നാല്പത്തി എട്ടാം വയസിൽ ഇരട്ടക്കുട്ടികളുടെ അമ്മയായാതിന്റെ സന്തോഷത്തിലാണ് സുമാ ജയറാം. ആദ്യ മാസം തന്നെ ഉദരത്തിൽ ഒരാളല്ല , രണ്ടുപേർ വളരുന്നുണ്ട് എന്ന് അറിഞ്ഞിരുന്നെന്നും ആണായാലും പെണ്ണായാലും ആരോഗ്യമുള്ള കുഞ്ഞുങ്ങൾ തന്നെ ആകാൻ എന്ന പ്രാർത്ഥന ഉണ്ടായിരുന്നു എന്നും സുമ പറയുന്നു. ഇപ്പോൾ ഞങ്ങൾക്ക് മിടുക്കന്മാരായ രണ്ടു ആൺകുട്ടികളെ തന്നെ കിട്ടി എന്നതിൽ വളരെ സന്തോഷമുണ്ടെന്നും ദൈവത്തിനു നന്ദിയുണ്ടെന്നും സുമ പറയുന്നു. ഒരാൾ ആന്റണി ഫിലിപ്പ് മാത്യു , അടുത്തയാൾ ജോർജ്ജ് ഫിലിപ്പ് മാത്യു.
ഗര്ഭധാരണത്തിന് പ്രായം തനിക്കൊരു പ്രശ്നമല്ലായിരുന്നു എന്ന് സുമപറയുന്നു. “മനസ്സിൽ ഇപ്പോഴും ഇരുപതുകാരിയെ താലോലിക്കുന്ന ആളാണ് ഞാൻ . 2013 ൽ വിവാഹം കഴിച്ചപ്പോൾ അന്നെന്റെ വയസ് 37 ആയിരുന്നു. എഴുപതു വയസായാലും അടിപൊളിയായി ജീവിക്കണം. ആരോഗ്യം ശ്രദ്ധിക്കും..ട്രെൻഡി ആയ വസ്ത്രങ്ങൾ ധരിക്കും. അല്ലാതെ ഇത്രേം പ്രായമായല്ലോ ഇനി ഇങ്ങനെയൊക്കെ ആകാമോ എന്നൊന്നും ഞാൻ ചിന്തിക്കാറില്ല. ” സുമ പറയുന്നു.
മോഹൻലാൽ നായകനായ കെ മധു ചിത്രം മൂന്നാംമുറയിലൂടെയാണ് സുമ ജയറാം അഭിനയരംഗത്തേയ്ക്കു കടന്നുവന്നത്. മമ്മൂട്ടി ചിത്രമായ കുട്ടേട്ടനിലും നല്ലൊരു വേഷമായിരുന്നു സുമയ്ക്ക്. പിന്നെ, ഉത്സവപ്പിറ്റേന്ന്, മാലയോഗം..അങ്ങനെ അനവധി സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ വന്നു. അന്നത്തെ സിനിമാലോകം ഇന്നത്തേതിനെ അപേക്ഷിച്ചു പാരവയ്പ്പ് കൂടുതലായിരുന്നു എന്നും സുമ പറയുന്നു.