ഇടത്തും വലത്തും സ്വപ്ന റാണിമാർ വിരാജിക്കും കാലം

    103

    ആബിദ് റഹ്മാൻ

    ഇടത്തും വലത്തും സ്വപ്ന റാണിമാർ വിരാജിക്കും കാലം, നാടിന്റെ നടുവൊടിഞ്ഞ് പൊതു ജനം കഴുതപ്പുറത്തേറാൻ പോലും അശക്തരാണ് !!.. കോവിഡ് മാസ്കണിഞ്ഞ അവർ വാ തുറക്കാനായി കവചമഴിച്ചാൽ കാശില്ലാത്ത നേരത്ത് രൂപ പതിനായിരം ഫൈൻ അടക്കേണ്ടി വരും.എന്നാൽ ഇത്തരം വിലക്കുകളൊന്നും തന്നെ സ്വപ്ന സുരേഷുമാർക്ക് ബാധകമല്ല. കടുത്ത ഗതാഗത നിയന്ത്രണങ്ങളുള്ളിടത്ത് വിമാനങ്ങൾ യഥേഷ്ടം പറക്കും. ബാഗേജുകൾ ധാരാളമെത്തും .മുമ്പ്, എയർ ഇന്ത്യയിൽ ജോലി ചെയ്യവെ ഒരു ഉദ്യോഗസ്ഥനെതിരെ “പതിവ് ശൈലിയിൽ ” വ്യാജ പീഡന പരാതി നൽകി ആൾമാറാട്ടം നടത്തി മറ്റൊരു സ്ത്രീയെ ഹാജരാക്കിയ ക്രിമിനൽ കേസുള്ള അവരെ രണ്ട് പ്രാവശ്യം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു, കുറ്റം സമ്മതിക്കുകയും ചെയ്തു. പക്ഷേ അതിനിടെ വളരെ നാടകീയമായി അവർ ഐ ടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്കിൽ മാനേജറായത് കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചും അവരെ നിയമിച്ചവരും അറിഞ്ഞില്ലെന്നത് ഏറ്റവും നല്ല കോവിഡ് തമാശയാണ്? കക്ഷി രാഷ്ട്രീയ ഭേദമന്യേ മാന്യ നേതാക്കളുമായി മാന്യമല്ലാത്ത ബന്ധം സംശയിക്കാവുന്ന സ്വപ്നയെ സ്വപ്നം കാണാൻ അവരുടെ ഫ്ലാറ്റിൽ മൂക്കറ്റം മദ്യപിച്ച് എത്തിയിരുന്നത് ഐ ടി സെക്രട്ടറി സാക്ഷാൽ ശിവശങ്കറാണെന്നറിഞ്ഞപ്പോൾ കാര്യങ്ങൾ സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് മനസ്സിലായി. ഫ്ലാറ്റ് നിവാസികളുടെ അസോസിയേഷൻ ഭാരവാഹികൾ ശല്യം കാരണം ഇവരെ പുറത്താക്കിയ സംഭവങ്ങൾ വളരെ ഗൗരവത്തോടെയും ഉത്തരവാദത്തോടെയുമാണ് മാധ്യമങ്ങളെ അറിയിച്ചത്. മഹാമാരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗരുകരായ ഭരണകൂടം നിസ്സംഗത കൈവെടിയണം. സ്റ്റേറ്റ് കാറിൽ ഇപ്പോഴത്തെ IT സെക്രട്ടറി അർദ്ധരാത്രികളിലും മറ്റും ഒരു ക്രിമിനൽ പശ്ചാത്തലമുള്ള മദാലസയുടെ പാർപ്പിടത്തിൽ പതിവായി ഒത്തു കൂടി എന്നത് വളരെ നിസ്സാരമായി കാണേണ്ട ഒന്നല്ല. ചുരുങ്ങിയ വേളയിൽ യു എ ഇ കോൺസുലേറ്റിൽ ചുറ്റി പറ്റി മുപ്പത്തി അഞ്ച് കോടിയുടെ സ്വർണ്ണ കടത്തിനിടെ അന്വേഷണം നേരിടേണ്ടി വന്ന സ്വപ്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇപ്പോൾ ഒരു ദിവാ സ്വപ്നമാണ്. അവർ മുങ്ങിയെന്ന മറ്റൊരു തമാശ കൂടി നാം കേൾക്കേണ്ടി വന്നിരിക്കുന്നു?ഒരു തെറ്റു ചെയ്തവനും ശിക്ഷിക്കപ്പെടും,, സംരക്ഷിക്കാനുള്ള ലാവണമല്ല തന്റെ ഓഫീസ് എന്ന് ചങ്കൂറ്റത്തോടെ പറഞ്ഞ മുഖ്യ മന്ത്രി ഒന്നു മാത്രം ഓർത്താൽ മതി. ഇനിയൊരു സരിതയെയും സംഘത്തെയും താങ്ങാനുള്ള ശേഷി ഈ നാടിനില്ല. സോളാർ വെളിച്ചത്തിൽ പഴയ ഐസ് ക്രീം സ്വാദോർത്തുള്ള കുബേര പുത്രന്മാരുടെ തുള്ളലാട്ടം എന്നെന്നേക്കുമായവസാനിപ്പിക്കുന്നതിന്, ”നാരീ വിലാസങ്ങളിൽ കുപ്രസിദ്ധമായൊരു നാട്ടിൻ പ്രജയായി അപമാനം പേറേണ്ടി വരുന്നൊരു ധർമ്മപൗരൻ” തൂലിക ചലിപ്പിക്കുക തന്നെ ചെയ്യും. യാതൊരു വിധ രാഷ്ട്രീയ ചായ്‌വും അനുഭാവവും അതിനു തടസ്സമാകില്ല.