കല്യാണം കഴിഞ്ഞ നാളുകളിൽ പോലും സിന്ദൂരമെന്ന ആചാരം എനിക്ക് അൺസഹിക്കബിള് ആയിരുന്നു .ഒന്നിച്ചു ഒരിടത്തും പോയിട്ടില്ലാത്തതു കൊണ്ട് നാട്ടുകാർക്കു പലർക്കും ഞാൻ അവന്റെ ഭാര്യ ആണെന്ന് അറിയുകയുമില്ലായിരുന്നു . കല്യാണം കഴിച്ചതാണെന്നുള്ളത് redmark ഇട്ടു മറ്റുള്ളവരെ അറിയിക്കേണ്ടത് പെണ്ണിന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ പണ്ടേ. അത്തരം വിശ്വാസങ്ങൾക്ക് ഭർത്താവും എതിരായിരുന്നു എന്നതിനാൽ എനിക്ക് വളരെ സ്വാതന്ത്ര്യം ഉണ്ടായിരുന്നു .കെട്ടുതാലിക്കു കനം കൂടിയതിനാൽ അതും ഒഴിവാക്കിയാണ് നടക്കാറുണ്ടായിരുന്നത് .
വിവാഹ നാളുകളിൽ ഒരിക്കൽ എന്നെ ചൂണ്ടിക്കാണിച്ചു ഒരുത്തൻ എന്റെ ഭർത്താവിനോട് തന്നെ ആ കുട്ടി ആരുടെയാണ് എന്നു അന്വേഷിക്കുകയും അവനു കെട്ടിയാൽ കൊള്ളാമെന്നു പറയുകയും ചെയ്തപ്പോൾ അഞ്ഞൂറ് രൂപയും ഒരു ഫുള്ളും വാങ്ങിത്തന്നാൽ ഞാൻ കെട്ടിച്ചുതരാമെന്നു എന്റെ ഭർത്താവ് അതിനു മറുപടിയും കൊടുത്തു .ശേഷം അവളെ ഞാൻ കെട്ടിക്കൊണ്ട് വന്നതാണെന്ന് പറഞ്ഞു അന്വേഷിച്ചവനെ കൊറേ കളിയാക്കിയെങ്കിലും അന്നൊക്കെ അത് ഭർത്താവിന്റെ ‘അമ്മ പെങ്ങമ്മാരുടെ ഇടയിൽ വലിയ വിഷയമായി.സിന്ദൂരം പോലും തൊടാതെ നടന്നിട്ടാണ് ഇത്തരം അന്വേഷണം എന്നൊക്കെ അവർ പരിഭവിക്കുകയും ഉണ്ടായി . എന്നാൽ എന്നെ അടുത്തറിഞ്ഞപ്പോൾ അവരെന്നെ പിന്നീട് അത്തരം ബാലിശമായ ആചാരങ്ങൾക്കായി നിർബന്ധിച്ചതേയില്ല .
ട്രഡിഷണൽ വസ്ത്രങ്ങൾക്കൊപ്പം ആലങ്കാരികമായി അല്ലാതെ ഞാൻ അവ അണിയാറില്ല . താലിയും സിന്ദൂരവും വിവാഹമോതിരവും ഇടാത്ത ഞാൻ ആ വകുപ്പിൽ കിട്ടുന്ന പരിഗണനകൾ എല്ലാം നല്ലപോലെ ആസ്വദിക്കാറുമുണ്ടായിരുന്നു എന്നതും സത്യമാണ്