Rakesh Sanal

പദ്മയില്‍ ജയിലര്‍ കാണുമ്പോള്‍, ഓരോ സൂപ്പര്‍താരങ്ങള്‍ക്കും വേണ്ടി ആഘോഷങ്ങള്‍ക്കിടയില്‍ എന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചത്, ആ സിനിമയില്‍ ചെറിയൊരു വേഷം ചെയ്ത നടന് വേണ്ടി തിയേറ്ററില്‍ അത്ര ഉച്ചത്തിലല്ലാതെ മുഴങ്ങിയ കൈയടികളായിരുന്നു. ആ നടന്‍ പോപ്‌സായിരുന്നു. മറ്റൊരാള്‍ രക്ഷപ്പെടണമെന്നു നമ്മള്‍ മനസറിഞ്ഞ് ആഗ്രഹിക്കാറില്ലേ, പോപ്സിന്റെ കാര്യത്തില്‍ ആഗ്രഹവും പ്രാര്‍ത്ഥനയും അയാളെ കണ്ട അന്നു തൊട്ടുണ്ട്. കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചപ്പോള്‍, ചെന്നൈയിലെ ഷൂട്ടിംഗ് സെറ്റിലായിരുന്നു പോപ്‌സ്. നമ്മള്‍ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നയാള്‍ തിരക്കിലാണെന്ന് പറയുമ്പോള്‍ സാധാരണ മനസ് മുഷിയാറാണ് പതിവ്. ബ്രോ.., ഇച്ചിരി തിരക്കിലായിപ്പോയി എന്ന് പോപ്‌സ് പറഞ്ഞപ്പോള്‍, ഉള്ളില്‍ തികട്ടി വന്നത് ആനന്ദമായിരുന്നു. ആ മച്ചാന്‍ കൂടുതല്‍ കൂടുതല്‍ തിരക്കിലേക്ക് പോകട്ടെയെന്നാണ് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചത്.

കുമ്പളങ്ങി നൈറ്റ്‌സ് കണ്ടശേഷം ആദ്യം വിളിക്കുന്നതും ഒരഭിമുഖം എടുക്കുന്നതും സജി നെപ്പോളിയനെ ആയിരുന്നു. സജി ചേട്ടനുമായി സംസാരിക്കവെയാണ് കുമ്പളങ്ങിയിലെ ബോബിയുടെ ചങ്കായ പ്രശാന്തിനെ അവതരിപ്പിച്ചയാളുടെ പേര് സുരാജ് എന്നാണെന്നു മനസിലായത്. കൂട്ടുകാര്‍ക്ക് സുരാജ് പോപ്സ് ആണ്. ഒരു ചെറു ചിത്രം പോപ്സിനെ കുറിച്ച് സജി ചേട്ടനില്‍ നിന്നും കിട്ടി. ഒട്ടും വൈകാതെ വിളിച്ചു. പണിയിലാണ് മച്ചാനെ…ഞായറഴ്ച്ച കാണാന്നു പറഞ്ഞു. തേവര എസ് എച്ച് കോളേജിന് അടുത്ത് കോന്തുരുത്തിയിലാണ് വീട്.

റോഡിലേക്കിറങ്ങി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. കണ്ടമാത്രയില്‍ ആദ്യം ചോദിച്ചത്, ഞാന്‍ നിങ്ങളെയൊന്നു കെട്ടിപ്പിടിച്ചോട്ടെ എന്നായിരുന്നു. അതിനെന്താ മച്ചാനേ എന്നു പോപ്സ്.. ഇടുങ്ങിയ വഴിയിലൂടെ നടന്ന് വീട്ടിലേക്ക് കേറും മുന്നേ, ചെറിയ വീടാണ് മച്ചാനേ…ഒന്നും തോന്നരുത്… എന്നു പോപ്സിന്റെ ജാമ്യമെടുക്കല്‍. അതൊരു ഒറ്റമുറി വീടായിരുന്നു. ഒരടുക്കളയും. അവിടെ പോപ്സും ഭാര്യ മഞ്ജുവും മക്കള്‍ ശ്രീനന്ദയും ശ്രീലക്ഷ്മിയും. ആകെയതിനകത്ത് വിലപിടിച്ച വസ്തുക്കള്‍ എന്നു പറയാന്‍ ഒരു ടിവിയും അലമാരയും മാത്രം. ആ വീടിനു ചുറ്റും ഇരുനില മാളികകള്‍ ഉണ്ട്. അതൊക്കെ കണ്ടാണ് ശ്രീലക്ഷ്മിയും ശ്രീനന്ദയും അച്ഛനോട് അവര്‍ക്കും ടെറസുള്ളൊരു വീട് വേണമെന്നു പറയുന്നത്.

