Adv Aisha P Jamal എഴുതുന്നു

എട്ടാം ക്ലാസ്സിലേക്ക് കൊടുങ്ങല്ലൂർ ഗേൾസ് സ്കൂളിലേക്ക് പഠിക്കാൻ ചെന്നപ്പോൾ ആണ് അവളെ ആദ്യമായി കാണുന്നത്.. വിടർന്ന കൺപീലികളുള്ള വലിയ കണ്ണുകൾ, നീല നിറമുള്ള കൃഷ്ണമണി, ക്ലാസ്സിലെ സുന്ദരിമാരിൽ അതി സുന്ദരി, പഠിക്കാനും മിടുക്കി, sslc ക്ക് ക്ലാസ്സിൽ ഒന്നാമതായിരുന്നു അവൾ..

ആദ്യ വർഷങ്ങളിൽ ഷാൾ കൊണ്ട് തല മറച്ചാണ് അവൾ വന്നിരുന്നത്.. പിന്നീടെപ്പോഴോ മഫ്ത ആയി.. തികഞ്ഞ വിശ്വാസി… ക്ലാസ്സിൽ എല്ലാവർക്കും ചില്ലറ പ്രണയം ഉണ്ടായിരുന്നപ്പോഴും ഒരു പ്രണയത്തിലും ട്യൂഷൻ ക്ലാസ്സിലോ പുറത്തോ ചെന്ന് പെടാതിരുന്നവൾ. ഹിന്ദി സിനിമകളുടെ ആരാധിക ആയിരുന്നു. മിക്കവാറും എല്ലാ ഹിന്ദി സിനിമയുടെ കഥകളും ഗാനങ്ങളെയും ഞങ്ങൾക്ക് പരിചയപെടുത്തിയിരുന്നവൾ.. ഒപ്പന കളിച്ചിരുന്നവൾ, ഫാൻസി ഡ്രസ്സ്‌ മത്സരത്തിൽ പങ്കെടുത്തിരുന്നവൾ, പാട്ട് പാടിയിരുന്നവൾ.. ഞങ്ങളോടൊപ്പം ടൂർ വന്നിരുന്നവൾ, ചെറിയ outing ന് കൂടെയുണ്ടായിരുന്നവൾ…
പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ അവൾ സയൻസ് ഗ്രൂപ്പിലും, ഞാൻ ഹ്യുമാനിറ്റീസ് ഗ്രൂപ്പിലും അതേ സ്കൂളിൽ പഠനം തുടർന്നു. സൗഹൃദവും കൂടെ തുടർന്നു..

Plus two കഴിഞ്ഞപ്പോൾ ഞാൻ കോഴിക്കോട് ലോ കോളേജിൽ എൽ എൽ ബി ക്കും അവൾ എറണാകുളം രാജഗിരി കോളേജിൽ ബിടെക് നും ചേർന്നു പഠനം തുടർന്നു. ഫസ്റ്റ് ക്ലാസ്സോടെ ബിടെക് പഠനം കഴിഞ്ഞ ഉടനെ അവൾ വിളിച്ചു… അവളുടെ കല്യാണമാണ് എന്നും കോഴിക്കോട് ആണ് പയ്യന്റെ വീട് അവളുടെ സീനിയർ ആയി അതേ കോളേജിൽ പഠിച്ചതാണ്, പ്രണയമായിരുന്നു,
ഇപ്പോൾ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു എന്നും പറഞ്ഞു. പരീക്ഷയുടെ തിരക്കുകൾ കാരണം എനിക്ക് പോകാൻ സാധിച്ചില്ല..

പിന്നീട് ഞാൻ അവളെ കാണുന്നത് ഞങ്ങളുടെ മറ്റൊരു സുഹൃത്തിന്റെ കല്യാണത്തിന് കൊടുങ്ങല്ലൂർ വെച്ചാണ്. മുഖമാകെ മൂടി കൈ വിരലുകൾ വരെ മറച്ചു ബുർക്ക ധരിച്ച അവളെ കണ്ടു. അവളുടെ മുഴുവൻ സൗന്ദര്യവും ആവാഹിച്ച കരിനീല മിഴികൾ മാത്രം അതിനുള്ളിൽ നിന്നും പുറത്തേക്ക് കാണാമായിരുന്നു. അന്നവൾക്ക് ഒരു ആൺ കുഞ്ഞു ജനിച്ചിരുന്നു. ഞങ്ങളെ കണ്ട സന്തോഷത്തിലും, ആ വേഷത്തിൽ ഞങ്ങളെ അഭിമുഖീകരിക്കാൻ അവൾക്കു വിഷമം ഉള്ളതായി തോന്നി. എന്നാൽ പിന്നീട് വസ്ത്രത്തിൽ അല്ലാതെ ഒരല്പം പോലും മാറ്റമില്ലാതെ അവൾ ഞങ്ങളോടൊപ്പം പഴയ സൗഹൃദം ആസ്വദിച്ചു. ഭർത്താവുമുണ്ടായിരുന്നു കൂടെ… വലിയ താടിയുള്ള നരിയാണിക്ക് മേൽ പാന്റിട്ട, നീണ്ട ജുബ്ബ ധരിച്ച അയാൾ ഒരു മത പ്രഭാഷകനെ ഓർമിപ്പിച്ചു.

