Sanuj Suseelan

[ CAUTION : സ്പോയിലറോ സ്പോയിലർ ]

ഈ സിനിമയിലെ കുറ്റവാളിയുടെ മോട്ടീവും എന്താവും അയാളുടെ കഥയെന്നുമൊക്കെയുള്ള അത്ര ബുദ്ധിമുട്ടൊന്നുമില്ലാതെ ഊഹിച്ചെടുക്കാൻ സാധിക്കും. ഊഹം തെറ്റാത്ത വിധം ഫ്ലാഷ്ബാക്കുകളിൽ കൂടി ആ സംഭവങ്ങൾ വിശദമായി അവതരിപ്പിക്കുന്നുണ്ട്. വില്ലൻ, ഒരു തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങിയ ചിത്രങ്ങളുടെ പ്ലോട്ടുമായി സാദൃശ്യമുണ്ടെങ്കിലും അവതരണത്തിൽ എന്തെങ്കിലും പുതുമ കൊണ്ടുവരാനുള്ള ശ്രമം ചിത്രത്തിലുണ്ട്. എന്നാൽ അവിടെ ചെറുതായി ഒന്ന് പണി പാളിയിട്ടുണ്ട്. ഈ പുതുമ കൊണ്ടുവരാനുള്ള സർക്കസ്സ് വളരെ വിസിബിൾ ആണെന്നതാണത്. സിനിമയുടെ പേരിൽ നിന്ന് തന്നെ അത് തുടങ്ങുന്നു. അധികമാരും കേട്ടിട്ടില്ലാത്ത ഒരു പേരാവണം നായകന്റേത് എന്ന മട്ടിൽ ഇട്ടിരിക്കുന്ന ഓസ്ലർ എന്ന പേര് എസ്റ്റാബ്ലിഷ്‌ ചെയ്യാനുള്ള ശ്രമം സിനിമയുടെ ഓപ്പണിങ് സീനിൽ തന്നെ തുടങ്ങുന്നുണ്ട്. ആദ്യത്തെ പത്തു മിനിറ്റിൽ നായകന്റെ കുഞ്ഞും അമ്മയുമൊക്കെ ഇമ്പോസിഷൻ എഴുതുന്നത് പോലെ ഇത് ഒരു ഇരുപതു തവണയെങ്കിലും വിളിക്കുന്നുണ്ട്. സാധാരണ പോലീസ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഓസ്‍ലറുടെ മേശയിലെ നെയിം ബോർഡിൽ വളരെ കലാപരമായിട്ടാണ് പേരെഴുതി വച്ചിരിക്കുന്നത്. മുമ്പും പല തവണ വന്നിട്ടുള്ള ഒരു സാധാരണ റിവഞ്ച് സ്റ്റോറിയാണ് നിങ്ങൾ കാണുന്നത് എന്നത് മറച്ചു വയ്ക്കാൻ വേണ്ടി അതിലേക്ക് കുറെ മെഡിക്കൽ സയൻസും സൈക്കോളജിയും ചേർത്തിളക്കിയിരിക്കുകയാണ്.

