കുടിയൊഴിപ്പിക്കൽ നടപടിക്ക് ആസ്പദമായ കേസെന്താണ്? സത്യാവസ്ഥ, കോടതി വ്യവഹാരം, അഭിഭാഷകന്റെ കുറിപ്പ്

  0
  263

  അഡ്വ. അഷ്‍കർ ഖാദർ

  കഴിഞ്ഞ ഒരാഴ്ചക്കാലമായി നമ്മുടെ മന:സാക്ഷിയെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ദൃശ്യമാണു “നിങ്ങളൊക്കെ കൂടിയാണ് എന്റയച്ഛനെയുമമ്മയെയും കൊന്നത്” എന്ന് സ്വന്തം അച്ഛനെ അടക്കാൻ കുഴിമാടം തോണ്ടേണ്ടിവന്ന ഹതാശമായ വിധിയെ പഴിച്ചുകൊണ്ട് ആ കുരുന്നു മകൻ വിരൽ ചൂണ്ടുന്നത്.

  Image may contain: text that says "12/30/2020 Case Status Search by Case Number Daily Status Munsiffs Court, Neyyattinkara In The Court :Principal Munsiff, Neyyattinkara CNR Number KLTV240000492020 Case Number OS/0300025/2020 PONGIL VASANTHA VASANTHA Versus SEELAMMA @ VASUMATHI Date 15-12-2020 Business Next Purpose Next Hearing Date IA 8/20 and 10/20 are allowed Vso. For report about work 22-12-20 For reports 22-12-2020 Principal Munsiff, Neyyattinkara"അച്ചനുമമ്മയും കണ്മുന്നിൽ പിടഞ്ഞു പ്രാണനൊടുങ്ങി, ആ കുട്ടികളെ അനാഥരാക്കിയതിൽ ആരുടെ ഭാഗത്തു നിന്നെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ? അതിവൈകാരികമായ ആൾക്കൂട്ട വിചാരണയ്ക്കപ്പുറം വസ്തുതതകൾ അന്വേഷിക്കുന്നതിനുള്ള ഒരു ശ്രമമാണ്. സിവിൽ കോടതിയിൽ നിന്നും രാജനെ കേൾക്കാതെ വാദി സമ്പാദിച്ച ഏകപക്ഷീയമായ കുടിയൊഴിപ്പിക്കൽ ഉത്തരവ്, ഹൈക്കോടതിയിൽ നിന്നും സ്റ്റേ ഉത്തരവു ലഭിക്കുമെന്ന് മനസ്സിലാക്കി അഭിഭാഷകകമ്മീഷനെയും പോലീസിനെയും സ്വാധീനിച്ച് തിടുക്കത്തിൽ വാദി നടപ്പിലാക്കാൻ ശ്രമിച്ചതാണു ഈ ദാരുണ സംഭവത്തിനിടയാക്കിയതെന്നാണ് പ്രധാന ആരോപണം. അതിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനു കോടതിയിൽ വാദി നൽകിയിരിക്കുന്ന വ്യവഹാരവും അതിലുള്ള കോടതി നടപടികളും കാലക്രമവും പരിശോധിക്കേണ്ടതുണ്ട്.

  Image may contain: text that says "12/30/2020 Case Status Search by Case Number Daily Status Munsiffs Court, Neyyattinkara In The Court :Principa Munsiff, Neyyattinkara CNR Number LTV240000492020 Case Number OS/0300025/2020 PONGIL VASANTHA @ VASANTHA Versus SEELAMMA @ VASUMATHI Date 22-12-2020 Business Next Purpose Next Hearing Date D2 reported that OP(C) filed before the Honble High Court. the light of said submission and rehearing Christmas vacation Court from tomorrow, the execution of work as ordered on 15-12-20 kept abeyance till 4-1-21. Call on 4-1-21 For reports 04-01-2021 Principal Munsiff, Neyyattinkara"കുടിയൊഴിപ്പിക്കൽ നടപടിക്ക് ആസ്പദമായ കേസെന്താണ്?

