ദൃശ്യം 3 യുടെ കഥ

165

അച്ചു വിപിൻ

ദൃശ്യം 3 യുടെ കഥ

കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ വെച്ചു കൊണ്ടുപോയ വരുണിന്റെ അസ്ഥി വിദഗ്ദ്ധമായി ജോർജ് കുട്ടി മാറ്റിയതെങ്ങനെ? ശരിക്കും സീൽ വെച്ച ബോക്സിൽ നിന്നും അസ്ഥികൾ എടുത്തു മാറ്റാൻ പറ്റുമോ?രാജൻ ലീവ് ആയിരുന്നെങ്കിൽ ജോർജ് കുട്ടി എന്ത് ചെയ്തേനെ എന്നൊക്കെ ഞാനടക്കം എല്ലാരും തല പുകഞ്ഞു ആലോചിച്ചതാണ്.ശരിക്കും പോലീസ് സ്റ്റേഷനിൽ കുഴിച്ചെടുത്ത അസ്ഥികൾ വരുണിന്റെ തന്നെ ആയിരുന്നോ?അല്ല എന്ന് തോന്നുന്നവരുണ്ടെങ്കിൽ അവർക്കു വായിച്ചു നോക്കാം.സിനിമ കാണാത്തവർ വായിക്കരുത്.

ദൃശ്യം ഒന്നിന്റെ ക്ലൈമാക്സിൽ ജോർജ് കുട്ടി പോലീസ് സ്റ്റേഷനിൽ നിന്നും കൈക്കോട്ടുമായി ഇറങ്ങി വരുന്നത് കണ്ടപ്പോൾ അവിടെയയാൾ കുഴിച്ചിട്ടത് വരുണിന്റെ മൃതദേഹമാണെന്ന് നമ്മളെല്ലാവരും അനുമാനിച്ചിരുന്നു.പക്ഷെ അത് മാത്രമായിരുന്നോ സത്യം?
എത്ര വല്യ ബുദ്ധിമാനായ കുറ്റവാളി ആണെങ്കിലും എന്നെങ്കിലും പിടിക്കപ്പെടുമെന്നുള്ള ഭയം ജോർജ്കുട്ടിയിൽ ഉണ്ടായിരുന്നു കാണില്ലേ?
സ്ഥിരമായി പത്രം വായിക്കുന്ന ശീലം ഉള്ള ജോർജ്കുട്ടി വരുൺ മരിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് ഇരുപതു വയസ്സിനു താഴെയുള്ള ഒരു യുവാവിന്റെ മരണ വാർത്ത പത്രത്തിൽ വായിക്കുകയും ആ യുവാവ് തന്റെ വീടിനടുത്തുള്ളതാണെന്നും അയാളെ പള്ളിയിലെ സെമിത്തേരിയിലാണ് അടക്കം ചെയ്‌തെന്ന് കവലയിൽ വെച്ചറിയുകയും ചെയ്തിരുന്നു കാണണം അതിനു ശേഷമാണ് വരുൺ കൊല്ലപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങൾ അരങ്ങേറുന്നതും.