പൂർണ്ണമായ അർത്ഥത്തിൽ ഒരു മെഡിക്കോ ത്രില്ലർ എന്ന് വിളിക്കാനാവില്ലെങ്കിലും മെഡിക്കൽ കോളജിന്റെ പശ്ചാത്തലത്തിലാണ് ഇതിലെ പ്രധാന കഥ നടക്കുന്നത്. എന്നുവച്ച് ഇതിലെ വിശദമായ മെഡിക്കൽ പ്രൊസീജറുകളും വൈദ്യഭാഷയും ഒഴിവാക്കിയാലും പ്രധാന കഥയ്ക്ക് ഒരു മാറ്റവും വരില്ല. തിരുവനന്തപുരം / കോഴിക്കോട് മെഡിക്കൽ കോളജുകളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഡോക്ടർ രൺധീർ കൃഷ്ണനാണ് ഈ സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. താൻ കാശു കൊടുത്തു പഠിച്ചതല്ല, എൻട്രൻസ് എഴുതി പാസ്സായതായാണ് എന്ന് പത്തുപേർ അറിഞ്ഞോട്ടെ എന്ന് വിചാരിച്ചാണോ എന്തോ സിനിമയിൽ വരുന്നവരും പോകുന്നവർക്കുമെല്ലാം മെഡിക്കൽ ഭാഷ കലർന്ന ഡയലോഗുകളാണ് ഡോക്ടർ പ്രിസ്ക്രൈബ് ചെയ്തിരിക്കുന്നത്. അവരെല്ലാം ആത്മാർഥമായി അത് അനുസരിച്ചിട്ടുമുണ്ട്. ഡോക്ടർമാരും നഴ്‌സുമാരും ഒക്കെ മെഡിക്കൽ ഭാഷ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ അല്ലാത്തവരൊക്കെ അതിനെ സാധാരണ ഒരു സംഗതിയായി കാണുന്ന മട്ടിൽ അവതരിപ്പിച്ചിരിക്കുന്നതിൽ ചെറിയ കല്ലുകടിയുണ്ട്. ഒരുദാഹരണം പറയാം. ഒരു പാവപ്പെട്ട വീട്ടിൽ ജനിച്ച കൃഷ്ണദാസിന്റെ അമ്മയോട് മകൻ ആർട്ടിഫിഷ്യൽ ലാരിങ്ക്സ് ഉപയോഗിച്ചിരുന്നോ എന്നൊക്കെയാണ് സംഘത്തിലെ ഒരു പോലീസുകാരൻ ചോദിക്കുന്നത്. ഒരു വാദത്തിനു വേണ്ടി അവർക്കതു മനസ്സിലാവുമെന്നു വാദിച്ചാലും അങ്ങനെയൊരന്തരീക്ഷത്തിൽ ഒരാൾ ആ സ്ത്രീയോട് സംസാരിക്കാൻ മകൻ എന്തെങ്കിലും ഉപകരണം ഉപയോഗിച്ചിരുന്നോ എന്നേ ചോദിക്കൂ എന്നാണ് എന്റെ തോന്നൽ.

പ്രശസ്ത ഹോളിവുഡ് ത്രില്ലറായ ഫ്യൂജിറ്റിവിനെ അടിസ്ഥാനമാക്കി ചെറിയാൻ കല്പകവാടി രചന നിർവഹിച്ച നിർണയം എന്ന സിനിമ ശ്രദ്ധിക്കൂ. ഒരു ആശുപത്രിയിൽ നടക്കുന്ന അവയവ മോഷണമാണ് കഥയിലെ ഒരു പ്രധാന എലമെന്റ്. എത്ര ലളിതമായാണ് അദ്ദേഹം അതവതരിപ്പിച്ചിരിക്കുന്നത്. ഈ ക്രൈം കണ്ടുപിടിക്കുന്ന നായക കഥാപാത്രം ഒരു ഡോക്ടർ ആയിട്ടു പോലും ഓർഗൻ ഹാർവെസ്റ്റിംഗ് എങ്ങനെയാണ് ചെയ്യുന്നതെന്നോ അതിന്റെ സാങ്കേതികമായ നൂലാമാലകൾ എന്താണെന്നോ ഒന്നും മെഡിക്കൽ ജാർഗൺസ് വിതറി വിശദീകരിച്ചിട്ടില്ല. മെഡിക്കൽ കോളജിൽ നാലു വർഷം പഠിച്ചിട്ടുള്ളയാളാണ് ചെറിയാൻ കല്പകവാടി എന്നോർക്കണം. ആ സിനിമയിലെ ആകെ മൂന്നോ നാലോ സീനിൽ ഡോക്ടർമാർ തമ്മിൽ സംസാരിക്കുന്നിടത്ത് മാത്രം അതൊക്കെ കാണാം. അതുപോലെ തന്നെയാണ് ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ഡോക്ടർ ബോബിയും. ട്രാഫിക്, അയാളും ഞാനും തമ്മിൽ എന്നീ ചിത്രങ്ങളിലൊക്കെ സമാനമായ സന്ദർഭങ്ങൾ അവർ എത്ര കയ്യടക്കത്തോടെയാണ് അത് കൈകാര്യം ചെയ്തിരിക്കുന്നതെന്നോർക്കുക. രൺധീറിനെ വെറുതെ കുറ്റം പറഞ്ഞതല്ല. പക്ഷെ അതൊരു ഏച്ചുകെട്ടൽ ആയി തോന്നിയതുകൊണ്ട് ഇത്രയും പറഞ്ഞുവെന്നു മാത്രം. ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ എഴുതുന്ന തിരക്കഥയിൽ IOT , മെഷീൻ ലേണിങ്, ബ്ലോക്ക് ചെയിൻ എന്നതിന്റെയൊക്കെ വിശദാംശങ്ങൾ വാരി വിതറിയാൽ എങ്ങനെയിരിക്കും.

