ഈ മനുഷ്യരൊക്കെ എന്നാണിനി നന്നാവുക?

41

അഥീന മുരളി

ഈ മനുഷ്യരൊക്കെ എന്നാണിനി നന്നാവുക?

രാവിലെ ജോലിക്ക് വന്നത് അതീവ ജാഗ്രതയോടെ. മാസ്കും ഗ്ലൗസും സാനിറ്റൈസറും ഒക്കെ ഉപയോഗിച്ച് കൊണ്ട്. പക്ഷേ വല്ലാത്ത ഒരാശങ്കയാണിപ്പോൾ. റോഡരികിൽ, ടൂവീലറിൽ, ഓട്ടോ സ്റ്റാൻഡിൽ അങ്ങനെ പലയിടത്തും മാസ്ക് ഇല്ലാതെയും മാസ്ക് ധരിച്ചു എന്ന് വരുത്തിയും വളരെ അലക്ഷ്യമായും കൂട്ടം കൂടിയും അല്ലാതെയും നിൽക്കുന്ന മനുഷ്യരെ കണ്ടിട്ട്.ഇതിനൊക്കെ പുറമെ പ്രൈവറ്റ് ബസുകളിൽ ഒരു നിയന്ത്രണവും കൂടാതെ ആളുകളെ കുത്തി നിറച്ചു പോകുകയും ചെയ്യുന്നുണ്ട്.

രണ്ടു ദിവസം മുന്നേ ജോലി കഴിഞ്ഞ് വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് ഞാൻ വീട്ടിലേക്ക് പോകുമ്പോൾ പട്ടത്ത് നിന്ന് ഒരു അറുപത് അറുപത്തിഅഞ്ചു വയസ് പ്രായം വരുന്ന ഒരു സ്ത്രീ ബസിൽ കയറി ഒഴിവുള്ള ഒരു സീറ്റിൽ ഇരുന്നു.അവരുടെ കൈയിൽ രണ്ടു ബാഗുകൾ ഉണ്ട്.കണ്ടക്ടർ വന്നു.അവർ കൊല്ലത്തേക്ക് ടിക്കറ്റ് എടുത്തു.കണ്ടക്ടർ പോയതും മാസ്ക് താഴ്ത്തി വച്ച് അവരുടെ ബാഗ് തുറന്ന് അതിൽ നിന്നും ഒരു പഴുത്ത മാമ്പഴം പുറത്തെടുത്ത് കടിച്ചു കഴിക്കുകയാണ്. പോരാത്തതിന് ആ മാമ്പഴത്തിന്റെ നീര് അവരുടെ കൈകളിലേക്ക് ഒഴുകി വീഴുന്നതിനെ ഒരു ശബ്ദത്തോടെ അവർ വലിച്ചു കുടിക്കുകയും ചെയ്യുന്നുണ്ട്.ബസിലുണ്ടായിരുന്ന ഞാനുൾപ്പടെ എല്ലാവരും അവരോടു അത് ഇപ്പോൾ ഇരുന്നു കഴിക്കരുത് മാസ്ക് ഇട്ടിരിക്കൂ എന്ന് കാലുപിടിച്ചു പറഞ്ഞു. എനിക്കതിനു കൊറോണ ഒന്നുമില്ല നിങ്ങളൊക്കെ ഇതെന്താണ് പറയുന്നത് എന്ന് പറഞ്ഞ് ആ സ്ത്രീ ബസിൽ ബഹളം ഉണ്ടാക്കുകയും അപ്പോൾ അതെടുത്തു ബാഗിൽ തിരികെ വയ്ക്കുകയും അവരിരുന്ന ആ സീറ്റിലും അവർക്കു മുന്നിലെ സീറ്റിന്റെ കമ്പികളിൽ ഒക്കെ കൈ തുടയ്ക്കുകയും മറ്റും ചെയ്തു കൊണ്ടിരുന്നു.എല്ലാവരും ശാന്തരായപ്പോൾ അവർ പിന്നെയും അത് ആവർത്തിച്ചു കൊണ്ടിരിക്കുന്ന വളരെ മോശമായ അവസ്ഥ.അപ്പോൾ പറഞ്ഞു വന്നത് ഒരുപക്ഷെ ആ സ്ത്രീ എങ്ങാനും ഒരു പോസിറ്റീവ് കേസ് ആണെങ്കിൽ എത്ര പേരെയാവും അത് ബാധിക്കുക എന്നതിനെ കുറിച്ചാണ്..ഒരു പ്രതിബദ്ധതയും കൂടാതെ ഇങ്ങനെ ഒക്കെ പെരുമാറുമ്പോൾ ഇവർക്കൊക്കെ എന്താണ് കിട്ടുക എന്നതിനെ കുറിച്ചോർത്തു എനിക്ക് വല്ലാത്ത ഒരു അസ്വസ്ഥതയാണിപ്പോഴും.

