ആ ദുഷിച്ച സവർണ്ണമനസിന്റെ ദുർഗന്ധവാക്കുകൾ കേട്ടിരുന്ന റൈഹാനത്ത് എന്ന സഹോദരിയുടെ ഒരു ഗതികേട്

143

Abid Hussain ന്റെ കുറിപ്പ്

റിപ്പോർട്ടർ ടി വി യിൽ ഇന്നലെ സിദ്ധീഖ് കാപ്പൻ വിഷയം ചർച്ച നടക്കുന്നു . രാഹുൽ ഈശ്വർ , സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് തുടങ്ങിയവരുണ്ട് ചർച്ചയിൽ .തന്റെ ഊഴം എത്തിയപ്പോൾ രാഹുൽ ഈശ്വർ റൈഹാന ചേച്ചി എന്നുള്ള ബഹുമാന വിളിയോടെ തുടങ്ങി പറയുന്നത് ഇങ്ങനെയാണ് , എനിക്ക് നിങ്ങളോട് പറയാനുള്ളത് മൂന്ന് കാര്യങ്ങളാണ് , ശ്രദ്ധിച്ചു കേൾക്കണം
അതിൽ ഒന്നാമത്തെ കാര്യം ഇതാണ് – ഒരു രാഷ്ട്രീയ പാർട്ടിക്കാർക്കും നിങ്ങളുടെ ഭർത്താവിനെ രക്ഷിക്കാൻ പറ്റില്ല , ബി ജെ പി യിൽ നല്ല ഹൃദയമുള്ള പല ആളുകളും ഉണ്ട് എന്നാൽ അവർ ഒന്നും ഇതിൽ ഇടപെടില്ല , മൃദു ഹിന്ദുത്വത്തെ പുൽകുന്ന കോൺഗസ് ഇപ്പോഴെ ദുർബ്ബലമാണ് അത് കൊണ്ട് അവരും ഇടപെടില്ല , ഇനി അവർ ഇടപെട്ടാലും പ്രയോജനമില്ല , മറ്റൊരു സംസ്ഥാനത്തെ കേസ് ആയത് കൊണ്ട് ഇടപെടുന്നതിന് പിണറായിക്കും സർക്കാറിനും പരിമിതികൾ ഉണ്ട്

രണ്ടാമത്തെ കാര്യം ഇതാണ് – നിങ്ങളുടെ ഭർത്താവ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം , പാർശ്വവൽകൃത മുസ്‌ളീം – ദളിത് – കീഴാള കൂട്ടായ്മയുടെ രാഷ്ട്രീയം കൊണ്ട് വന്ന് കമ്മ്യൂണൽ ഇഷ്യൂവുണ്ടാക്കാനാണ് നിങ്ങളുടെ ഭർത്താവ് ശ്രമിച്ചത് , ആ പരിപാടി നിർത്താൻ പറയണം , അത് ഇവിടെ വില പോവില്ല , അതിന് കാരണം ബ്യുറോ ക്രസിയിലും ഡീപ്പ്‌ സ്റ്റേറ്റിലും ഭൂരി ഭാഗവും ഉള്ളത് ഞങ്ങളുടെ ആളുകളാണ് , അത് കൊണ്ട് തന്നെ ഒരു കാലത്തും അത്തരം ഒരു രാഷ്ട്രീയം ഇവിടെ ഉയർന്ന് വരാൻ അനുവദിക്കില്ല . അതിന് ശ്രമിച്ചത് കൊണ്ടാണ് മഅദനി ഇത്രയും കാലം അകത്ത് കിടന്നത് . ആ അനുഭവം നിങ്ങളുടെ ഭർത്താവിന് വരാതെ ഇരിക്കാൻ ഞാൻ മൂന്നാമാതായി നിങ്ങളോട് പറയാൻ പോവുന്ന കാര്യങ്ങൾ നിങ്ങൾ കൂടുതൽ ശ്രദ്ധയോടെ കേൾക്കണം

മൂന്നാമത്തെ കാര്യം ഇതാണ് – സുപ്രീം കോടതിയിൽ നിങ്ങൾ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിൽ കേസ് എത്തിക്കാൻ നോക്കണം , ഒരു സവർണ്ണനായ വക്കീലിനെ വെച്ച് കൊണ്ട് കേസ് വാദിക്കാൻ നോക്കണം എന്നാലെ കോടതിയിൽ ഒരു സ്വീകാര്യതയും വിശ്വാസ്യതയും വരൂ , അല്ലെങ്കിൽ നിങ്ങളുടെ ഭർത്താവിനെ എത്ര കാലം വേണമെങ്കിലും ജയിലിൽ തളച്ചിടാൻ കഴിയും

