മാലിന്യ കേരളത്തിന്റെ വര്‍ത്തമാനം

waste

സിന്ധു നദീതടത്തില്‍ നാലായിരം വര്‍ഷം മുമ്പ് നിലനിന്നിരുന്ന സംസ്‌കാരങ്ങളാണ് മോഹന്‍ജോദാരയും ഹാരപ്പയും. പുരാവസ്തു ഗവേഷകര്‍ മഹത്തായ സംസ്‌കാരങ്ങളായി ഇവയെ വിലയിരുത്താനുള്ള മുഖ്യ കാരണം, ആസൂത്രണ വൈദഗ്ധ്യം വിളിച്ചോതുന്ന അവരുടെ മാലിന്യ സംസ്‌കരണ സംവിധാനമാണ്. വീടുകളിലെയും തെരുവുകളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഒട്ടും ദുര്‍ഗന്ധം വമിക്കാത്ത മൂടികളോട് കൂടിയ ഓടകളാണ് അവരൊരുക്കിയിരുന്നത്. നാഗരിക വികാസത്തിന്റെയും സംസ്‌കാര സമ്പന്നതയുടെയും അടിസ്ഥാന സൂചകമായാണ് മാലിന്യ നിര്‍മാര്‍ജനത്തെയും ശുചിത്വത്തെയും കണ്ടിരുന്നത്. ഒരു സമൂഹം സംസ്‌കാര സമ്പന്നമാണോ എന്നറിയാന്‍ അവരുടെ മാലിന്യ നിര്‍മാര്‍ജന രീതികള്‍ പരിശോധിച്ചാല്‍ മതി. ഈ സാംസ്‌കാരിക മാപിനി വെച്ച് വര്‍ത്തമാന ഇന്ത്യയെയും കേരളത്തെയും അളന്നാല്‍ നാം ലജ്ജിച്ച് തല താഴ്‌ത്തേണ്ടിവരും.

ഖരമലിനീകരണത്തിലും ജല-വായു മലിനീകരണത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. 1974-ല്‍ ജല മലിനീകരണ നിയമം നടപ്പാക്കിയ രാജ്യത്തിന്റെ ദുഃസ്ഥിതിയാണിത്. നാല്‍പത്തിരണ്ടാം ഭരണഘടനാ ഭേദഗതിയിലൂടെ (1976) പരിസ്ഥിതി സംരക്ഷണത്തിന് നിയമപരമായ വ്യവസ്ഥ ഏര്‍പ്പെടുത്തിയ ആദ്യ രാജ്യമായ ഇന്ത്യ 2011-ലെ നിലവാര സൂചികയനുസരിച്ച് മലിനീകരണത്തില്‍ ലോകത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ്. യേല്‍ യൂനിവേഴ്‌സിറ്റിയിലെ പരിസ്ഥിതി നിയമന കേന്ദ്രവും കൊളംബിയ യൂനിവേഴ്‌സിറ്റിയും മാലിന്യ നിര്‍മാര്‍ജന വിഷയത്തില്‍ 132 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയുടെ സ്ഥാനം 116 ആണ്. വായു മലിനീകരണത്തിന്റെ തോതനുസരിച്ച് രാജ്യങ്ങളെ ക്രമപ്പെടുത്തുന്ന ‘എന്‍വയോണ്‍മെന്റ് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ്’ (ഇ.പി.ഐ) പട്ടികയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയിലൊട്ടാകെ നഗരങ്ങളില്‍ 7.4 മില്യന്‍ ടണ്‍ ഖരമാലിന്യവും ഫസ്റ്റ് ക്ലാസ് സിറ്റികളിലെ ജലമാലിന്യം മാത്രം 12145 മില്യന്‍ ലിറ്ററുമുണ്ടെന്നാണ് കണക്ക്.

