ഈ വിദ്യാർത്ഥികൾ ഓരോ അടിയും ഏറ്റുവാങ്ങുന്നത് നമുക്കു കൂടി വേണ്ടിയാണ്

  753
  Joli Joli
  സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റിലായ ഇന്ത്യക്കാരെ അന്നത്തെ ബ്രിട്ടീഷ് ജയിൽ ഉദ്യോഗസ്ഥർ മൃഗീയ പീഡനങ്ങൾക്ക് വിധേയമാക്കിയിരുന്നതായി പല ചരിത്ര പുസ്തകങ്ങളിലും വായിച്ചിട്ടുണ്ട്. ദേഹം ആസകലം ബ്ലേഡ് കൊണ്ട് വരഞ്ഞിട്ട് മുളക് പൊടി വിതറുന്നതായിരുന്നു അന്ന് നടപ്പാക്കിയിരുന്ന ശിക്ഷകളിൽ ഏറ്റവും കുറഞ്ഞതും ലഘുവായതും. മരിക്കാൻ വിടില്ല എന്നതായിരുന്നു പിടിക്കപ്പെട്ടവരോട് അന്ന് ബ്രിട്ടീഷുകാർ ചെയ്തിരുന്ന ഏറ്റവും വലിയ ക്രൂരത. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥർ കസേരയിട്ടിരുന്ന് ദിവസവും ഈ പീഡനങ്ങൾ കണ്ട് ആസ്വദിച്ചിരുന്നുവെന്നും അവർക്ക് വേണ്ടി സാദാ ഇന്ത്യൻ ജയിൽ ഉദ്യോഗസ്ഥരായിരുന്നു ഇത് നിത്യവും ചെയ്തിരുന്നത് എന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
  മരിക്കാൻ തീവ്രമായി ആഗ്രഹിച്ചവരുണ്ട്. എന്നെയൊന്ന് കൊന്നു തരൂ എന്ന് യാചിച്ചവരുണ്ട്. രക്തം മരവിക്കുന്ന ആർത്തനാദങ്ങൾ കേട്ട് അന്നും ആർത്ത് ചിരിച്ച ഒരു വിഭാഗമുണ്ടായിരുന്നു ഇന്ത്യയിൽ.ഗാന്ധി ഘാതകന്റെ വർഗം. ഇന്ത്യയെ ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്ത സവർക്കറുടെ വർഗം.സ്വാതന്ത്ര്യ സമരത്തെ പിന്നിൽ നിന്ന് കുത്തി ബ്രിട്ടീഷുകാർക്ക് കൂറ് പ്രഖ്യാപിച്ച് അവരുടെ വലം കയ്യായി നിന്ന രാജ്യ ദ്രോഹികളുടെ വർഗം.പതിനായിരക്കണക്കിന് മനുഷ്യർ ജീവൻ കൊടുത്ത്, നാനാ ജാതി ഭാഷക്കാരും മതക്കാരും ജാതികളും ചേർന്ന് നിന്ന് ഇന്ത്യ എന്ന രാജ്യം നേടിയെടുത്ത സ്വാതന്ത്യം, ജനാതിപത്യം, മതേതരത്വം, ഭരണഘടന എന്നിവയൊന്നും ഇന്നും അംഗീകരിക്കാൻ കഴിയാത്ത ഒരു വിഭാഗം ഇന്ത്യയിൽ ഉണ്ടായിരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ, അവർ വളർന്ന് ഇന്ത്യയുടെ ഭരണം കൈക്കലാക്കിയതാണ് ഇന്നത്തെ മോദി സർക്കാർ.
  ഷൂ നക്കിയതിന്റെയും കൂട്ടികൊടുത്തതിന്റെയും ഒറ്റികൊടുത്തതിന്റെയും മാപ്പെഴുതിയതിന്റെയും ഞെട്ടിക്കുന്നതും ജീവനുള്ളതുമായ തെളിവുകൾ ഇന്നും കേടുകൂടാതെ ഈ രാജ്യം സൂക്ഷിച്ചിരിക്കുന്നത്
  ജെ എൻ യു യൂണിവേഴ്സിറ്റിയുടെ ലൈബ്രറി മ്യൂസിയത്തിലാണ്. കുട്ടികളെ വധിച്ചിട്ടായാലും ജെ എൻ യു പിടിച്ചെടുത്ത് അവർ ആ തെളിവുകൾ നശിപ്പിക്കും. പഴയ ചരിത്രങ്ങൾ കത്തിച്ച് കളഞ്ഞിട്ട് പുതിയ ചരിത്രമെഴുതാൻ രാജ്യ ദ്രോഹികൾക്ക് ഈ നിലവരെ അവസരം ഉണ്ടാക്കി കൊടുത്തതിൽ നാളിതുവരെ രാജ്യം ഭരിച്ച ഓരോ രാഷ്ട്രീയ പാർട്ടിയും ഓരോ ഇന്ത്യൻ പൗരനും കുറ്റക്കാരനാണ്. എന്നെയൊന്നു കൊന്നു തരൂ എന്ന ബ്രിട്ടീഷുകാരുടെ കാലത്തെ ആർത്തനാദങ്ങളാണ് ഇപ്പോൾ ജയിലുകളിൽ നിന്ന് കേൾക്കുന്നത്. ഈ വിദ്യാർത്ഥികൾ ഓരോ അടിയും ഏറ്റുവാങ്ങുന്നത് ജീവൻ നല്കാൻ തയ്യാറായി നിൽക്കുന്നത് നമുക്കു കൂടി വേണ്ടിയാണ്. ക്രൂരരായ ഈ കൊലയാളികളിൽ നിന്നും അവരെ രക്ഷിക്കാൻ നമുക്കായില്ലെങ്കിൽ കാലം പോലും നമുക്ക് മാപ്പുതരില്ല.

  .****