“ഡോബർമാന്റെ കുണ്ടീല് പടക്കം വെച് പൊട്ടിച്ച നിസ്സാര കേസിനാണ് മഹേഷേട്ടാ! “

132

 

ആഡിലിൻ ആന്റണി

“ഡോബർമാന്റെ കുണ്ടീല് പടക്കം വെച് പൊട്ടിച്ച നിസ്സാര കേസിനാണ് മഹേഷേട്ടാ! ”

പൊളിറ്റിക്കൽ കറക്റ്റ്നെസ്സിന്റെ വക്താക്കൾ അധികം ശ്രദ്ധിക്കാതെ പോയ ഒരു സീൻ ആണ് ഇതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തീയറ്ററിൽ ആയാലും, ആൾക്കാരെ ചിരിപ്പിച്ച ഒരു രംഗം തന്നെ ആയിരുന്നു ഇത്. യഥാർത്ഥത്തിൽ, ആ കഥാപാത്രം ഒരു മൃഗത്തോട് ചെയ്ത ഒരു അതിക്രൂരമായ കൃത്യമാണ് അത് എന്നതിൽ തർക്കം ഉണ്ടാവില്ല. പക്ഷെ, സിനിമയിൽ അതിനെ ഗ്ലോറിഫൈ ചെയ്തിട്ടുണ്ട് എന്നും വ്യക്തിപരമായി ഞാൻ വിശ്വസിക്കുന്നില്ല. നന്മയും തിന്മയും എല്ലാം അടങ്ങിയിട്ടുള്ള ഒരു സാധാരണ കഥാപാത്രം പറയാൻ സാധ്യതയുള്ള ഒരു സംസാര ശൈലി തന്നെ ആയിരുന്നു അത്. ആ ഒരു കഥാപാത്രം തീർച്ചയായും അത്തരം പ്രവർത്തികളിൽ ഏർപ്പെടുകയും, അത്തരം സംഭാഷണങ്ങൾ പറയുകയും ചെയ്യും എന്നുള്ളത് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന രീതിയിൽ തന്നെയാണ് സിനിമയിലെ കഥാസന്ദർഭങ്ങളും സംവിധായകൻ ആവിഷ്കരിച്ചിട്ടുള്ളത്. അതായത്, ഒരു തരം സെൻസൊറിങ്ങും ഇല്ലാത്ത പച്ചയായ ഒരു ആവിഷ്കാരം.

ഇവിടെ, മാനസിക പക്വതയുള്ള പ്രേക്ഷകന് തീർച്ചയായും മനസ്സിലാകും, ഡോബർമാന്റെ ആസനത്ത് പടക്കം വെച്ച് പൊട്ടിക്കുന്നത് തെറ്റാണ് എന്ന്, എന്നിരുന്നാൽ കൂടി ആ ഒരു തിരിച്ചറിവിൽ പോലും അതിലെ നര്‍മ്മോക്തി മനസ്സിലാക്കി ചിരിക്കാനും അതിൽ പലർക്കും സാധിക്കും. പക്ഷെ തീർത്തും മൃഗ സ്‌നേഹി ആയ ഒരാൾക്കു ചിലപ്പോൾ അതിൽ നര്‍മ്മോക്തി കണ്ടെത്താൻ സാധിച്ചെന്നും വരില്ല. ഇനി മാനസിക പക്വത ഇല്ലാത്ത പ്രേക്ഷകൻ ആണെങ്കിൽ, ഡോബർമാന്റെ ആസനത്ത് പടക്കം വെച് പൊട്ടിക്കുന്നത് നല്ല ഒരു പ്രവർത്തി ആയി കരുതാനും സാധ്യതയുണ്ട്. അതായത്, സ്വന്തം അപക്വത മൂലം തെറ്റായ ഒരു സന്ദേശം സിനിമയിൽ നിന്ന് ഉൾകൊള്ളുന്ന അവസ്ഥ. കൂടുതലും കുട്ടികളിലാണ് ഈ ഒരു പ്രശ്നം ഉണ്ടാകാറുള്ളത്. അതുകൊണ്ടുതന്നെ പല സിനിമക്കും പാരന്റൽ guidance നിര്ദേശിക്കാറുണ്ട്.