വില്ലനിലെ മാത്യു മാഞ്ഞൂരാന്റെ വേഷഭൂഷാദികളാണ് ഓസ്‌ലർക്ക് കൊടുത്തിരിക്കുന്നതെന്നു തോന്നുന്നു. രണ്ടു കഥാപാത്രങ്ങളുടെ പശ്ചാത്തലവും ഏകദേശം ഒരുപോലെയാണ്. ഒരു വ്യത്യാസം മാത്രം. അതിലെ ലാലേട്ടന്റെ ചില മോണോലോഗുകളോട് സാമ്യമുള്ള ഡയലോഗുകൾ ഇതിൽ ജയറാം ചെയ്തപ്പോ വയ്യാത്ത പശു കയ്യാല കയറിയപോലുണ്ട്. ജയറാം തീർച്ചയായും മിടുക്കനായ നടനാണ്. പക്ഷെ അദ്ദേഹത്തിന്റെ കംഫർട്ട് സോണിൽ മാത്രം. നരയിട്ട ശേഷമുള്ള ഓസ്‍ലറുടെ ക്ഷീണിച്ച നോട്ടവും നടത്തവും കണ്ടപ്പോ പണ്ട് കണ്ണൻ സംവിധാനം ചെയ്ത തീർത്ഥാടനം എന്ന സിനിമയാണ് ഓർമ്മ വന്നത്. ആ സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന് നരയും വെള്ളമുണ്ടും ഷർട്ടുമൊക്കെയുണ്ട്. എങ്കിലും വയസ്സായി എന്ന് കാണിക്കാൻ അതിൽ അദ്ദേഹം അത്യധ്വാനം ചെയ്യുന്നത് വളരെ പ്രകടമായിരുന്നു. ജയിൽ വരാന്തയിൽ കൂടി നടന്നു പോകുന്ന ഓസ്‍ലറുടെ ശരീര ഭാഷ കണ്ടപ്പോ ആ സിനിമ ഓർമ്മ വന്നു. പക്ഷെ എന്തൊക്കെയായാലും കഴിഞ്ഞ കുറച്ചുനാളായി വന്നുകൊണ്ടിരുന്ന ജയറാം ചിത്രങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ അദ്ദേഹത്തിന്റെ വളരെ മികച്ച പ്രകടനമായിരുന്നു ഇതെന്ന് പറയാതെ വയ്യ. അതിന്റെ ക്രെഡിറ്റ് മിഥുനും അവകാശപ്പെട്ടതാണ്. രണ്ടാം പകുതിയിലെ ഷോ സ്റ്റീലറായ മമ്മൂട്ടി ചെയ്ത കഥാപാത്രം അദ്ദേഹത്തെ പോലെ ഒരാളെ ആവശ്യപ്പെടുന്ന ഒന്നല്ല. എന്നാലും സിനിമയുടെ കച്ചവട സാദ്ധ്യതകളെ അദ്ദേഹത്തിന്റെ വരവ് നല്ലതുപോലെ സഹായിച്ചിട്ടുണ്ട്. ഇവർ രണ്ടുപേരെയും അനശ്വരയെയും ഒഴിച്ച് നിർത്തിയാൽ ഇതുവരെ കണ്ടു പരിചയമില്ലാത്ത കുറെ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. പ്രത്യേകിച്ച് ഫ്ലാഷ് ബാക്ക് സീനുകളിൽ. തീർച്ചയായും ഇനിയും സിനിമയിൽ കാണാനാവും എന്നുറപ്പിക്കാവുന്ന അത്യുഗ്രൻ പ്രകടനമാണ് അവരുടേത്. ചിത്രത്തെ എൻഗേജിങ് ആക്കി നിർത്തുന്നതിൽ അവരുടെ അഭിനയവും നല്ലൊരു പങ്ക്‌ വഹിച്ചിട്ടുണ്ട്.

