മലയാള സിനിമയിൽ എനിക്കിന്ന് ഏറ്റവും ബോറടിക്കുന്ന അഭിനയം ഫസ്റ്റ് മോഹൻലാലിന്റേയും സെക്കന്റ് മമ്മൂട്ടിയുടേതുമാണ്. ഒരു മിനിറ്റ് പോലും സഹിക്കാൻ ആകുന്നില്ല. ഏതോ കാലത്തിലെ നല്ല പ്രകടങ്ങൾ വച്ചുകൊണ്ടു എന്നും താങ്ങിനടക്കാൻ ആകില്ല. ബിഗ് ബഡ്ജറ്റ് എന്നൊക്കെ പറഞ്ഞു കൊണ്ടുതള്ളുന്ന മാലിന്യങ്ങൾ അസഹനീയം. എന്നാൽ ഒരുകാലത്തുള്ള പ്രിയം മറച്ചുവയ്ക്കുന്നില്ല. പഴയ ചില നല്ല സിനിമകൾ കണ്ടു അത് അക്കാലത്തുമാത്രമാക്കി നിലനിർത്തുന്നുമുണ്ട്. ഇന്ന് വീരനായകന്മാരുടെ വേഷങ്ങൾ ഒക്കെ ചെയുമ്പോൾ കിതപ്പുകൾ പുറത്തറിയിക്കാതിരിക്കാൻ അവർ ചെയ്യുന്ന പെടാപ്പാടുണ്ടല്ലോ…വടുക്കളിൽ പെയിന്റടിച്ചു മറയ്ക്കാൻ പെടുന്ന പാടുണ്ടല്ലോ…ഇതൊന്നും കലയോടുള്ള സ്നേഹമഅല്ല. കഞ്ഞികുടിക്കാൻ സിനിമയോരോന്നിനും നാലഞ്ചുകോടികൾ കഷ്ടപ്പെട്ട് സമ്പാദിക്കുന്നതിന്റെ തിരക്കിലാണ്.
കാലത്തിനനുസരിച്ചു അഭിനയം അപ്ഡേറ്റ് ചെയ്യാനുള്ള കഴിവില്ലായ്മയാണ് പ്രശ്നം. അഭിനയത്തിൽ താൻ ‘പൂർണ്ണൻ’ എന്ന അബദ്ധം ധരിച്ചുവച്ച നിമിഷം ഒരാളിന്റെ വെടിതീർന്നു. അടുത്തയാൾ ചില ന്യൂജനറേഷൻ സിനിമയിലൊക്കെ അഭിനയിച്ചു ശ്രദ്ധനേടുന്നുവെങ്കിലും ഫാൻസിന്റെ കൂത്തുകൾ ആടാൻ സമയംനീക്കിവച്ചു ബോറടിപ്പിക്കുന്നു. എണ്പതുകൾക്കു മുൻപുള്ള മലയാള സിനിമയിലെ അഭിനയം നമുക്കിന്നു കണ്ടിരിക്കാൻ ആകില്ല. സെന്റിമെന്റ്സ് രംഗങ്ങൾ ഒക്കെ അസ്സൽ കോമഡിയായി അനുഭവപ്പെടും. കോമഡി രംഗങ്ങളോ അസ്സൽ വളപ്പുകളും. ആക്ഷൻ രംഗങ്ങൾ വെറും വികൃതം. അന്ന് സാങ്കേതികതയുടെ ലഭ്യതയില്ലായ്മയെങ്കിൽ ഇന്ന് അതൊക്കെ ലഭ്യമായ കാലത്തു ലാലിനെയും മമ്മൂട്ടിയെയും നമുക്ക് അത്തരത്തിൽ ബോറടിക്കാനും അസഹ്യത അനുഭവപ്പെടാനും തുടങ്ങിയിരിക്കുന്നു. ഫാൻസിന്റെ തള്ളലുകൾ കൊണ്ട് ഇവരൊക്കെ അഹങ്കാരത്തിന്റെ സ്വർഗ്ഗങ്ങളിൽ വിരാജിക്കുന്നു. മുഖംകൊണ്ട് എന്ത് ഗോഷ്ടി കാണിച്ചാലും അതൊക്കെ അഭിനയത്തിന്റെ അവസാനവാക്കുകൾ എന്ന് ധരിച്ചുവച്ചിരിക്കുന്നു.
