ആദിത്യന്‍

ഗുജറാത്ത് കൂട്ടക്കൊല തടയാനാവശ്യമായ നടപടിയെടുക്കാത്തതിന്റെ പേരില്‍ അമേരിക്കയടക്കം പല രാഷ്ട്രങ്ങളും അന്ന് മോദിക്ക് പ്രവേശനനാനുമതി നിഷേധിച്ചിരുന്നു. പക്ഷെ സാക്ഷാല്‍ ട്രംപ് ഡെല്‍ഹിയിലുള്ളപ്പോഴാണ് ഇപ്പോഴത്തെ കൂട്ടക്കൊലകള്‍ നടക്കുന്നത്. അതെകുറിച്ച് ട്രംപ് നിശബ്ദനാണ്. മോദിയെപോലെ വിദ്വേഷത്തിന്റേയും വംശീയതയുടേയും രാഷ്ട്രീയം തന്നെ പയറ്റുന്ന ഒരാളില്‍ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാന്‍?

ഡെല്‍ഹി പുകയുക തന്നെയാണ്. പല മാധ്യമങ്ങളും മതേതരവാദികളെന്നു സ്വയം കരുതുന്നവരുമൊക്കെ പറയുന്ന പോലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല, വംശീയ അക്രമണം അഥവാ മുസ്ലിംവേട്ടയാണ് അവിടെ നടക്കുന്നത്. ഗുജറാത്തിലും മുംബൈയിലും മുസാഫര്‍ നഗറിലുമെല്ലാം നടന്നതിന്റെ തനിയാവര്‍ത്തനം തന്നെ. അതിനെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വിഷയമെന്നു വ്യാഖ്യാനിക്കുന്നവരും ഈ വംശീയവേട്ടയില്‍ പരോക്ഷമായി
പങ്കാളികളാകുകയാണ്.

ഇനിയും ഇന്ത്യയിലെ ജനാധിപത്യശക്തികള്‍ മറക്കാത്ത ഒന്നാണല്ലോ ഗുജറാത്തില്‍ നടന്ന മുസ്ലിംകൂട്ടക്കൊല. അന്നവിടെ അദികാരത്തിലിരുന്ന നരേന്ദ്രമോദി ഇന്നു രാജ്യം ഭരിക്കുകയാണ്. അന്ന് മുഖ്യമന്ത്രിയായിരുന്ന മോദി, കലാപത്തെ അടിച്ചമര്‍ത്താന്‍ ഒരു നടപടിയുമെടുത്തില്ല എന്നു മാത്രമല്ല എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടികളായിരുന്നു സ്വീകരിച്ചതെന്ന യാഥാര്‍ത്ഥ്യം പിന്നീട് പുറത്തുവരുകയുണ്ടായല്ലോ. സഹായമഭ്യര്‍ത്ഥിച്ചവര്‍ക്കുപോലും പോലീസ് സഹായം ലഭ്യമാക്കിയില്ല. ഇന്നിതാ അത്തരം വാര്‍ത്തകള്‍ തന്നെയാണ് ഡെല്‍ഹിയില്‍ നിന്നു പുറത്തുവരുന്നത്. അക്രമികളെ തടയാന്‍ പോലീസ്് ഒന്നു ചെയ്യുന്നില്ല എന്നുമാത്രമല്ല പലയിടത്തും അവര്‍ അക്രമികള്‍ക്കൊപ്പമാണത്രെ. പോലീസ് തന്നെ കല്ലെറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നല്ലോ. ഡെല്‍ഹിയിലെ പോലീസാകട്ടെ തികച്ചും ഫെഡറലിസത്തിനു വിരുദ്ധമായി കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുമാണല്ലോ.

മറ്റൊന്നുകൂടി ഇവിടെ പ്രസക്തമാണ്. ഗുജറാത്ത് കൂട്ടക്കൊല തടയാനാവശ്യമായ നടപടിയെടുക്കാത്തതിന്റെ പേരില്‍ അമേരിക്കയടക്കം പല രാഷ്ട്രങ്ങളും അന്ന് മോദിക്ക് പ്രവേശനനാനുമതി നിഷേധിച്ചിരുന്നു. പക്ഷെ സാക്ഷാല്‍ ട്രംപ് ഡെല്‍ഹിയിലുള്ളപ്പോഴാണ് ഇപ്പോഴത്തെ കൂട്ടക്കൊലകള്‍ നടക്കുന്നത്. അതെകുറിച്ച് ട്രംപ് നിശബ്ദനാണ്. മോദിയെപോലെ വിദ്വേഷത്തിന്റേയും വംശീയതയുടേയും രാഷ്ട്രീയം തന്നെ പയറ്റുന്ന ഒരാളില്‍ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാന്‍?

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ എവിടെയെങ്കിലും അക്രമം പൊട്ടിപ്പുറപ്പെടാന്‍ കാത്തിരുന്ന ശക്തികള്‍ നിരാശരാകുകയായിരുന്നു. തികച്ചും സമാധാനപരമായി, ഭരണഘടനയും ദേശീയപതാകയും ഗാന്ധിയുടേയും അംബേദ്കറിന്റേയും ചിത്രങ്ങളും കൈയിലേന്തിയാണ് നാടെങ്ങും സമരങ്ങള്‍ നടക്കുന്നത്. അതും പ്രധാനമായും സ്ത്രീകളുടേയും വിദ്ായര്‍ത്ഥികളുടേയും നേതൃത്വത്തില്‍. എത്രതന്നെ പ്രകോപനങ്ങളുണ്ടായിട്ടും സമരത്തിന്റെ സ്വഭാവം മാറ്റാന്‍ കഴിയാത്തതിനാലാണ് ഇപ്പോള്‍ വര്‍ഗ്ഗീയശക്തികള്‍ പരസ്യമായി തന്നെ രംഗത്തുവന്നിരിക്കുന്നത്. ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഈ പോരാട്ടങ്ങളെ ചോരയില്‍ മുക്കികൊല്ലാനാണ് നീക്കമെന്ന്‌ വ്യക്തം. അതിനാല്‍ തന്നെ ഇതൊരു നിര്‍ണ്ണായകഘട്ടമാണ്. ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാനും പൗരത്വത്തില്‍ മതം മാനദണ്ഡമാക്കാനുള്ള നീക്കം തകര്‍ക്കാനും നിലകൊള്ളുന്നവര്‍ മുസ്ലിംവേട്ട അനുവദിക്കില്ല എന്നു പ്രഖ്യാപിക്കേണ്ട ഘട്ടം. ഇപ്പോള്‍ മുസ്ലിമിനൊപ്പം എന്ന പ്രഖ്യാപനം ഭരണഘടനക്കൊപ്പം, ഇന്ത്യക്കൊപ്പം എന്നു തന്നെയാണ്. അതിനുള്ള ആര്‍ജ്ജവമാണ് ഇന്ത്യക്കാരില്‍ നിന്ന കാലം ആവശ്യപ്പെടുന്നത്

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.