അബു നാട്ടിലെ പ്രമാണിയായ അമ്മദാജീന്റെ മകനാണ്.പ്രീ-ഡിഗ്രീ തന്നെ വലിയ ഡിഗ്രീ ആയിരുന്ന അക്കാലത്ത് ഡിഗ്രിക്ക് പഠിക്കുന്ന അന്നാട്ടിലെ ചുരുക്കം ചില ചെറുപ്പക്കാരില്‍ ഒരാള്‍.അതിന്റെ ബഹുമാനവും നാട്ടുകാര്‍ക്കുണ്ടായിരുന്നു.
പതിവ് പോലെ ഒരു ദിവസം, കാലത്ത് കുളിച്ചു മുഖത്ത് റോസ് പൌഡറും ഇട്ടു കിളിവാലന്‍ മുടിയും കോതിയൊതുക്കി, പേര്‍ഷ്യയിലെ അളിയന് കൊടുത്തയച്ച അടിപൊളി ടീ ഷര്‍ട്ടും, പാന്റ്സും ധരിച്ചു താറാക്കുട്ടിയെ പോലെ മൂളിപ്പാട്ടും പാടി പറശിനി ബസ്സില്‍ കയറി കോളെജിലേക്ക് പോകുന്ന അബുവിനെ നോക്കി,.
അമ്മദാജീന്റെ വീട്ടില്‍ പുറം പണിക്കു വരുന്ന മറിയേടത്തി ചോദിച്ചു,”അല്ല ബീത്താ..അബു എന്താ പഠിക്കുന്നെ..?
നിറയെ അലിക്കത്തിട്ട കാതും കുലുക്കി വെള്ള തട്ടം വലിച്ചിട്ടു കുണുങ്ങി ചിരിച്ചു ബീവാത്തു പറഞ്ഞു. ”അവനു ഡാക്കിട്ടരാകാന്‍ പഠിക്കുവാ മറിയെ..”
മകന്റെ പഠിത്തത്തില്‍ അങ്ങേയറ്റം സന്തോഷിക്കുന്ന സ്ത്രീയായിരുന്നു ആ ശുദ്ധഗതിക്കാരിയുമ്മ. വൈകുന്നേരം കോളേജില്‍ നിന്ന് വന്നാല്‍ അബു നേരെ ബാപ്പാന്റെ ഫ്ലോര്മില്ലിലേക്ക് വച്ച് പിടിക്കും.തന്റെ പഴയ ഹെര്‍ക്കുലീസ് സൈക്കിളും എടുത്ത് ചമയങ്ങള്‍ ഏതുമില്ലാതെ മില്ലിലെ കൊച്ചു മുതലാളി റോള്‍ ഭംഗിയായി നിര്‍വഹിക്കും.
നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറയുന്നത് പോലെ അബു മില്ലില്‍ പോകുന്നത് കോളേജിലെക്കുള്ള ചിക്കിലിയും ഒപ്പിക്കാം മില്ലിലെ പണിക്കാരന് മമ്മാലിയുടെ കോമഡിയും കേള്‍ക്കാം എന്ന കാരണങ്ങള്‍ കൊണ്ടാണ്.. അബുവിന്റെ ചങ്ങാതിമാരായ ചില അസൂയാലുക്കള്‍ പറയുന്നത് മില്ലില്‍ വരുന്ന സുന്ദരികളെ വളയ്ക്കാനാണ് എന്നാണെങ്കിലും അബു അതൊക്കെ ഒരു പുഞ്ചിരിയോടെ നേരിടാര് ആണ് പതിവ്.
മമ്മാലി മെലിഞ്ഞു കുറിയ ഒരു ടിന്റുമോന് ടൈപ്പ് ആണ്.ലോകത്തെ എല്ലാ കാര്യങ്ങളെ കുറിച്ചും ഗ’മണ്ടന്‍’ അഭിപ്രായങ്ങള്‍ മമ്മാലിക്ക്സ്വന്തമായുണ്ട്.
മമ്മാലിയുടെ ജനറല്‍ നോളെജ് ടെസ്റ്റ് ചെയ്യാന്‍ അബു ഓരോ ദിവസവും ഓരോ ചോദ്യം ചോദിക്കും.അന്ന് ഒരു മഴയുള്ള ദിവസമായിരുന്നു.അപ്രതീക്ഷിതമായി വന്ന മഴയും,കാറ്റും പിണക്കിയ വൈദ്യുതിയേയും പ്രതീക്ഷിച്ചിരിക്കുന്ന ഇടവേളയില്‍ അബു മമ്മാലിയോടു ചോദിച്ചു
:’അല്ല മമ്മാലീ,ഈ ഇടി വെട്ടുന്നത് എങ്ങിനെയാ..?’
