ആദരാഞ്ജലികൾ.
നടനും നിർമ്മാതാവുമായിരുന്ന കാലടി ജയൻ വിടവാങ്ങി. ഇന്ന് 2023 ഫെബ്രുവരി 15 ആം തിയതി തന്റെ 77 ആം വയസ്സിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.1946 ൽ തിരുവനന്തപുരം കാലടിയിൽ ജനിച്ച ഇദ്ദേഹം തൈക്കാളി ഗവണ്മെന്റ് ഹൈസ്ക്കൂൾ, മാർ ഇവനിയസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.പഠനകാലത്ത് തന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്ന ഇദ്ദേഹം പഠനശേഷം ടൈറ്റാനിയം ഫാക്ടറിയിൽ ജോലിക്ക് കയറി. ജോലിക്കൊപ്പം നാടകാഭിനയം തുടർന്ന ഇദ്ദേഹം 1977 ൽ നീതിപീഠം എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് ചലച്ചിത്ര ലോകത്തെത്തി.
തുടർന്ന് ആശ്രമം, കായലും കരയും, തലയണമന്ത്രം, അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി 30 ലേറെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു.കൈരളി ടിവിയിൽ സംപ്രേഷണം ചെയ്ത കാര്യം നിസ്സാരം എന്ന സീരിയലിന്റെ നിർമ്മാതാവായിരുന്ന ഇദ്ദേഹം 2022 ൽ ഇറങ്ങിയ ഹെഡ്മാസ്റ്ററിലായിരുന്നു അവസാനമായി അഭിനയിച്ചത്.