ഇത് ചെയ്തത് ഞങ്ങളല്ല; കാലടിക്കാർ ഇത് ചെയ്യില്ല, പുറത്തുനിന്നെത്തിയ സാമൂഹ്യദ്രോഹികളാണ്

25

CA BIJOY (അച്ചായത്തരങ്ങൾ)

ഞാൻ കാലടി സ്വദേശിയാണ്‌. ഹൈസ്ക്കൂൾ കോളേജ് പഠനകാലമത്രയും കാലടിപ്പുഴയും മണൽപ്പുറവും സ്വന്തം വീട്ടുമറ്റം പോലെ തന്നെയായിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് പെരിയാറിൽ നൂറുകണക്കിന് സിനിമകൾ ചിത്രീകരിച്ചിട്ടുണ്ടാകും. പക്ഷെ, എന്റെ അറിവിൽ കാലടി മണൽപ്പുറത്ത് ചിത്രീകരിച്ച ഏക സിനിമ 1979-ൽ പുറത്തിറങ്ങിയ “മാമാങ്കം” ആയിരുന്നു. പിന്നീടിപ്പോഴാണ് ഒരു സിനിമ പെരിയാറിന്റെ കാലടി ഭാഗത്ത് ചിത്രീകരിക്കുന്നത് (ഇതിനിടയിൽ ഷെവലിയർ മിഖായേൽ എന്ന ചിത്രത്തിലെ നദി നിളാ നദി എന്ന ഗാനം ചിത്രീകരിച്ചിട്ടുണ്ടോ എന്നൊരു സംശയം ഉണ്ട്). സിനിമാ ചിത്രീകരണ ചരിത്രം അവിടെ നിൽക്കട്ടെ; വിഷയത്തിലേക്ക് വരാം. ഇന്ന് കാലടിയും പെരിയാറും കാലടി മണൽപ്പുറവും വാർത്തകളിൽ വൈറൽ ആണ്. ഏതാനും ചില സാമൂഹ്യദ്രോഹികൾ ‘മിന്നൽ മുരളി’ എന്ന സിനിമക്ക് വേണ്ടി കാലടി മണൽപ്പുറത്ത് നിർമ്മിച്ചിരുന്ന ഒരു പൗരാണിക ക്രിസ്ത്യൻ പള്ളിയുടെ മാതൃകയിലുള്ള സെറ്റ് നശിപ്പിച്ച വാർത്തയാണ് വൈറൽ ആയത്. രാഷ്ട്രീയ ബജ്‌രംഗ് ദളിന്റെയും AHP എന്നൊരു സംഘടനയുടെയും പ്രവർത്തകരാണത്രെ ഇതിന് നേതൃത്വം നൽകിയത്.

കാലടി ടൗണിൽ ഒന്ന് കണ്ണോടിച്ചാൽ എളുപ്പത്തിൽ നിരീക്ഷിക്കാവുന്ന ഒന്നുണ്ട്. നിത്യവും ആരാധന നടക്കുന്ന അമ്പലവും ക്രിസ്ത്യൻപള്ളിയും മസ്ജിദും ഏതാനും മീറ്ററുകളുടെ ദൂരത്തിൽ നേർരേഖയിലാണിവിടെ സ്ഥിതി ചെയ്യുന്നത്. ഇവിടെ താമസിക്കുന്നവരും ഇവിടെ കച്ചവടം നടത്തുന്നവരും പ്രത്യേകിച്ച് ഒരു മതവിഭാഗത്തിൽ പെട്ടവരല്ല. എല്ലാ മതവിഭാഗക്കാരും ഏകോദരസഹോദരങ്ങളെപ്പോലെ പരസ്പര സൗഹൃദ സഹകരണങ്ങളോടെ ജീവിക്കുന്ന ഒരു ചെറുപട്ടണമാണ് കാലടി; തിരക്കുള്ള ഗ്രാമമെന്നു വിളിച്ചാൽ പോലും തെറ്റില്ലാത്ത ഇടം. ഇന്നേ വരെ മതത്തിന്റെ പേരിൽ ഇവിടെ ഒരു ചെറിയ അസ്വസ്ഥത പോലും ഉണ്ടായിരുന്നില്ല. ഇപ്പോൾ പ്രശ്നമുണ്ടായ മണൽപ്പുറത്ത് നടക്കുന്ന ശിവരാത്രി പോലും ഒരു മതത്തിന്റെ ഉത്സവമായല്ല ഈ നാട്ടുകാർ ആഘോഷിച്ചിരുന്നത്. ജാതി മത ഭേദമില്ലാതെ എല്ലാവരും ശിവരാത്രി മണപ്പുറത്തെ ആഘോഷങ്ങൾ ആസ്വദിച്ചിരുന്നു.