ഒരേ മാനറിസങ്ങൾ, ശൈലികൾ മടുക്കാതെ എന്തുചെയ്യും. കമ്പ്ലീറ്റ് ആക്റ്റർ, ഫ്ലെക്സിബിൾ ആക്റ്റർ എന്നൊക്കെയുള്ള സ്ഥാനപ്പേരുകൾ സ്വയം അണിഞ്ഞോട്ടെ, പക്ഷെ കാലം ആവശ്യപ്പെടുന്നത് കിട്ടുന്നില്ല. ഇവരെ ഞെക്കിപ്പഴുപ്പിച്ചു അഭിനയം പുറത്തെടുപ്പിക്കാത്തതിന് വേണമെങ്കിൽ സംവിധായകനിൽ പഴിചാരി രക്ഷപെടാം. ദയവുചെയ്ത് അവർത്തനങ്ങളുടെ വേദിയിൽ യവനിക പൊക്കി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാതിരിക്കുക. മുന്നൂറോ നാനൂറോ സിനിമയിൽ അഭിനയിച്ചു എന്നുപറഞ്ഞാലും കണ്ടതെല്ലാം പത്തോ ഇരുപതോ സിനിമയിൽ ഒതുക്കിനിർത്താം. ഒരേ സെന്റി, ഒരേ കോമഡി, ഒരേ ആക്ഷൻ ..സാങ്കേതികയുടെ പിന്തുണയോടെ നിങ്ങളുടെ കട്ടൗട്ടുകൾ പോലും മതിയെന്നായിട്ടുണ്ട്. ജയറാമും സുരേഷ് ഗോപിയും ഷെഡിൽ കയറിയതുപോലെ ആകേണ്ട സമയം അതിക്രമിച്ചു.
ഇതുവരെ മടുക്കാത്ത ഒരേയൊരു നടൻ ബിജുമേനോനാണ്. അയാൾക്കു വെറുപ്പിക്കുന്ന ഫാൻസിന്റെ ശല്യവുമില്ല. നല്ല സിനിമകൾ ഇഷ്ടപ്പെടുന്നവർ അയാളെ ശ്രദ്ധിക്കുന്നുണ്ട്. വെള്ളിമൂങ്ങ സിനിയോടുകൂടി അയാൾ നടത്തിയ കുതിച്ചുചാട്ടം സിനിമയെ ശ്രദ്ധയോടെ കാണുന്നവരൊഴികെ പലരും ശ്രദ്ധിക്കുന്നില്ല.വിരസ സൂപ്പർമെഗാസ്റ്റാറുകളുടെ ആക്രമണത്തിൽ നിന്നും പ്രേക്ഷകർക്കൊരു ആശ്വാസമാണ് അയാളിന്ന് .. മേല്പറഞ്ഞ രണ്ടെണ്ണവും ഇന്ന് അഭിനയം എന്തെന്ന് ഇയാളിൽ നിന്നും പഠിക്കണം. ‘രക്ഷാധികാരി ബൈജു’വൊക്കെ കണ്ടിട്ട് എഴുന്നേറ്റപ്പോൾ അയാളെ കെട്ടിപ്പിടിച്ചു ഒരു ഉമ്മകൊടുക്കാൻ തോന്നിപ്പോയി. പിന്നെ ഫഹദ് ഫാസിലിനെയും ഇഷ്ടം. എല്ലാത്തിലുമുപരി നല്ല സിനിമ തന്നെയാണ് സൂപ്പർസ്റ്റാർ എങ്കിലും …പറഞ്ഞുപോകുന്നതാണ്.