ഇതെല്ലാം കേട്ടിരിക്കുന്ന കാപ്പന്റെ ഭാര്യയുടെ മുഖത്തെ ദയനീയതയും അഭിമാന ക്ഷതവും ആ ചർച്ച കണ്ടിരുന്നവർ കണ്ടു കാണും . എന്തൊരു ഗതികേടാണ് ഒരു മുസ്ലിമിന്റേത് . ഹൃദയ രോഗിയായ സ്വന്തം ഭർത്താവ് കോവിഡ്‌ പിടിപെട്ട് നരക യാതന അനുഭവിക്കുന്നു . അതിനിടക്ക് ബാത് റൂമിൽ വീണ് താടിയെല്ല് പൊട്ടിയ കാപ്പനെ കിടത്തിയിരിക്കുന്നത് മൃഗാശുപത്രയിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ , മൂത്രം ഒഴിക്കാൻ പോലും പുറത്ത് വിടാത്ത വിധം .ഇത്തരം ഒരു മാനസിക അവസ്ഥയിൽ ഇരിക്കുന്ന സ്ത്രീ തന്റെ ഭർത്താവിന് വേണ്ടി , മക്കൾക്ക് വേണ്ടി എന്തും കേട്ടിരിക്കും എന്നതാണ് വേദന നിറഞ്ഞ സത്യം . രാഹുൽ ഈശ്വർ അഹങ്കാരത്തോടെ നൽകിയ ഉപദേശം ആണെങ്കിലും ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ യദാർത്ഥ മുഖം രാഹുൽ ഈശ്വർ പറഞ്ഞത് തന്നെയാണ് . ഹിന്ദുത്വ ഇന്ത്യ എന്ന വിഗ്രഹത്തെ കപട ജനാധിപത്യ മതേതര മുഖം മൂടയിട്ട് മറക്കാതെ തനി സ്വരൂപത്തിൽ രാഹുൽ ഈശ്വർ പ്രതിഷ്‌ഠിച്ചു

നമുക്ക് ഒരു ഭരണ ഘടനയുണ്ട് , നമ്മൾ മതേതര രാജ്യമാണ് , ഇവിടെ ജനാധിപത്യമുണ്ട് , സോഷ്യലിസം ഉണ്ട് . ഇതെല്ലാം അവിടെ ഉണ്ട്
കടലാസിൽ ആണെന്ന് മാത്രം , യദാർത്ഥ നിയമവും ന്യായവും നീതിയും ഒക്കെ എങ്ങിനെ മുന്നോട്ട് പോവണം എന്ന് , ഇന്ത്യൻ പരമോന്നത നീതി പീഠം വരെ എങ്ങിനെ വിധി പറയും എന്നത് തീരുമാനിക്കാനുള്ള അധികാരം ലിഖിതമായ അധികാരം ഒന്നുമില്ലാത്ത രാഹുൽ ഈശ്വറിനെ പോലുള്ള ബ്രാഹ്മണന് അലിഖിതമായി ഉണ്ട് , അതിന് മുന്നിൽ ഇരകളും അവരുടെ കുടുംബങ്ങളും ഓച്ചാനിച്ചു നിൽക്കണം . നിങ്ങൾക്ക് ഇവിടെ ജീവിക്കണോ ഞങ്ങൾ വിധേയമായി ഞങ്ങൾക്ക് അടിമകളായി ഞങ്ങൾ പറയുന്നത് കേട്ട് കൊണ്ട് ജീവിച്ചു കൊള്ളണം എന്ന സന്ദേശം തന്നെയാണ് രാഹുൽ ഈശ്വർ കാപ്പന്റെ ഭാര്യക്ക് നൽകിയ ഉപദേശത്തിലൂടെ മുസ്ളീംങ്ങൾക്ക് ഒന്നടങ്കം നൽകിയത് . അവിടെ അഭിമാന ക്ഷതം വന്നത് മുസ്‌ളീം സ്വത്വങ്ങൾക്ക് മൊത്തം തന്നെയാണ് .
അപ്പൊ നമുക്ക് സ്വന്തമായി എന്ത് ഉണ്ടെന്നാണ് പറഞ്ഞത് ? ഓ ഭരണ ഘടന , ഓകെ സാറമാരെ !