കേരളം പ്രതിദിനം പുറന്തള്ളുന്ന മാലിന്യം 8338 ടണ്‍ വരും. മൊത്തം മാലിന്യങ്ങളുടെ 13 ശതമാനം അഞ്ചു കോര്‍പറേഷനുകളില്‍ നിന്നും 23 ശതമാനം 53 മുന്‍സിപ്പാലിറ്റികളില്‍ നിന്നുമാണ്. അഞ്ചു വര്‍ഷം മുമ്പുള്ള കണക്കാണിത്. നഗരവത്കരണത്തിന്റെ തോതില്‍ അഞ്ചു വര്‍ഷം കൊണ്ടുണ്ടായ വര്‍ധനവ് വെച്ചു നോക്കുമ്പോള്‍ പുതിയ കണക്കുകള്‍ ഇതിലും ഭീകരമായിരിക്കും.

മാലിന്യ പ്രശ്‌നം എന്തുകൊണ്ട്?

മാലിന്യങ്ങള്‍ ഇത്രയധികം വര്‍ധിക്കാനുണ്ടായ മുഖ്യ കാരണം നഗരവത്കരണമാണ്. പുതിയ ജീവിതശൈലിയുടെ ഭാഗമായി ഗ്രാമങ്ങളില്‍ നിന്ന് നഗരത്തിലെ ഫ്‌ളാറ്റുകളിലേക്കുള്ള കുടിയേറ്റം വ്യാപകമായി. നൂറോളം കുടുംബങ്ങള്‍ ഒരു കെട്ടിടത്തില്‍ താമസിക്കുമ്പോള്‍ ഇത്രയും പേരുടെ ഉപേക്ഷിക്കപ്പെട്ട വസ്തുക്കളുടെ (മാലിന്യങ്ങള്‍ ) സംസ്‌കരണമാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ഉപഭോഗത്തിലുണ്ടായ വര്‍ധനവും മാറിയ ഭക്ഷണശീലവും ജീവിതശൈലിയുമാണ് മറ്റു കാരണങ്ങള്‍ . കേരളമൊരു ഉപഭോക്തൃ സമൂഹമായി മാറിയതോടെ ഉപയോഗിച്ചു വലിച്ചെറിയുന്ന വസ്തുക്കളുടെ അളവും വര്‍ധിച്ചു. ആഘോഷങ്ങളും സമ്മേളനങ്ങളും ടണ്‍ കണക്കിന് മാലിന്യങ്ങളാണ് സൃഷ്ടിക്കുന്നത്. ഫാക്ടറികള്‍ , ഹോട്ടലുകള്‍ , മത്സ്യ-പച്ചക്കറി മാര്‍ക്കറ്റുകള്‍ , അറവുശാലകള്‍ , കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ , വീടുകള്‍ തുടങ്ങിയ പരമ്പരാഗത മാലിന്യ ഉല്‍പാദന കേന്ദ്രങ്ങള്‍ കൂടി ചേരുന്നതോടെ മാലിന്യ കേരളത്തിന്റെ ചിത്രം പൂര്‍ണമാവും.

ഇവയെല്ലാം സംസ്‌കരിക്കാനോ നിക്ഷേപിക്കാനോ ഇടങ്ങളില്ലാതെ കേരളം വീര്‍പ്പുമുട്ടുകയാണ്. ‘പരിഷ്‌കൃതരായ’ നഗരവാസികള്‍ മാലിന്യങ്ങള്‍ തള്ളാന്‍ നഗരപ്രാന്തങ്ങളിലോ സമീപ ഗ്രാമ പ്രദേശങ്ങളിലോ ‘സുരക്ഷിത സ്ഥലം’ കണ്ടെത്തുന്നു. വാഹനങ്ങളില്‍ വന്ന് അവശിഷ്ടങ്ങള്‍ പുഴയിലേക്ക് വലിച്ചെറിയുന്നവരും കുറവല്ല. തോടുകളും നദികളും കുളങ്ങളും ചവര്‍ നിക്ഷേപിക്കാനുള്ള ഇടങ്ങളായി മാറുകയാണ്. ഈ ‘പരിഷ്‌കൃത’ സംസ്‌കാരം നഗരങ്ങളില്‍ നിന്ന് ചെറു പട്ടണങ്ങള്‍ വഴി ഗ്രാമങ്ങളിലുമെത്തിയിരിക്കുന്നു. ജലസ്രോതസ്സുകളുടെ നീരൊഴുക്കിനെ ഇതു തടസ്സപ്പെടുത്തുന്നു. മഴക്കാലം ആരംഭിച്ചതോടെ മാലിന്യ ദുരന്തവും പകര്‍ച്ചവ്യാധികളും പതിന്മടങ്ങായിരിക്കുന്നു.

