വിവാഹവും സ്ത്രീ മനസ്സും
അച്ചു ഹെലൻ
ഒരു പെണ്ണ് വിവാഹിതയാകുമ്പോൾ കുടുംബ സാമൂഹ്യ ബന്ധങ്ങളിൽ വലിയ മാറ്റം തന്നെ സംഭവിക്കുന്നുണ്ട് .അതു വരെ അവളോട് സ്വന്തം പോലെ പെരുമാറിയ മാതാപിതാക്കളും സഹോദരന്മാരും അവൾ മറ്റൊരാളുടെ എന്ന രീതിയിൽ പെരുമാറിത്തുടങ്ങുന്നു . ജനിച്ചു വളർന്ന സ്വന്തം വീട്ടിൽ അവളെ വിരുന്നുകാരിയായി കാണുന്ന സ്ഥിതി വന്നു തീരുന്നു .
എന്നാൽ ഈ മാറ്റങ്ങൾ അംഗീകരിക്കാൻ അവൾക്കു കാലം കുറച്ചധികം വേണ്ടി വരുന്നു എന്നതാണ് സത്യം .ഒരു മകനോട് അവരുടെ അമ്മയും അച്ഛനും കാണിച്ചേക്കാവുന്ന പരിഗണന അവൾക്കു പിന്നീട് ലഭിക്കാതെ പോകുന്നതും ഇതേ കാരണം കൊണ്ടാണ് . വിരുന്നു വന്നവൾ പോയെ മതിയാകൂ എന്നത് അലിഖിത നിയമമാണല്ലോ . സ്വന്തം വീടും കുടുംബവും അന്യവൽക്കരിക്കപ്പെടുമ്പോൾ അവൾ സ്വാഭാവികമായും കാരണക്കാരായ ഭർത്താവിനോടോ അവരുടെ വീട്ടുകാരോടോ ആ ദേഷ്യം അഥവാ വെറുപ്പ് കാണിക്കേണ്ടി വരുന്നു .അവിടെ അവൾ എന്നും വന്നുകയറിയവൾ മാത്രമായി പരിഗണിക്കപ്പെടുന്നുള്ളു .
ഭർത്താവിന് അവന്റെ അമ്മയിൽ നിന്നും മറ്റും ലഭിക്കുന്ന സ്നേഹ പരിഗണനകൾ അവളെ കൂടുതൽ അസ്വസ്ഥമാക്കുകയെ ഉള്ളൂ .ചില വീട്ടുകാർ മകളെപ്പോലെ കാണുന്നു എന്നൊക്കെ ചുമ്മാ വിടുവായത്തം പറയുന്നത് കേൾക്കാം .ഉപ്പോളം ആവില്ലലോ ഉപ്പിലിട്ടത് . അവൾക്കു അവിടെ രണ്ടാം സ്ഥാനം മാത്രമാണ് എന്നത് തികച്ചും വാസ്തവമാണ് . ഞങ്ങൾ കാലങ്ങളായി ഇങ്ങനെയാ ഞങ്ങളുടെ ശീലങ്ങളിൽ പെരുമാറ്റങ്ങളിൽ രീതികളിൽ ഒന്നും നീയായിട്ടു മാറ്റങ്ങൾ വരുത്തേണ്ട എന്നത് ഒളിഞ്ഞും തെളിഞ്ഞും അവർ പ്രഖ്യാപിക്കുന്നതോടെ അവൾ സ്വന്തമായ നിലപാടില്ലാത്തവളായി മാറ്റപ്പെടുന്നു .അവൾക്കു നല്ല കുടുംബ ഭദ്രതക്കായി ഒരു പക്ഷെ അവരെ അനുകരിക്കേണ്ടി വരുന്നു.അല്ലെങ്കിൽ സ്വന്തം രീതികൾ നിലനിർത്തി ഭർതൃ വീട്ടുകാരുടെ ശത്രുത നേടേണ്ടിയും വരുന്നു .
ഒരു പെൺകുട്ടിയെ വളർത്തിയെടുക്കുമ്പോൾ പോലും അവൾ സ്വന്തമല്ല മറ്റാരുടെയോ ആണെന്ന മനസികാവസ്ഥയിലാണ് മിക്കവരും . വല്ലവരുടേം വീട്ടിൽ പോകേണ്ടവൾ എന്ന ലേബൽ എന്നേ അവളുടെ നെറ്റിയിൽ ഒട്ടിച്ചു വെക്കപ്പെടുന്നു .അവൾക്കു വിവാഹത്തോടെ രണ്ടു വീടും അന്യമാക്കപ്പെടുകയാണ് . സ്വന്തമായി ഒരു വീടെടുത്തു മാറും വരെ ( അവളുടെകൂടി പേരിൽ ) അവൾക്കാ അന്യഥാ ബോധം മാറ്റാനാകില്ല .പൊരുത്തപ്പെടാനാകാത്ത ഭർത്താവിന്റെ വീട്ടുകാർ അല്ലേൽ എന്നും അവളുടെ തലവേദന ആയിരിക്കും .പ്രത്യേകിച്ച് തന്നെക്കാൾ പ്രായം കൂടിയിട്ടും വീട്ടുകാരാൽ ലാളിക്കപ്പെടുന്ന ഭർത്താവ് അവളിൽ അസൂയ ഉണ്ടാക്കുന്നതിൽ അതിശയമില്ല .