വരുണിനെ കുഴിച്ചിട്ട ശേഷമുള്ള ഒരു രാത്രി ഭാര്യയും മക്കളും അറിയാതെ വീട്ടു വളപ്പിലുള്ള വരുണിന്റെ മൃതദേഹം ജോർജ്കുട്ടി പുറത്തെടുത്ത ശേഷം ആ കുഴിയിൽ ചത്ത പശുവിനെ ഇടുകയും വരുണിന്റെ മൃതദേഹം വേറെ സ്ഥലത്ത് മറവു ചെയ്യാനായി തന്റെ ജീപ്പിൽ കയറ്റുകയും ചെയ്യുന്നു.അതിനു ശേഷമായാൾ വിജനമായ പള്ളി സെമിത്തേരിയിലേക്ക് പോകുന്നു.രാത്രി സമയം ആയതിനാൽ അവിടെ ആരുമുണ്ടാകില്ല എന്നയാൾക്കുറപ്പുണ്ടായിരുന്നു.ദിവസങ്ങൾക്കു മുൻപ് പത്രത്തിൽ വായിച്ച പ്രകാരം മരിച്ചു പോയ യുവാവിന്റെ മൃതദേഹം അടക്കം ചെയ്ത കല്ലറ തുറന്നു ജോർജ്കുട്ടി അയാളുടെ മൃതദേഹം പുറത്തെടുക്കുകയും കുഴി മൂടി കല്ലറ അടക്കുകയും ചെയ്ത ശേഷം തന്റെ വണ്ടിയിൽ രണ്ടു മൃതദേഹങ്ങളുമായി പോലീസ് സ്റ്റേഷനിലേക്ക് പോകുന്നു അവിടെ ചെന്നശേഷം പണി നടക്കുന്ന പോലീസ് സ്റ്റേഷനകത്തായി വലിയ ഒരു കുഴി കുഴിക്കുന്നു. കൃഷിക്കാരനായ ജോർജ്കുട്ടിക്ക് വലിയൊരു കുഴിയെടുക്കുക എന്നത് നിഷ്പ്രയാസം സാധിക്കുന്ന ഒന്നായിരുന്നു.. താൻ കുഴിച്ച കുഴിയിലേക്കാദ്യം വരുണിന്റ മൃതദേഹം അടക്കം ചെയ്യുന്നു അതിന് മേലെ മണ്ണിട്ടു മൂടിയ ശേഷം മുകളിലായി യുവാവിന്റെ മൃതദേഹം വെക്കുന്നു ശേഷം വീണ്ടും മണ്ണിട്ടു മൂടുന്നു.എല്ലാം കഴിഞ്ഞ് കൈക്കോട്ടുമായി വീട്ടിലേക്കു മടങ്ങുന്നു.

പിന്നീട് കേസ് ജോർജ്കുട്ടിക്ക് അനുകൂലമായി വിധിക്കുന്നു.നാലു വർഷങ്ങൾക്കു ശേഷം താൻ വിറ്റ തന്റെ സ്ഥലം മേടിച്ചു താമസം ആക്കിയവർ പോലീസ്കാർ ആണെന്ന സത്യം എങ്ങനെയോ ജോർജ്കുട്ടി മനസ്സിലാക്കുന്നു.അന്വേഷണം വീണ്ടും തന്റെ നേർക്കു നീളുന്നു എന്നയാൾക്ക് മനസ്സിലായി അതുകൊണ്ടാണ് വീട്ടിലിരുന്നു പഴയ കാര്യങ്ങൾ ഭാര്യയും കുട്ടികളും പറയുമ്പോൾ “അതിനെ പറ്റി ഇനി ചർച്ച വേണ്ട” എന്നയാൾ പറയുന്നത്.പോലീസിനെ നിരീക്ഷിക്കാൻ അയാൾ തന്റെ വീട്ടിലും കവലയിലും തീയറ്ററിലും ഒക്കെ പിന്നീട് cctv കാമറ വെക്കുന്നു.വീട്ടിലെ ക്യാമെറയിലൂടെ അയാൾ സരിതയെയും ഭർത്താവിനെയും നിരീക്ഷിച്ചിരുന്നു..

പോലീസ് അന്വേഷണം തന്റെ നേർക്കു നീളുന്നുണ്ടെന്നു നേരത്തെ തന്നെ മനസ്സിലാക്കിയ ജോർജ് കുട്ടി വീണ്ടും പദ്ധതികൾ ആവിഷ്കരിക്കുന്നു അതിനായി സിനിമ പിടിത്തം എന്ന് പറഞ്ഞു പ്രശസ്തനായ വിനയ ചന്ദ്രനെയും,സെക്യൂരിറ്റി രാജനെയും കുഴിവെട്ടുകാരൻ പത്രോംസിനെയും നേരത്തെ തന്നെ കൂട്ടുപിടിക്കുന്നു.ഇതിൽ കുഴിവെട്ടുകാരൻ പത്രോംസിനെയും സെക്യൂരിറ്റി രാജനെയും അയാൾ തന്റെ കഥയിലെ കഥാപാത്രം ആക്കുന്നു.ജോർജ്കുട്ടി ബുദ്ധിപൂർവം മെനഞ്ഞെടുത്ത ആ സിനിമ കഥയാണ് വിനയ ചന്ദ്രൻ വഴി ഐജി തോമസും വരുണിന്റെ മാതാപിതാക്കളും അറിഞ്ഞത്.