ഇപ്പോൾ ചിലർക്ക് മതവികാരം വ്രണപ്പടാൻ കാരണം കാലടി മണൽപ്പുറത്തെ ശിവക്ഷേത്രത്തിനടുത്ത് പള്ളിയുടെ മാതൃകയിൽ സെറ്റിട്ടതാണല്ലോ; ഈ മണൽപ്പുറത്ത് ഒരു സ്ഥിരം ശിവക്ഷേത്രം വന്നിട്ട് കാൽ നൂറ്റാണ്ടിനടുത്ത് മാത്രമേ ആയിട്ടുള്ളു. അതിന് മുൻപ് ഓരോ വർഷവും ശിവരാത്രിക്ക് വേണ്ടി താൽക്കാലികമായി ശിവക്ഷേത്രം നിർമ്മിക്കുകയായിരുന്നു പതിവ്; “മണൽപ്പുറത്തെ താത്കാലിക ശിവക്ഷേത്രത്തിൽ വിവിധ വഴിപാടുകൾക്കുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്” എന്ന അനൗൺസ്‌മെന്റ് ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്. ഈ താൽക്കാലിക ശിവക്ഷേത്രം ശിവരാത്രിക്ക് ശേഷം പൊളിച്ചു നീക്കപ്പെടുകയോ തുടർന്ന് വരുന്ന മഴയിൽ ഒലിച്ചു പോവുകയോ ചെയ്യുകയായിരുന്നു പതിവ്.

എന്തായാലും ഇപ്പോൾ കാലടി മണൽപ്പുറത്ത് നടന്ന ഈ അതിക്രമത്തിൽ കാലടിക്കാർക്ക് ആർക്കും പങ്കുണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല; കാരണം കാലടിയിലെ കുറെയേറെ സംഘപ്രവർത്തകരെയും ഹിന്ദു സഹോദരന്മാരെയും അവരുടെ സഹിഷ്ണുതാ മനോഭാവവും എനിക്ക് വ്യക്തിപരമായി അറിയാം എന്നത് തന്നെ. എങ്ങ് നിന്നോ വന്ന ചില സാമൂഹ്യദ്രോഹികളാണ് ഈ കിരാത പ്രവൃത്തിയിലൂടെ അദ്വൈതത്തിന്റെയും അതിന്റെ ആചാര്യന്റെയും ജന്മഭൂമിയായ കാലടിയുടെ പേരിനും പെരുമയ്ക്കും ഖ്യാതിക്കും മങ്ങലേൽപ്പിച്ചത്.

സിനിമ സെറ്റ് തകർത്തെന്ന് അവകാശപ്പെടുന്നവർ തന്നെ ഇതു ചെയ്തത് അവരാണ് എന്നു വ്യക്തമാക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. വർഗീയതയുടെ കണ്ണിലൂടെ എല്ലാം കാണുന്ന ഇത്തരക്കാർ ഒരു സിനിമാ സെറ്റാണ് എന്നു പോലും ആലോചിക്കാതെ കാട്ടിക്കൂട്ടിയ ഭ്രാന്തമായ ഈ കുറ്റകൃത്യത്തിന് നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും കിട്ടട്ടെ. നൂറു കണക്കിന് കലാകാരന്മാരും തൊഴിലാളികളും അഹോരാത്രം പരിശ്രമിച്ചു കെട്ടിപ്പൊക്കിയ മനോഹരമായ സെറ്റ് തല്ലിപ്പൊളിച്ച് തരിപ്പണമാക്കിയപ്പോൾ ഒരു വ്യവസായി എന്ന നിലയിൽ ആ സിനിമ നിർമ്മാതാവിന്റെ ലക്ഷക്കണക്കിന് രൂപ കൂടിയാണ് നഷ്ടപ്പെടുത്തിയത്. എന്റെ നാട്ടിൽ വച്ച് ഉണ്ടായ ഈ അനിഷ്ട സംഭവത്തിൽ ഇതിൽ നഷ്ടം സംഭവിച്ച എല്ലാവരോടും ധാർമ്മികതയുടെ പേരിൽ ആത്മാർഥമായി മാപ്പു ചോദിക്കുകയാണ്.