ലോ കോളേജിൽ ഫൈനൽ വർഷം പരീക്ഷ കഴിഞ്ഞയുടനെയാണ് കോഴിക്കോട് ആർട്സ് കോളേജിൽ SFI യുടെ ഒരു കൺവെൻഷന് പോയപ്പോൾ എനിക്ക് ഇവളെ കാണണം എന്ന് തോന്നിയത്. ഞാൻ അവളെ ഫോണിൽ വിളിച്ചു വീട്ടിലേക്കുള്ള വഴി ചോദിച്ചു. ഏതു ബസിലാണ് കയറേണ്ടത് എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടി കേട്ട് ഞാൻ ഞെട്ടി… വിവാഹശേഷം രണ്ട് വർഷമായിട്ടും ഇത് വരെ ബസിൽ യാത്ര ചെയ്തിട്ടില്ലാത്തതിനാൽ വഴി പറഞ്ഞു തരാൻ അറിയില്ലെന്ന് പറഞ്ഞു. അവൾ ഭർത്താവിന്റെ ഉമ്മയോട് ചോദിച്ചു എനിക്ക് വഴി പറഞ്ഞു തന്നു. SFI ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശിഖയോടൊപ്പം ഞാൻ അവിടേക്ക് പോയി.
വീടിന്റെ മുന്നിൽ തന്നെയാണ് ബസ്‌സ്റ്റോപ്.. വലിയ മതിൽ, പുറത്ത് നിന്നു നോക്കിയാൽ കാണാത്ത വിധം അടച്ചുറപ്പുള്ള ഗേറ്റ് തുറന്നപ്പോൾ വലിയ ഒരു വീട്… ആ വീട്ടിൽ ഏറെ സന്തോഷത്തോടെ ഞങ്ങളെ അവളും ഉമ്മയും ചേർന്നു സ്വീകരിച്ചു. നാട്ടിൽ നിന്നും വല്ലപ്പോഴും വരുന്ന ബന്ധുക്കളെ കൂടാതെ അവളെ തേടി ആദ്യമായി വരുന്ന ഒരാൾ.. അതായിരുന്നു ഞാൻ.. എനിക്ക് പങ്കെടുക്കാൻ കഴിയാതിരുന്ന അവളുടെ കല്യാണത്തിന്റെ ആൽബം ഞങ്ങൾക്ക് അവൾ കാണിച്ചു തന്നു..
തട്ടമിട്ടു മഫ്തയണിഞ്ഞു ഒരു സുന്ദരി മണവാട്ടി ആയിരുന്നു അവൾ, ക്ലീൻ ഷേവ് ചെയ്ത്, കോട്ടിട്ടു ഹിന്ദി സിനിമ താരത്തെ അനുസ്മരിപ്പിക്കും വിധം അവളുടെ ഭർത്താവും…..
എനിക്ക് സംശയമായി… സാധാരണ മുസ്ലിം വേഷം ധരിച്ചിരുന്ന ഇവർ എപ്പോൾ മുതലാണ് ഈ വേഷത്തിലേക്ക് മാറിയത്.. ഞാൻ അവളോട് ചോദിച്ചു…
ഇക്ക ഇപ്പോൾ തബ്‌ലീഗാണ്… ബാംഗ്ലൂരിലെ ജോലി ഉപേക്ഷിച്ചു, ഇവിടെ വാപ്പയുടെ കൂടെ ബിസിനസ്‌ ചെയ്യുന്നു . ഇവിടെ ദീനിനെ ധിക്കരിച്ചു ജീവിച്ചാൽ മരിച്ചാൽ അങ്ങെത്തുമ്പോൾ മറുപടി പറയേണ്ടേ… അവൾ പറഞ്ഞു
ഞാൻ വിഷയം മാറ്റാൻ നോക്കി.. നീ ജോലിക്ക് ഒന്നും ശ്രമിക്കുന്നില്ലേ… ഇല്ല.. പുറത്ത് പോയി ജോലി ചെയ്യാൻ കഴിയില്ല, ബിടെക് ന് പകരം mbbs ചെയ്‌താൽ മതിയായിരുന്നു, എന്നാൽ വീട്ടിൽ ക്ലിനിക് ഇടാമായിരുന്നു എന്ന് പറഞ്ഞു അവൾ ചെറിയ നിരാശ പങ്ക് വെച്ചു.

