ഹിറ്റ്ലറിൻറെ ജർമനിയിലും ട്രംപിന്റെ അമേരിക്കയിലും തെരേസയുടെ യുകെയിലും മോദിയുടെ ഇന്ത്യയിലും ഉള്ള പൊതു ഘടകം ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പാണ്

118
കടപ്പാട് Alice Mahamudra
ഒരു രാജ്യത്തെ ജനതയെ അതിന്റെ സമ്പൂർണ്ണ നാശത്തിലേയ്ക്ക് വലിച്ചിടുന്ന സംഘിരാഷ്ട്രീയത്തെ വെറുത്തുപോകുക തന്നെ ചെയ്യും. അവർ ഇന്ത്യയ്ക്കുമേൽ കുതന്ത്രത്താൽ വേരാഴ്‌ത്തിയ വെറുപ്പിന്റെ ക്രൂരതയുടെ ആശയത്തെ വെറുത്തുകൊണ്ടുതന്നെ, എന്നാൽ ആയുധമെടുക്കാതെ സമാധാനപരമായി ബുദ്ധിയോടെ യുക്തിയോടെ പോരാടേണ്ടതുണ്ട്.ആദി താഴെ പറഞ്ഞതുപോലെ വ്യക്തിപരമായ വെറുപ്പുകൾ, അപഹാസങ്ങൾ, ആക്രോശങ്ങൾ സംഘപരിവാരത്തിന് ഈ നാട്‌ കത്തിക്കാൻ നമ്മൾ എറിഞ്ഞുകൊടുക്കുന്ന തീ തന്നെയാണ്. ന്യൂനപക്ഷങ്ങളുടെ ഉള്ളിൽ എരിയുന്ന ആധിയുടെ, നിസ്സഹായതയുടെ, അതിൽ നിന്നുണരുന്ന വെറുപ്പിന്റെ ചെറിയ തീക്കനൽ ഊതിപ്പെരുപ്പിച്ച് അതിലേയ്ക്ക് ഭൂരിപക്ഷമനസ്സിലേയ്ക്ക് വെറുപ്പിന്റെ പെട്രോൾ പടർത്തി ഒരു രാജ്യത്തെ കത്തിക്കുകയാണവർ ചെയ്യുന്നത്.വെറുപ്പല്ല സമരമാർഗ്ഗം. ഐക്യമാണ്. നാനാത്വത്തിൽ ഏകത്വമാർന്ന ഒരു രാജ്യതത്തിന്റെ ഐക്യം തകർന്നുപോകാതിരിക്കാൻ അതികഠിനമായ ക്ഷമ നമ്മൾ ഓരോരുത്തരും പരിശീലിക്കേണ്ടി വരും. കഠിനമായ അപമാനങ്ങൾ, തകർച്ച, മരണം ഒക്കെ നമ്മൾ നേരിടേണ്ടി വന്നേക്കാം. അവശേഷിച്ചു പോകുന്നവരൊന്നും ചേർത്തു മുറുക്കിപ്പിടിച്ച കൈകൾ വിട്ടുപോകരുത്. ചേർത്തുപിടിച്ച കൈകൾ മാത്രമാണ് വെറുപ്പു പടർത്തുന്നവർക്കെതിരെയുള്ള നമ്മുടെ സമാരായുധം. സ്വയം ഒരു വെറുപ്പായിപ്പുകയാതിരിക്കുക എന്നതു മാത്രമാണ് മനുഷ്യരായിത്തുടരാനുള്ള ഏക മാർഗ്ഗം.
ഉറപ്പിച്ചു പറയുക CAA, NRC മനുഷ്യത്വ വിരുദ്ധമെന്ന്.
