അവർ സമരം ചെയുന്നത് ഇന്ധനവിലയുടെ അനുഭവം ഭക്ഷണത്തിൽ ഉണ്ടാകാതിരിക്കാൻ

39

Adambulan Basheer

ഉല്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിച്ചത് കൊണ്ടാണ് കർഷകർക്ക് അഡ്വാൻസ് വായ്പ കിട്ടുന്നത്. അതുകൊണ്ട് കൃഷി നടത്തിയാണ് അവർ വായ്പ തിരിച്ചടക്കുന്നതു. വാഴക്കുല വെട്ടി അങ്ങാടിയിൽ കൊണ്ട് ചെന്നാൽ ഇപ്പോൾ വേണ്ടാ എന്ന് പറഞ്ഞു ചടപ്പിക്കുന്നതു പോലെ ഉത്പന്നങ്ങൾ താങ്ങു വിലക്ക് എടുക്കാൻ സർക്കാർ സംവിധാനം ഉണ്ടെങ്കിൽ കർഷകർക്ക് ആധിയുണ്ടാവില്ല. മിനിമം ഇത്രയെങ്കിലും കിട്ടും എന്ന പ്രതീക്ഷ. അതിനനുസരിച്ചു വായ്പ വാങ്ങുകയോ ഭാവി പ്ലാൻ ചെയ്യുകയോ ചെയ്യാം.

ഇത് നെല്ലോ ഗോതമ്പോ കരിമ്പോ ചോളമോ ഒക്കെയാണെങ്കിൽ കർഷകർക്ക് വില കൂടുന്നത് വരെ ഇത് സൂക്ഷിച്ചു വെക്കാൻ കഴിയില്ല. അതിനുള്ള സംവിധാനമോ പ്രാപ്തിയോ അവർക്കില്ല. ഈ സമയത്തു കുറഞ്ഞ വിലക്ക് അതു സംഭരിച്ചു സീസൺ കഴിഞ്ഞാൽ പിന്നെ ഉല്പന്നത്തിന്റെ വില നിശ്ചയിക്കുന്നത് അതിന്റെ സംരംഭകരാണ്. അതാരാണെന്ന് ഏറെക്കുറെ നമുക്കെല്ലാവർക്കും അറിയാം.
140 ഡോളറിനു കിട്ടിയിരുന്ന ക്രൂഡ് ഓയിൽ ശുദ്ധീകരിച്ചു 70 രൂപയ്ക്കു ഒരു കാലത്തു കൊടുത്തിരുന്നെങ്കിൽ ഇന്ന് ക്രൂഡ് ഓയിൽ വില 45 ഡോളറിലേക്കു കൂപ്പു കുത്തുമ്പോഴും നമ്മൾ ലിറ്ററിന് 90 രൂപയ്ക്കു പെട്രോൾ വാങ്ങാൻ നിര്ബന്ധിതരാവുന്നെങ്കിൽ അതേ കൈകളിലേക്ക് തന്നെയാണ് നമ്മുടെ കർഷകരുടെ ഉത്പന്നങ്ങളും വന്ന് ചേരുന്നത്.

ഇക്കാലം വരെ FCI ഗോഡൗൺ വഴി സർക്കാർ ശേഖരിച്ചിരുന്ന ധാന്യങ്ങൾ ഇനി മുതൽ കുത്തക മുതലാളിമാർ അതു വഴി ശേഖരിച്ച ശേഷം പിന്നീട് അവർ വില നിശ്ചയിക്കുമ്പോൾ എങ്ങനെയാണ് കാർഷിക ബില്ലുകൾ കർഷകർക്ക് ഗുണകരമാകുന്നത് എന്ന് ബിജെപിയോ പഞ്ചാബ് കോൺഗ്രസ്‌ മുഖ്യമന്ത്രി അമരീന്ദർ സിംഗോ വ്യക്തമാക്കുമോ?