ഒരു കഥ, അതിലെ കഥാപാത്രങ്ങളിലെ നന്മയെയും തിന്മയെയും വേർതിരിവില്ലാത്ത രീതിയിൽ, പച്ചയായി ആവിഷ്‌കരിക്കുമ്പോൾ, ഇത്തരത്തിൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് വഴി ഉണ്ടാക്കിയെന്ന് വരാം. പക്ഷെ, ആ ഒരു വീക്ഷണത്തിൽ മാത്രം ചിന്തിച്ചുകൊണ്ട് കഥയെയും കഥാപാത്രങ്ങളെയും സംഭാഷണങ്ങളേയും കീറി മുറിച്ചു, പലപ്പോഴും ആവിഷ്കാര സ്വാതന്ത്രത്തെ പോലും ചോദ്യം ചെയ്തുകൊണ്ട്, വിമർശനത്തിന് മാത്രം വിട്ടു കൊടുക്കുന്ന പ്രവണത ശരിയാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.
അടുത്തിടെ ഇറങ്ങിയ പല സിനിമകളിലും “മോശം സന്ദേശം” എന്നത് ഗ്ലോറിഫൈ ചെയ്യുന്നുണ്ട് എന്ന് പൊളിറ്റിക്കൽ കറക്ട്നെസ്സ് തല ചുമടായി കൊണ്ട് നടക്കുന്ന ക്രിട്ടിക്‌സും അനലിസ്റ്റുകളും വിമർശിക്കുന്നത് ഒരുപാട് കണ്ടതാണ്. “കപ്പേള”ക്കും അത്തരം വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സത്യത്തിൽ, കപ്പേളയിലും പച്ചയായ ഒരു ആവിഷ്കാരം തന്നെയാണ് സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. അത്തരം സിനിമയിൽ നിന്ന്നും മോശം സന്ദേശം പ്രേക്ഷകർ ഊഹിച്ച് എടുക്കാൻ സാധ്യത ഉണ്ട് എന്ന പേരിൽ മാത്രമാണ് ആ വിമർശനം ഉയരുന്നത്.

തികച്ചും സാധാരണക്കാരായ, നമുക്കിടയിൽ തന്നെ ഒരുപാടു കാണാൻ കഴിയുന്ന, തെറ്റുകളും കുറവുകളും ശരികളും എല്ലാം അടങ്ങിയ കഥാപാത്രങ്ങളാണ് കപ്പേളയിൽ ഉള്ളത്. അതുകൊണ്ട് അതിലെ ഓരോ കഥാപാത്രങ്ങളുടെ പ്രവർത്തികളിലും ശരിയും ശരികേടുകളും ഒരുപോലെ നിറഞ്ഞു നില്പുണ്ടായിരുന്നു. ഇവിടെ, വിമർശകർ നിര്ദേശിക്കുന്നതുപോലുള്ള ” അറ്റകുറ്റ പണികൾ” കഥയിലും കഥാപാത്രങ്ങൾക്കും നല്കുകയാണെങ്കിൽ, കഥയിൽ ഒരു പക്ഷെ ശരി ഉണ്ടായേക്കാം, പക്ഷെ സത്യം ഉണ്ടാകുമോ എന്നുള്ളത് സംശയമാകും.

സത്യം കാണുമ്പോൾ, അതിലെ ശരി മനസ്സിലാക്കാൻ കഴിവില്ലാത്തവരാണ് പ്രേക്ഷകർ എന്ന ആശയമാണ് അത്തരത്തിലുള്ളവർ യഥാർത്ഥത്തിൽ മുന്നോട്ട് വെക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട്, കഥയിലെ സത്യം അല്ല, ശരിക്കാണ് പ്രാധാന്യം നൽകേണ്ടത് എന്നാണ് അവരുടെ വാദം. ഈ ഒരു വാദത്തിനു പോലും അടിസ്ഥാനമുണ്ട് എന്ന് തോന്നിയിട്ടില്ല. കാരണം, പലപ്പോഴും നിയമത്തിനു പുറമെ നിൽക്കുന്ന “ശരിയും തെറ്റും” ആപേക്ഷികമായ ഒരു സാഹചര്യത്തിൽ, ഒരു പ്രേത്യേക വിഭാഗം ആളുകളുടെ ചിന്തയിൽ നിന്നുണ്ടായ “ശരികൾക്ക്” മാത്രം എങ്ങനെ പ്രാധാന്യം നൽകാനാകും? അവർ നിർദ്ദേശിക്കുന്ന “തെറ്റുകൾ” യഥാർത്ഥത്തിൽ തെറ്റുകളാണോ എന്ന് വിലയിരുത്താൻ ആരെക്കൊണ്ട് സാധിക്കും?