ശരിക്കും ഈ കഥ യഥാർത്ഥത്തിൽ ജോർജ്കുട്ടി ചെയ്തു കാണും എന്ന് വിശ്വസിച്ചു പത്രോസിനെ ചോദ്യം ചെയ്താലോ രാജനെ ചോദ്യം ചെയ്താലോ പോലീസുകാർക്ക് ഒരു തുമ്പും ലഭിക്കില്ല കാരണം അവരുടെ കൂടെയൊക്കെ ജോർജ്കുട്ടി കമ്പനി കൂടിയതല്ലാതെ തന്റെ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികൾ ആക്കിയിട്ടില്ല.സ്വന്തം ഭാര്യയോട് പോലും വരുണിന്റെ മൃതദേഹം എവിടെയാണ് കുഴിച്ചിട്ടതെന്നു പറയാത്ത ജോർജ്കുട്ടി ഒരിക്കലും തന്റെ കൂടെ മറ്റാളുകളെ ചേർക്കില്ല.ജോർജ് കുട്ടി മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്നു പറയുന്ന ജോസ് ആദ്യം പോയത് ശരിക്കും ജോർജ്കുട്ടിയുടെ അടുത്തേക്കു തന്നെയാണ് കാരണം അയാൾക്ക് കാശിനു ആവശ്യമുണ്ടായിരുന്നു.ഒരിക്കലും ആരും അറിയില്ലെന്നു ജോർജ്കുട്ടി കരുതിയ കാര്യത്തിനു മറ്റൊരു സാക്ഷി ഉണ്ടായിരിക്കുന്നു എന്നതയാളിൽ അമ്പരപ്പാണാദ്യം ഉണ്ടാക്കിയത്.പക്ഷെ അയാൾ പതറിയില്ല കാരണം ജോസ് സത്യം പറഞ്ഞാൽ പോലും പോലീസ് സ്റ്റേഷനിൽ നിന്നും ആദ്യം കണ്ടെടുക്കുന്ന മൃതദേഹം വരുണിന്റ ആയിരിക്കില്ലെന്നു ജോർജ്കുട്ടിക്ക് നല്ലപോലെ അറിയാമായിരുന്നു.

ജോസിന് ഊഹിക്കാൻ പോലും കഴിയാത്ത ഒരു തുക വാഗ്ദാനം ചെയ്ത ശേഷം വർഷങ്ങൾക്കു മുൻപ് കണ്ട കാര്യം പോലീസിനോട് പോയി പറയാൻ തന്നെ ജോർജ് കുട്ടി അയാളോട് ആവശ്യപ്പെടുന്നു.കാരണം ജോർജ്കുട്ടിക്ക് വീണ്ടും ജോസിനെ ആവശ്യമായിരുന്നു. ജോസ് അതുപോലെ തന്നെ പിന്നീട് ചെയ്യുകയും ചെയ്യുന്നു.പിന്നീട് വീട്ടിൽ മക്കളുമായി നിൽക്കുമ്പോൾ പോലീസ് സ്റ്റേഷൻ കുഴിക്കുന്നതറിഞ്ഞ ജോർജ് കുട്ടി നേരെ വണ്ടിയെടുത്തു ഓഫീസിലേക്ക് പോയി cctv യിലൂടെ എല്ലാം നിരീക്ഷിക്കുന്നു.എല്ലാം താൻ പ്രതീക്ഷിച്ച രീതിയിൽ തന്നെ വരുന്നു എന്നയാൾക്ക് മനസ്സിലാകുന്നു.പോലീസ്കാർ കുഴിയിൽ നിന്നും ഒരാളുടെ അസ്ഥിയെ പുറത്തെടുത്തുള്ളൂ എന്ന് മനസ്സിലാക്കിയ ജോർജ്കുട്ടി നേരെ തന്റെ വക്കീലിനെ പോയി കാണുന്നു. വക്കീലിന് താൻ എഴുതിയ “ദൃശ്യം” എന്ന കഥയുടെ പുസ്തകം കൊടുത്ത ശേഷം അതു നോക്കി അതിലുള്ള കാര്യങ്ങൾ വാദിക്കാൻ ആവശ്യപ്പെടുന്നു.പിന്നീട് നടന്നത് നമ്മൾ കണ്ടതാണ്.
ജോർജ്കുട്ടിയെ ചോദ്യം ചെയ്യുന്ന ഐ ജി തോമസ്സിനോട് പോലീസ് സ്റ്റേഷനിൽ ബോഡി താൻ കുഴിച്ചിട്ടെന്നും വസ്ത്രങ്ങൾ ഊരി
മാറ്റിയെന്നും ജോർജ്കുട്ടി പറയുന്ന ഒരു രംഗം ഉണ്ട് അതയാളുടെ കുടുംബത്തെ അവിടെ നിന്നു രക്ഷിക്കാൻ വേണ്ടി മാത്രമായിരുന്നു കാരണം അയാളുടെ മകൾ അത്രയും മോശം അവസ്ഥയിലൂടെ ആയിരുന്നു കടന്നു പോയ്‌ കൊണ്ടിരുന്നത്.അവിടെ വെച്ചു കുറ്റം സമ്മതിച്ചെങ്കിലും പിന്നീട് കോടതിയിൽ അത് നിരസിക്കാം എന്നയാൾ കരുതിയിരുന്നു അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.
ശരിക്കും അസ്ഥികൾ തമ്മിൽ ജോർജ് കുട്ടി മാറ്റിയിരുന്നോ?അയാൾ രാജനെ കാണാൻ പോയിരുന്നോ?

