ബാബുക്കക്ക് നന്ദി; വിജയനിർമ്മലയെ ഭാർഗ്ഗവിക്കുട്ടിയാക്കിയതിന് 

542

Ravi Menon എഴുതുന്നു 

ബാബുക്കക്ക് നന്ദി; വിജയനിർമ്മലയെ ഭാർഗ്ഗവിക്കുട്ടിയാക്കിയതിന് 
—————–
വിജയനിർമ്മല — “ഭാർഗ്ഗവീനിലയ”ത്തിലെ അനശ്വര ഗാനങ്ങൾക്കൊപ്പം മനസ്സിൽ തെളിയുന്ന സു

Ravi Menon
Ravi Menon

ദീപ്തമായ മുഖം. താമസമെന്തേ വരുവാൻ, വാസന്ത പഞ്ചമിനാളിൽ, പൊട്ടിത്തകർന്ന കിനാവ് കൊണ്ടൊരു, പൊട്ടാത്ത പൊന്നിൻ കിനാവ് കൊണ്ടൊരു, അറബിക്കടലൊരു മണവാളൻ…..പി ഭാസ്കരന്റെ പ്രണയാർദ്രമായ വരികളും, എം എസ് ബാബുരാജിന്റെ മോഹിപ്പിക്കുന്ന സംഗീതവും, ക്യാമറാമാൻ ഭാസ്കർറാവുവിന്റെ നിഴലും വെളിച്ചവും ഇടകലർന്ന കവിതയൂറുന്ന ഫ്രെയിമുകളും ചേർന്ന് സൃഷ്ടിച്ച ആ മായികാന്തരീക്ഷത്തിന്റെ അകമ്പടിയോടെ അല്ലാതെ വിജയനിർമ്മലയുടെ ഭാർഗ്ഗവിക്കുട്ടിയെ കുറിച്ച് ചിന്തിക്കാനാകുമോ മലയാളിക്ക്?

ബാബുരാജിന് നന്ദി പറയണം നാം. നിത്യസുന്ദരമായ ആ ഗാനങ്ങൾ സൃഷ്ടിച്ചതിന്റെ പേരിൽ മാത്രമല്ല; സാക്ഷാൽ ഭാർഗ്ഗവിക്കുട്ടിയെ തന്നെ മലയാള സിനിമയ്ക്ക് സമ്മാനിച്ചതിന്റെ പേരിലും. തമിഴ്‌നാട്ടിൽ ജനിച്ച ആന്ധ്രക്കാരി വിജയനിർമ്മല ബഷീറിന്റെ ഭാർഗ്ഗവിക്കുട്ടിയാകാൻ നിമിത്തമായത് ബാബുരാജാണ്. പ്രമുഖ നിർമ്മാതാവും സംവിധായകനും “ഭാർഗ്ഗവീനിലയ”ത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും ആയിരുന്ന ആർ എസ് പ്രഭു പങ്കുവെച്ച ഓർമ്മ:

“ബാബുരാജിന്

ബാബുരാജ്
ബാബുരാജ്

അന്ന് ചെന്നൈയിൽ ഒരു ഉറ്റ സുഹൃത്തുണ്ട്. എൻ സി സിയിൽ ജൂനിയർ കമാൻഡൻറ് ആയിരുന്ന ആന്ധ്രക്കാരൻ കൃഷ്ണമൂർത്തി എന്ന ബാബു. ഇരുവരും ഇടയ്ക്കിടെ ഒത്തുകൂടും. അത്തരമൊരു സൗഹൃദ കൂട്ടായ്മയിൽ വെച്ചാണ് സ്വന്തം ഭാര്യയുടെ അഭിനയമോഹത്തെ കുറിച്ച് ബാബു കൂട്ടുകാരനോട് പറഞ്ഞത്. പ്രേമിച്ചു വിവാഹിതരായവരാണ് ബാബുവും നിർമ്മലയും. ഒരു കുഞ്ഞുമുണ്ട് അവർക്ക്. തെലുങ്കിൽ അതിനകം ഒന്ന് രണ്ടു പടങ്ങളിൽ കൊച്ചു കൊച്ചു വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന നിർമ്മലയ്ക്ക് മലയാളസിനിമയിൽ അവസരം നേടിക്കൊടുക്കാൻ ബാബുരാജിന്റെ ശുപാർശ ഉപകരിക്കുമെന്ന് ബാബു വിശ്വസിച്ചു. ”– പ്രഭുവിന്റെ വാക്കുകൾ.

“ഭാർഗ്ഗവീനിലയ”ത്തിൽ പുതിയൊരു നായികയെ തേടുകയാണ് സംവിധായകൻ അലോഷ്യസ് വിൻസന്റ്. മൂന്ന് പുതുമു

ഖങ്ങളുടെ മേക്കപ്പ് ടെസ്റ്റ് നടന്നുകഴിഞ്ഞു. റിസൾട്ടിൽ തൃപ്തി പോരാ വിൻസന്റ് മാഷിനും പ്രഭുവിനും. ആ സമയത്താണ് ബാബുരാജ് നിർമ്മലയുടെ കാര്യം ഇരുവരുടെയും ശ്രദ്ധയിൽ പെടുത്തുന്നത്. എങ്കിൽ പിന്നെ ആ കുട്ടിയെ ഒന്ന് പരീക്ഷിച്ചുനോക്കാം എന്നായി വിൻസന്റ്. ചന്ദ്രതാരയുടെ ഓഫീസിലേക്ക് മേക്കപ്പ് ടെസ്റ്റിനായി വിജയനിർമ്മല എന്ന ഇരുപതു വയസ്സുകാരി എത്തുന്നത് അങ്ങനെയാണ്.

