മനുഷ്യ സ്വാതന്ത്രത്തിനു പരിധിയില്ല, എന്നാൽ അത് മറ്റൊരാളിൻറെ മൂക്കിന് തുമ്പിൽ അവസാനിക്കുന്നു. നമ്മുടെ സുഖങ്ങളും സന്തോഷങ്ങളും അപരന് ബുദ്ധിമുട്ടുണ്ടാക്കരുത്. ശരിക്കും ഇതൊരു മാനവികമായ വശമാണ്. അതുതന്നെയാണ് അച്ചു ഹെലനും പറയുന്നത്. ഇന്ത്യയുടെ , പ്രത്യേകിച്ച് കേരളത്തിന്റെ യാഥാസ്ഥിതിക സ്ത്രീ സങ്കല്പങ്ങളെ പൊളിച്ചെഴുതി ജീവിതം കെട്ടിപ്പടുക്കുന്ന സ്ത്രീകൾ ഇന്ന് അനവധിയുണ്ട്. അവരുടെ വാക്കുകളിലെ ആർജ്ജവം, ആത്മവിശ്വാസം എല്ലാം എഴുത്തുകളിൽ പ്രകടമാണ്. അങ്ങനെയൊരു കുറിപ്പ് ആണിത് . വായിക്കാം
Achu Helen
കള്ളുകുടി എന്ന് ഓമനപ്പേരിൽ അറിയുന്ന മദ്യപാനം അത്ര വല്ല്യ പാതകമായി എനിക്ക് തോന്നിയിട്ടില്ല. ചില സന്ദർഭങ്ങളിൽ കൂട്ടത്തിൽ കൂടാൻ അല്പം മധുചഷകം ആവാം എന്ന് തന്നെയാണ് ഞാൻ കരുതിയിട്ടുമുള്ളത്.കാരണം എല്ലാത്തിനും കൂടെ നിൽക്കുന്ന ഒരാൾ എന്ന പരിഗണന നല്ലതാണല്ലോ. ഒരു full ഒരു മണിക്കൂർ കൊണ്ട് തീർക്കുന്ന മലയാളി കുടി അല്ല ഞാൻ ഉദ്ദേശിച്ചത്. ദിവസം രണ്ടോ മൂന്നോ പെഗിൽ നിൽക്കുന്ന ഒരു കമ്പനി.
നമ്മുടെ നിയന്ത്രണം നമ്മളിൽ നിൽക്കുന്നിടത്തു മാത്രമേ അതിനു enjoyment എന്ന വാക്ക് ചേരുകയുള്ളു. എന്നാൽ മൂത്ത കുടിയന്മാർ ഒരിക്കലും ഞാനെന്റെ പരിധി വിട്ടു കളിച്ചെന്നു പലപ്പോഴും സമ്മതിക്കാറും ഇല്ല. അവരുടെ target 20 പെഗ് ആണെന്ന് സ്വയം നിശ്ചയിക്കുകയും അതിലേക്കു പലവിധ സാധനങ്ങൾ മാറി മാറി കുടിച്ചു എല്ലാം കയ്യിന്നു പോയി നിൽക്കുമ്പോഴും ഞാനാരാ മോൻ എന്ന ഭാവത്തോടെ എനിക്കിനിയും സാധിക്കും എന്ന് വീമ്പിളക്കുന്നത് കണ്ടിട്ടുണ്ട്.
സത്യത്തിൽ രണ്ടു കാര്യത്തിൽ പുരുഷത്വം തെളിയിക്കുന്നവരോട് എനിക്ക് അടപടലം പുച്ഛമേ ഉള്ളു. ഒന്ന് ബലമായി ഒരു പെണ്ണിനെ ശരീരികമായി കീഴടക്കി വിജീഗേഷു എന്ന് പറയുന്നവനും (അത് ഭാര്യ ആയാൽ പോലും), മറ്റൊന്ന് എനിക്ക് മദ്യത്തിന് അളവുകോൽ ഇല്ലെന്നു പറഞ്ഞു മാക്സിമം വലിച്ചു കേറ്റി എല്ലാ ചെയ്തികളിലും തനി കൂതറ ആയിട്ടും ഇതൊക്കെ ആണുങ്ങൾക്ക് പറഞ്ഞ പണിയെന്നു അഹങ്കരിക്കുന്നവനും. രണ്ടും വിവരക്കേടിന്റെ അങ്ങേയറ്റങ്ങൾ മാത്രമാണ്.
യാത്രകൾ എന്നാൽ പെണ്ണും കള്ളും മാത്രമാണെന്ന് ( അതും വീട്ടുകാർ അറിയാതെ ) കരുതി അതിൽ മാത്രം മുങ്ങി നിവരുന്നവന് ഏതു ലോകമാണ് ഭംഗിയോടെ കണ്ടാസ്വദിക്കാൻ സാധിക്കുക.അവനേത് പാരിസ് പോയാലും എന്ത് ഗുണം.ഒരു കടൽക്കരയിലും, നദിക്കരയിലും, വെള്ളച്ചാട്ടത്തിലും അവനെന്ത് വ്യത്യാസമാണ് കാണാൻ സാധിക്കുക.മദ്യം മയക്കിയ കണ്ണുകൾക്ക് മുന്നിൽ എല്ലാ ലോകവും ഒരു പോലെയാണ്.
മദ്യപിക്കരുത് എന്നല്ല പറഞ്ഞു വന്നത്. മദ്യം നമ്മളെ ഭരിക്കരുത് എന്നാണ്. മദ്യം നിങ്ങളുടെ ചേഷ്‌ടകളിൽ അശ്ലീലവും, കാമവും, പരിസരബോധമില്ലായ്മയും നിറച്ചു എങ്കിൽ നിങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിന് പുറത്താണ്.മറ്റുള്ളവർക്ക് മുന്നിൽ നിങ്ങളെ നിങ്ങളാക്കി നിർത്തേണ്ടത് നിങ്ങളുടെ മാന്യത ആയിരിക്കണം. അതില്ലാതായാൽ നിങ്ങൾക്കെത്ര പണമോ പദവിയോ ഉണ്ടെന്നിരിക്കിലും നിങ്ങളെ ആരും ബഹുമാനിക്കില്ല എന്നത് ഉറപ്പാണ്.മറ്റുള്ളവരുടെ ശ്രെദ്ധ പിടിച്ചു പറ്റേണ്ടത് നിങ്ങൾ അവരോട് കാണിക്കുന്ന പ്രവൃത്തിയുടെ മൂല്യം അനുസരിച്ചായിരിക്കണം. കാരണം മദ്യം ഇറങ്ങുമ്പോൾ എല്ലാം മറന്നെന്നു പറയാൻ നിങ്ങൾക്ക് എളുപ്പമെങ്കിലും അത് കൂടെ നിന്നു സഹിക്കേണ്ടി, അനുഭവിക്കേണ്ടി വന്നവരിൽ അതത്ര സിമ്പിൾ ആയിരിക്കില്ല.അപ്പൊ ഗുയ്സ് അവനവന്റെ നിലയും വിലയും മറന്നു കള്ളു കുടിക്കരുത്.ഉപദേശമല്ല. ഭീഷണിയാണ് .അല്ല പിന്നേ ….