ഇല്ല എന്ന് തന്നെ നമുക്ക് കരുതാം കാരണം പോലീസിന് കിട്ടിയ അസ്ഥി വരുണിന്റെ അല്ലെന്നുറപ്പുള്ള ജോർജ്കുട്ടി സത്യത്തിൽ രാജന്റെ അടുത്തേക്ക് അന്ന് പോയിട്ടില്ല.ജോർജ്കുട്ടി രാജന്റെ അടുത്ത് പോകുന്നതും പത്രോസ് കൊടുത്ത അസ്ഥികൾ മാറ്റുന്നതും ഐ.ജി തോമസ്സും വരുണിന്റെ മാതാപിതാക്കളും വിനയ ചന്ദ്രൻ പറയുന്ന കഥ കേട്ടു ഭാവനയിൽ കാണുന്നതാണ്.അതുപ്രകാരം അവര് പിന്നീട് പോയി രാജനെയോ പത്രോസിനെയോ ചോദ്യം ചെയ്താൽ തന്നെ ഒരു തുമ്പും കിട്ടില്ല.കാരണം അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല അത് തന്നെയാണ് ജോർജ്കുട്ടിക്ക് വേണ്ടതും.ഇനി സംശയം തീർക്കാൻ ജോർജ്കുട്ടിയുടെ ഫോൺ പരിശോധിച്ചാൽ തന്നെ അയാൾ തന്റെ പ്രദേശം വിട്ടു പോയിട്ടില്ല എന്ന് മനസ്സിലാക്കാൻ പോലീസ്കാർക്ക് എളുപ്പം സാധിക്കുന്നതാണ്.അപ്പഴും കിട്ടിയ അസ്ഥി ആരുടെ ആകും എന്നോർത്ത് പോലീസുകാർ വീണ്ടും ആശയകുഴപ്പത്തിലാകുo.

