Adharsh Prakash John Kadhalikkatil
ഷേക്സ്പിയറിന്റെ വളരെ പ്രസിദ്ധമായൊരു ദുരന്ത നാടകമാണ് “ഒഥല്ലോ”. 1603ൽ ആണ് ഈ ഒരു നാടകം രചിക്കപ്പെടുന്നത്. ഈ ഒരു നാടകത്തിന്റെ ഇതിവൃത്തം എന്തെന്നാൽ “ വെനീസ് സൈനിക ഉദ്യോഗസ്ഥനായ ഒഥല്ലോ വെനീസ് സെനറ്റർ ആയിരുന്ന ബ്രബാൻഷ്യോയുടെ മകളായ ഡെസ്ഡിമോണയെ വിവാഹം കഴിക്കുന്നു. ഡെസ്ഡിമോണ അതീവ സുന്ദരിയായ ഒരു പെൺകുട്ടി ആയിരുന്നു, ഒഥല്ലോയെ കുറിച്ചുള്ള വീരകഥകളൊക്കെ കേട്ടിട്ടാണ് അവൾ അയാളിൽ ആകൃഷ്ടയാവുന്നതും, പിന്നീട് അയാളുമായി പ്രണയത്തിലാവുന്നതും,പിന്നീടത് അവർ ഇരുവരും തമ്മിലുള്ള വിവാഹത്തിലേക്ക് കൊണ്ടെത്തിക്കുന്നതും.
ഒഥല്ലോയുടെ കീഴ്ജീവനക്കാരനായിരുന്ന ഇയാഗോയ്ക്ക് ഒഥല്ലോയോട് വല്ലാത്ത അമർഷവും, വ്യക്തി വൈരാഗ്യവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അയാൾ ഒഥല്ലോയെ എങ്ങനെയും നശിപ്പിക്കണമെന്നുള്ളൊരു തീരുമാനം എടുക്കുന്നു.അങ്ങിനെ ഇയാഗോയുടെ ക്രൂരമായ കുതന്ത്രങ്ങൾക്ക് ഇരയാവേണ്ട ദുർഗതി നിഷ്കളങ്കയായ ഡെസ്ഡിമോണയ്ക്ക് വന്നു ചേരുന്നു.ഡെസ്ഡിമോണയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ഒഥല്ലോയെ വിശ്വസിപ്പിക്കാൻ ഇയാഗോ കെണിയൊരുക്കുന്നു.
അങ്ങിനെ ഡെസ്ഡിമോണിയയുടെ തൂവാല സൂത്രത്തിൽ കൈക്കലാക്കിയ അയാൾ അത് ഒഥല്ലോയുടെ വിശ്വസ്ഥനായ ഒരു സൈനികന്റെ വീട്ടിൽ കൊണ്ടിടുന്നു.ഡെസ്ഡിമോണിയയുടെ തൂവാല തന്റെ വിശ്വസ്ഥനായ സൈനീകന്റെ വീട്ടിൽ കണ്ട ഒഥല്ലോയുടെ മനസ്സിൽ തന്റെ ഭാര്യയോടുള്ള അവിശ്വാസം ഉടലെടുക്കുന്നു , കൂടാതെ ആ ഒരു കാഴ്ച അയാളിൽ ഡെസ്ഡിമോണയോടുള്ള അതിയായ കോപം ജനിപ്പിക്കുവാൻ ഇടയാക്കുന്നു .അങ്ങിനെ ഡെസ്ഡിമോണിയയോടുള്ള ദേഷ്യത്തിൽ സ്വബോധം നഷ്ടപ്പെട്ട ഒഥല്ലോ അവളെ ക്രൂരമായി കൊന്നു കളയുന്നു.പക്ഷെ പിന്നീട് ഒഥല്ലോ തന്റെ ഭാര്യയുടെ നിരപരാധിത്വം തിരിച്ചറിയുന്നു, അങ്ങിനെ തന്റെ ക്രൂരമായ പ്രവർത്തിയിൽ മനംനൊന്ത അയാൾ പിന്നീട് ആത്മഹത്യ ചെയ്യുന്നു”.
———————————-
ഷേക്സ്പിയറിന്റെ ഈ ഒരു മനോഹരമായ നാടകത്തെ ബേസ് ചെയ്ത് എടുത്ത സിനിമയാണ് 1997ൽ പുറത്തിറങ്ങിയ “കളിയാട്ടം”. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഉൾപ്പെടുത്താവുന്ന ഒന്ന് തന്നെയാണ് ഇതിലെ “കണ്ണൻ പെരുമലയൻ”, കണ്ണൻ പെരുമലയനായി വളരെ മികച്ചൊരു പ്രകടനം തന്നെയാണ് അദ്ദേഹം ഈ ഒരു സിനിമയിൽ കാഴ്ചവെച്ചിട്ടുള്ളത്. “ഒഥല്ലോ” എന്ന മനോഹരമായ ഷേക്സ്പിയർ നാടകത്തോട് വളരെ നല്ല രീതിയിൽ തന്നെ നീതി പുലർത്താൻ “കളിയാട്ടം” എന്ന സിനിമയ്ക്ക് സാധിച്ചു.