**

Sudheesh KN

കോവിഡ് കാലം തുടങ്ങിയപ്പോൾ കുട്ടനാട്ടിലെ വിളവെടുപ്പ് തടസപ്പെട്ടു. അരിയുടെ വിലയിടിഞ്ഞു. മൊത്തവിപണിയിൽ 10-12 രൂപയായി താണു. കർഷകർ മുറവിളി കൂട്ടിയപ്പോൾ, സർക്കാർ അടിയന്തിരമായി ഇടപെടുകയും, കിലോക്ക് 27 രൂപ നിരക്കിലാണ് അരി സംഭരിച്ചത്. ഇതിൽ 18 രൂപ കേന്ദ്ര താങ്ങുവിലയും, 9 രൂപ കേരളത്തിന്റെ വിഹിതവുമാണ്. നോക്കൂ ഇങ്ങനെയൊരു മിനിമം സപ്പോർട്ട് പ്രൈസ് ഇല്ലായിരുന്നെങ്കിൽ, കർഷകന്റെ ഗതി എന്താകുമായിരുന്നു?
പരമാവധി വിലകുറച്ചു കൊണ്ട് സംഭരിക്കാനല്ലേ കുത്തകകൾ എപ്പോഴും നോക്കുക? കൃഷി commercialise ചെയ്യുമ്പോൾ, ലാഭം മാത്രം ഉന്നം വെയ്ക്കുന്ന കുത്തകകൾക്ക് കർഷകരുടെ നിലനിൽപ്പ് ഒരു വിഷയമേ അല്ല! ന്യായവില കിട്ടണമെങ്കിൽ, അതുറപ്പാക്കുന്ന സംവിധാനം ഇവിടെ വേണം. സഹകരണ സംഘങ്ങളോ, മണ്ടികളോ, എഫ്.സി. ഐ പോലുള്ള സർക്കാർ ഏജൻസികളോ നിലനിൽക്കണം. അതെടുത്ത് കളഞ്ഞാൽ കർഷകരെ പിഴിയാനായി കുത്തകകളുടെ മുമ്പിലേക്ക് ഇട്ടു കൊടുക്കുന്നതിന് തുല്ല്യമാകും!
ബി.ജെ.പി ഗവണ്മെന്റ് അധികാരത്തിൽ വരുമ്പോൾ പറഞ്ഞത് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ്. ഇരട്ടിയായതോ കർഷകരുടെ ആത്മഹത്യയാണ്! 2016 മുതൽ കർഷക ആത്മഹത്യയുടെ കണക്കുകൾ പുറത്തു വിടാതെ മൂടി വെക്കുകയാണ്. അതു ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നത് ഒഴിവാക്കുന്നതിനായി!
പാർലമെന്റിൽ കാർഷിക ബില്ലുകൾ അവതരിപ്പിച്ചപ്പോൾ ഇടതുപക്ഷം നിർദേശിച്ച ഭേദഗതികളിൽ ഒന്ന്, സർക്കാർ നിശ്ചയിക്കുന്ന താങ്ങുവിലയേക്കാൾ കുറച്ച് കമ്പനികൾ വാങ്ങരുത്. അതു ക്രിമിനൽ കുറ്റമായി വ്യവസ്ഥ ചെയ്യണം എന്നായിരുന്നു. എന്നാൽ ഈ ഭേദഗതികൾ പരിഗണിക്കാൻ പോലും കൂട്ടാക്കാതെ തള്ളുകയായിരുന്നു മോദി സർക്കാർ
സ്വതന്ത്ര കമ്പോളത്തിന്റെ പേരിൽ എത്ര വിലയിടിച്ചും കാർഷികോല്പന്നങ്ങൾ വാങ്ങാവുന്ന സാഹചര്യം ഒരുങ്ങുകയാണ്. ഒരു ഭാഗത്ത് കരാർ കൃഷിയിലൂടെ കോർപ്പറേറ്റുകൾക്ക് കർഷകരെ പിഴിഞ്ഞെടുക്കാനും, മറുഭാഗത്ത് അവശ്യ വസ്തു നിയമം ഭേദഗതി ചെയ്ത്, പൂഴ്ത്തി വെപ്പിലൂടെയും, കരിചന്തയിലൂടെയും ഉപഭോക്താക്കളെ ചൂഷണം ചെയ്യാനും വഴി തുറക്കുകയാണ്! ആരുടെ താല്പര്യം സംരക്ഷിക്കാനാണിത്?
ഈ മൂന്ന് കരിനിയമങ്ങളും നിങ്ങൾക്കു തിരുത്തേണ്ടി വരും… ഇല്ലെങ്കിൽ തിരുത്തിക്കും!