അബുവിന്റെ ചോദ്യം മടിപിടിച്ചിരുന്ന മമ്മാലിയെ ഒന്നുഷാര്‍ ആക്കി.
‘ഡാ..അബുവേ,അതാ പറയുന്നത് മര്യാദക്ക്മദ്രസയിലും,പള്ളീലുമൊക്കെ പോണംന്ന്..അതാ നിനക്കീവക കാര്യങ്ങളെ കുറിച്ച് അറിവില്ലാത്തത്..പടച്ചോന് എന്തിനാ ആകാശത്തിരിക്കണേ..?ഇം? ഒരു വലിയ ദണ്ട് കൊണ്ട് മൂപ്പര് മേഘത്തിനിട്ടു തച്ചിട്ടാ മയങ്ങ് പെയ്യണേ..ഇപ്പം മനസ്സിലായോ അനക്ക്..?
അബു ഒന്ന് അമര്‍ത്തി ചിരിച്ചു എന്നിട്ട് ചോദിച്ചു ‘അപ്പൊ മമ്മാലി, ഈ സൂര്യനെങ്ങനെ വെളിച്ചം തരുന്നേ..?
അതിപ്പം ചോയിക്കാനുണ്ടോ അബുവേ..അത് പടച്ചോന്റെ ടോര്ച്ചല്ലേ..?രാത്രി കെടുത്തും,രാവിലെ തെളിക്കും..അക്ലീസ്റ്റ് (അറ്റ്ലീസ്റ്റ്)ഇയ്യ് ദര്സെങ്കിലും ഒതെണ്ടേ അബുവേ..?
അബു ചിരിച്ചു പണ്ടാരടങ്ങി;അന്ന് രാത്രി ഉമ്മാക്കും പെങ്ങന്മാര്ക്കും അത്താഴത്തിനൊപ്പം വിളംബാന്‍ കിട്ടിയ പുതിയ തമാശയോര്‍ത്ത്.
അങ്ങനെയിരിക്കെ ഒരു ദിവസം രണ്ടു പെണ്‍കുട്ടികള്‍ മില്ലില്‍ മുളകുമായെത്തി.പതിവിനു വിപരീതമായി അബുവിന്റെ കണ്ണുകള്‍ ആ പെണ്‍കുട്ടികളെ വട്ടം ചുറ്റാന്‍ തുടങ്ങി.ഇതുവരെ കാണാത്ത മുഖങ്ങള്‍..സാധാരണ കാണാറുള്ള കാന്താരി പെണ്‍കുട്ടികളെ കൂട്ടല്ല..ഒന്നും മിണ്ടാതെ തട്ടവും തെരുപ്പിടിച്ചു താഴത്ത് നോക്കി പതുക്കെ സംസാരിച്ചു നില്‍പ്പാണ് അവര്‍.അബുവിന് മനസ്സില്‍ ഒരു നീറ്റല്‍.. ഒരു കൊളുത്തിവലി,ആകെ കൂടി എന്തോ ‘ഒരിത്’.
കോളേജിലെ വന്‍കിട ബ്യുട്ടീസുമായി വരെ തോന്നാത്ത ആ സംഭവം അനുരാഗം എന്ന രോഗം തനിക്ക് പിടിച്ചെന്നോ ? അബു ആകെ ബേജാറിലായി.ഏതായാലും മമ്മാലിയുടെ സഹായം കൂടിയേ തീരു..
അവനാകട്ടെ മുളകിന്റെയും,മല്ലിയുടെയും ലോകത്താണ്.
മില്ല് പ്രവര്‍ത്തിക്കുന്ന ശബ്ദം കാരണം മമ്മാലിയെ ഒന്ന് രണ്ടുവട്ടം വിളിച്ചിട്ടും കേട്ടില്ല.അവസാനം അബു മമ്മാലിക്കരുകില് ചെന്ന് പെണ്‍കുട്ടികളുടെ ഡീറ്റയില്‍സ് വാങ്ങി വരാന്‍ പറഞ്ഞു.
അബു കസ്റ്റമര്‍ കെയറിന്റെ ഭാഗമായി അങ്ങിനെ ചെയ്യാറുണ്ടെങ്കിലും അപ്പോള്‍ മമ്മാലി തറപ്പിച്ചൊരു നോട്ടം നോക്കി .അബു ആകെ ഒന്ന് ചമ്മി,എങ്കിലും അത് പുറത്തു കാട്ടാതെ ഇരുന്നു.