ഇതിനർത്ഥം, തീർത്തും സാമൂഹിക വിരുദ്ധ ആശയങ്ങളെ വാഴ്ത്തുന്ന സിനിമകളെ പ്രോത്സാഹിപ്പിക്കണം എന്നല്ല. “മഹേഷിന്റെ പ്രതികാര” ത്തിലെ ആ ഒരു രംഗം കണ്ട് ചിരിച്ച് ആസ്വദിച്ചിട്ടും, ഡോബർമാന്റെ ആസനത്തിൽ പടക്കം പൊട്ടിക്കുന്നത് തെറ്റാണെന്ന് പൂർണ്ണ ബോധ്യമുള്ള ആളുകൾ ജീവിക്കുന്ന നാട്ടിൽ, അർജുൻ റെഡ്ഢി പോലുള്ള സിനിമകൾ കണ്ട് ആസ്വദിക്കുന്ന എല്ലാവരും സ്ത്രീ വിരുദ്ധർ ആണ് എന്ന് കരുതുന്നതിലുള്ള യുക്തിയെയാണ് വിമർശനത്തിന് വിധേയമാക്കണം എന്ന് നിർദ്ദേശിക്കുന്നത്. ഗ്ലോറിഫിക്കേഷൻ ഉള്ള കഥയെ പോലും വെറുമൊരു കഥയായി കണ്ട് ആസ്വദിക്കുന്നതിൽ തെറ്റ് പറയാൻ കഴിയില്ലല്ലോ. അർജുൻ റെഡ്‌ഢി, കസബ പോലുള്ള സിനിമകൾ അപക്വമായ പ്രേക്ഷകരെ അപകടകരമായ രീതിയിൽ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട് എന്ന വസ്തുത നിലനിർത്തികൊണ്ട് തന്നെയാണ് ഇത്‌ പറയുന്നത്.

ഈ ഒരു സാഹചര്യത്തിൽ സത്യത്തിൽ “Art for art sake” എന്ന ആശയത്തെക്കുറിച്ചല്ലേ ജനങ്ങളെ ബോധവാന്മാരാക്കേണ്ടത്? സിനിമയെ ശരികൾ എന്തെന്ന് പഠിപ്പിക്കാനുള്ള ഉപകരണമാക്കി പരിണമിപ്പിക്കുന്നതിനു പകരം, സിനിമ വെറും ഒരു കലയാണ് എന്ന ബോദ്ധ്യമല്ലേ ജനങ്ങളിൽ എത്തിക്കേണ്ടതും, പുതു തലമുറയെ പഠിപ്പിക്കേണ്ടതും? അതായത്, ഒരു കലാസൃഷ്ടിയിൽ, അത് സൃഷ്‌ടിച്ച കലാകാരന്റെ തന്നെ വ്യക്തിത്വത്തിൽ നിന്നുള്ള “തെറ്റുകളും ശരികളും” ഉണ്ടായേക്കാം എന്നുള്ള ബോദ്ധ്യം. കല എന്നത് മനുഷ്യന്റെ കണ്ണാടി ആണെന്ന് പറയുമ്പോൾ, ആ കണ്ണാടിയിലുള്ള പ്രതിബിമ്പത്തിൽ, മനുഷ്യന്റെ ഭംഗിയും വൈകൃതവും ഒരുപോലെ പ്രതിഫലിക്കും എന്ന് പറയുന്ന അതെ ആശയം തന്നെയാണ് ഇവിടെ മുന്നോട്ട് വെക്കുന്നത്. ഇത്‌ മനസിലാക്കുക വഴിയല്ലേ ഏതൊരു കലയെയും സ്വയം മൂല്യനിർണയം നടത്താനുള്ള സാധ്യത ഓരോ വ്യക്തിയിലും ഉടലെടുക്കകുയുള്ളു? ആ ഒരു സാധ്യതയെ അല്ലെ കൂടുതൽ പ്രാധാന്യം നൽകി സ്വീകരിക്കേണ്ടത്? Parental guidance പോലുള്ള സെർറ്റിഫിക്കേഷൻസ് എന്തിനു വേണ്ടിയാണെന്ന് പ്രേക്ഷകൻ മനസ്സിലാക്കേണ്ടതും, അത് കർശനമായി ഉപയോഗിക്കാനുമുള്ള നടപടികൾ സ്വീകരിക്ക്കുക എന്നതിനും മുൻ‌തൂക്കം കൊടുക്കേണ്ടതല്ലേ?