ആക്ടിവിസം അപരാധമാണെന്ന ചിന്ത കേരളത്തിൽ പടരുന്നു.

0
637


ആക്ടിവിസം എന്തോ വലിയ അപരാധമാണെന്ന നിലയിലുള്ള ചിന്ത കേരളത്തിൽ വ്യാപകമായി പടരുന്നു. ശബരിമല കേസിലെ സുപ്രീംകോടതിവിധിയെ തുടർന്ന‌് വിശ്വാസികൾ വേറെ; ആക്ടിവിസം വേറെ എന്ന ദ്വന്ദചിന്ത സൃഷ്ടിക്കാൻ ശ്രമങ്ങൾ നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട‌് കേരള ഹൈക്കോടതിയിൽനിന്നുണ്ടായ ചില പരാമർശങ്ങളിൽപോലും ആക്ടിവിസ്റ്റുകൾക്കെതിരെയുള്ള വിമർശനം മുഴച്ചുനിന്നു. ഒന്നോർത്താൽ, നാരായണഗുരുവും അയ്യൻകാളിയും ആനന്ദതീർഥരും ഡോ. പൽപ്പുവുമെല്ലാം ആക്ടിവിസ്റ്റുകൾ ആയിരുന്നു. ഒരു ജനത നടത്തിയ ആക്ടിവിസംതന്നെയാണ‌് യഥാർഥത്തിൽ നവോത്ഥാനം. അതിനാൽ ആക്ടിവിസം ഒരു മോശപ്പെട്ട കാര്യമാണെന്ന ചിന്ത ഹൈക്കോടതിയിൽനിന്നുപോലും ഉണ്ടാകുന്നത‌് നിർഭാഗ്യകരമാണ‌്.

യാഥാസ്ഥിതികത്വം മാത്രമാ‌ണ‌് വിശ്വാസം എന്നു കരുതരുത‌്. ദൈവത്തിലും മതത്തിലുമെന്നതുപോലെ ഒരാൾക്ക‌് ഭരണഘടനയിലും ആക്ടിവിസത്തിലും സ്വന്തം മനഃസാക്ഷിയിലുമെല്ലാം വിശ്വസിക്കാം. പലരും തെറ്റിദ്ധരിക്കുന്നതുപോലെ ഭരണഘടനയുടെ 25–-ാം അനുച്ഛേദം മതവിശ്വാസങ്ങൾ അനുഷ‌്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശത്തെക്കുറിച്ചുമാത്രമല്ല പറയുന്നത‌്. സ്വന്തം ബോധ്യം (Conscience) അനുസരിച്ച‌് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചുകൂടിയാണ‌്. ആക്ടിവിസ്റ്റുകൾക്കും അവരുടേതായ ബോധ്യങ്ങൾ ഉണ്ടാകാം.

ആ ബോധ്യം മറ്റുള്ളവർക്ക‌് യോജിക്കാൻ കഴിയുന്നതാകണമെന്നുമില്ല. ശബരിമല തീർഥാടനകാര്യത്തിൽ വിശ്വാസികളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും നിരാകരിച്ചതും വെല്ലുവിളിച്ചതും ആക്ടിവിസ്റ്റുകളായിരുന്നില്ല; മറിച്ച‌് വിശ്വാസത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തെരുവിലിറക്കാൻ ശ്രമിച്ച വർഗീയശക്തികളായിരുന്നു. ശബരിമലയിൽ ഇത്തവണ കലാപമുണ്ടാക്കാൻ ശ്രമിച്ചതാരെന്ന‌് മനസ്സിലാക്കാൻ ഗവേഷണം നടത്തേണ്ട കാര്യമില്ല. തീർഥാടനം നടത്താൻ ആഗ്രഹിച്ച‌് അവിടം സന്ദർശിക്കുന്ന ഒരു യുവതിയുടെയും വിശ്വാസത്തെ ചോദ്യംചെയ്യാൻ കോടതിക്കുപോലും അവകാശമില്ല.

സുപ്രീംകോടതി വിധിക്ക‌് ശേഷം ആര‌് അങ്ങനെ ചെയ‌്താലും അത‌് മൗലികാവകാശലംഘനമായിരിക്കും. സുപ്രീംകോടതി അടിവരയിട്ട‌് അനുവദിച്ചുതന്ന മൗലികാവകാശത്തെ ഇല്ലാതാക്കാൻ ഹൈക്കോടതിക്ക‌് കഴിയില്ല. മറിച്ച‌് ഹൈക്കോടതിക്ക‌് സുപ്രീംകോടതിവിധി അതുപോലെ അനുസരിക്കാനുള്ള ബാധ്യതയാണുള്ളത‌്. ഭരണഘടനയുടെ 141–-ാം അനുച്ഛേദം ഇക്കാര്യം വ്യക്തമാക്കുന്നു.

