വാരിയൻ കുന്നൻ വിസ്മരിക്കപ്പെട്ടത് വളരെ ആസൂത്രിതമായിട്ടത്രെ, അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും ലഭ്യമല്ല

142

ആബിദ് റഹ്മാൻ.

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പട പൊരുതി മലയാള രാജ്യം പടുത്തുയർത്തിയ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വിസ്മരിക്കപ്പെട്ടത് വളരെ ആസൂത്രിതമായിട്ടത്രെ.. അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും ലഭ്യമല്ല. മാപ്പിള ലഹളയെന്ന ബ്രിട്ടീഷ് ആഖ്യാനത്തെ തിരുത്തി മലബാർ വിപ്ലവമാക്കി അവതരിപ്പിക്കാനുള്ള തന്റേടമാണ് വാരിയൻ കുന്നൻ എന്ന യുവ സംവിധായകൻ ആഷിക് അബുവിന്റെ പുതിയ സിനിമ.

എം ജി എസ് നാരായണനെ പോലെ അവഗാഹമുള്ള ചരിത്ര പണിതന്മാരുടെ വീക്ഷണത്തിൽ ശരിയും തെറ്റും സമ്മിശ്രമായ സങ്കീർണ്ണതയാണ് മലബാർ സമരം. ചരിത്രത്തിന് പശ്ചാത്തലവും പ്രേരകങ്ങളുമുണ്ട്. ശരിയും തെറ്റുമുണ്ട്. പൊറുക്കാനാവാത്ത തെറ്റുകൾക്കിടയിൽ മറക്കാനാവാത്ത ശരികൾ മാതൃകാപരമാണ്. അധിനിവേശ ശക്തികൾക്കെതിരെ വിവിധ കോണുകളിൽ നിന്നും വിത്യസ്ഥവും വൈരുദ്ധ്യവും വിചിത്രവുമായ രീതിയിലാണ് മുന്നേറ്റങ്ങൾ നടന്നിട്ടുള്ളത്.

ബ്രിട്ടീഷ് അധികാരികൾക്കെതിരെ സന്ധിയില്ലാ സമരം നടത്തി ഒടുവിൽ അന്തമാനിലേക്ക് നാടുകടത്തപ്പെട്ട ആളാണ് വാരിയൻ കുന്നത്തിന്റെ ബാപ്പ. അവരുടെ കുടുംബം ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായിരുന്നു. മൂന്നു തവണ നാടു കടത്തപ്പെട്ട വാരിയൻ കുന്നത്തിന് ഇംഗ്ലീഷടക്കം പല ഭാഷകറിയാമായിരുന്നുവെന്ന് ബ്രഹ്മദത്തൻ നമ്പൂതിരി അടക്കം പ്രമുഖർ ശ്ലാഘിച്ച് എഴുതിയിട്ടുണ്ട്.
ഇവിടെ ഈ post ൽ പലർക്കും അനഭിമതനായ “സവർക്കറുടെ ” ഗുണ ഗണങ്ങൾ വർണ്ണിച്ചെഴുതിയ അതേ തൂലിക വാരിയൻ കുന്നത്ത് എന്ന ബ്രിട്ടീഷ് വിരുദ്ധ പോരാളിയെ കുറിച്ചെഴുതുന്നതിൽ ഒട്ടും തെറ്റില്ല എന്നു ഞാൻ വിശ്വസിക്കുന്നു.

മഹാനായ വ്ലാദ്മിർ ലെനിൻ, മാവോ സേ തുംഗ് എന്നീ ഉരുക്ക് ഭരണാധികാരികൾ ഏറനാട്ടിലെ വീര സിംഹത്തിനെ വാനോളം പുകഴ്ത്തി കുറിപ്പുകളെഴുതി. ബ്രിട്ടീഷ് അനുകൂലികളായ നാട്ടുകാരെ ഹിന്ദുവെന്നോ മുസ്ലിമെന്നോ നോക്കാതെ അദ്ദേഹം കടുത്ത ശിക്ഷ നൽകിയതായി രേഖപ്പെടുത്തിയിരിക്കുന്നു. ഒടുവിൽ വിശ്വസ്ഥരായവരുടെ ഒറ്റ് മൂലം പിടിക്കപ്പെട്ട് കസേരയിൽ ദേഹമാസകലം ബന്ധിക്കപ്പെട്ട് വധ ശിക്ഷയ്ക്കായി ഇരുത്തിയപ്പോൾ ആ പോരാളി ഗർജ്ജിച്ചു :-

“ നിങ്ങൾ കണ്ണ് കെട്ടി പിറകിൽ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാൽ എന്റെ കണ്ണുകൾ കെട്ടാതെ, ചങ്ങലകൾ ഒഴിവാക്കി മുന്നിൽ നിന്ന് വെടിവെക്കണം. എൻറെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകൾ വന്നു പതിക്കേണ്ടത് എൻറെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണിൽ മുഖം ചേർത്ത് മരിക്കണം ”അദ്ദേഹത്തിന്റെയും രണ്ട് സഹ പ്രവർത്തകരുടെയും മൃതദേഹങ്ങൾ വിറക് കൂട്ടി കത്തിച്ചു. ചാമ്പലിൽ നിന്നും എല്ലിൻ വാരി സഞ്ചിയിലിട്ടു. ഒരംശം പോലും മണ്ണിൽ ബാക്കി വെക്കാൻ ബ്രിട്ടീഷുകാർ ഭയപ്പെട്ട പോരാളിയെ കുറിച്ച് സിനിമയിറങ്ങട്ടെ. ഇതിനും മുമ്പും 1921 എന്ന സിനിമയിറങ്ങിയിട്ടുണ്ട്. ചരിത്രവും മറച്ചുവെക്കാനാകില്ലല്ലോ??