അവളുടെ പെറ്റമ്മപോലും രണ്ടാഴ്ചയിൽ കൂടുതൽ അവൾ വീട്ടിൽ വന്നു നിന്നാൽ ശത്രുവാകുന്നത് കാണാം .തിരിച്ചു പോകേണ്ടവളാണ് അവളെന്നു എപ്പോഴും ഓര്മപ്പെടുത്താൻ അവർ മത്സരിക്കുന്നത് കാണാം .കല്യാണമെന്ന ഉത്തരവാദിത്തത്തോടെ അവളെ ഒഴിവാക്കുന്ന അച്ഛനമ്മമാർ ഇന്നും ഉണ്ട് .ഭർത്താവിനോട് പിണങ്ങി വന്നാൽ പെണ്ണിനോട് ഇവിടെ ഇനി നിൽക്കണമെങ്കിൽ ചിലവിനു തരാൻ പറയുന്ന അമ്മയും അനുഭവം ആണ് .
വിവാഹം കഴിക്കാൻ പോലും മോഹമുണ്ടയല്ല അവൾ അതിനു തയ്യാറാകുന്നത് .സമൂഹം ഏറെക്കുറെ അതിനവളെ നിര്ബന്ധിക്കുന്നതാണ് .ഒരു ചെടി പറിച്ചെടുത്തു മറ്റൊരിടത്തു നടുമ്പോൾ ആദ്യം ഇലപൊഴിച്ചും മറ്റും പുതിയമണ്ണിനോടു പൊരുത്തപ്പെടാൻ സമയം എടുക്കുന്നു .കാലം ഒരു നല്ല മരമായി മാറ്റിയേക്കാം .വേരുപിടിക്കാതെ ഉണങ്ങിയും പോയേക്കാം . ഉണങ്ങാതെ നല്ല വെള്ളവും വളവും കരുതലും കൊടുത്തു പരിചരിക്കേണ്ട കാലത്തു എന്റെ സങ്കൽപ്പത്തിലെ ഭാര്യ ഇങ്ങനാകണം അവൾ എന്റെ വീട്ടുകാരോട് ഇങ്ങനെ പെരുമാറണം എന്നൊക്കെ പറഞ്ഞു അവളെ വീർപ്പുമുട്ടിക്കുന്ന ഭർത്താക്കന്മാരോട് മറ്റൊരു ചോദ്യം ആജീവനാന്തം അവളുടെ വീട്ടിൽ നിങ്ങളാണ് നിൽക്കുന്നതെന്ന് ഒന്ന് ചിന്തിച്ചു നോക്കുക .
എന്റെയൊരു പരിചയത്തിൽ പെട്ട കിളവൻ ഡോക്ടർ അഭിമാനത്തോടെ രണ്ടു ദിവസം മുന്നേ പറയുന്നത് കേട്ടു വിവാഹം കഴിഞ്ഞു 50 വർഷമായി ഇന്നേവരെ അവളുടെ വീട്ടിൽ ഒറ്റ ദിവസം നിൽക്കേണ്ട ഗതികേട് എനിക്ക് വന്നിട്ടില്ലെന്ന് . അപ്പോൾ ഞങ്ങൾ ( ഭാര്യമാർ ) നിങ്ങളുടെ ( ഭർതൃ ) വീട്ടിൽ നിൽക്കുന്നത് ഗതികേട് എന്ന അവസ്ഥ കൊണ്ട് മാത്രമാണെന്ന് നിങ്ങളും മനസ്സിലാക്കണം എന്ന് മറുപടി പറഞ്ഞാണ് അവിടെനിന്നും ഞാൻ പോന്നത് . കാഴ്ചപ്പാടുകളുടെ അന്തരമാണ് ഇത് .
ജോലിക്കു പോകുന്ന, ഭർത്താവിനെയും ഭർത്താവിന്റെ വീട്ടുകാരെയും സ്വന്തം മക്കളെയും പോറ്റുന്ന, എന്നിട്ടും കുറ്റവും കുറവും മാത്രം വ്യാഖ്യാനിക്കപ്പെടുന്ന എത്രയോ ഭാര്യമാർ എന്റെയറിവിൽ ഇപ്പോഴുമുണ്ട് . പൊരുത്തപ്പെടാനാകാത്ത ദാമ്പത്യം ഒഴിവാക്കാനുള്ള ധൈര്യം കാണിച്ചവൾ തിരിച്ചെത്തുമ്പോൾ വീട്ടുകാർക്കുപോലും അവൾ ബാധ്യത ആയിത്തീരുന്നു .അതറിഞ്ഞും അവരുടെ കണ്ണിൽ കരടായി അവൾക്കു അവിടെ നിൽക്കേണ്ടിയും വരുന്നു .സ്വന്തം കാലിൽ നിൽക്കാനുള്ള മനസ്സും ധൈര്യവും ഉള്ളവർ ( 1%) സ്വന്തമായി മാറി താമസിക്കുന്നു .വീട്ടുകാർ അഥവാ പെറ്റമ്മ പോലും വേണ്ടാന്ന് വെക്കുന്നവൾ എന്ന വേദനിപ്പിക്കുന്ന പ്രഹസന മുള്ളുകൾ സദാ കീറിമുറിച്ചു അവൾ അതിജീവിക്കേണ്ടിയും വരുന്നു .കാരണം അവർ അവർക്കുവേണ്ടിയെങ്കിലും ജീവിച്ചല്ലേ മതിയാകു .
NB. എല്ലാരുടെയും കാര്യമല്ല .എന്നാൽ പലരുടെയും അവസ്ഥ ഇതൊക്കെത്തന്നെയാണ് .