വലിയ കെട്ടിടങ്ങളില്‍ വടംകെട്ടി തൂങ്ങി പെയിന്റ് അടിച്ചായിരുന്നു പോപ്സ് കുടുംബം പോറ്റിയിരുന്നത്. ലോണും കടവുമൊക്കെ ആവശ്യത്തിലേറെയുണ്ടായിരുന്നു. ഡാന്‍സ് ജീവനാണെങ്കിലും അതുപോലും ഉപേക്ഷിച്ച് പണിക്കിറങ്ങിയിരിക്കുന്നത് ജീവിക്കാന്‍ വേണ്ടിയായിരുന്നു. നുമ്മ പണിക്കു പോയില്ലേ കുടുംബം പട്ടിണിയായിപ്പോകും മച്ചാനേ..; പറയുമ്പോള്‍ ചിരിയായിരുന്നുവെങ്കിലും ഉള്ളിലെ നീറ്റല്‍ കേള്‍ക്കുന്നവന് മനസിലാകുമായിരുന്നു. ഒന്നുമില്ലെങ്കിലും വേണ്ട, എന്നെ നോക്കിയാല്‍ മതിയെന്ന ഉറപ്പ് മാത്രം ചോദിച്ച് കൂടെ ഇറങ്ങി വന്നവളാണ് ഭാര്യ മഞ്ജു. സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാതിരുന്നപ്പോഴും നീ തിരിച്ചു നിന്റെ വീട്ടില്‍ പോകാന്‍ പലരും ഉപദേശിച്ചപ്പോഴും സുരാജ് ചേട്ടന്‍ എവിടെയോ അവിടെ ഞാനും എന്നു പറഞ്ഞ് ഒപ്പം നിന്നളവാണ്. ആ മഞ്ജുവിനു വേണ്ടി, ടെറസിട്ട് ഒരു വീട് സ്വപ്നം കാണുന്ന കുഞ്ഞുങ്ങള്‍ക്കു വേണ്ടി പോപ്‌സ് സിനിമയില്‍ നല്ലൊരു ഭാവി സ്വപ്‌നം കാണുന്നുണ്ട്.

കഴിഞ്ഞ വര്‍ഷവും പോപ്‌സിനെ വിളിച്ച് ഒരു അഭിമുഖം ചെയ്തിരുന്നു. അതിനിടയില്‍ പോപ്‌സ് മലയാളത്തില്‍ ചെറിയ ചെറിയ ചില വേഷങ്ങളൊക്കെ ചെയ്തിരുന്നു. എങ്കിലും ഹോളോബ്രിക്സ് കൊണ്ടു കെട്ടിയ രണ്ടുമുറി വീട് അതുപോലെ തന്നെയാണിപ്പോഴും. കാര്‍ന്നോമ്മാരുടെ കാലം തൊട്ട് വീതം വയ്ക്കാതെ കിടക്കുന്ന ഭൂമിയും അങ്ങനെ തന്നെ കിടക്കുന്നു. 32 ഇഞ്ച് ഫിലിപ്സ് എല്‍സിഡി ടി വിയ്ക്ക് അപ്പുറത്തേക്ക് വലുതായൊന്നും അതിനുള്ളില്‍ ഇപ്പോഴും ആഢംബരങ്ങള്‍ വളര്‍ന്നിട്ടില്ല. അയല്‍ക്കൂട്ടത്തില്‍ നിന്നെടുത്ത വായ്പ്പ ആഴ്ച്ചതോറും കൃത്യമായി അടയ്ക്കാന്‍ പോരാടുകയാണ്. സിനിമ നടനെന്ന ലേബല്‍ കിട്ടിയതുകൊണ്ട് പഴയപോലെ പെയിന്റ് പണിക്കും പോകാന്‍ പറ്റുന്നില്ല…

കഴിഞ്ഞ ദിവസം സംസാരിച്ചപ്പോള്‍, തമിഴില്‍ കുറച്ച് അവസരങ്ങള്‍ കിട്ടി തുടങ്ങിയിട്ടുണ്ട്. ജയിലര്‍ ഒരു വഴി കാണിക്കുമെന്ന പ്രതീക്ഷ പോപ്‌സിനുമുണ്ട്. അയാള്‍ രക്ഷപ്പെടും, കഷ്ടപ്പാടുകള്‍ മാറും, മഞ്ജുവിന്റെയും ശ്രീനന്ദയും ശ്രീലക്ഷ്മിയും ആഗ്രഹിക്കുന്നതുപോലൊരു ജീവിതം അവര്‍ക്ക് കൊടുക്കാന്‍ അയാള്‍ക്ക് സാധിക്കും.ഒരിക്കല്‍ കൂടി പറയുന്നു, ഒരാള്‍ രക്ഷപ്പെടണമെന്ന് മനസറിഞ്ഞ് ആഗ്രഹിക്കുന്നത് പോപ്‌സിന്റെ കാര്യത്തിലാണ്. ജയിലറിന്റെ വിശേഷം പറഞ്ഞ് ചെറിയൊരു അഭിമുഖം ചെയ്തിട്ടുണ്ട്, വായിക്കണമെന്നുണ്ടെങ്കില്‍ കമന്റില്‍ ലിങ്ക് നല്‍കിയിട്ടുണ്ട്…

Leave a Reply
You May Also Like

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ വയ്യ എന്ന…

കമൽഹാസൻ ബജറ്റ് 50 കോടി, വിജയ് സേതുപതിക്ക് 10 കോടി, ഫഹദ് ഫാസിലിന് നാലുകോടി; വിക്രത്തിൻറെ ആകെ ബജറ്റ് 120 കോടി

എല്ലാ സിനിമ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് കമൽഹാസൻ നായകനാകുന്ന ചിത്രം വിക്രം

ചിരിയിൽ എന്താണ് രഹസ്യം കുമാരി…? സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിക്കുന്നു

നടിയും മോഡലുമാണ് ഐശ്വര്യ ലക്ഷ്മി . ഫഹദ് ഫാസിൽ, ആസിഫ് അലി, കാളിദാസ് ജയറാം എന്നിവരുടെ…

“ഇന്‍ഷാ അള്ളാ”…ബേസില്‍ ജോസഫിന്റെ ‘കഠിന കഠോരമീ അണ്ഡകടാഹം’ത്തിലെ വീഡിയോ ഗാനം റിലീസായി

“ഇന്‍ഷാ അള്ളാ”…ബേസില്‍ ജോസഫിന്റെ കഠിന കഠോരമി അണ്ഡകടാഹത്തിലെ വീഡിയോ ഗാനം റിലീസായി ജയ ജയ ജയ…