വീണ്ടും കോടതിയിൽ കേസ് വരുന്നു കാരണം പോലീസ് സ്റ്റേഷനിൽ നിന്നും വേറൊരാളുടെ അസ്ഥികൾ കിട്ടിയ സ്ഥിതിക്കു അതാരുടെ ആണെന്ന് അന്വേഷണം വരും.കോടതിയിൽ ജോസിനെ വിസ്തരിക്കുമ്പോൾ അയാൾ ജോർജ് കുട്ടി പറഞ്ഞത് പ്രകാരം പോലീസ്കാർ പറഞ്ഞിട്ടാണ് താൻ അങ്ങനെ പറഞ്ഞതെന്നു കള്ളം പറയുന്നു (വരുണിന്റെ മൃതദേഹം കുഴിച്ചിടുന്നത് കണ്ടു എന്ന് പറയുന്ന ജോസിനു തന്റെ ഭാര്യയുമായി ജീവിക്കാനുള്ള പണം ബാങ്ക് മുഖാന്തരം കൊടുക്കാതെ കാശായി തന്നെ ജോർജ് കുട്ടി കൊടുത്തിരുന്നു കാരണം നല്ലൊരു ജീവിതത്തിനു ജോസിന് പണം ആവശ്യമായിരുന്നു)ജോസിനെ കോടതി കൂറ് മാറിയതായി പ്രഖ്യാപിക്കുന്നു.പോലീസ് സ്റ്റേഷനിൽ നിന്നും കിട്ടിയ അസ്ഥികൾ ആരുടേതാണെന്നു കണ്ടുപിടിയ്ക്കാൻ കോടതി പോലീസിനോട് ആവശ്യപ്പെടുന്നു.ആകെയുള്ള സാക്ഷിയായ ജോസ് കൂറുമാറിയതിനാൽ വീണ്ടും ജോർജ് കുട്ടി കുറ്റവിമുക്തൻ ആക്കപ്പെടുന്നു.

ജോസ് പറഞ്ഞത് പ്രകാരം പോലീസ് സ്റ്റേഷന്റെ തറ കുഴിച്ചു നോക്കിയ പോലീസുകാർ ആദ്യത്തെ തലയോട്ടി കണ്ടപ്പോൾ തന്നെ അതാണ് വരുണിന്റെ അസ്ഥികൾ എന്ന അനുമാനത്തിൽ തറ കുഴിക്കൽ നിർത്തിയിരുന്നു. തങ്ങൾ കണ്ടതാണ് വരുണിന്റെ അസ്ഥികൾ എന്നു വിചാരിച്ചു പോലീസുകാർ മണ്ണിട്ടു മൂടിയ കുഴിയുടെ അടിയിൽ വരുണിന്റെ അസ്ഥികൾ കൂടി ഉണ്ടെന്ന സത്യമവരാരും അറിഞ്ഞില്ല.
വരുണിന്റെ അസ്ഥികൾ കണ്ടെത്താൻ വേണ്ടി കുഴിച്ച പോലീസ് സ്റ്റേഷന്റെ തറ പിറ്റേ ദിവസം തന്നെ ഗീത പ്രഭാകർ ഇറ്റാലിയൻ മാർബിൾ ഇട്ടു പുതുക്കി പണിതു കൊടുത്തിരുന്നു ആയതിനാൽ അത് വീണ്ടും കുത്തിപ്പൊളിക്കുമെന്ന പേടി ജോർജ്കുട്ടിക്ക് ഇല്ലായിരുന്നു.അയാൾ മനസമാധാനത്തോടെ കോടതിയിൽ നിന്നും ഇറങ്ങി പോകുന്നു….
“വെറും നാലാം ക്ലാസുകാരന്റെ ബുദ്ധിയല്ല ജോർജ് കുട്ടിക്ക്”.

NB:ജോർജ്കുട്ടി ഗീതപ്രഭാകറിനു കൊടുത്ത അസ്ഥി ശരിക്കും വരുണിന്റെ അല്ലായിരുന്നു.ഇത്രയും ചെയ്യാൻ കഴിവുള്ള ജോർജ്കുട്ടിക്ക് കുറച്ചു അസ്ഥി സംഘടിപ്പിക്കാൻ വലിയ പാടൊന്നുമില്ലല്ലൊ അത്രയും അയാൾ ചെയ്തത് തന്നെ വരുണിന്റെ അച്ഛന്റെ മനസമാധാനത്തിനു വേണ്ടി മാത്രമായിരുന്നു.കയ്യിൽ ഇരിക്കുന്നത് തന്റെ മകന്റെ അസ്ഥി ആണെന്നു വിശ്വസിച്ച പ്രഭാകർ മകന്റെ കർമങ്ങൾ ചെയ്യുകയും ചെയ്തു.
ശുഭം.
സിനിമ കണ്ട ശേഷം മനസ്സിലെ തോന്നൽ എഴുതി നോക്കി അത്രേ ഉള്ളൂ..