  നെയ്യാറ്റിങ്കര താലൂക്കിൽ അതിയന്നൂർ വില്ലേജിൽ റീ സർവ്വേ 852/17, 852/18 നമ്പരിൽ പെട്ട 6.50 സെന്റ് ഭൂമിയിൽ അതിയന്നൂർ പഞ്ചായത്തിന്റെ കെട്ടിടനമ്പർ 9/241 (പഴയത്4/224) പുരയിടത്തിലാണ് വസന്ത താമസിച്ചു വരുന്നത്. അതിയന്നൂർ പഞ്ചായത്തിലെ 9-ാം വാർഡിലെ (ഭാസ്കർ നഗർ) നെട്ടത്തോട്ടം ലക്ഷം വീട് കോളണിയിലാണ് ഈ വസ്തു. 1999-ൽ 2682, 2683 നമ്പർ ആധാരപ്രകാരം 3 സെന്റും 3.50 സെന്റും വീതമുള്ള പുരയിടം രണ്ടു പട്ടയഉടമകളിൽ നിന്നും തീറായി വാങ്ങി അതൊന്നായി മതിൽകെട്ടി തിരിച്ച് അതിൽ പണിത ടെറസ് വീടിലാണ് വാദി താമസിച്ചുവരുന്നത്. ഈ വീടും പുരയിടവും 2015-ൽ വാദി തന്റെ പേരക്കുട്ടി മൈനറായ ശരത് കുമാറിന്റെ പേർക്ക് ഇഷ്ടദാനം ചെയ്തു പോക്കുവരവ് ചെയ്ത് പേരിൽ കരം തീർത്തിട്ടുള്ളതുമാണ്. (കേസിൽ അന്യായം ബി പട്ടികയായി രേഖപ്പെടുത്തിയിരിക്കുന്നു)

  Image may contain: one or more people, text that says "EER "ഇനിയെൻ്റെ അമ്മയും കൂടെ മരിക്കാനുള്ളൂ സാറേ" #KERALACYBERWARRIOI"അന്യായം ബി പട്ടിക വസ്തു കൂടാതെ അതിന്റെ വടക്കുവശത്തുള്ള 3 സെന്റ് പുരയിടം വസന്ത 2006-ലെ 3634 നമ്പർ ആധാരപ്രകാരം തീറുവാങ്ങി പോക്കുവരവു ചെയ്ത് പേരിൽ കരമൊടുക്കി അനുഭവിച്ചുവരുന്നു. (അന്യായം എ പട്ടികയായി കേസിൽ രേഖപ്പെടുത്തിയിരിക്കുന്നു). ആ 3 സെന്റ് ഭൂമിയുടെ കിഴക്കുവശത്ത് നിന്നു കുറച്ചു സ്ഥലം വാദി വഴിക്കുവേണ്ടി വിട്ടുകൊടുക്കുകയും വിട്ടുകൊടുത്ത ഭാഗം പഞ്ചായത്ത് കോൺക്രീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

