നിങ്ങളെപ്പോഴെങ്കിലും റേപ്പ് ചെയ്യപ്പെട്ട സ്ത്രീയോട് സംസാരിച്ചിട്ടുണ്ടോ?

0
89

Adv Aisha P Jamal writes..

നിങ്ങളെപ്പോഴെങ്കിലും rape ചെയ്യപ്പെട്ട സ്ത്രീയോട് സംസാരിച്ചിട്ടുണ്ടോ? സിനിമയിൽ കാണുന്ന അതിവൈകാരിക പ്രകടനങ്ങൾ പോലെയല്ല, യഥാർത്ഥ ജീവിതത്തിൽ സ്വന്തം താല്പര്യങ്ങൾക്ക് വിരുദ്ധമായി, ശരീരത്തിനും മനസിനും നേരെയുള്ള അപമാനകരമായ ആക്രമണം നേരിടേണ്ടി വന്നിട്ടുള്ളവളോട്.ഞാൻ സംസാരിച്ചിട്ടുണ്ട്, ഒരാളോടല്ല.. അനേകം പേരോട്, അതിലധികവും കുഞ്ഞുങ്ങളോട്.. ശരീരത്തിന്റെ മുറിവുണങ്ങിയാലും, മരണം വരെ മനസ്സിന്റെ മുറിവുണങ്ങില്ല.. മാധവികുട്ടിപറഞ്ഞ പോലെ ഡെറ്റോൾ ഒഴിച്ച് കഴുകിയാൽ പോകുന്ന കറ അല്ലത്. അത് മനസിന്റെ അടിത്തട്ടിൽ ആഴത്തിലേറ്റ മുറിവായിരിക്കും. ഇടയ്ക്കിടെ അത് തികട്ടി വരും, ചിലർക്ക് പിന്നീടൊരിക്കലും ഒരു sex ൽ ഏർപ്പെടാൻ കഴിയാത്ത വിധം അറപ്പും വെറുപ്പും ഉണ്ടാക്കും.

പോലീസിലും, കോടതിയിലുമെല്ലാം മൊഴി കൊടുക്കേണ്ടി വരുമ്പോൾ ഒട്ടും ഇഷ്ടമല്ലെങ്കിലും നടന്നതെല്ലാം വീണ്ടും,, വീണ്ടും ഓർത്തോർത്തു പറയേണ്ടി വരുമ്പോൾ അവർ അനുഭവിക്കുന്ന വേദനയുണ്ട്. അടച്ചിട്ട കോടതിമുറിയിൽ വളരെ പരിമിതമായ ആളുകളുടെ മുന്നിൽ പോലും സംഭവിച്ച കാര്യങ്ങൾ പറയുമ്പോൾ അവരുടെ ഇടർച്ചയുള്ള പതിഞ്ഞ ശബ്ദമായിരിക്കും കേൾക്കുക. അവരുടെ വേദന ആ ശബ്ദത്തിൽ നിന്നും തിരിച്ചറിയാം. സ്വന്തം ഭർത്താവ് കാശും വാങ്ങി, കൂട്ടുകാർക്ക് കാഴ്ച്ച വെച്ച ആ സ്ത്രീയെ പറ്റി ഒന്നാലോചിച്ചു നോക്ക്… എത്ര ക്രൂരമായ അവസ്ഥയിലൂടെയാകും ആ സ്ത്രീ കടന്ന് പോയിട്ടുണ്ടാവുക. എത്ര വിശ്വസിച്ചിട്ടാകും ഭർത്താവിനോടൊപ്പം അവൾ പോയിട്ടുണ്ടാവുക, ആ ഭർത്താവിന്റെ ഒത്താശയോടെ അയാളുടെ കൂട്ടുകാർ ചേർന്ന് പിച്ചി ചീന്തിയപ്പോൾ, അതും സ്വന്തം കുഞ്ഞിന്റെ മുമ്പിൽ വെച്ച് അഞ്ചോളം പേർ ചേർന്ന് ബലാൽസംഗം ചെയ്തപ്പോൾ അവർ അനുഭവിച്ച മാനസിക വേദന നമുക്ക് ആലോചിക്കാൻ പോലും സാധ്യമല്ല.

ആ സംഭവത്തിനെയാണ് ഇയാൾ തന്റെ റേപിസ്റ് മനോഭാവത്തിന്റെ സാക്ഷാത്കാരമായി വരച്ചു വെച്ചിരിക്കുന്നത്. Gravest crime against human dignity എന്നാണ് ജസ്റ്റിസ് കൃഷ്ണയ്യർ ബലാൽസംഗത്തെ നിർവ്വചിച്ചിട്ടുള്ളത്. ഒരു മനുഷ്യന്റെ ആത്മാഭിമാനത്തിനു നേരെയുള്ള ഏറ്റവും വലിയ കുറ്റകൃത്യം. ഇയാളെ വിശേഷിപ്പിക്കാൻ പോന്ന പദം ഒന്നും മലയാളത്തിൽ ഇല്ല. Rape ചെയ്തവരേക്കാൾ ദുഷിച്ച മനസുമായാണ് ഇയാളൊക്കെ ജീവിക്കുന്നത്. അകലം പാലിക്കാം കോവിഡിൽ നിന്ന് മാത്രമല്ല ഇയാളെ പോലെയുള്ള അടിമുടി വിഷം മാത്രം വമിപ്പിക്കുന്ന ജീവികളിൽ നിന്നും.
(NB: കാർട്ടൂണിൽ വാചകം ഉൾപ്പടെ പോസ്റ്റ്‌ ചെയ്യാൻ മനസ്സനുവദിക്കുന്നില്ല)