നമ്മുടെ മാലിന്യ സംസ്‌കരണ രീതിയില്‍ അടിമുടി മാറ്റം വന്നില്ലെങ്കില്‍ ഈ വാര്‍ഷിക പകര്‍ച്ച വ്യാധികളുടെ ദുരന്തം പതിന്മടങ്ങ് ശക്തിയോടെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. പട്ടണങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കുമിടയിലുള്ള സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതും അശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കുന്നതും ഇതര സംസ്ഥാനങ്ങളിലെ പോലെ കേരളത്തില്‍ പ്രായോഗികമല്ല. ഒരു പട്ടണം കഴിഞ്ഞാല്‍ വിശാലവും വിജനവുമായ സ്ഥലങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ സാധാരണമാണ്. അതിനാല്‍ അവിടങ്ങളില്‍ മാലിന്യ സംസ്‌കരണം ജനജീവിതത്തിന് പൊതുവെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ല. കേരളം ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ്. പട്ടണങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഗ്രാമങ്ങള്‍ . പട്ടണങ്ങളും ഗ്രാമങ്ങളും തമ്മില്‍ അതിര്‍വരമ്പുകളോ അവയ്ക്കിടയില്‍ വിജന സ്ഥലങ്ങളോ ഇല്ല. നഗരവത്കരണവും ജനസാന്ദ്രതയുമാകട്ടെ അനുദിനം വര്‍ധിക്കുകയാണ്. നഗരങ്ങളിലെ മാലിന്യങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ തള്ളുന്ന ‘മാലിന്യ സംസ്‌കരണം’ ഇനി നടക്കില്ല.

പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യ സംസ്‌കരണത്തിനും നിയമങ്ങളില്ലാത്തത് കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. നിലവിലുള്ള സംസ്‌കരണ കേന്ദ്രങ്ങളുടെ അപര്യാപ്തതയാണ് പ്രധാന കാരണം. അഞ്ചു കോര്‍പറേഷനുകളിലും 49 മുനിസിപ്പാലിറ്റികളിലും സംസ്‌കരണ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വിരലിലെണ്ണാവുന്നവ മാത്രമാണ് ഫലപ്രദമായി മാലിന്യം സംസ്‌കരിക്കുന്നത്. മിക്ക പ്ലാന്റുകളും സംസ്‌കരണ കേന്ദ്രമല്ല, സംഭരണ കേന്ദ്രമാണ്. ഓരോ നഗരത്തെയും ചുറ്റിപ്പറ്റി മാലിന്യങ്ങള്‍ തള്ളാനായി മാത്രം ഞെളിയന്‍ പറമ്പുകള്‍ ഉണ്ടായതിങ്ങനെയാണ്. ഇവിടെ നഗരങ്ങളുടെ വളര്‍ച്ചക്ക് ഗ്രാമങ്ങളാണ് പിഴയൊടുക്കുന്നത്.
സമരങ്ങളുയര്‍ത്തുന്ന ചോദ്യങ്ങള്‍

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷം കൊണ്ട് പത്തര ലക്ഷം ടണ്‍ മാലിന്യം കുമിഞ്ഞുകൂടിയ സംസ്‌കരണ കേന്ദ്രമാണ് വിളപ്പില്‍ശാല. ഈ ഗ്രാമം തിരുവനന്തപുരം നഗരത്തിന്റെ മാലിന്യം പേറുന്ന കുപ്പത്തൊട്ടിയാണ്.  1998-ലാണ് പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. ദിനംപ്രതി 90 ടണ്‍ മാലിന്യം സംസ്‌കരിക്കാനുള്ള ശേഷി പ്ലാന്റിനുണ്ടെന്നായിരുന്നു അവകാശവാദം. അതേസമയം ഇത്രയും മാലിന്യം ഇവിടെ സംസ്‌കരിക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് സത്യം. ദിവസവും 206 ടണ്‍ എന്ന കണക്കിന് മാലിന്യം പ്ലാന്റില്‍ എത്തുന്നുമുണ്ട്. പല രോഗങ്ങള്‍ക്കും പകര്‍ച്ച വ്യാധികള്‍ക്കുമിത് ഇടയാക്കി. പ്രദേശത്തെ നീരുറവകള്‍ മലിനമാകുകയും ചുറ്റുപാടും ദുര്‍ഗന്ധപൂരിതമാവുകയും ചെയ്തു.