  അന്യായം എ. ബി പട്ടിക ഭൂമികളുടെ കിഴക്കുവശത്തു കൂടി പോകുന്ന വഴിക്ക് വീതി കൂട്ടുക എന്ന ഉദ്ദേശത്തോടെ, ലക്ഷം വീട് കോളനി നിവാസികളായ (1) ശീലാമ്മ എന്നുവിളിക്കുന്ന വസുമതിയും (2) രാജനും (തീപ്പൊള്ളലേറ്റ് മരണമടഞ്ഞ), (3) ഹരി എന്ന് വിളിക്കുന്ന രമേഷും (4) ജിനുവും (5) ബിജുവും വാദിയുടെ ഉടമസ്ഥതയിലുള്ള അന്യായപ്പട്ടിക ഭൂമി കൈയേറാനും ചുറ്റുമതിലും നടകളും ചെടിച്ചട്ടികളും നശിപ്പിക്കാനും ശ്രമിക്കുന്നുവെന്നും അതുകൊണ്ട് അവരെ അന്യായ പട്ടിക ഭൂമികളിൽ കൈയേറുന്നതിൽ നിന്നും ചുറ്റുമതിലും പൂച്ചട്ടിയും ഒതുക്കുകളും (സ്ടെപ്സ്) നശിപ്പിക്കുന്നതും നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് വസന്ത കേസ് നൽകിയിരിക്കുന്നത്. നെയ്യാറ്റിങ്കര പ്രിൻസിപ്പൽ മുൻസിഫ് കോടതിയിലാണു ശാശ്വത നിരോധന ഉത്തരവിനു (permanent prohibitory injunction) വേണ്ടിയുള്ള അന്യായം08.01.2020 തീയതി OS No.25/2020 നമ്പറായി ഫയൽ ചെയ്തിട്ടുള്ളത്.

  Image may contain: textഅന്യായത്തോടൊപ്പം അന്യായപ്പട്ടിക ഭൂമികളുടെ ആധാരം, റീ സർവ്വേ പ്ലാൻ, കരമൊടുക്കിയതിന്റെ രസീതുകൾ, കെട്ടിട നികുതി രസീത് എന്നിവ വാദി ഹാജരാക്കിയിട്ടുള്ളതാണ്.താല്ക്കാലിക നിരോധന ഉത്തരവ്

  09.01.2020 തീയതി കേസ് ഫയലിൽ സ്വീകരിച്ച മുൻസിഫ് കോടതി പ്രതികൾക്കെതിരെ താല്ക്കാലിക നിരോധന ഉത്തരവ് (IA No.1/2020) പാസാക്കുകയും അന്യായപട്ടിക ഭൂമികൾ സന്ദർശിച്ച് റിപ്പോർട് ചെയ്യുന്നതിനു അഡ്വേക്കറ്റ് കമ്മീഷനെ നിയമിക്കുകയും ചെയ്തു. കേസ് എതിർകക്ഷികൾ ഹാജരാകുന്നതിനും കമ്മീഷൻ റിപ്പോർടിനുമായി 10.02.2020-നു പോസ്റ്റ് ചെയ്തു.
  താൽക്കാലിക ഇഞ്ചങ്ങ്ഷൻ ഓർഡറിന്റെ ലംഘനം

  10.02.2020 തീയതി എതിർകക്ഷികൾ അഭിഭാഷകൻ മുഖേന കോടതിയിൽ ഹാജരായി. അഡ്വേക്കറ്റ് കമ്മീഷണർ സ്ഥപരിശോധനാ റിപ്പോർടും സ്കെച്ചും ഹാജരാക്കി. I.A No.1/2020ൽ പ്രതികൾക്ക് ആക്ഷേപവും(objection) അന്യായത്തിനുള്ള മറുപടിയും (written statement) ഫയൽ ചെയ്യുന്നതിനായി കേസ് 17.02.2020 തീയതിക്ക് വെച്ചു.

