നിന്റെ ജൈത്രയാത്രയിൽ ഞാനൊരു ഇടത്താവളം മാത്രമായിരുന്നു

31

കവിത : Achu Helen

നിന്റെ ജൈത്രയാത്രയിൽ
ഞാനൊരു ഇടത്താവളം മാത്രമായിരുന്നു

നിന്നിലേക്ക്
നടന്നു കയറിയ വഴികളിൽ
ചിതറിയ ലഹരിയുടെ
പ്രണയക്കുപ്പിക്കഷണങ്ങൾ
കീറി മുറിവേൽപ്പിച്ച പാദങ്ങൾ
എന്നെയന്നു നോവിച്ചിരുന്നില്ല.

കാരണം, തിരിച്ചറിയാത്ത
ഒരൊറ്റ വാക്കിനാൽ ഞാൻ നിന്നിൽ
അന്ന് ബന്ധിക്കപ്പെട്ടിരുന്നു.

“നീയാണെന്റെ അവസാന പ്രണയമെന്ന”
വലിയ നുണയാം ലാടം എന്റെ
മുറിഞ്ഞ പാദത്തിൽ നീയടിച്ചു കയറ്റിയിരുന്നു.

കണ്ണിൽ വേദന നിറച്ച ഇരുട്ടായിരുന്നു..
എന്നിട്ടും ഞാനതിനെ
നിന്നോടുള്ള അന്തമാം
പ്രണയമെന്നു ആത്മരതി കൊണ്ടു.

ചിരിച്ചു കൊണ്ടു കഴുത്തറുത്ത രതിയിൽ
ഇപ്പോൾ ഞാനറിഞ്ഞു
നിന്റെ ജൈത്രയാത്രയിൽ
ഞാനൊരു ഇടത്താവളം മാത്രമെന്നു.

നിന്നെ ചുംബിക്കുമ്പോൾ,
പുണരുമ്പോൾ
ഇന്നെനിക്ക് അറിയാനാകുന്നതും
ഹൃദയത്തിൽ എവിടെയോ
നീ തറച്ചു വെച്ച
“എനിക്കിനി നീ മാത്രമെന്ന”
ചുട്ടു പൊള്ളിക്കുന്ന
ഇരുമ്പു കഷ്ണമെന്ന അവിശ്വാസം മാത്രമെന്ന്.

കാലത്തിനു മുറിവുകളുടെ
വേദനയെ മാത്രമേ
ഇല്ലാതാക്കാനാകു..

മുറിവേൽപ്പിച്ച അടയാളങ്ങൾ
ഉള്ളകാലത്തോളം
അവയെന്നും എന്നിൽ
ഓർമിപ്പിക്കപ്പെടും.