ജല-വായുമലിനീകരണം, പകര്‍ച്ച വ്യാധികള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് 12 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഫാക്ടറി ജനകീയ സമ്മര്‍ദം മൂലം പ്രസിഡന്റ് ശോഭനകുമാരിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് സമിതി പൂട്ടിയത്. തുടര്‍ന്ന് കോര്‍പറേഷന്‍ കോടതിയെ സമീപിച്ച് പോലീസ് സംരക്ഷണത്തില്‍ മാലിന്യം സംസ്‌കരിക്കാനുള്ള വിധി സമ്പാദിച്ചുവെങ്കിലും ശക്തമായ ജനകീയ സമരത്തെ മറികടക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഒടുവില്‍ മീഡിയേഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്ത് രമ്യമായി പരിഹാരത്തിന് ശ്രമിക്കാന്‍ കോടതി തന്നെ മുന്‍കൈയെടുക്കേണ്ടിവന്നു.

നഗരത്തിന്റെ കുപ്പത്തൊട്ടികളായി മാറിയ ഇതര പ്രദേശങ്ങള്‍ക്കും പറയാനുള്ളത് വിളപ്പില്‍ശാല ദുരന്തക്കഥയുടെ തുടര്‍ച്ച തന്നെയാണ്. പതിറ്റാണ്ടുകളായി തലശ്ശേരി നഗരത്തിന്റെ മാലിന്യങ്ങള്‍ പേറുന്ന ഗ്രാമമാണ് ന്യൂമാഹി പഞ്ചായത്തിലെ പുന്നോല്‍ പെട്ടിപ്പാലം. ഇവിടത്തെ വെള്ളവും വായുവും എന്നോ മലിനമായി. ജീവിതം തന്നെ ദുസ്സഹമായപ്പോള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യെ ജനങ്ങള്‍ സംഘടിച്ച് സമരത്തിനിറങ്ങുകയായിരുന്നു. തലശ്ശേരി നഗരസഭയിലെയും ന്യൂ മാഹി പഞ്ചായത്തിലെയും ഭരണകക്ഷിയായതിന്റെ പേരില്‍ മാത്രം സി.പി.എം മാലിന്യവിരുദ്ധ സമരത്തിന്റെ എതിര്‍ ചേരിയിലാണ് നിലയുറപ്പിച്ചത്. പര്‍ദയിട്ട പെണ്ണുങ്ങളെ ചൂണ്ടി മതമൗലികവാദവും തീവ്രവാദവും ആരോപിച്ച് സമരത്തെ അട്ടിമറിക്കാന്‍ സി.പി.എം നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. സമരം തുടങ്ങി നാലര മാസം പിന്നിട്ടശേഷം പോലീസ് സഹായത്തോടെ സമരപന്തല്‍ പൊളിച്ച് സ്ത്രീകളെയും കുട്ടികളെയും അടിച്ചൊതുക്കുകയായിരുന്നു കോര്‍പറേഷന്‍ . തോറ്റുകൊടുക്കാന്‍ തയാറല്ലാത്ത ജനങ്ങള്‍ വീണ്ടും സമരത്തിന് ഇറങ്ങിയതാണ് പെട്ടിപ്പാലത്ത് നിന്നുള്ള ഒടുവിലത്തെ വാര്‍ത്ത.

