അഡ്ജസ്റ്റ്‌മെന്റ് വിഷുക്കണിയും സ്‌കൈപ് വിഷുക്കണിയും

544

1

കേരളത്തിന്റെ പ്രധാനമായ രണ്ട് വിളവെടുപ്പ് മഹോത്സവങ്ങളില്‍ ഒന്നാണ് വിഷു. രണ്ടാമത്തേതായ ഓണം നമ്മുടെ ദേശീയോത്സവമായി ആഘോഷിക്കുമ്പോള്‍ വിഷു കൂടുതലായും ഒരു ഹിന്ദുമത ഉത്സവമായാണ് ആഘോഷിക്കപ്പെടുന്നത്. വിഷുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും കഥകളും എല്ലാം ഭഗവാന്‍ കൃഷ്ണന്‍ അല്ലെങ്കില്‍ മഹാവിഷ്ണു ഉള്‍പ്പെട്ടതാണ്.

ബ്രിട്ടനില്‍ ആണെങ്കിലും എല്ലാ വര്‍ഷത്തെപ്പോലെയും ഇത്തവണയും വിഷുക്കണി ഒരുക്കുന്നുണ്ട്. ലോക്കല്‍ ഇന്ത്യന്‍ ഷോപ്പില്‍ ഇത്തവണ വെള്ളരിക്ക കിട്ടിയില്ല. എങ്കിലും ഏതാണ്ട് അതിനോട് സാമ്യമുള്ള ഒരു ഫലം കിട്ടി. തേങ്ങയും മാങ്ങയും കിട്ടി. കൊന്നപ്പൂ ഒഴിച്ച് വിഷുക്കണിക്ക് വേണ്ടിയുള്ള മറ്റു സാധനങ്ങള്‍ ഒക്കെ റെഡി.

കൊന്നപ്പൂവിന്റെ ദൌര്‍ലഭ്യം ടെസ്‌കൊയില്‍ കിട്ടുന്ന മഞ്ഞ ക്രൈസാന്തിമം കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം എന്ന വിചാരത്തിനു തടസ്സം പറഞ്ഞത് എന്റെ ഒന്‍പതുകാരനും അഞ്ചു വയസ്സുകാരനും. വിഷുവിന്റെ ഉത്ഭവത്തെപ്പറ്റി ഞാന്‍ ചെറുപ്പത്തില്‍ കേട്ടിട്ടുള്ള കഥകളില്‍ കൊന്നപ്പൂപോലെ മനോഹരമായതും, മലയാളത്തനിമയുള്ളതുമായ ഒരു കഥ അവര്‍ക്ക് പറഞ്ഞു കൊടുത്തത് അല്‍പനേരം മുമ്പായിരുന്നു. ആ കഥയിലെ അമ്പോറ്റിക്കണ്ണന്‍, ഉണ്ണിക്കുട്ടന്‍ എന്ന കൂട്ടുകാരന് കൊടുത്ത അരങ്ങാണം അമ്പോറ്റിയുടെ മാജിക്കിലൂടെ മാറി ഉണ്ടായ കണിക്കൊന്നപ്പൂവിനു പകരം അച്ഛന്‍ ക്രൈസാന്തിമം, ഡാഫിഡില്‍, മഞ്ഞ റോസപ്പൂ തുടങ്ങിയവ വച്ച് ‘അഡ്ജസ്റ്റ് ‘ ചെയ്യുന്നതെങ്ങനെ എന്ന് അവര്‍ക്ക് പിടികിട്ടുന്നില്ല.

ഗുരുതരമായ ഈ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ മുത്തച്ഛന്‍ തന്നെ വേണ്ടിവന്നു. വീട്ടുമുറ്റത്തെ കണിക്കൊന്നയില്‍ നിന്നും അപ്പോള്‍ ഇറുത്തെടുത്ത കണിക്കൊന്നപ്പൂക്കളുമായി സ്‌കൈപ്പില്‍ വന്ന മുത്തച്ഛനും മുത്തശ്ശിയും പ്രശ്‌ന പരിഹാരത്തിന് എല്ലാവര്‍ക്കും സമ്മതമായ ഒരു ഫോര്‍മുല നിര്‍ദ്ദേശിച്ചു. രാവിലെ ക്രൈസാന്തിമം, ഡാഫിഡില്‍, വെള്ളരിക്കായുടെ ഡ്യൂപ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ‘അഡ്ജസ്റ്റ്‌മെന്റ് ‘ വിഷുക്കണി കഴിഞ്ഞാല്‍ ഉടനെ സ്‌ക്യ്പ്പിലൂടെ പാലായില്‍ നിന്നും ശരിക്കുള്ള ഒരു വിഷുക്കണി. കണിക്കൊന്നപ്പൂക്കളും വെള്ളരിക്കയും എല്ലാമുള്ള ഒറിജിനല്‍ വിഷുക്കണി നാളെ സ്‌കൈപ്പിലൂടെ ഇവിടെയെത്തും. അപ്പോഴും ഒരു വലിയ പ്രശ്‌നം. മുത്തച്ഛനും മുത്തശ്ശിയും വിഷുക്കൈനീട്ടം എങ്ങനെ സ്‌കൈപ്പിലൂടെ തരും. അച്ഛന്റെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്‌ഫെര്‍ ചെയ്തു തരാമോ എന്ന് കൊച്ചു മക്കളെക്കൊണ്ട് ഒന്ന് ചോദിപ്പിച്ചു നോക്കാം അല്ലെ. കിട്ടിയാല്‍ ഊട്ടി… :) . എല്ലാവര്‍ക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ വിഷു ആശംസകള്‍