Abid Adivaram

നോട്ട് നിരോധനം വന്ന ആദ്യ മണിക്കൂറുകളിൽ പാർട്ടി ഭേദമന്യേ ഇന്ത്യക്കാർ മോഡിക്ക് അനുകൂലമായിരുന്നു. അങ്ങനെയായിരുന്നു അവകാശ വാദങ്ങൾ. കള്ളപ്പണം ഇല്ലാതാവും, കള്ളനോട്ട് ഇല്ലാതാവും, ഭീകര വാദികൾക്ക് പണം കിട്ടാതാവും, അഞ്ച് ലക്ഷം കോടിജനാവിൽ വരും, ഇന്ത്യ വികസിക്കും, പെട്രോൾ വില 50 രൂപയാകും, ഡോളർ വില 50 രൂപയാകും….

അവസാനം എന്തുണ്ടായി? കള്ളപ്പണം കുന്നു കൂടി, കള്ളനോട്ടടി വ്യാപകമായി, ഭീകരവാദം കൂടി, ഖജനാവ് കാലിയായി, പെട്രോൾ വില കൂടി, ഡോളർ വില കൂടി. നോട്ട് നിരോധനം സംഘടിത കൊള്ളയാണെന്നും രാജ്യത്തിന്റെ നട്ടെല്ല് തകരുമെന്നും മൻമോഹൻ സിംഗിനെ പ്പോലുള്ളവർ പറഞ്ഞത് ഇന്ത്യക്കാർക്ക് മനസ്സിലാവാൻ നടു ഒടിയേണ്ടി വന്നു! സമാന സംഭവമാണ് NRC (The National Register of Citizens) യിൽ ആവർത്തിക്കുന്നത്.

നമ്മുടെ രാജ്യത്തിന് സുരക്ഷിതത്വം വേണം, നുഴഞ്ഞു കയറ്റക്കാരെ തടയണം, വിദേശികളെ നാടു കടത്തണം .നല്ലതല്ലേ…? നുഴഞ്ഞ് കയറ്റക്കാരെ കണ്ടു പിടിക്കണ്ടേ? അതിനെന്ത് വേണം? കോടികൾ മുടക്കി ഇന്ത്യയിലെ മുഴുവൻ മനുഷ്യരുടേയും കയ്യും കണ്ണും രേഖപ്പെടുത്തി വെച്ച ആധാർ പോരേ? ഏതാനും ലക്ഷം വരുന്ന നുഴഞ്ഞു കയറ്റക്കാരെ പിടിക്കാൻ 130 കോടി ജനങ്ങളെ പരിശോധിക്കണോ? കള്ളനോട്ട് പിടിക്കാൻ നോട്ട് നിരോധിച്ച പോലെ!

അതാണ് ചെയ്യാൻ പോകുന്നത്, ഇത് വരെയുള്ള രേഖകൾക്ക് പുറമെ 50 വർഷത്തിനുമുമ്പ് ഇന്ത്യയിൽ ഉള്ളവരാണെന്ന് തെളിയിക്കണം, മുസ്ലിംകൾ മാത്രമല്ല കെട്ടോ, എല്ലാ മതക്കാരും തെളിയിക്കണം. പതിനായിരക്കണക്കിന് കോടി രൂപയും അധ്വാനവുമാണ് ചെലവിടുന്നത്! എന്തിനീ വിഡ്ഢിത്തം എന്നാണ് ആദ്യം ചോദിക്കേണ്ടത്. നോട്ട് നിരോധന കാലത്ത് ആ ചോദ്യം ചോദിച്ചവർ വിരളമായിരുന്നു, ഇപ്പോഴും ആ ചോദ്യം ഉയരുന്നില്ല.
.
അതിനെന്താ തെളിയിക്കാമല്ലോ എന്നാണെങ്കിൽ, കാർഗിൽ യുദ്ധത്തിൽ ഇന്ത്യക്ക് വേണ്ടി പോരാടിയ പട്ടാളക്കാരന് തെളിയിക്കാൻ പറ്റിയിട്ടില്ല ! പിന്നെയല്ലേ നിങ്ങൾക്ക് ! നിങ്ങളുടെ രേഖകളിലെ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് മതി ഇന്ത്യക്കാരനല്ലാതാവാൻ ! ആസാമിൽ 20 ലക്ഷം മനുഷ്യരാണ് ശരിയായ രേഖകളില്ലാതെ പുറത്തായത്! അതിൽ 5 ലക്ഷത്തിന് താഴെ മാത്രമേ മുസ്‌ലിംകളുള്ളൂ…
ദലിതുകളും ഗോത്രവർഗ്ഗക്കാരും ആദിവാസികളും ഉൾക്കൊള്ളുന്ന ഇന്ത്യയിൽ എത്രപേർക്ക് 50 വർഷം മുമ്പത്തെ രേഖകൾ കാണിക്കാൻ സാധിക്കും?

