ലൈംഗികതയിലെ വ്യത്യസ്തമായ ധാരകളെ അംഗീകരിക്കുക

685

Ashish Jose Ambat എഴുതുന്നു 

ജീവിതത്തിൽ പലപ്പോഴായി ഉണ്ടായ ചർച്ചകളിൽ നിന്നും ‘ സെക്‌സ് പോസിറ്റീവ്’ എന്ന പ്രയോഗം പൊതുസമൂഹത്തിൽ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണെന്ന് തോന്നിയിട്ടുണ്ട്. ലൈംഗികതയോടു പുരോഗമനപരവും, സകാരാത്മകവുമായ മനോഭാവം വച്ചു പുലർത്തുക എന്നതിന് ആരുമായും യാതൊരുവിധ അതിർവരമ്പുകളും കണക്കിലെടുക്കാതെ ഉപാധികൾ അന്യമായ ലൈംഗികബന്ധത്തിന് തയ്യാറാക്കുക എന്നൊരു അർത്ഥമില്ല. മനുഷ്യലൈംഗികതയുടെ വ്യത്യസ്തവും, ബഹുവർണ്ണത്തിൽ ഉള്ളതുമായ ഗുണങ്ങളെ അംഗീകരിക്കുകയും, വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും അതിർവരമ്പുകളെയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് സെക്‌സ് പോസിറ്റീവെന്ന മനോഭാവത്തിന്റെ അടിത്തറ.

Image result for sexലൈംഗികത എന്നത് പ്രായപൂർത്തിയായ വ്യക്തികൾ തമ്മിൽ പരസ്പരസമ്മതത്തോടെ മാത്രം സംഭവിക്കേണ്ട ഒന്ന് ആണെന്നും ബോധ്യം സ്വീകരിക്കുകയാണ് ആദ്യമായി വേണ്ടത്. നമ്മൾ ജീവിക്കുന്നത് പുരുഷാധിപത്യപരമായ സമൂഹത്തിൽ ആണെന്നും ഇവിടെ പുരുഷനുമേൽ നീതിരഹിതമായ പ്രിവിലേജുകൾ ചരിത്രപരവും സാംസ്കാരികപരവുമായ കാരണങ്ങൾ കൊണ്ട് നിലനിൽക്കുന്നുവെന്നും, സ്ത്രീകളുടെയും ലൈംഗികന്യൂനപക്ഷ സമൂഹ അംഗങ്ങളുടെയും മേൽ ആയതിനാൽ വിഭിന്നങ്ങളായ രീതിയിൽ അധികാരപരമായ അസമത്വമുണ്ടെന്നും അവയെ മറികടക്കാൻ ബോധപരമായ ഇടപെടലുകൾ ആവശ്യമെന്നും അംഗീകരിക്കുക സെക്‌സ് പോസിറ്റീവ് ആകുന്നതിൽ പ്രധാനമാണ്. ജാതിപരവും സാമ്പത്തികപരവുമായ ഒരുപാട് മറ്റ് ഇന്റർസെക്ഷനൽ സ്വാധീനങ്ങൾ ലൈംഗികതയിലെ അധികാരപങ്കാളിത്വത്തിൽ കടന്നുവരുന്നു, അവ ച്യൂഷണപരം ആകാതെ നോക്കുക ആവശ്യമാണ്. ഇന്റർസെക്ഷനൽ-ഫെമിനിസത്തെ ഉൾച്ചേർത്തു കൊണ്ടല്ലാതെ പ്രായോഗികമായി സെക്‌സ് പോസിറ്റീവ് എന്ന സാമൂഹികവീക്ഷണത്തിന് നിലനിൽപ്പില്ല.

Related imageലൈംഗികതയിലെ വ്യത്യസ്തമായ ധാരകളെ അംഗീകരിക്കുക. ലൈംഗികതയ്ക്കു ഏക്താത്മായ ഒരു നിർവചനമില്ലായെന്നും, പരസ്പര സമ്മതത്തോടും, ബഹുമാനത്തോടും പങ്കെടുക്കുന്ന ആസ്വാദ്യകരമായ, വ്യക്തിപരമായി ഇഷ്ടമുള്ള ഏത് രീതിയിലും ലൈംഗികത നിലനിൽക്കാമെന്നും, പരസ്പരആസ്വാദനം എന്നത് വലിയൊരു വര്‍ണ്ണരാജിയാണെന്നും, അതിൽ ഏതെങ്കിലും ഒരു ഭാഗത്തിലോട് മറ്റുള്ളവർ ചുരുങ്ങി പോകണം എന്ന് നിർബന്ധം പിടിക്കാൻ പറ്റില്ലായെന്നുമുള്ള ബോധ്യം അനിവാര്യമാണ്. ലൈംഗികത പോലെ തന്നെ രതിയിൽ നിന്നും വിട്ടു നിൽക്കുന്ന അലൈംഗിക അവസ്ഥയും സ്വാഭാവികമാണെന്നും, അത് സ്ഥിരമായിട്ടോ, ഒരു നിശ്ചിത കാലയളവിലോ വ്യക്തികളിൽ സംഭവിക്കാമെന്നും അംഗീകരിക്കുകയും, വ്യക്തിയുടെ പ്രത്യേകങ്ങളെ ബഹുമാനപൂർവ്വം സമീപിക്കുകയും ചെയ്യേണ്ടത് സെക്‌സ്പോസിറ്റീവ് മനോഭാവത്തിന്റെ ഭാഗമാണ്.