  30.01.2020 തീയതി അഡ്വേക്കറ്റ് കമ്മീഷണറുടെ സ്ഥലപരിശോധനയ്ക്ക് ശേഷം കോടതിയുടെ09.01.2020 തീയതിയിലെ താല്ക്കാലിക ഇഞ്ചങ്ങ്ഷൻ ഉത്തരവ് ലംഘിച്ചുകൊണ്ട് എതിർകക്ഷികൾ വാദിയുടെ ഗേറ്റിന്റെ പൂട്ടു തകർത്ത് അന്യായം എ പട്ടിക ഭൂമിയിൽ അതിക്രമിച്ചു കയറുകയും പൂച്ചട്ടികൾ നശിപ്പിക്കുകയും 2 ഷെഡുകൾ അനധികൃതമായി നിർമ്മിക്കുകയും ചെയ്തെന്നാരോപിച്ചുകൊണ്ട് ഇഞ്ചങ്ങ്ഷൻ ഉത്തരവ് ലംഘിച്ചതിനു പ്രോസിക്യൂഷൻ ഹർജിയും (IA No.3/2020) വാദിക്ക് വരുത്തിയ നാശനഷ്ടങ്ങളും ഇഞ്ചങ്ങ്ഷൻ ഉത്തരവു ലംഘിച്ചതും തിട്ടപ്പെടുത്തി റിപ്പോർട് ചെയ്യുന്നതിനു അഡ്വേക്കട് കമ്മീഷണറെ നിയമിക്കുന്നതിനും (IA No.4/2020) വാദി കോടതിയിൽ ഇടക്കാല ഹർജികൾ നൽകിയിരുന്നു. ആദ്യത്തെ അഡ്വേക്കട് കമ്മീഷണറെ തന്നെ നിയമിച്ചുകൊണ്ട് വാദി ഫയൽ ചെയ്ത IA No.4/2020

  17.02.2020 തീയതി കോടതി അനുവദിച്ചു. താല്ക്കാലിക ഇഞ്ചങ്ങ്ഷൻ ഹർജിയിൽ (IA No.1/2020) വാദം കേൾക്കുന്നതിനും പ്രതികളുടെ ആക്ഷേപത്തിനുമായി കേസ് 26.06.2020-ാം തീയതിയിലേക്ക് പോസ്റ്റ് ചെയ്തുവെങ്കിലും വാദിയുടെ അപേക്ഷപ്രകാരം 20.03.2020-ാം തീയതി കേസ് 23.03.2020-ലേക്ക് അഡ്വാൻസ് ചെയ്തു.

  23.03.2020-ാം തീയതി പ്രതികൾക്ക് വേണ്ടി ആരും ഹാജരാകാത്തതിനെ തുടർന്ന് കേസ് 26.03.2020-ലേക്ക് മാറ്റുകയും കേസിന്റെ അടുത്ത അവധി സംബന്ധിച്ച് പ്രതികൾക്ക് നോടീസ് നൽകി, അതിനുള്ള memo അടുത്ത അവധിക്ക് ഫയൽ ചെയ്യാൻ വാദിയോട് ഉത്തരവിടുകയും ചെയ്തു. 26.03.2020-ാം തീയതി ലോക്ക് ഡൗൺ ആയതിനാൽ കേസ് എസ് 02.06.2020-ലേക്ക് പോസ്റ്റ് ചെയ്തു.

  02.06.2020-ാം തീയതി ഇരുഭാഗം അഭിഭാഷകരും ഹാജരായിരുന്നു. അഡ്വേക്കറ്റ് കമ്മീഷണർ റിപ്പോർട്ട് (IA No.4/2020) ഫയൽ ചെയ്തു. ഇഞ്ചങ്ങ്ഷൻ ഓർഡർ ലംഘിച്ചു നടത്തിയ നിർമ്മിതികൾ നീക്കി തത്സ്ഥിതി (status quo) പുന:സ്ഥാപിക്കുന്നതിനുള്ള ഹർജിയിൽ (IA
  No.5/2020)-ൽ തെളിവെടുക്കുന്നതിനായി കേസ് 08.06.2020-ലേക്കും തുടർന്ന് 15.06.2020-ാം തീയതിലേക്കും കേസ് മാറ്റി. 08.06.2020-ാം തീയതി പ്രതിഭാഗം അഡ്വേക്കറ്റ് ഹാജരായിരുന്നെങ്കിലും സ്റ്റാറ്റസ്‍ക്വോ പുനഃസ്ഥാപിക്കുന്നതിനുള്ള ഹർജിയിൽ തെളിവെടുക്കുന്നതിനും വാദത്തിനും നിശ്ചയിച്ച 15.06.2020-ാം തീയതി,പ്രതികൾക്കു വേണ്ടി ആരും ഹാജരുണ്ടായില്ല. വാദിഭാഗത്തിനു വേണ്ടി അഡ്വേക്കറ്റ് കമ്മീഷണറെ വിസ്തരിക്കുകയും കമ്മീഷൻ റിപ്പോർടുകളും സ്കെച്ചും തെളിവിലേക്ക് രേഖപ്പെടുത്തുകയും ചെയ്തു. ഹർജിയിൽ ഉത്തരവു പറയുന്നതിഉനു കേസ് അടുത്ത ദിവസത്തേക്ക് വെച്ചു.