ആർത്തവായിത്തം അയിത്തംതന്നെ

ജനഹിതം നോക്കിയല്ല, ഭരണഘടനാവ്യവസ്ഥകൾ നോക്കിയാണ് സുപ്രീംകോടതി വിധി പ്രസ്താവിക്കുന്നത്. യഥാർഥത്തിൽ ജസ്റ്റിസ്ബ ഇന്ദുമൽഹോത്ര തന്റെ ന്യൂനപക്ഷവിധിയിൽ സൂചിപ്പിച്ച പ്രശ്നങ്ങൾക്കെല്ലാം ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ വിധിയിൽ മറുപടി നൽകിയിട്ടുണ്ടെന്ന് അഭിഭാഷകനായ ഗൗതം ഭാട്ടിയ ശരിയായി നിരീക്ഷിക്കുന്നുണ്ട്. ഭരണഘടനയിലെ 17ാം അനുച്ഛേദത്തിൽ വിവരിച്ച അയിത്തത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ രാജ്യത്ത് വർഷങ്ങളായി നിലവിൽ ഉള്ള ആർത്തവായിത്തം. ശബരിമലയിലെ യുവതിവിലക്കും ഇതിന്റെ ഭാഗമാണ്.

പ്രൊഫ. ഉപേന്ദ്ര ബക്ഷി മുതൽ കൽപ്പനാ കണ്ണബിരാൻ വരെയുള്ള ധിഷണാശാലികൾ ഭരണഘടനാബെഞ്ചിന്റെ വിധിവരുന്നതിനും മുമ്പുതന്നെ ഇക്കാര്യം പറഞ്ഞ് ലേഖനങ്ങളെഴുതിയിരുന്നു. മനുഷ്യന്റെ അന്തസ്സിന്റെ ഭാഗമാണ് സ്ത്രീകളുടെ, യുവതികളുടെ അന്തസ്സ്. വീട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത മൗലികമായ ആദർശമാണത് എന്ന് റൊണാൾഡ് ഡോർക്കിനെപ്പോലുള്ള പ്രതിഭാശാലികൾ നിരന്തരം വിശദീകരിച്ചുകൊണ്ടിരുന്നു.

ആർത്തവത്തിന്റെപേരിൽ യുവതികളെ “അശുദ്ധി’ ബാധിച്ചവരായി കാണുന്ന ചിന്താഗതി ഏറ്റവും നികൃഷ്ടമായ അയിത്തമാണെന്ന് വിശദീകരിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് “വിപ്ലവകരമായ തുല്യത’ (Radical Equality) യെ സംബന്ധിച്ച അംബേദ്കറിസ്റ്റ് ചിന്താധാരയുടെ മർമം കണ്ടുകൊണ്ടാണ് വിധിയെഴുതിയത്. സ്വാതന്ത്ര്യത്തെ സംബന്ധിച്ച ഈ ‘ആക്ടിവിസ്റ്റ് ചിന്ത’ ആവാഹിക്കുമ്പോൾമാത്രമേ നമുക്ക് ആക്ടിവിസ്റ്റുകളെ വ്യാജമായ ആരോപണമുയർത്തി അറസ്റ്റുചെയ്ത ഫാസിസത്തിന്റെ പ്രതിലോമപരത തിരിച്ചറിയാനാകൂ.
സ്വാതന്ത്ര്യവാഞ്ഛ ഒരു രാഷ്ട്രീയവികാരമാണ്– ശബരിമലയുടെ കാര്യത്തിലായാലും സുധാ ഭരദ്വാജ്, വരവരറാവു, വെർനോൺ ഗോൺസാൽവസ് തുടങ്ങിയ ആക്ടിവിസ്റ്റുകളെ കൃത്രിമമായ ആരോപണങ്ങളോടെ അറസ്റ്റുചെയ്ത കേന്ദ്രത്തിന്റെ അമിതാധികാരപ്രവണതയെ എതിർക്കുന്ന കാര്യത്തിലായാലും. ഇപ്പറഞ്ഞ ആക്ടിവിസ്റ്റുകളെ അറസ്റ്റുചെയ്തതിനെ അപലപിച്ചത് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ന്യൂനപക്ഷ വിധിയായിരുന്നുവെന്നതോർമിക്കുക.
ആത്മീയത യുവതീവിരുദ്ധമല്ല

