അച്ചു വിപിൻ

ഏട്ടത്തി

കാലിനു വൈകല്യമുള്ള പെണ്ണിനെ കല്യാണം കഴിക്കാനുള്ള ഏട്ടന്റെ തീരുമാനത്തെ ആദ്യം എതിർത്തത് ഞാനായിരുന്നു..എന്റെ എതിർപ്പിനെയവഗണിച്ചു കൊണ്ടവരുടെ കഴുത്തിൽ താലി കെട്ടിയ ഏട്ടനു നേരെ സഹതാപത്തോടെ നോക്കിയത് ഞാനായിരുന്നു.ഏട്ടന്റെ കൈ പിടിച്ചു കൊണ്ട് വൈകല്യമുള്ള തന്റെ വലതു കാൽവെച്ചവരകത്തേക്കു കയറിയപ്പോൾ ദേഷ്യത്തോടെ നോക്കിയതും,അപശകുനമെന്ന് പറയിക്കാനായവരുടെ കയ്യിലിരുന്ന കത്തുന്ന വിളക്കിലെ തിരി ആരും കാണാതെ ഊതിക്കെടുത്തിയതുo ഞാനായിരുന്നു.

ഒരു കാലിനു സ്വാധീനം കുറവുള്ളയവരെ വെറുപ്പോടെ കണ്ടതും പരിഹസിച്ചതും ഞാനായിരുന്നു…
എന്നേക്കാൾ സുന്ദരിയായവരെ കാണുന്നതെനിക്കസൂയ ആയിരുന്നു..അമ്മയുമച്ഛനും അവരെ മരുമകളായി അംഗീകരിച്ചിട്ടും ഏട്ടത്തിയായി സ്വീകരിക്കാൻ മനസ്സനുവദിക്കാത്തവൾ ഞാനായിരുന്നു.
സുന്ദരനായ ഏട്ടന്റെ വൈകല്യമുള്ള ഭാര്യയെ നാലാളിന് മുന്നിൽ പരിചയപ്പെടുത്താൻ നാണക്കേടു തോന്നിയവൾ ഞാനായിരുന്നു.അവരുണ്ടാക്കുന്ന കറികളിൽ ആരും കാണാതെ ഉപ്പും,മുളകും വാരിയിട്ടവളെ ഉപദ്രവിക്കുന്നതും ഞാനായിരുന്നു.

അവരെ കൊണ്ടെന്റെ അടിവസ്ത്രം വരെയലക്കിപ്പിച്ചു സന്തോഷം കണ്ടെത്തുന്നതും ഞാനായിരുന്നു..സ്വന്തം വീട്ടിലേക്കു പോകാൻ ആഗ്രഹം പറയുന്നയവരെ ഓരോന്ന് പറഞ്ഞു വിടാതെയിരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നതുo ഞാനായിരുന്നു.മോളെ എന്നു വിളിച്ചു സ്നേഹത്തോടെവന്നയവരെ മനപ്പൂർവം ഒഴിവാക്കിയതും ഞാനായിരുന്നു.ഏട്ടനവളെ അളവറ്റു സ്നേഹിക്കുന്നതും ഓരോന്ന് മേടിച്ചു കൊടുക്കുന്നതും കണ്ടപ്പോൾ മാറിനിന്നസൂയപ്പെട്ടവൾ ഞാനായിരുന്നു.ഏട്ടൻ മേടിച്ചു കൊടുത്ത വസ്ത്രങ്ങൾ സ്നേഹത്തോടെ എന്റെ നേരെയവർ നീട്ടിയപ്പോൾ അത്ഭുതപ്പെട്ടവൾ ഞാനായിരുന്നു.ബസിൽ വെച്ചെന്നോട് അപമര്യാദയായി പെരുമാറിയ ഒരുത്തന്റെ കരണമവർ അടിച്ചു പൊട്ടിച്ചപ്പോൾ ഞെട്ടിയത് ഞാനായിരുന്നു.

മോളൊരു മാമിയാകാൻ പോകുന്നുവെന്നെന്റെ കാതിൽ വന്നവർ നാണത്തോടെ പറഞ്ഞപ്പോൾ സന്തോഷം കൊണ്ടാ വയറ്റിലൊരുമ്മ കൊടുത്തവൾ ഞാനായിരുന്നു.ഭക്ഷണം കഴിച്ചതിനു ശേഷം വയറ്റിൽ പിടിക്കാതെയവർ ഛർദ്ദിക്കുമ്പോൾ ഓടിച്ചെന്നവരുടെ പുറം തിരുമ്മികൊടുത്തത് ഞാനായിരുന്നു…..
പുളിയുള്ളതെന്തെങ്കിലും തിന്നാനായവരുടെ ഉള്ളo കൊതിച്ചപ്പോൾ തെക്കേ പറമ്പിലെ മാവിന്റെ മുകളിൽ വലിഞ്ഞു കയറിയതു ഞാനായിരുന്നു.രാത്രി കാലങ്ങളിൽ ഉറക്കം വരാതെയവർ എഴുന്നേറ്റിരുന്നപ്പോൾ കൂട്ടിരുന്നതു ഞാനായിരുന്നു.പ്രസവവേദനയെടുത്തയവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ അവരെക്കാൾ ഉറക്കെ കരഞ്ഞത് ഞാനായിരുന്നു