ഇനി കൂടെ ജോലിചെയ്യുന്ന രണ്ടു പേരുടെ ഇന്നലത്തെ ഒരുനുഭവം കൂടി പറയാം. ഇന്നലെ പാളയം മാർക്ക് ഭാഗീകമായി അടക്കുകയും സാഫല്യം കോംപ്ലക്സ് അടച്ചിടും ചെയ്ത കാര്യം എല്ലാവർക്കും അറിയാം. അവിടെ ഇന്നലെ കോവിഡ് പോസിറ്റീവ് ആയ 24 വയസ്സ് വരുന്ന ആസാംകാരനായ യുവാവിന്റെയും അയാളുമായി പ്രൈമറി കോൺടാക്ട് ഉള്ള ആൾക്കാരുടെയും വിവരങ്ങൾ ശേഖരിക്കാനും അവരെ ഒക്കെ ക്വാറന്റൈനിൽ ആക്കുവാനും വേണ്ടി അവിടേക്ക് പോയ എന്റെ സഹപ്രവർത്തകരെ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവം എന്താണ് എന്ന് വച്ചാൽ ഇന്നലെ പോസിറ്റീവ് ആയ ആളുമായി സമ്പർക്കം പുലർത്തിയിരുന്ന മറ്റൊരു യുവാവുമായി സംസാരിക്കുമ്പോൾ അയാളുടെ സംസാരം ഇടറിപ്പോകുകയും ഒന്നും സംസാരിക്കാൻ പറ്റാതെ സ്വന്തം ഫോണിന്റെ ലോക്ക് മറന്നു പോകുകയും പേടി കൊണ്ട് സംസാരിക്കാൻ പറ്റാതെയും നിക്കുന്ന കാഴ്ച. വളരെ പാടുപെട്ട് അയാളെ മാനസികമായി ഒക്കെ ആക്കി അയാൾക്ക്‌ വേണ്ട ധൈര്യവും സപ്പോർട്ടും ഒക്കെ കൊടുത്തതിനു ശേഷമാണ് അയാളിൽ നിന്നും വിവരങ്ങൾ ചോദിച്ചു മനസിലാക്കിയത്. ഒരിടത്ത് എന്ത് വന്നാലും ഞാൻ ആരുപറയുന്നതും കേൾക്കില്ല എന്ന ധാർഷ്ട്യവും ഒരിടത്ത് മരണഭയവും. അനുഭവത്തിൽ വന്നാലേ പഠിക്കുള്ളൂ എന്നുള്ള ഒരുതരം വൃത്തികെട്ട വാശി ഉണ്ടല്ലോ അതൊക്കെ ഒന്നു മാറ്റി വച്ചൂടെ മനുഷ്യരെ……..

Nb:ഇതുകൊണ്ട് ആരെയും നന്നാക്കിക്കളയാം എന്ന ഒരുദ്ദേശവും എനിക്കില്ല.
നിങ്ങളിൽ ചിലർക്ക് നിങ്ങളെ കുറിച്ച് നിങ്ങളുടെ കുടുംബത്തെ കുറിച്ച് നിങ്ങൾക്ക് ചുറ്റുമുള്ള സ്നേഹങ്ങളെ കുറിച്ചൊന്നും ഒരു ചിന്തയും ഉണ്ടാകില്ലായിരിക്കാം.പക്ഷേ നിങ്ങൾ ഓരോരുത്തരുടെയും ആരോഗ്യത്തെ കുറിച്ചു നമ്മൾ ആരോഗ്യപ്രവർത്തകർക്ക് ചിന്തിക്കാതിരിക്കാനാവില്ലല്ലോ അതുകൊണ്ട് പറഞ്ഞു പോയതാണ്. ഒന്നും നഷ്ട്ടപ്പെടാനില്ലല്ലോ ആ മാസ്ക് എങ്കിലും നിങ്ങൾക്കൊന്നു ശരിക്കു വയ്ച്ചുകൂടെ മനുഷ്യരെ…….????