ശബരിമലയിലെ ബൗദ്ധപാരമ്പര്യവും “തത്വമസി’ എന്ന സങ്കൽപ്പത്തിൽ അധിഷ്ഠിതമായ ശങ്കരപാരമ്പര്യവും ദളിത് പാരമ്പര്യവുമൊന്നുംതന്നെ ആർത്തവായിത്തമെന്ന ആഭാസത്തെ ന്യായീകരിക്കുന്നില്ല. സമസ്ത ജീവികളിലും വിവേചനംകൂടാതെ കാരുണ്യം ചൊരിഞ്ഞ ബുദ്ധസംഘങ്ങൾ യുവതീവിരുദ്ധരായിരുന്നില്ല. ഭക്തൻതന്നെ സ്വാമിയും അയ്യപ്പനും ദൈവവുമായി മാറുന്ന, ക്ഷേത്രത്തിനുമുന്നിൽ എഴുതിവച്ച “തത്വമസി’ (അത് നീയാകുന്നു) ദർശനത്തെ തീർഥാടനത്തിലൂടെ സ്വാംശീകരിക്കുന്ന യഥാർഥ ആത്മീയതയിലും യുവതീവിരുദ്ധതയ്ക്ക് സ്ഥാനമില്ല.

ഭാവിയിലേക്കുള്ള വിധി

സാധാരണ മനുഷ്യരുടെ വിശ്വാസങ്ങളെ ആത്മീയമോ ഭരണഘടനാപരമോ ആയ വിദ്യാഭ്യാസത്തിലൂടെ മെച്ചപ്പെടുത്താൻ വർഗീയകക്ഷികൾക്ക് താൽപ്പര്യമുണ്ടാകാത്തതിന്റെ കാരണം വോട്ടുരാഷ്ട്രീയമാണ്. എന്നാൽ, ശബരിമല വിഷയത്തിൽ ഈയിനം വിലകുറഞ്ഞ രാഷ്ട്രീയം പൊളിഞ്ഞുപോയത് മലയാളിയുടെ താരതമ്യേന മെച്ചപ്പെട്ട രാഷ്ട്രീയബോധംകൊണ്ടും ഭരണഘടനാബോധംകൊണ്ടും മാത്രമാണ്. എന്നാൽ, മൗലികാവകാശവിരുദ്ധമായ പരാമർശങ്ങൾ ചിലപ്പോൾ നീതിന്യായകേന്ദ്രങ്ങളിൽനിന്നുതന്നെ ഉണ്ടാകുന്നത് തെറ്റായ സന്ദേശങ്ങൾ നൽകും. ആക്ടിവിസത്തിന്റെപേരിൽ ആളുകളെ ജയിലിലാക്കുന്ന അവസ്ഥ ഒരു സ്വാതന്ത്ര്യവിരുദ്ധ സമീപനത്തിലൂടെയാണുണ്ടാകുന്നത്. വിശ്വാസം ആരുടെയും കുത്തകയല്ല.

വിശ്വാസത്തെ സംബന്ധിച്ച ഇടുങ്ങിയ ചിന്തകൾ ആർക്കും വച്ചുപുലർത്താം. എന്നാൽ, അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിച്ച് ശബരിമലയിലെത്തുന്ന യുവതികൾ വിശ്വാസപരിശോധനയ്ക്ക് വിധേയരാകണമെന്ന് ശഠിക്കാൻ സുപ്രീംകോടതി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആക്ടിവിസ്റ്റുകളുടെ പ്രവർത്തനരീതി എത്രമേൽ അസ്വീകാര്യമാണെങ്കിൽപോലും അവരെ ജയിലിലിടണമെന്ന് പറയാൻ ആർക്കും അവകാശമില്ല‐ അവർ കുറ്റം ചെയ്യാത്തിടത്തോളം.ഒട്ടേറെ രാഷ്ട്രീയ നിയമപോരാട്ടങ്ങൾക്കുശേഷം, വർഷങ്ങൾ കഴിഞ്ഞ ശേഷമാണ് യുവതികൾ ഇന്ത്യയുടെ പരമോന്നത കോടതിയുടെ ഭരണഘടനാ ബെഞ്ചിൽനിന്ന് തങ്ങൾക്കനുക്കൂലമായ വിധി നേടിയെടുത്തത്. ആർത്തവത്തെയും അശുദ്ധിയെയും സംബന്ധിച്ച വികലധാരണകൾ പേറിനിൽക്കുന്ന ഒരു വിഭാഗത്തിനുമുന്നിൽ അടിയറ വയ്ക്കാനുള്ളതായിരുന്നില്ല, ഈ ചരിത്രവിജയം. ഇത്തവണത്തെ തീർഥാടനകാലത്ത് യുവതികൾക്ക് സന്നിധാനത്ത് എത്താൻ കഴിയാതിരുന്നുവെങ്കിൽ, അതാകുമായിരുന്നു, ഏറ്റവും വലിയ ദുരന്തം. യുവതികൾ കയറിയതിൽ പരിതപിക്കുന്ന നീതിന്യായമനസ്സുകൾ പ്രതിഫലിപ്പിക്കുന്നത് മറ്റെന്തായാലും ഭരണഘടനാവബോധമല്ല.

Written By

അഡ്വ. കാളീശ്വരം രാജ്