  16.06.2020-ാം തീയതി തത്സ്ഥിതി പുനഃസ്ഥാപന ഹർജി അനുവദിച്ചുത്തരവായി. അന്യായ പട്ടിക എ ഭൂമിയിൽ അഡ്വക്കേറ്റ് കമ്മീഷണറുടെ സ്ഥലപരിശോധന സ്കെച്ച് പ്രകാരം പ്രതികൾ താല്കാലിക ഇഞ്ചങ്ങ്ഷൻ ഓർഡർ ലംഘിച്ചുനിർമ്മിച്ച ഷെഡ്ഡുകൾ 10 ദിവസങ്ങൾക്കകം പൊളിച്ചുനീക്കി പൂർവസ്ഥിതിയിലാക്കുന്നതിന് പ്രതികളോടു കല്പിക്കുകയും വീഴ്ചവരുത്തിയാൽ അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തിൽ പ്രതികളുടെ ചെലവിൽ അവ നീക്കം ചെയ്യാൻ വാദിക്ക് അവകാശം നൽകിക്കൊണ്ടുമാണു ഉത്തരവു നൽകിയത്. കൂടാതെ, 09.01.2020-ാം തീയതിയിലെ താല്ക്കാലിക ഇഞ്ചക്ഷൻ ഉത്തരവ് സ്ഥിരപ്പെടുത്തുകയും പ്രോസിക്യൂഷൻ ഹർജിയിൽ (IA No.3/2020) വാദം കേൾക്കുന്നതിനും അന്യായത്തിൽ പ്രതികൾക്ക് പത്രിക(written statement) സമർപ്പിക്കുന്നതിനുമായി കേസ് 26.06.2020-ലേക്ക് പോസ്റ്റ് ചെയ്തു.

  26.06.2020-ാം തീയതി സിറ്റിങ് ഇല്ലാത്തതിനാൽ കേസ് 21.08.2020-ലേക്ക് മാറ്റിയിരുന്നെങ്കിലും വാദിയുടെ അപേക്ഷപ്രകാരം 10.07.2020-ാം തീയതി അഡ്വക്കേറ്റ് കമ്മീഷന്റെ സാന്നിധ്യത്തിൽ തത്സ്ഥിതി പുനഃസ്ഥാപിക്കുന്നതിനുള്ള ഹർജി (IA No.8/2020) കേൾക്കുന്നതിനായി കേസ് 14.07.2020-ലേക്ക് അഡ്വാൻസ് ചെയ്തു. മുൻ അഡ്വേക്കറ്റ് കമ്മീഷണറെ തന്നെ നിയമിച്ചുകൊണ്ട് തത്സ്ഥിതി പുനഃസ്ഥാപനഹർജി 14.07.2020-ാം തീയതി അനുവദിക്കുകയും നിർവ്വഹണ റിപ്പോർടിനായി കേസ് 30.07.2020-ലേക്ക് പോസ്റ്റ് ചെയ്യുകയും ചെയ്തു.