തല നിറയെ മുടിയുള്ള ചുന്ദരൻവാവയെ നേഴ്സ് പുറത്തേക്കു കൊണ്ടുവന്നപ്പോൾ അവനെ കയ്യിലെടുക്കാൻ ആദ്യമോടിയത് ഞാനായിരുന്നു.എനിക്കൊരു നല്ല കല്യാണം വന്നപ്പോൾ ഇത് മോളിട്ടോളു എനിക്കെന്തിനാ സ്വർണം എന്നു പറഞ്ഞു കയ്യിലിരുന്ന ആഭരണങ്ങൾ മുഴുവൻ സ്നേഹത്തോടെ എന്റെ നേരെ വെച്ച് നീട്ടിയവരുടെ നേരെ പകച്ചു നോക്കിയതും ഞാനായിരുന്നു.വിവാഹ ദിവസം രാവിലെ അനുഗ്രഹം മേടിക്കാനായി വൈകല്യമുള്ളയവരുടെ വലതു കാലിൽ പിടിക്കുമ്പോൾ അതിനേക്കാൾ വൈകല്യമുള്ള മനസ്സിൽ ഒരായിരം “മാപ്പ്”പറഞ്ഞതു ഞാനായിരുന്നു.

അവർ ദാനമായി തന്ന ആഭരണങ്ങൾ അവരുടെ കൈകളിൽ തന്നെ തിരികെയേൽപ്പിച്ചു ഭർതൃഗൃഹത്തിലേക്കു യാത്രയായപ്പോൾ അവരെയോർത്തു കണ്ണീർ പൊഴിച്ചതുo ഞാനായിരുന്നു…..
ഒടുക്കം അവരുടെ അളവറ്റ സ്നേഹത്തിനു മുന്നിൽ തോറ്റത് ഞാനായിരുന്നെങ്കിലും എന്റെ മനസ്സിൽ “ഏട്ടത്തി” എന്ന സ്ഥാനം നേടിയെടുത്തു ജയിച്ചതവരായിരുന്നു…..

You May Also Like

ഒരു പച്ചയായ മനുഷ്യനിൽ അദിതിയുടെ ഓർമ്മകൾ (അനുഭവക്കുറിപ്പ്)

കുഞ്ഞുങ്ങളുടെ മരണം നമ്മെ അത്രമാത്രം നൊമ്പരപ്പെടുത്തുന്നത് എന്തുകൊണ്ടാണ് ? RAJESH അഞ്ചാറുവർഷങ്ങൾക്കു മുമ്പ് അദിതിയെന്ന ആറുവയസുകാരി,…

തെരുവിലേക്കിറങ്ങുമ്പോൾ ഞാൻ സ്വയം ചോദിച്ചു, മനുഷ്യന്റെ ചോരയുടെ യഥാർത്ഥ വില എന്താണ്?

തിരുവനന്തപുരത്ത് തമ്പാനൂരിൽ ശ്രീകുമാർ തിയേറ്ററിനടുത്ത് പണ്ടൊരു ബ്രാഹ്മണാൾ ഹോട്ടൽ ഉണ്ടായിരുന്നു.മുഴുപ്പട്ടിണിയുടെ മൂന്നാം നാൾ രണ്ടും കല്പിച്ച് ഞാനാ

ഒരു സ്റ്റൂളിന്മേൽ രണ്ടു പേരുടെ മൂടുറപ്പിച്ചുകൊണ്ട് രണ്ടര മണിക്കൂർ ഇരുന്ന് കണ്ട ഒരു പടം !

മീശമാധവൻ പടത്തെ പറ്റി ആലോചിക്കുമ്പോൾ ഇപ്പോഴും മനസ്സിൽ വരുന്നത് പണ്ട് തിയേറ്ററിൽ ഇരിക്കാൻ സീറ്റ് തികയാതെ എനിക്കും കൂട്ടുകാരനും പുറത്ത് നിന്ന് ഒരു സ്റ്റൂൾ ഇട്ട് തന്നതും പടം തീരുന്ന വരെ

ഡീസലിന് പകരം കാറിൽ പെട്രോളടിച്ച ജീവനക്കാരനോട് കാറുടമസ്ഥനും പെട്രോൾ പമ്പ് ഉടമസ്ഥനും ചെയ്തത്, ക്ഷമയുള്ളവർ അല്ല ‘ക്ഷമയില്ലാത്തവർ’ ഇത് വായിക്കണം

ഇന്നലെ വൈകുന്നേരം. മോളുടെ SSLC എക്സാം കഴിയുമ്പോൾ കൂട്ടി കൊണ്ട് വരാനാണ് ഇന്നോവയുമായിട്ട് സഹധർമ്മിണിയുമായി ഇറങ്ങിയത് രണ്ടാമത്