സാങ്കേതികമായി നല്ല നിലവാരമുണ്ട്. ഛായാഗ്രഹണം, കലാസംവിധാനം എന്നിവയാണ് ഏറ്റവും മികച്ചത്. അതിൽത്തന്നെ കലാസംവിധാനം എടുത്തുപറയണം. തൊണ്ണൂറുകളുടെ തുടക്കത്തിലെ കഥ കാണിക്കുമ്പോൾ ഉള്ള മൊസൈക് ഫ്ളോറിങ് ഉള്ള വീടുകൾ, ഫർണിച്ചർ , ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങി പലതും ഒട്ടും അസ്വാഭാവികത തോന്നിക്കാതെ, എന്നാൽ വളരെയധികം ശ്രദ്ധയോടെ ഉപയോഗിച്ചിട്ടുണ്ട്. പ്രശസ്ത സംഗീത സംവിധായകൻ ശ്യാമിന്റെ “പൂമാനമേ” എന്ന മനോഹരമായ ഗാനം വീണ്ടും മനോഹരമായി ആവർത്തിച്ചിട്ടുണ്ട്. ഈ പതിപ്പിൽ അത് പാടിയ നിതിൻ കെ ശിവ ആ പാട്ടിനോട് നൂറ്റൊന്നു ശതമാനം നീതി പുലർത്തി അത് പാടിയിട്ടുണ്ട്.

അഞ്ചാം പാതിരാ പോലെ തന്നെ ദുർബലമായ ഒരു പ്ലോട്ടിനെ മികച്ച മേക്കിങ്ങിലൂടെ ഒരു വിജയമാക്കാൻ മിഥുൻ മാനുവൽ തോമസിന് കഴിഞ്ഞിട്ടുണ്ട്. അതിന്റെ തെളിവാണ് നിറഞ്ഞ സദസ്സിൽ ഓടുന്ന ഷോകൾ. അടുത്തിടെയൊന്നും വലിയ വിജയ ചിത്രങ്ങൾ ചെയ്തിട്ടില്ലാത്ത ജയറാമിനെ വച്ച് ഇത്രയും ആളെ തിയറ്ററിൽ എത്തിക്കാൻ കഴിയുന്ന ഒരു ബ്രാൻഡ് ആയി മിഥുൻ മാറിയിട്ടുണ്ട്. എന്നുവച്ച് ഇതുപോലുള്ള ത്രില്ലറുകൾ മാത്രം ഉണ്ടാക്കാതെ ആട് പോലുള്ള ലൈറ്റ് ആയ ചിത്രങ്ങൾ ചെയ്യണമെന്ന് ഒരു അഭ്യർത്ഥനയുണ്ട്. സംവിധായകൻ എന്ന നിലയിൽ മിഥുന്റെ റിയൽ ടാലന്റ് കണ്ടിരിക്കുന്നത് ആടിലാണ്. വെറുമൊരു തമാശപ്പടമല്ല അത്. കാരിക്കേച്ചർ പോലുള്ള കഥാപാത്രങ്ങളും കൾട്ട് ഡയലോഗുകളുമൊക്കെ എഴുതിയ മിഥുന്റെ അത്തരമൊരു സിനിമയ്ക്കായി കാത്തിരിക്കുന്നു.

You May Also Like

“രണ്ടാം ഭാ​ഗം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്തുയരുമോ എന്ന മാനസിക സമ്മർദമുണ്ടായിരുന്നു”

ഇന്ത്യൻ ചലച്ചിത്രവ്യവസായത്തിന്റെ അഭിമാനമായി മാറിയ കെജിഎഫിനെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ പ്രശാന്ത് നീൽ. ആദ്യ…

‘വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും എന്നോട് ചോദിക്കരുത്’ , മുൻപുണ്ടായിരുന്ന മദ്യപാനത്തെ കുറിച്ച് ഗായത്രി

ഗായത്രി സുരേഷിനെതീരെ ട്രോളുകൾ ഇത്രമാത്രം എന്തുകൊണ്ടുണ്ടാകുന്നു എന്നാണു പലരുടെയും സംശയം. താരം തുറന്നുപറയുന്ന സത്യസന്ധമായ കാര്യങ്ങളെ…

രൺവീർ സിംഗും ജോണി സിൻസുമൊത്തുള്ള പരസ്യം, വൈറലും വിവാദവും

ബോളിവുഡ് താരം രൺവീർ സിംഗും പോൺ താരം ജോണി സിൻസുമൊത്തുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.…

ശ്രീജിത്ത് രവി അഭിനയിച്ച ചിത്രം വേണ്ട തീയേറ്ററുകാർ

ശ്രീജിത്ത് രവി അഭിനയിച്ച ചിത്രം വേണ്ട തീയേറ്ററുകാർ അയ്മനം സാജൻ ശ്രിജിത്ത് രവി അഭിനയിച്ചു എന്നത്…