Related imageലൈംഗികതയെ പറ്റിയും ജെൻഡറിനെ പറ്റിയും സമഗ്രമായതും ഇൻക്ലൂസീവായതുമായ നിർവചനങ്ങൾ സ്വീകരിക്കുക. ലൈംഗികതയെ പരിമിതപ്പെട്ടുതുന്ന നിർവചനങ്ങൾ ഉപേക്ഷിക്കുകയും, ലൈംഗികതയ്ക്കു ഗുണപരമായതും പോലെ തന്നെ ദൗര്‍ഭാഗ്യവശാല്‍ ദോഷപരവുമായ അനുഭവങ്ങൾ വ്യക്തികളിൽ നൽകാം എന്നു അംഗീകരിക്കുകയും, അവരുടെ അത്തരം അനുഭവങ്ങളെ മുൻവിധികൾ ഇല്ലാതെ മനസ്സിൽ ആക്കുകയും അത്യാവശ്യമാണ്. ലൈംഗിക ആരോഗ്യവും ശുചിത്വവും സംബന്ധിക്കുന്നതും ലൈംഗികതയുടെ രാഷ്ട്രീയപക്ഷവും സംവാദിക്കുന്നതുമായ പഠനവസ്തുക്കൾ നിർമിക്കുന്നതിലും പങ്കുവയ്ക്കുന്നതിലും ഭാഗം ആകുന്നതും സെക്‌സ് പോസിറ്റീവ് ആകുന്നതിന്റെ ഭാഗമാണ്. നമ്മുടെ സമൂഹത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള മനുഷ്യവിരുദ്ധമായ മുൻവിധികളും, വിദ്വേഷവും അവസാനിപ്പിക്കാൻ ഒത്തു ചേർന്നു പ്രവർത്തിക്കുന്നതും പ്രധാനമാണ്.

ആരോഗ്യപരവും പരസ്പരസഹായപ്രദവുമായ ലൈംഗിക, പ്രണയബന്ധങ്ങളെ ബഹുമാനിക്കുകയും, അത്തരം ബന്ധങ്ങൾ യാഥാസ്ഥിതിക സാംസ്കാരിക കെട്ടുപ്പാടുകൾക്കു വെളിയിൽ നിൽക്കാം എന്നു അംഗീകരിക്കുകയും, ഏക പങ്കാളിവ്യവസ്ഥയും വിവാഹവും മാനുഷിക രീതിയുടെ അടിത്തറയും പ്രാഥമികലക്ഷ്യവുമല്ലായെന്നു തിരിച്ചു അറിയുകയും സര്‍വ്വപ്രധാനമാണ്. ഇതോടൊപ്പം
ഏകപങ്കാളിയുമായ വ്യവസ്ഥയിലും വിവാഹത്തിലും ഏർപ്പെടാനും ആഗ്രഹം ഉള്ളവർ സമൂഹത്തിൽ ഉണ്ടെന്നും, അതും സ്വാഭാവികമാണെന്നും അറിയുകയും അവർക്കുള്ള ചോയ്സുകളെ മുൻവിധികൾ ഇല്ലാതെ കാണാൻ സാധിക്കാനും പറ്റണം. മുൻപ് സൂചിപ്പിച്ചത് പോലെ സെക്‌സ് പോസിറ്റീവ് എന്നതിന്റെ ഭാഗം തന്നെയാണ്, ലൈംഗികതയിൽ നിന്ന് മാറി നിൽക്കുന്നതും, അതൊരു തകരാർ അല്ലായെന്നും സ്വാഭാവികമായ അവസ്ഥയെന്നും തിരിച്ചു അറിവ് വേണം. മനുഷ്യലൈംഗികത അതിരുകൾ ഇല്ലാത്ത ഒരു വര്‍ണ്ണരാജിയാണ്.

ചുരുക്കിപ്പറഞ്ഞാൽ സെക്‌സ് പോസിറ്റീവ് ആകുക എന്നത് മുൻവിധികൾ ഇല്ലാതെ ലൈംഗികതയുടെ വ്യത്യസ്തമായ വശങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും, ലൈംഗികപരമായ ചൂഷണങ്ങളെ എതിർക്കാൻ ശ്രമിച്ചു കൊണ്ട് ഇരിക്കുകയുമാണ്.