മലയാളത്തിന്റെ പ്രിയ നടൻ ടൊവിനോ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ഡോ. ബിജു സംവിധാനം ചെയുന്ന അദൃശ്യജാലകങ്ങൾ എന്ന ചിത്രത്തിലാണ്. ചിത്രത്തിന് വേണ്ടി ടൊവിനോ 15 കിലോയോളം ഭാരമാണ് കുറച്ചത്. ഡോ. ബിജു തന്നെയാണ് സോഷ്യൽ മീഡിയ കുറിപ്പിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെ ടൊവിനോയുടെ ജന്മദിനം പ്രമാണിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഡോ .ബിജു ഇക്കാര്യം സൂചിപ്പിച്ചത്. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം.
“പ്രിയപ്പെട്ട ടൊവിനോയ്ക്ക് ജന്മദിനാശംസകൾ. നടൻ എന്ന നിലയിൽ ഈ വർഷം നിങ്ങളുടെ ഒരു ഗംഭീര വർഷം ആകട്ടെ .അദൃശ്യ ജാലകങ്ങളിലെ പേരില്ലാത്ത കഥാപാത്രത്തിന് വേണ്ടി നിങ്ങൾ നൽകിയ അർപ്പണതയ്ക്ക് ഏറെ നന്ദി . കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ബോഡി വെയിറ്റ് കുറയ്ക്കണം എന്ന നിർദേശം പാലിച്ചു ടോവിനോ 15 കിലോ ശരീര ഭാരം കുറച്ചാണ് കഥാപാത്രം ആകാനായി തയ്യാറെടുത്ത് . ”
“എല്ലാ ദിവസവും ഷൂട്ടിന് മുൻപ് രണ്ടു മണിക്കൂർ നീളുന്ന മേക്ക് അപ് . ഷൂട്ട് കഴിഞ്ഞു മേക്കപ്പ് അഴിക്കാൻ ഒരു മണിക്കൂർ . അതുകൊണ്ട് തന്നെ ഷൂട്ട് തുടങ്ങുന്നതിനു രണ്ടു മണിക്കൂർ മുന്നേ സെറ്റിൽ മേക്ക്അപ് രംഗത്തെ കുലപതി പട്ടണം ഷാ ഇക്കയുടെ മുന്നിൽ എത്തുന്ന ടോവിനോ ഷൂട്ട് കഴിഞ്ഞു ഒന്നര മണിക്കൂർ കൂടി കഴിഞ്ഞേ സെറ്റിൽ നിന്നും പോകൂ . അദൃശ്യ ജാലകങ്ങളുടെ ഷൂട്ടിങ് ഒട്ടേറെ ദിവസങ്ങളിൽ രാത്രി മാത്രം ആയിരുന്നു . സന്ധ്യക്ക് മുൻപേ സെറ്റിൽ എത്തി മേക്കപ്പ് ഇടുന്ന ടോവിനോ നേരം വെളുക്കുമ്പോൾ സെറ്റിൽ തന്നെ മേക്ക്അപ് അഴിച്ചു കുളിച്ച ശേഷം ആണ് മുറിയിലേക്ക് പോകുന്നത് .”
“എല്ലാ മാനറിസങ്ങളും ബോഡി ലാംഗ്വേജും പുതുക്കി പണിത ഒരു ടോവിനോയെ ആണ് അദൃശ്യ ജാലകത്തിൽ കാണാവുന്നത് . സബ്റ്റിൽ ആയി അതിശയിപ്പിക്കുന്ന അഭിനയം . ലോക സിനിമയിലെ ഏതൊരു നടനോടും ഒപ്പം നിൽക്കാൻ സാധിക്കുന്ന അഭിനയം എന്ന് ഞങ്ങൾ അണിയറ പ്രവർത്തകർക്ക് ഒന്നാകെ തോന്നിയ ഒരു കഥാപാത്രം .നടൻ എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും നിങ്ങൾ ഏറെ പ്രിയപ്പെട്ട ഒരാൾ ആണ് .നടൻ എന്ന നിലയിൽ ഈ വർഷം നിങ്ങളുടേതാണ് …
ജന്മ ദിനാശംസകൾ പ്രിയ ടോവിനോ ..”