പിന്നീട് പല വട്ടം ഫോണിലും ഒരിക്കൽ അവളെന്റെ വീട്ടിൽ വന്നപ്പോൾ നേരിട്ടും കണ്ടു സംസാരിച്ചു. വേഷത്തിൽ അല്ലാതെ ഒട്ടുമേ മാറ്റമില്ലാത്തവൾ…
രണ്ട് വർഷം മുമ്പാണ് അവൾ വീണ്ടും ഗർഭിണിയാണെന്നറിഞ്ഞപ്പോൾ എനിക്കവളെ കാണണം എന്ന് തോന്നിയത്. അതിനിടയിൽ അവൾ രണ്ട് പെൺകുഞ്ഞുങ്ങളെ കൂടി പ്രസവിച്ചു. നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച അവളെ കാണാൻ ഞാൻ വീണ്ടും അവളുടെ വീട്ടിലേക്ക് പോയി… ഭർത്താവിന്റെ വീടിനോട് ചേർന്നു മറ്റൊരു വീട് പണിത് അതിലാണവൾ താമസിക്കുന്നത്. എല്ലാ സൗകര്യങ്ങളുമുള്ള,എന്നാൽ tv ഇല്ലാത്ത, സഹായത്തിനു ഒരു സ്ത്രീ വരുന്ന വീട്..

അപ്രതീക്ഷിതമായി ഞാൻ എത്തിയപ്പോൾ എനിക്കുള്ള ഭക്ഷണം വാങ്ങി വരാൻ അവൾ ഭർത്താവിനെ ഫോൺ ചെയ്ത് പറഞ്ഞു. അവൾ തിരക്കിൽ ആയിരുന്നു.. ഇളയ രണ്ട് പെൺകുഞ്ഞുങ്ങളുടെ വികൃതി കാരണം അവൾ ആകെ വലഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ഭർത്താവ് വന്നു. എനിക്കുള്ള ബിരിയാണി ചോക്ലേറ്സ്, ഐസ്ക്രീം ഒക്കെയായി ഒരു വലിയ കവറിൽ സാധനങ്ങളുമായി …
പക്ഷെ അയാളെ അകത്തേക്ക് കണ്ടില്ല, എന്നോട് ഒരു വാക്ക് മിണ്ടാൻ പോലും അയാൾ അകത്തേക്ക് വന്നില്ല.. മക്കൾ അയാളെ കണ്ടു ഓടി പോയി വർത്തമാനം പറഞ്ഞു.. അയാൾക്കു ഭക്ഷണം അവൾ ഡൈനിങ്ങ് ഹാളിൽ വിളമ്പി കൊടുത്തു. അതിനു മുമ്പ് അകത്ത് നിന്ന് ഹാളിലേക്ക് നോട്ടമെത്തുന്ന കർട്ടനും അവൾ വലിച്ചിട്ടു..
എനിക്കയാളെ കാണാൻ കഴിഞ്ഞില്ല, ഭക്ഷണം കഴിച്ചയുടൻ അയാൾ പോയി…

മോശമായിപോയി.. നിന്റെ ഭർത്താവിനെ ഒന്ന് പരിചയപ്പെടുത്തുക പോലും ചെയ്യാതെ നീ പറഞ്ഞയച്ചില്ലേ…ഞാനവളോട് പരിഭവം പറഞ്ഞു.
നീ മോശമായൊന്നും കരുതരുത്… അന്യസ്ത്രീകളോട് ഇടപഴകുന്നത് പരമാവധി ഒഴിവാക്കിയാണദ്ദേഹം ജീവിക്കുന്നത്. അടുത്ത ബന്ധുക്കളായ സ്ത്രീകളോടല്ലാതെ ഇപ്പോൾ മിണ്ടാറില്ല…
എറണാകുളം രാജഗിരിയിൽ പഠിച്ചപ്പോൾ, നിന്നെ പ്രണയിച്ചു കെട്ടിയപ്പോൾ ഒന്നും ഈ പ്രശ്നം ഉണ്ടായിരുന്നില്ലലോ… ഇപ്പോഴെന്താ ഇങ്ങനെ….
ഇക്ക തബ്‌ലീഗ് ആയതിന് ശേഷം ഇങ്ങനെയാ… ഞങ്ങളോട് എല്ലാ കടമകളും നിർവഹിക്കും…മക്കളോട് വലിയ സ്നേഹവുമാണ്… വിശ്വാസപരമായ ചില നിബന്ധനകൾ ഇസ്ലാമിൽ പറഞ്ഞത് കൊണ്ടാണ് ഞങ്ങളിങ്ങനെ ജീവിക്കുന്നത്…

അപ്പോഴേക്കും അവളുടെ 8 വയസ്സ്കാരൻ മകൻ സ്കൂൾ വിട്ട് വന്നു.. എന്നോട് ഒന്ന് ചിരിച്ചു കൊണ്ട് അവൻ റൂമിലേക്ക് പോയി.. … ഞാൻ ചെന്ന് അവനോടു സ്കൂൾ വിശേഷങ്ങൾ ചോദിച്ചുവെങ്കിലും എന്നോട് ഒന്നും മിണ്ടിയില്ല അവൻ…
അന്യ സ്ത്രീകളോട് അവനും പരമാവധി മിണ്ടാറില്ലത്രേ… അവൾ പറഞ്ഞു….

എട്ടു വയസ്സുകാരൻ പൈതലിന്റെ മുന്നിലെ അന്യ സ്ത്രീയായ ഞാൻമുറിയിൽ നിന്നിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു…

(നേരനുഭവം)

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.