#againstCAANRC
Adi Thyan writes
ലോകത്തെവിടെ നോക്കിയാലും രാഷ്ട്രീയത്തിലെ ഒരു പ്രധാന ആയുധമാണ് വെറുപ്പ്. അത് ഇന്നും ഇന്നലെയും തുടങ്ങിയതും അല്ല. ഹിറ്റ്ലറിൻറെ ജർമനിയിലും ട്രംപിന്റെ അമേരിക്കയിലും തെരേസയുടെ യു-കെ-യിലും മോദിയുടെ ഇന്ത്യയിലും ഒക്കെ ഉള്ള പൊതു ഘടകം ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പാണ്. സാഹോദര്യം, സോഷ്യലിസം, സഹവർത്തിത്വം, സഹകരണം ഇവ കൊണ്ടൊക്കെ സംഘടനകൾ കെട്ടിപ്പടുക്കാനും രാഷ്ട്രനിർമാണത്തിൽ ആളുകളെ കൂടെ നിർത്താനും ഒക്കെ പെടാപ്പാടാണ്. പക്ഷെ വെറുപ്പിന്റെ പ്രത്യയശാസ്ത്രം തന്ത്രപരമായി ഉപയോഗിച്ചാൽ ആൾക്കാരെ കൂടെ നിർത്താൻ എളുപ്പമാണ് – പ്രത്യേകിച്ചും നിങ്ങൾക്ക് കൂടെ നിർത്തേണ്ടവർക്കു വേണ്ടി ശാശ്വതമായ ഒരു നന്മയും നിങ്ങൾക്ക് ചെയ്യാൻ കഴിവില്ലെങ്കിൽ.
.
.
ഇതിന് എതിരായി എന്തു ചെയ്യാൻ കഴിയും എന്ന് ചിന്തിച്ചിട്ടുണ്ടോ? വെറുപ്പിനെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഒക്കെ നേതൃത്വത്തിൽ ഉള്ള പലരും അഹിംസയുടെയും അക്രമരാഹിത്യത്തിന്റെയും വക്താക്കളായിരുന്നു എന്നത് യാദൃശ്ചികമല്ല. ഗാന്ധി, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, നെൽസൺ മണ്ടേല എന്ന് തുടങ്ങി ഈ നൂറ്റാണ്ടും കഴിഞ്ഞ് നൂറ്റാണ്ടും കണ്ട പല വിജയിച്ച പ്രക്ഷോഭങ്ങളും അക്രമരഹിതമായിരുന്നു. ഈ കാര്യം ശരിവെച്ചു കൊണ്ടുള്ള പല ഗവേഷണ പ്രബന്ധങ്ങളും ലഭ്യമാണ്.
.
.
എങ്ങനെ സംഘികൾക്ക് മുസ്ലിമുകളെ അല്ലെങ്കിൽ ന്യൂനപക്ഷങ്ങളെ ഇങ്ങനെ വെറുക്കാൻ കഴിയുന്നു എന്ന് പലരും പലവട്ടം പലയിടത്തും ചോദിച്ചു കണ്ടു. അത് വളരെ എളുപ്പമല്ലേ? വെറുക്കാൻ ആണ് ഏറ്റവും എളുപ്പം. ഉദാഹരണം വേണ്ടേ? മലയാളം ഓൺലൈൻ സ്പെയിസിലെ ഇട്ടാവട്ടത്തിൽ ഉള്ള വെറുപ്പിന്റെ ഉദാഹരണങ്ങൾ മാത്രം നോക്കിയാൽ മതി.
.
.
അതിൽ തന്നെ ഒരു പ്രത്യേക വിഭാഗം വെറുപ്പ് എടുത്ത് പറഞ്ഞ് ഒന്ന് വിശദീകരിക്കാം. ഓൺലൈനിലെ ചില (സംഘി ഇതര) പുരോഗമനക്കാർക്ക് സംഘികളോടുള്ള തീർത്താൽ തീരാത്ത വെറുപ്പും പുച്ഛവും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? സംഘികളെ ബ്ലോക്ക് ചെയ്യണം, സ്പെയ്സ് കൊടുക്കരുത്, സംഘികൾ നികൃഷ്ടരാണ്, ഇവിടെ ചാൻസ് കിട്ടിയാലും അവരെ തെറി വിളിച്ചോണം പുച്ഛിച്ചോണം എന്നൊക്കെ പറഞ്ഞ് നടക്കുന്ന ആൾക്കാരെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്.
.
.
