്ത്യൻ സിനിമയ്ക്ക് ആഗോള തലത്തിലേക്ക് ഉയരാമെന്ന് കാണിച്ചു തന്ന മഹാമേരുവിന്,ഗുരുവിന് പിറന്നാളാശംസകൾ.

Leave a Reply
You May Also Like

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Rajesh Raj സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ‘റീചാർജ് , (ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം)…

മമ്മൂട്ടിയുടെ മനസാന്നിധ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ഒരു സംഭവത്തെ കുറിച്ച് പാർവതി പറയുന്നതിങ്ങനെ

മമ്മൂട്ടിക്ക് കോമഡി വഴങ്ങില്ല എന്നൊക്കെ ചർച്ചകൾ ഉണ്ടായതിനു ശേഷമാണ് രാജമാണിക്യം ഒക്കെ ഇറങ്ങിയത്. അതേ ചർച്ചകൾക്ക്…

സ്വർണ്ണ നൂലുപോലെ മെലിഞ്ഞു സുന്ദരിയായി മൗനി റോയ്

സിനിമയുടെ ഫീൽഡ് നിറങ്ങളുടെ ലോകം എന്നാണ് അറിയപ്പെടുന്നത്. സുന്ദരിമാരായ നായികമാർ , അവരുടെ ഗ്ലാമർ വസ്ത്രങ്ങൾ,…

“കോടാനു കോടി പേർ കാണാനാ​ഗ്രഹിച്ച അവളുടെ ശരീരത്തിൽ ഈച്ചയാർക്കുന്നു”, സിൽക്ക് സ്മിതയുടെ മരണത്തെ കുറിച്ച് അനുരാധ

തെന്നിന്ത്യൻ സിനിമയുടെ ഹൃദയസ്പന്ദനമായിരുന്നു സിൽക് സ്മിത. അവരുടെ വശ്യമായ കണ്ണുകളിൽ യുവത്വം കുരുങ്ങിക്കിടന്നു എന്നുപറയുന്നതാകും ശരി.…