അഛന്റെയോ മുത്തഛന്റെയോ രേഖകൾ ഇല്ലാത്ത കോടിക്കണക്കിന്‌ മനുഷ്യരെ പുറത്താക്കി പിന്നീട് അപ്പീൽ കോടതികൾക്ക് മുന്നിൽ ക്യൂ നിൽക്കാൻ പറയുന്നത് എന്തിനാണ്? ഇന്ത്യക്കാരെ തിരിച്ചറിയലാണ് ലക്ഷ്യമെങ്കിൽ ആധാർ അടിസ്ഥാന രേഖയാക്കിയാൽ പോരേ? കണ്ണും വിരലടയാളവും ഫോട്ടോയും പതിച്ച ആധാർ കയ്യിലില്ലേ?

നോട്ട് നിരോധനം പോലെ ഇവിടെയും ലക്ഷ്യം വേറെയാണ്. അത് തിരിച്ചറിയാതിരിക്കാനാണ് നോട്ട് നിരോധനകാലത്ത് കാക്കാമാർക്ക് പണി കിട്ടും കള്ളപ്പണം കൊണ്ടാണ് അവർ ജീവിക്കുന്നത് എന്ന് വർഗീയത മനസ്സിലുള്ള ഹിന്ദുവിനോട് പറഞ്ഞത്. മുസ്ലിംകൾ പൗരത്വം കിട്ടാതെ നാടുവിടുമ്പോൾ അവരുടെ സ്വത്ത് നിങ്ങൾക്ക് കിട്ടുമെന്നാണ് ഇന്ന് പറയുന്നത്. അയോധ്യയുടെ കെട്ടിറങ്ങിയതോടെ വർഷങ്ങളോളം തമ്മിൽ തല്ലാനുള്ള എല്ലിൻ കഷ്ണമാണ് ബിജെപി എറിഞ്ഞുതരുന്നത് എന്ന് മനസ്സിലാക്കാൻ കഴിയുന്ന എത്രമനുഷ്യരുണ്ട് നമുക്കിടയിൽ ?

ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ബംഗ്ലാദേശികൾ വ്യാപകമായി കുടിയേറി എന്ന് ആരോപിക്കപ്പെടുന്ന ആസാമിന്റെ ജനസംഖ്യ 3 കോടിയാണ്, മാസങ്ങളോളം നീണ്ടുനിന്ന പൗരത്വ നാടകങ്ങളിൽ ജനങ്ങൾ സർക്കാർ ഓഫീസുകളിൽ കയറി ക്യൂ നിന്ന് വലഞ്ഞ് അപ്പീൽ കോടതിയും നിരങ്ങിയപ്പോൾ പുറത്തായവർ 19 ലക്ഷം അതിൽ 15 ലക്ഷത്തോളം വരുന്ന അമുസ്ലിംകൾ പുതിയ പൗരത്വ നിയമം വരുന്നതോടെ അകത്താവും ബാക്കി വരുന്നത് 5 ലക്ഷത്തിൽ താഴെ മുസ്ലിംകൾ ! അതായത് ആസ്സാം ജനസംഖ്യയുടെ വെറും 1.6 ശതമാനം പേർ!

