ഇരട്ടയിലെ ജോജുവിന്റെ ഹൃദയഹാരിയായ പ്രകടനത്തിനിടക്കും തന്റെ പ്രകടനത്തെ മാറ്റിനിർത്താൻ ഒരു സിനിമാ പ്രേമിയെ അനുവദിക്കാത്ത അളവിൽ അഭിനയം കാഴ്ച്ച വെച്ചൊരു മനുഷ്യൻ. ഈ കഥാപാത്രത്തിന് വേണ്ടി കൃത്യമായൊരു മനുഷ്യനെ കണ്ടുപിടിച്ച വ്യക്തിക്ക് ചെറിയ ഒരു ഓസ്ക്കാറോ മറ്റോ കൊടുക്കുന്നതിൽ തെറ്റില്ല. ഉറച്ച ശരീരം. ചില പ്രത്യേക മതവിഭാഗക്കാർക്കിടയിൽ ഇങ്ങനെയുള്ള മനുഷ്യരെ കണ്ടിട്ടുള്ളതുകൊണ്ടു തന്നെ ഈ നടൻ എന്നെ വിസ്മയിപ്പിക്കുകയാണ്. ആരോഗ്യം ഉണ്ടെങ്കിലും ജോലിയെടുക്കാതെ കഴിയുന്ന ചില കള്ളനാണയങ്ങളുടെ കൃത്യമായ വരച്ചുകാട്ടലാവുന്നുണ്ട് അദ്ദേഹത്തിന്റെ കഥാപാത്രം.
പ്രാർഥനയുമായി വേഷം മാറിക്കഴിയുന്ന ഒരു മാനസിക രോഗിയുടെ വന്യഭാവം രണ്ടാമത്തെ രംഗത്തിൽ അയാളെടുത്തണിയുന്നതു കാണുമ്പോൾ ജോജു മാത്രമല്ല ഇരട്ടവേഷം ചെയ്തിരിക്കുന്നതെന്ന് മനസിലാകും. അയാളെ പിടിച്ചു കെട്ടാൻ ചെറിയ കരുത്ത് പോരാ. ഭൂതം ആവാഹിച്ചതെന്നു പറയും. അമ്മാതിരി പ്രകടനം. ഇനിയും ഇനിയും കരുത്തുള്ള വേഷങ്ങൾ തേടിയെത്തട്ടെ.
ഇരട്ടയിലെ പാസ്റ്റർ വേഷമായ ബ്രദർ സാംസൺ വിൽഫ്രഡിനെ അവതരിപ്പിച്ചത് നടൻ ജിത്തു അഷറഫ് ആണ്. ആലപ്പുഴ സ്വദേശി. നിരവധി വർഷങ്ങളായി പരസ്യരംഗത്തും സിനിമാ രംഗത്തും സജീവമാണ്. നായാട്ടിന്റെ ചീഫ് അസോസിയേറ്റ് സംവിധായകനായ ജിത്തു സ്വതന്ത്ര സംവിധാനം നിർവ്വഹിക്കുന്ന ടോവിനോച്ചിത്രമായ ആരവം 2019ൽ അനൗൺസ് ചെയ്തിരുന്നു. ഉദാഹരണം സുജാതയിലും ചീഫ് അസോസിയേറ്റ് ജിത്തു തന്നെയായിരുന്നു. ആലപ്പുഴക്കാരനായ ജിത്തു മുൻപ് ഭ്രമം, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ സിനിമകളിൽ അസോസിയേറ്റ് സംവിധായകനുമായിരുന്നു. നായാട്ടിലും ഇലവീഴാ പൂഞ്ചിറയിലും അദ്ദേഹം അഭിനയിച്ചിരുന്നു. രണ്ടിലും പോലീസ് വേഷങ്ങൾ ആയിരുന്നു.