മമ്മാലി കൊടുത്ത ഡീറ്റയില്‍സും വെച്ച് അബു രാത്രിയാവാന്‍ കാത്തിരുന്നു.
അബുവിന് ഉമ്മയോട് ഇക്കാര്യം സൂചിപ്പിക്കാനുണ്ടായിരുന്നു.
പഠിത്തം കഴിഞ്ഞയുടനെ പേര്‍ഷ്യയിലേക്ക് പറക്കേണ്ടാതാണ്.അതിനു മുന്‍പ് ഇത് പറഞ്ഞുറപ്പിച്ചു തന്നെ പോകണം.
.’കല്യാണം കഴിക്കുന്നേല് സല്‍സ്വഭാവമുള്ള ഒരു പെണ്ണ് വേണം എന്നെ ഉള്ളൂ..സാമ്പത്തികമൊന്നും അമ്മദാജീന്റെ കുടുംബത്തിനു ഒരു പ്രശ്നമേ ഇല്ലാന്ന് ‘ ഉമ്മ പറയാറുള്ളത് അബുവിന് ഓര്‍മ്മയില്‍ വന്നു.ഇനിയിതെങ്ങിനെ അവതരിപ്പിക്കും അതെ അബൂനു പ്രശ്നമായി തോന്നിയുള്ളൂ…എന്നാലും പതിവ് പോലെ അത്താഴം കഴിക്കാന്‍ മേശയ്ക്കരുകില്‍ ഇരിക്കുമ്പോള്‍ അബു വിഷയം അവതരിപ്പിച്ചു.’ഉമ്മാ,ഉമ്മാക്ക് കുറെ നാളായുള്ള പൂതിയല്ലേ..അത് ഞാനായിട്ട് വെച്ച് താമസിപ്പിക്കുന്നില്ല..’
എന്താ അബുവേ..? അനക്ക് കായിക്കറി ബെച്ചു തരണോ ?
ശോ..അതൊന്നുമല്ലുമ്മാ..എന്റെ കല്യാണ കാര്യം… ബീവാത്തുവും,പെണ്മക്കളും അബൂന്റെ മുഖത്തേക്ക് കണ്ണിമയ്ക്കാതെ നോക്കി..എന്നിട്ട് ചെവി കൂര്‍പ്പിച്ചിരുന്നു.
അമ്മദാജി അല്പം ദൂരെ കസേരയിലിരുന്നു പത്ര വായന നടത്തുന്നുണ്ടായിരുന്നു .അബുവിന്റെ വര്‍ത്താനം കേട്ട് ഹാജിയാരൊന്നു പൊട്ടിച്ചിരിച്ചു.എന്നിട്ട് പറഞ്ഞു..ഇയ്യ് പറ പെണ്നെവിടുന്നാ..?
‘അത് മാന്കാട്ട് തരമ്മലെ നഫീസിത്താന്റെ മോള്…അങ്ങനെയാ വീട്ടു പേരെന്ന് മമ്മാലി പറഞ്ഞു.നല്ല തറവാട്ടുകാരാണത്രെ.നമുക്ക് പറ്റിയ കൂട്ടര്..’
അബു പറഞ്ഞു നിര്‍ത്തിയതും, ഹാജിയാരുടെ മുഖം വിളറി വെളുത്തു,ചുണ്ടിലെ ചിരി മാഞ്ഞു..ഹാജിയാര് തന്റെ കണ്ണട മുഖത്ത് നിന്നെടുത്ത് പെട്ടെന്ന് എഴുന്നേറ്റ് പുറത്തേക്കു നടന്നു..
പകച്ചു നില്ക്കുന്ന ഉമ്മാന്റെ മുഖത്തേക്ക് ആണ് അബുവിന്റെ കണ്ണുകള്‍ ചെന്നെത്തിയത്..പെങ്ങന്മാരും കഥയൊന്നും അറിയാതെ ഉമ്മാനെ മിഴിച്ചു നോക്കി നില്‍പ്പാണ്..അല്പ നേരത്തെ ഇടവേളയ്ക്കു ശേഷം ബീവാത്തു പറഞ്ഞു..ഡാ അബുവേ, അത് ഇന്റെ ബാപ്പാക്ക് പിറക്കാതെ പോയ മക്കളാടാ..
ബാപ്പ മുന്‍പ് ഒന്ന് കെട്ടി എന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ അറിയാത്ത അബു ആ പുതിയ അറിവില്‍ തരിച്ചിരുന്നു പോയി.