ഇന്ത്യയിൽ ഏറ്റവുമധികം മുസ്‌ലിംജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ആസ്സാം എന്നോർക്കണം
അതിർത്തിയും നുഴഞ്ഞുകയറ്റവുമായി ഒരു ബന്ധവുമില്ലാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രേഖകൾ ഇല്ലാത്തവരുടെ എണ്ണം ഇതിന്റെ പത്തിലൊന്ന് വരില്ല! ഇനി വാദത്തിന് 1.6 ശതമാനം എന്ന് സമ്മതിച്ചാൽ 130 കോടി ഇന്ത്യക്കാരിൽ 2 കോടി മനുഷ്യരെ പൗരത്വത്തിന് പുറത്ത് നിർത്താം. 130 കോടിയിൽ നിന്ന് 2 കോടി പോയാലും 2 കോടി വന്നാലും കടലിൽ കായം കലക്കിയത് പോലെയാണെന്ന് മനസ്സിലാക്കാൻ എത്ര പേർക്ക് പറ്റും?

നോട്ട് നിരോധനത്ത്തിന്റെ മറവിൽ അടിച്ചു മാറ്റിയ 5 ലക്ഷം കോടിയും മോഡിയുടെ കോർപറേറ്റ് സുഹൃത്തുക്കൾ പങ്ക് വെച്ചെടുത്തതാണ്, ഇന്ന് MLA മാർക്കും നിയമപാലകർക്കും കോടികൾ കൊണ്ട് തുലാഭാരം നടത്തുന്നതും ആ പണം കൊണ്ടാണ്.ഉള്ളിക്ക് വില കൂടിയതിന്റെ പേരിൽ ഗവൺമെന്റുകൾ വീണ നാടാണ് നമ്മുടേത്, ഇന്നിതാ 150 രൂപ ഉള്ളിവില വന്നിട്ടും ചർച്ചയുണ്ടോ പ്രതിഷേധമുണ്ടോ?

ഡിവൈഡ് ആന്റ് റൂൾ എന്ന പഴയ ബ്രിട്ടിഷ് തന്ത്രം ബിജെപി പയറ്റുമ്പോൾ ഹിന്ദു ഇന്ത്യ സ്വപ്നം കാണുന്നവരോട് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാൻ? വിൽക്കാൻ പറ്റുന്നതൊക്കെ വിറ്റു തുലക്കുന്ന റിസർവ്വ് ബേങ്കിലെ കരുതൽ ധനം വരെ വാങ്ങിയിട്ടും സംസ്ഥാനങ്ങളുടെ GST കുടിശ്ശിക പോലും കൊടുക്കാനാവാത്ത സമ്പദ്വ്യവസ്ഥയെക്കുറിച്ച് എട്ടും പൊട്ടും തിരിയാത്ത കുറേ സ്കൂൾ ഡ്രോപൗട്ടുകൾ ഭരിക്കുന്ന മനോഹരമായ രാമരാജ്യം സ്വപ്നം കാണുന്ന നിഷ്കുകൾക്ക് നല്ല നമസ്കാരം.

മൂന്നാം നാൾ ഇന്ത്യക്കാർ തെരുവിൽ ഇറങ്ങിയിരുന്നെങ്കിൽ തടായാമായിരുന്ന ദുരന്തമായിരുന്നു നോട്ടു നിരോധനം. അന്നത് ചെയ്തില്ല , ഇന്ന് ഫലം അനുഭവിക്കുന്നു അടുത്ത ദുരന്തത്തെ നേരിടാൻ തെരുവിൽ ഇറങ്ങണോ വേണ്ടേ എന്ന് തീരുമാനിക്കാനുള്ള മണിക്കൂറുകളാണ് കടന്ന് പോവുന്നത്! NRC യെ ഇന്ത്യക്കാർക്ക് കയ്യൂക്ക് കൊണ്ട് തടയാവുന്നതേയുള്ളൂ. വിധിക്കേണ്ടവർ നമ്മൾ തന്നെയാണ്, അനുഭവിക്കേണ്ടവരും !

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.