അങ്ങനെ ചെയ്യുന്ന ആൾക്കാർ ചെയ്യുന്നതും സംഘികൾ ന്യൂനപക്ഷങ്ങളോട് ചെയ്യുന്നതും ഒരേ കാര്യമാണ്. തോത് മാത്രമാണ് വ്യത്യാസം. ഇവിടെ കിടന്നുള്ള തൊണ്ടപൊട്ടി അലറലുകളും വാഗ്‌വാദങ്ങളും കൊണ്ട് നിങ്ങൾ ഒന്നും നേടുന്നില്ലെങ്കിൽ പോലും അതിൽ തന്നെ നിങ്ങൾ ഇത്രയ്ക്കു മാത്രം വെറുപ്പും വിദ്വേഷവും കാണിക്കാൻ കഴിയുന്നു. അപ്പോൾ പിന്നെ ഇന്ത്യ മൊത്തമുള്ള രാഷ്ട്രീയ അധീശത്വത്തിനായി പടവെട്ടുന്ന സംഘി നേതാക്കൾക്കും അണികൾക്കും ന്യൂനപക്ഷങ്ങളോട് ഇത്രയ്ക്ക് മാത്രം വെറുപ്പ് എവിടുന്ന് വരുന്നു എന്ന് ആലോചിച്ച് ബുദ്ധിമുട്ടണ്ട കാര്യമില്ലല്ലോ…
മറ്റൊരു മനുഷ്യനെ ഇത്രയ്ക്ക് വെറുക്കാൻ ഈ സംഘികൾക്ക് എങ്ങനെ പറ്റുന്നു എന്ന നിഷ്കളങ്ക ചോദ്യം നിങ്ങൾ ഇനി ചോദിക്കരുത്. നിങ്ങൾ സംഘികളെ വെറുക്കുന്നത് പോലെ തന്നെ ആണത്.
.
.
ഇത്രയും പറഞ്ഞത് നാളെ മുതൽ സംഘികളെ വെറുക്കരുത് എന്നും അവരെ വിളിച്ചിരുത്തി സ്നേഹിക്കണം എന്നും പറയാനല്ല. വെറുക്കുന്നോ വെറുക്കുന്നില്ലയോ എന്നതൊക്കെ നിങ്ങളുടെ സ്വന്തം കാര്യം. പക്ഷെ അതിങ്ങനെ പ്രകടിപ്പിച്ച് നടക്കുന്നത് സംഘികൾക്ക് നല്ല ഒന്നാന്തരം മുതൽക്കൂട്ടാണ്. അവരുടെ കൂട്ടങ്ങളിലെ തീ കത്തിച്ച് നിർത്താൻ അവർക്ക് പെട്രോൾ വേറെ മേടിക്കാൻ പോകണ്ട ആവശ്യമേ വരുന്നില്ല. നിങ്ങൾ ആ പെട്രോൾ ആവശ്യത്തിനധികം സപ്ലൈ ചെയ്യുന്നുണ്ട് – ഈ വെറുപ്പ് വഴി.
.
.
നിങ്ങളുടെ ശക്തനായ ശത്രു ചെയ്യുന്ന നിങ്ങൾക്ക് ഏറ്റവും എതിർപ്പുള്ള കാര്യം തന്നെയാണ് നിങ്ങളും പരോക്ഷമായി ചെയ്യുന്നത് എങ്കിൽ, നിങ്ങൾ യുദ്ധം തോറ്റ് തുടങ്ങി. കാരണം എണ്ണത്തിൽ ശത്രു നിങ്ങളെക്കാൾ വളരെ കൂടുതൽ ആണ്. വെറുപ്പിന്റെ മേഖലയിലേക്ക് യുദ്ധം ചുരുങ്ങിയാൽ പിന്നെ എണ്ണത്തിൽ കൂടുതൽ ഉള്ള അവർക്ക് എണ്ണത്തിൽ കുറവുള്ള നിങ്ങളെ ഒതുക്കാൻ വേണ്ടത് അൽപ്പം കൂടി സമയം മാത്രമാണ്.
.
.
ശത്രൂവിനെ സഹായിക്കൽ അല്ല നിങ്ങളുടെ ഉദ്ദേശമെങ്കിൽ വെറുപ്പ് എന്ന ആയുധം
മാറ്റിപ്പിടിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.