എങ്ങിനെയെങ്കിലും കാശുണ്ടാക്കി അത് പൂട്ടി വെച്ചിട്ട് കാര്യമില്ല, അത് ജനം കാണണം, വാ പൊളിക്കണം, തന്റെ വലുപ്പം സമ്മതിക്കണം

105

ആബിദ് റഹ്മാൻ

എങ്ങിനെയെങ്കിലും കാശുണ്ടാക്കി അത് പൂട്ടി വെച്ചിട്ട് കാര്യമില്ല. അത് ജനം കാണണം, വാ പൊളിക്കണം, തന്റെ വലുപ്പം സമ്മതിക്കണം- എന്ന ഗർവിഷ്ട മനസ്ഥിതിയുടെ ആദ്യത്തെയും അവസാനത്തെയും ആളല്ല ഇപ്പോഴത്തെ കഥാപാത്രം. ഇന്നത്തെ കാലഘട്ടത്തിൽ ഒരു ബൈക്കിന്റെ വിലക്ക് അത്യാവശ്യം സൗകര്യമുള്ള കാർ കിട്ടും. കുറച്ച് ലക്ഷങ്ങൾ മുടക്കിയാൽ പുതിയ നല്ല കാറുകളും വാങ്ങാം. കാർ ഒരാഡംബര വസ്തുവല്ല ഇന്ന്. എന്നാൽ അത്തരം കാര്യങ്ങൾക്കായി കോടികൾ മുടക്കുന്നവരുടെ മനശാസ്ത്രം വിചിത്രമാണ്. തന്റെ അമാനുഷിക പ്രഭാവം കണ്ട് സല്യൂട്ട് ചെയ്യുന്ന അയ്യോ പാവങ്ങളുടെ മുമ്പിൽ അവന് രാജാവാകണം. കാണാനാരുമില്ലങ്കിൽ അവർ വെറും സീറോയുമാകും. എന്നാൽ തണ്ണിക്കോട് ഗ്രൂപ്പ് മുതലാളി റോയ്കുര്യൻ തണ്ണിയടിച്ച് സകല അവൾമാരെയും നഗ്ന നൃത്തം ചെയ്യിച്ച് പുരുഷ മനസ്സുകളെ മദമിളക്കി കോടി വില വരുന്ന ബെൻസ് കാറിന്റെ മുകളിൽ അതിനേക്കാൾ വിലയുള്ള ബെൻസ് ലോറികളുടെ അകമ്പടിയോടെ തിമിർത്താടിയപ്പോൾ നിയമങ്ങൾക്കെല്ലാം പുല്ലു വിലയായി. മാസ്ക് പോലുമില്ലാതെ തമിഴ് കൗണ്ടറുടെ സ്റ്റൈലിൽ വന്ന ആശാന് നിയമം മറി കടക്കാനുള്ള പുത്ത കാശാണ് പിൻബലം. നാട് മുഴുവനും വാർത്തയാകണം, താൻ ശ്രദ്ധിക്കപ്പെടണം.!!!. അതിൽ ആശാൻ പൂർണ്ണമായി വിജയിച്ചു. ജീവിത പ്രാരാബ്ധങ്ങളുടെ നടുവിൽ നെട്ടോട്ടമോടുന്നവർക്കു മുമ്പിലുള്ള ഇത്തരക്കാരുടെ കസർത്തുകൾ തകർത്തെറിയണം. നിയമം കർശനമായി തന്നെ നടപ്പാകണം. ഹെൽമറ്റില്ലാത്തതിനാൽ സാധാരണക്കാരുടെ തലക്കടിക്കുന്ന നിയമ പാലകർ എട്ട് മാസമായി രജിസ്ട്രേഷൻ പോലും ചെയ്യാത്ത ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ കർക്കശ നിലപാടെടുത്ത് മാതൃക കാണിക്കണം.