തിരുവനന്തപുരത്തെ വിളപ്പില്‍ശാല, തലശ്ശേരിയിലെ പെട്ടിപ്പാലം, തൃശൂരിലെ ലാലൂര്‍ , കൊല്ലത്തെ കൂരിപ്പുഴ, കണ്ണൂരിലെ ചേലോറ, കോഴിക്കോട്ടെ ഞെളിയന്‍ പറമ്പ്, കൊച്ചിയിലെ ബ്രഹ്മപുരം, കോട്ടയത്തെ വടവാതൂര്‍ , ഇടുക്കിയിലെ പാറക്കടവ്, പാലക്കാട്ടെ കൊടുമ്പ്, വയനാട്ടിലെ കണിയാമ്പറ്റ, കാസര്‍ക്കോട്ടെ ചെമ്മട്ടം കായല്‍ …. പേരു കേള്‍ക്കുമ്പോള്‍ ആളുകള്‍ മൂക്കു പൊത്തുന്ന സ്ഥലങ്ങള്‍ ഇനിയുമുണ്ട്. ഒരേസമയം കേരളത്തിന്റെ ജീര്‍ണ സംസ്‌കാരത്തിന്റെ കുപ്പത്തൊട്ടികളായും തീക്ഷ്ണ സമരത്തിന്റെ കനല്‍വേദികളായും ഇവ മാറുകയാണ്. ഏറെ സംസ്‌കാര സമ്പന്നമെന്ന് ഘോഷിക്കുന്ന കേരളീയ പൊതുബോധത്തിന് നേരെയുള്ള ചോദ്യചിഹ്നങ്ങളാണ് ഉയര്‍ന്നുവരുന്ന ഓരോ മാലിന്യവിരുദ്ധ സമരവും.
പരിഹാര സാധ്യതകള്‍

പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്‌കരണവും ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള സംസ്‌കരണ കേന്ദ്രങ്ങളുമാണ് കേരളത്തിനാവശ്യം. ജീവിതശൈലിയിലും സാമൂഹിക ശുചിത്വമനോഭാവത്തിലും കാര്യമായ മാറ്റമില്ലാതെ രണ്ടും വിജയിക്കില്ല. ദേഹശുദ്ധി പോലെ പ്രധാനമാണ് നഗരശുദ്ധിയും. തന്റെ മുറ്റത്ത് നിന്ന് അടുത്ത പുരയിടത്തിലേക്ക് മാലിന്യങ്ങള്‍ നീട്ടിയെറിഞ്ഞാല്‍ ശുചിത്വം പൂര്‍ത്തിയായി എന്ന സ്വാര്‍ഥ ചിന്ത വെടിയണം. ഈ സ്വാര്‍ഥതയുടെ പരിഷ്‌കരിച്ച രൂപമാണ് നഗര മാലിന്യങ്ങള്‍ ഗ്രാമത്തില്‍ തള്ളുന്നത്. മനുഷ്യവാസമുള്ളേടത്തെല്ലാം മാലിന്യങ്ങള്‍ ഉണ്ടാകും. ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതെ അവ സംസ്‌കരിക്കുന്നതിലാണ് മനുഷ്യന്റെ സംസ്‌കാരം പ്രകടമാവേണ്ടത്.

മാലിന്യങ്ങള്‍ ഉണ്ടാകുന്നിടത്തുതന്നെ സാധ്യമാവുന്നിടത്തോളം സംസ്‌കരിക്കാനുള്ള രീതികളെക്കുറിച്ച് വിദഗ്ധര്‍ പറയുന്നുണ്ട്. ഉല്‍പാദന കേന്ദ്രത്തില്‍തന്നെ മാലിന്യം നശിപ്പിക്കുന്നതിനുള്ള ഇന്‍സിനേറ്ററുകള്‍ പോലുള്ളവ ഫ്‌ളാറ്റുകളിലും വന്‍കിട ഹോട്ടലുകളിലും ഏര്‍പ്പെടുത്തിയാല്‍ പൊതുസ്ഥലത്ത് എത്തുന്ന മാലിന്യത്തിന്റെ അളവ് വലിയ തോതില്‍ കുറയും.  മാലിന്യ നിര്‍മാര്‍ജന സംവിധാനം നല്ല രീതിയില്‍ നിലനില്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ജൈവമാലിന്യങ്ങളെയും പ്ലാസ്റ്റിക് പോലുള്ള അജൈവ മാലിന്യങ്ങളെയും വേര്‍തിരിച്ചിട്ടാണ് സംസ്‌കരണ പ്ലാന്റിലേക്ക് കൊണ്ടുപോകുന്നത്.