  30.07.2020-ാം തീയതി കേസ് 06.10.2020-ലേക്ക് മാറ്റുകയും 06.10.2020-ാം തീയതി തത്സ്ഥിതി പുനഃസ്ഥാപന പ്രവൃത്തി നിർവ്വഹിക്കുന്നതിനു പോലീസ് സംരക്ഷണമാവശ്യപ്പെട്ട് വാദി ഫയൽ ചെയ്യുന്ന ഹർജി കേൾക്കുന്നതിനായി 07.10.2020-ലേക്കും തുടർന്ന് 09.10.2020-ലേക്കും മാറ്റി.

  09.10.2020-ാം തീയതി പോലീസ് സംരക്ഷണത്തിനുള്ള ഹർജിയിൽ വാദിഭാഗം വാദം കേട്ടു. പ്രതികൾക്ക് വേണ്ടി ആരും ഹാജരുണ്ടായില്ല. അഡ്വക്കേറ്റ് കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം പോലീസ് സംരക്ഷണം അനിവാര്യമെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംരക്ഷണം ഏർപ്പെടുത്താതിരിക്കാൻ പ്രതികൾക്ക് എന്തെങ്കിലും കാരണം കാണിക്കാനുണ്ടെങ്കിൽ അത് ബോധിപ്പിക്കുന്നതിനായി കേസ് 12.10.2020-ലേക്ക് വെച്ചു.

  12.10.2020 തീയതി രണ്ടാം എതിർകക്ഷിക്കു (മരണമടഞ്ഞ രാജൻ) വേണ്ടി മറ്റൊരു അഭിഭാഷകൻ പുതിയ വക്കാലത്ത് ഫയൽ ചെയ്തു. പോലീസ് സംരക്ഷണത്തിനുള്ള ഹർജിയിൽ പ്രതിഭാഗത്തിനു തടസം ബോധിപ്പിക്കുന്നതിനായി കേസ് 15.10.2020-ലേക്ക് മാറ്റി. 15.10.2020-ാം തീയതി രണ്ടാം എതിർകക്ഷി രാജൻ പോലീസ് സംരക്ഷണത്തിനുള്ള ഹർജിയിൽ ആക്ഷേപവും അന്യായത്തിലുള്ള പത്രികയും ഫയൽ ചെയ്തു. വാദം കേൾക്കുന്നതിനായി കേസ് അടുത്ത ദിവസത്തേക്ക് മാറ്റി.

  16.10.2020-ാം തീയതി വാദം കേട്ടതിനു ശേഷം ഓർഡർ പറയുന്നതിനായി കേസ് 21.10.2020-ലേക്ക് പോസ്റ്റ് ചെയ്തു. ഇതിനിടയിൽ രാജൻ (രണ്ടാം എതിർകക്ഷി) തത്സ്ഥിതി പുനഃസ്ഥാപനത്തിനുള്ള IA No.05/2020 ഹർജിയിലെ 16.06.2020-ാം തീയതിയിലെ ഉത്തരവിനെതിരെ നെയ്യാറ്റിങ്കര സബ് കോടതിയിൽ CMA No.26/20 ആയി അപ്പീൽ ഫയൽ ചെയ്തു. അപ്പീലിലെ എതിർകക്ഷികൾ ഹാജരാകുന്നതിനായി നോടീസയക്കാൻ ഉത്തര വിട്ടുകൊണ്ട് 11.11.2020-ാം തീയതിയിലേക്ക് അപ്പീൽ പോസ്റ്റ് ചെയ്തു. 21.10.2020-ാംതീയതി കേസ് പരിഗണിച്ച മുൻസിഫ് കോടതി, അഡ്വേക്കറ്റ് കമ്മീഷണറുടെ റിപ്പോർടിനെതിരെ രണ്ടാം പ്രതി (രാജൻ) സാരമായ ആരോപണം ഉന്നയിച്ചിരിക്കുന്നതിനാൽ പ്രതിക്കുവേണ്ടി കമ്മീഷണറെ വിസ്തരിക്കുന്നതിനായി 28.10.2020-ലേക്കും തുടർന്ന്

