ആബിദ് അടിവാരം
ഇന്നും ഒരുത്തൻ പ്രണയിച്ച പെൺകുട്ടിയെ വെട്ടികൊന്നിട്ടുണ്ട്.. പ്രണയിക്കാനിറങ്ങുന്ന മലയാളി പെൺകുട്ടികളോട്…..
പ്രണയിച്ചിരുന്ന പെൺകുട്ടികളെ കുത്തിക്കൊന്നതും ആസിഡൊഴിച്ചതും കൊട്ടേഷൻ കാരെ വിട്ട് ആക്രമിച്ചതുമായ കേസുകൾ എല്ലാ ദിവസവും നമ്മൾ വായിക്കുന്നുണ്ട്. പെൺകുട്ടികളേ… നിങ്ങൾ പ്രണയിക്കുന്ന മലയാളിയുവാവ് ഒരു മാനസിക രോഗിയാവാനുള്ള സാധ്യത വളരെക്കൂടുതലാണ്, നാളെ അവൻ നിങ്ങളുടെ ഘാതകനാവാനുള്ള സാധ്യതയുണ്ട്.കള്ളു കുടിയിലും പ്രണയത്തിലും മലയാളി യുവാക്കളെപ്പോലെ ദുരന്തങ്ങൾ ലോകത്ത് ഇല്ലെന്ന് തന്നെ പറയാം.ലോകത്തെ 200 ലേറെ രാജ്യങ്ങളിൽ ജനങ്ങൾ പരസ്യമായി മദ്യപിക്കുന്നുണ്ട്, പക്ഷേ കള്ളുകുടിച്ച് ഛർദിക്കുന്ന, വഴിയരികിൽ പാമ്പായി കിടക്കുന്ന, വീട്ടിൽ ചെന്ന് ഭാര്യയെയും മക്കളെയും തല്ലുന്ന മൻഷ്യരെ കേരളത്തിലെപ്പോലെ എവിടെയും കാണില്ല.പ്രണയത്തിന്റെ കാര്യത്തിലും ഇതേ അവസ്ഥയാണ്.

ബസ്സിലോ ഓട്ടോയിലോ ബസ്സ്റ്റാന്റിലോ കോളേജിലോ ഓഫീസിലോ വെച്ച് കാണുന്ന പെണ്ണിന്റെ പുറകെ നടന്ന് വെറുപ്പിച്ച് പ്രണയാഭ്യാർത്ഥന നടത്തുന്ന ചെറുപ്പക്കാരാണ് അധികവും, നമ്മുടെ സിനിമകൾ പോലും അങ്ങനെയാണ്. അവളുടെ ഒരു നോട്ടമോ ചിരിയോ സമ്മതമായിക്കണ്ട് സെന്റിയടിച്ച് കൂടെക്കൂടി വീട്ടിലേക്ക് വിളിച്ചിറക്കാൻ ചെല്ലുന്ന മനോരോഗികൾ ഏറെയുള്ള നാടാണ് കേരളം. ലോകത്ത് എല്ലായിടത്തും മനുഷ്യർ പ്രണയിക്കുന്നുണ്ട്, ചിലർ വിവാഹം കഴിക്കുന്നുണ്ട്, ഡിവോഴ്സ് ചെയ്യേണ്ടി വന്നാൽ പോലും സമാധാനമായി ജീവിക്കുന്നുണ്ട്. നിങ്ങൾ അമേരിക്കയിലും യൂറോപ്പിലുമൊന്നും പോകണ്ട മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയിൽ പോലും പ്രണയ വിവാഹങ്ങളേയുള്ളൂ…അറേഞ്ച്ഡ് മാര്യേജ് ലക്ഷത്തിൽ ഒന്നുപോലും ഉണ്ടാവില്ല, എന്നിട്ടും അവിടെയൊന്നും ഇത് പോലെ പെൺകുട്ടികൾ ആക്രമിക്കപ്പെടുന്നില്ല.
കഴിഞ്ഞ എട്ടുവർഷത്തോളമായി ഇന്ത്യയിലും വിദേശത്തും ട്രെയിനിംഗ്-കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന എനിക്ക് അനുഭവത്തിന്റെ വെളിച്ചത്തിൽ ഉറപ്പിച്ച് പറയാനാവും,കണ്ണും മൂക്കുമില്ലാത്ത പ്രണയത്തിലേക്ക് എടുത്ത് ചാടുന്ന മലയാളി പെൺകുട്ടികൾ ജീവിതം അപകടത്തിലാക്കുകയാണ്
പെണ്ണിനെ അംഗീകരിക്കുന്ന, മനസ്സിലാക്കാൻ ശ്രമിക്കുന്ന, തന്നെപ്പോലെ ഒരു വ്യക്തിത്വമാണ് അവളെന്ന് ബോധമുള്ള മലയാളിയുവാക്കൾ നന്നേ കുറവാണ്, അവന്റെ സ്വാർത്ഥതക്ക് അവന്റെ പെണ്ണായി വരച്ച വരയിൽ നിൽക്കുന്ന പെണ്ണാണ് ശരാശരി മലയാളി യുവാവിന്റെ സ്വപ്നം. ആ വര ഭേദിക്കാൻ ശ്രമിച്ചാൽ ആ നിമിഷം അവൻ തനി സ്വഭാവം കാണിക്കും, നിന്നെക്കാൾ പ്രിയപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് നൂറുതവണ ആവർത്തിച്ചവനാണ് അവന് കിട്ടില്ല എന്ന് തോന്നുന്ന നിമിഷം പ്രിയപ്പെട്ടതിനെ കത്തിച്ചു കളയുന്നത്! കേരളത്തിൽ നടക്കുന്ന പ്രണയങ്ങളിൽ 10 -15 ശതമാനം മാത്രമേ വിവാഹത്തിൽ എത്തുന്നുള്ളൂ… 20 – 25 ശതമാനം ആണുങ്ങൾ വിവാഹത്തിൽ എത്താതെ പോയ പ്രണയത്തിലെ നായികയെ തേപ്പുകാരിയായി പ്രഖ്യാപിച്ച് ജീവിത കാലം മുഴുവനും ശത്രുത സൂക്ഷിക്കുന്നവരാണ്, അവസരം കിട്ടിയാൽ അവളുടെ കുടുംബം കലക്കാൻ കാത്തിരിക്കുന്നവനാണ്.
പ്രണയദുരന്തത്തിൽ അകപ്പെട്ട് ജീവിതം കുട്ടിച്ചോറായവരുടെയും ബ്രേക്ക്അപ്പുകളുടെ ആഘാതം താങ്ങാനാവാതെ ജീവിതം ദുസ്സഹമായവരുടേയും ചില കഥകൾ പിന്നീടൊരു പോസ്റ്റിൽ എഴുതാം, നിങ്ങളുടെ കാമുകനുമായി ചില കഥാപാത്രങ്ങൾക്കെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കിൽ രക്ഷാമാർഗ്ഗം തേടാം…
മലയാളി പെൺകുട്ടി രണ്ടല്ല പത്ത് വട്ടം ആലോചിച്ചിട്ട് വേണം പ്രണയം വെളിപ്പെടുത്താൻ, നിങ്ങൾ നോ പറയുന്ന നിമിഷം ഘാതകനായിമാറാനിടയുളള ക്രിമിനലിനെയല്ല ജീവിതത്തിൽ കൂടെക്കൂട്ടാൻ ഉദ്ദേശിക്കുന്നത് എന്ന് ഉറപ്പ് വരുത്തിയേ പറ്റൂ…