സംസ്‌കരിക്കല്‍ പ്രയാസകരമായ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാനും ശാസ്ത്രീയമായി സംസ്‌കരിക്കാനും പുനര്‍ചംക്രമണം നടത്താനും ആവശ്യമായ സംവിധാനങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം (1994-ല്‍ കേരള നിയമസഭ പാസ്സാക്കിയ കേരള മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരം നഗരസഭകളുടെ നിര്‍ബന്ധിത ഉത്തരവാദിത്വത്തില്‍ പെട്ടതാണ് ഖരമാലിന്യ നിര്‍മാര്‍ജനം). ഉറവിടത്തില്‍ വെച്ചുതന്നെയുള്ള ജൈവ മാലിന്യ സംസ്‌കരണം അപ്രായോഗികമായ ഇടങ്ങളില്‍ നിന്ന് മാത്രമേ അവ ഏറ്റെടുക്കേണ്ടതുള്ളൂ. സംസ്‌കരണത്തിന് സ്വന്തമായി സൗകര്യമുള്ളവര്‍ക്ക് സംവിധാനമൊരുക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സഹായങ്ങളും സബ്‌സിഡികളും വാഗ്ദാനം ചെയ്യുന്നുണ്ട്. റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് ഒന്നിലധികം വീട്ടുകാരുമായും അടുത്തുള്ള ഹോട്ടലുകളുമായും മറ്റു സ്ഥാപനങ്ങളുമായും ചേര്‍ന്നും പ്ലാന്റുകള്‍ സ്ഥാപിക്കാവുന്നതാണ്. ജൈവമാലിന്യങ്ങള്‍ ഉപയോഗിച്ച് ബയോ ഗ്യാസും കമ്പോസ്റ്റ് വളവും നിര്‍മിക്കുന്നതിന് നബാര്‍ഡ് സാമ്പത്തിക സഹായവും മാര്‍ഗനിര്‍ദേശവും നല്‍കുന്നു.

ശുചിത്വബോധം നാം വീട്ടില്‍ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു. ഒരു വീട്ടില്‍ ഉണ്ടാകുന്ന മാലിന്യം അവിടെ തന്നെ നിര്‍മാര്‍ജനം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഉണ്ടാകണം. അണുകുടുംബങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഫ്രിഡ്ജ് വലിപ്പത്തിലുള്ള ബയോ ഗ്യാസ് പ്ലാന്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ വീടു മാറുമ്പോള്‍ മാറ്റി സ്ഥാപിക്കാന്‍ സൗകര്യമുള്ളതാണ്. ഇതൊന്നും അപ്രായോഗികമല്ല.

450 ടണ്‍ മാലിന്യം ഓരോ ദിവസവും സംസ്‌കരിക്കുന്ന മൈസൂര്‍ -കോയമ്പത്തൂര്‍ പ്ലാന്റുകളുടെ മാതൃക നമ്മുടെ മുമ്പിലുണ്ട്. കേരളത്തിന്റെ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി എങ്ങനെ നടപ്പാക്കാമെന്ന് ഭരണാധികാരികള്‍ ആലോചിക്കണം. പുതിയ സംസ്ഥാന ബജറ്റിലും മുന്‍സിപ്പല്‍-കോര്‍പറേഷന്‍ ബജറ്റുകളിലും കോടിക്കണക്കിന് രൂപ വകയിരുത്തി പുതിയ മാലിന്യ സംസ്‌കരണ പദ്ധതികള്‍ പ്രഖ്യാപിച്ചത് വിഷയത്തിന്റെ അടിയന്തര പ്രാധാന്യം ഭരണകൂടങ്ങള്‍ തിരിച്ചറിഞ്ഞുവെന്നതിന്റെ സൂചനയാണ്. പതിവുപോലെ പദ്ധതികള്‍ കടലാസ്സിലൊതുങ്ങിയാല്‍ വരുംകാലങ്ങളില്‍ മൂക്കു പൊത്താതെ കേരളീയന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാവും വന്നുചേരുക.

Advertisements

Comments are closed.