ഇനിയുള്ള കഥ വിൻസന്റ് മാഷിന്റെ വാക്കുകളിൽ: “എന്തൊക്കെയോ നിഗൂഢതകൾ ഒളിച്ചുവെച്ച തീക്ഷ്ണമായ ആ കണ്ണുകളാണ് എന്നെ ആദ്യം ആകർഷിച്ചത്. പാതി സത്യവും പാതി മിഥ്യയുമായ എന്റെ ഭാർഗ്ഗവിക്കുട്ടിയുടെ കണ്ണുകളായിരുന്നു അവ. ക്യാമറയിലൂടെ ഒറ്റ തവണയേ നോക്കേണ്ടിവന്നുള്ളു — ഇതാണ്, ഇതുതന്നെയാണ് ഭാർഗ്ഗവിക്കുട്ടി എന്ന് എന്റെ മനസ്സ് പറഞ്ഞു..” മേക്കപ്പ് ടെസ്റ്റിൽ വിജയിച്ച് അങ്ങനെ വിജയനിർമ്മല “ഭാർഗ്ഗവീനിലയ”ത്തിലെ നായികയാകുന്നു. ബാക്കിയുള്ളത് ചരിത്രം.

ആയിരം രൂപയാണ് പടത്തിൽ അഭിനയിച്ചതിന് വിജയനിർമ്മലക്ക് പ്രതിഫലമായി നൽകിയതെന്ന് ഓർക്കുന്നു ഈയിടെ തൊണ്ണൂറാം പിറന്നാളാഘോഷിച്ച ആർ എസ് പ്രഭു. ഒരു പുതുമുഖ നായികയെ സംബന്ധിച്ച് അത്ര മോശമല്ലാത്ത തുക. സിനിമയിൽ ഭാർഗ്ഗവിക്കുട്ടിക്ക് വേണ്ടി ഡബ് ചെയ്തത് Image result for vijaya nirmalaതിരുവനന്തപുരം സ്വദേശിനി കണ്ണമ്മ — പ്രശസ്ത ഗായികയും റേഡിയോ ആർട്ടിസ്റ്റുമായ സി എസ് രാധാദേവിയുടെ ഇളയ സഹോദരി. 1960 കളിലും 70 കളിലുമായി നിരവധി മലയാളം – തമിഴ് ചിത്രങ്ങളിൽ ശബ്ദം നൽകിയിട്ടുള്ള കണ്ണമ്മ പിൽക്കാലത്ത് പ്രശസ്ത പത്രപ്രവർത്തകൻ കെ ജി പരമേശ്വരൻ നായരുടെ ജീവിതസഖിയായി. (കെ ജിയും കണ്ണമ്മയും ക്രിസ്മസ് രാത്രി എന്നൊരു പടത്തിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട് എന്നത് മറ്റൊരു കൗതുകം.)

“ഭാർഗവീനിലയ”ത്തിന് ശേഷം വേറെയും മലയാളസിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു വിജയനിർമ്മല– റോസി, ഉദ്യോഗസ്ഥ, കറുത്ത പൗർണ്ണമി, പൂച്ചക്കണ്ണി, പൂജ എന്നിങ്ങനെ. “കവിത” എന്ന സിനിമയിലൂടെ ആയിരുന്നു മലയാളത്തിൽ സംവിധായികയായി അരങ്ങേറ്റം. മലയാളത്തിലും തെലുങ്കിലും തമിഴിലുമായി 42 സിനിമകൾ ഒരുക്കിക്കൊണ്ട്, ഏറ്റവുമധികം പടങ്ങൾ സംവിധാനം ചെയ്ത വനിതയായി ഗിന്നസ് ബുക്കിലും ഇടം നേടി അവർ. “സാക്ഷി” എന്ന തെലുങ്ക് ചിത്രത്തിന്റെ സെറ്റിൽ വെച്ച് പരിചയപ്പെട്ട നടൻ കൃഷ്ണ വിജയനിർമ്മലയുടെ ജീവിതത്തിലേക്ക് കടന്നുവന്നത് 1967 ൽ. അതോടെ കൃഷ്ണമൂർത്തിയുമായുള്ള വിവാഹബന്ധം ഉപേക്ഷിച്ച നിർമ്മല പിന്നീട് നാൽപ്പതിലേറെ സിനിമകളിൽ കൃഷ്ണയുടെ നായികയായി; ജീവിതത്തിലും.

പാലൊളിചന്ദ്രിക പരത്തുന്ന ആ മൃദു മന്ദഹാസവും പാതിരാക്കാറ്റിൽ ഇളകുന്ന പട്ടുറുമാലും ഇനി ഓർമ്മ. വിട, വിജയനിർമ്മല — വേദനയോടെ.

— രവിമേനോൻ