  10.11.2020-ലേക്കും പോസ്ട് ചെയ്തു. 10.11.2020-ാം തീയതി രണ്ടാം പ്രതി അഡ്വേക്കറ്റ് കമ്മീഷണറെ വിസ്തരിക്കുകയും വാദം കേൾക്കുന്നതിനായി ആയി 12.11.2020-ലേക്ക് കേസ് മാറ്റുകയും വാദം കേട്ടതിനു ശേഷം പോലീസ് സംരക്ഷണത്തിനുള്ള ഹർജിയിൽ ഉത്തരവ് പറയുന്നതിനായി 17.11.2020-ലേക്കും തുടർന്ന് 25.11.2020-ലേക്കും 02.12.2020-ലേക്കും 09.12.2020-ലേക്കും 11.12.2020-ലേക്കും 15.12.2020-ലേക്കും മാറ്റുകയും 15.12.2020-ാം തീയതി അഡ്വേക്കറ്റ് കമ്മീഷണറുടെ സാന്നിധ്യത്തിൽ തൽസ്ഥിതി പുനഃസ്ഥാപിക്കുന്നതിനും പ്രസ്തുത പ്രവർത്തിക്ക് പോലീസ് സംരക്ഷണം നൽകുന്നതിനും ഉത്തരവിടുകയും നിർവഹണ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കേസ് 22.12.2020-ലേക്ക് പോസ്റ്റ് ചെയ്തു.

  ഇതിനിടയിൽ അപ്പീൽ 11.11.2020 തീയതിയും 11.12.2020 തീയതിയും സബ് കോടതി പരിഗണിച്ചെങ്കിലും അപ്പീൽ ഹർജിയിലെ നാലാം എതിർകക്ഷിക്ക് നോടീസ് പൂർണ്ണമല്ലാത്തതിനാൽ അപ്പീലിലും സ്റ്റേ പെറ്റീഷനിലുമുള്ള വാദം കേൾക്കുന്നത് നീണ്ടു. അപ്പീൽ 16.02.2021-ാം തീയതിയിലേക്കാണു അവധിക്ക് വെച്ചിരിക്കുന്നത്.അന്യായം എ പട്ടിക ഭൂമിയിലുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കി തൽസ്ഥിതി പുനഃസ്ഥാപിക്കുന്ന പ്രവൃത്തി പോലീസ് സംരക്ഷണത്തോടെ 22.12.2020-ാം തീയതി നിർവ്വഹിക്കുമെന്ന് അറിയിച്ചു കൊണ്ട് രണ്ടാം എതിർകക്ഷിയുടെ (രാജൻ) അഭിഭാഷകനു അഡ്വേക്കറ്റ് കമ്മീഷണർ 18.12.2020-ാം തീയതി നോടീസ് നൽകുകയും അതിന്റെ പകർപ്പ് അന്നേ ദിവസം തന്നെ കോടതിയിൽ ഫയൽ ചെയ്യുകയും ചെയ്തിരുന്നു.

  നോടീസ് കിട്ടിയതിന്റെ അടുത്ത പ്രവൃത്തി ദിവസം 21.12.2020-ാം തീയതി തന്നെ രാജൻ, മുൻസിഫ് കോടതിയുടെ തത്സ്ഥിതി പുനസ്ഥാപിക്കുന്നതിനുള്ള ഹർജിയിലെ(IA No.5/2020) 16.06.2020-ാം തീയതിയിലെ ഉത്തരവിനെതിരെ നെയ്യാറ്റിൻകര സബ് കോടതിയിൽ നൽകിയ അപ്പീലും (CMA No.26/2020) സ്റ്റേ പെറ്റീഷനും വേഗം തീർപ്പാക്കുന്നതിനും അതുവരെ മുൻസിഫ് കോടതിയുടെ 16.06.2020 തീയതിയിലെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ OP(C) No. 1988/2020 ഫയൽ ചെയ്തു.  കേസ് 22.12.2020-ാം തീയതി ഉച്ചയ്ക്ക് ശേഷം പരിഗണിച്ച ഹൈക്കോടതി എതിർകക്ഷികൾക്ക് നോടീസ് ഉത്തരവിടുകയും മുൻസിഫ് കോടതിയുടെ 16.06.2020-ലെ ഉത്തരവ് 15.01.2021-ാം തീയതി വരെ സ്റ്റേ ചെയ്തുവെങ്കിലും അപ്പോഴേക്കും ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു.

  അനധികൃത നിർമ്മാണം നീക്കം ചെയ്യാൻ നിശ്ചയിച്ച ദിവസം 22.12.2020-ാം തീയതി കേസ് മുൻസിഫ് കോടതിയുടെയും പരിഗണനയ്ക്ക് വന്നിരുന്നു. ഹൈക്കോടതിയിൽ OPC ഫയൽ ചെയ്തിട്ടുണ്ട് എന്ന രണ്ടാം പ്രതി(രാജൻ)യുടെ അഭിഭാഷകന്റെ സബ്മിഷന്റെ അടിസ്ഥാനത്തിൽ തത്സ്ഥിതി പുനഃസ്ഥാപന പ്രവർത്തി 04.01.2021-ാം തീയതി വരെ സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ ഉത്തരവാണ് അഡ്വേക്കറ്റ് കമ്മീഷണറെയും പോലീസിനെയും അവർ വഴിവിട്ട് വാദിയുടെ സ്വാധീനത്തിനു വഴങ്ങി ഒഴിപ്പിക്കൽ നടപടികൾക്കു മുതിർന്നുവോയെന്ന സംശയത്തിന്റെ പുകമറയ്ക്കുള്ളിലാക്കുന്നത്.

  മുൻസിഫ് കോടതിയുടെ തന്നെ 04.01.2021 വരെ ഒഴിപ്പിക്കൽ നടപടി മാറ്റിവെക്കുന്നതിനുള്ള ഉത്തരവ് അവഗണിച്ചുകൊണ്ടാണോ അഡ്വേക്കറ്റ് കമ്മീഷണർ 22.12.2020-ാം തീയതി പോലീസ് സംരക്ഷണത്തോടെ അന്യായം എ പട്ടിക ഭൂമിയിൽ പോയതും ദാരുണസംഭവങ്ങൾക്കിടയായതും?
  IA No.8/2020, IA No.10/2020 ഹർജികളിലെ 15.12.2020 തീയതിയിലെ ഉത്തരവ് പ്രകാരം കോടതിയുടെ താല്ക്കാലിക ഇഞ്ചങ്ങ്ഷൻ ഉത്തരവ് ലംഘിച്ചുകൊണ്ട് അന്യായപ്പട്ടിക ഭൂമിയിൽ നടത്തിയ അനധികൃത നിർമ്മാണങ്ങൾ (രാജനും കുടുംബവും താമസിക്കുന്ന ഷെഡ്) നീക്കം ചെയ്ത് തത്സ്ഥിതി പുനഃസ്ഥാപിക്കൽ പ്രവൃത്തി 22.12.2020-ാം തീയതി നടത്തുവാൻ നിശ്ചയിച്ചുകൊണ്ട്18.12.2020-നു അഡ്വേക്കറ്റ് കമ്മീഷണർ കേസിലെ ഇരുഭാഗം അഭിഭാഷകർക്ക് നോടീസ് നല്കുകയും നോടീസ് നടത്തിയതിന്റെ പകർപ്പും മെമോയും അന്നേ ദിവസം തന്നെ കോടതിയിലും ഫയൽ ചെയ്തിരുന്നു. കേസ് 22.12.2020-ാം തീയതി രാവിലെ മുൻസിഫ് കോടതി പരിഗണിക്കുമ്പോൾ അഡ്വേക്കറ്റ് കമ്മീഷണർക്കു വേണ്ടി മറ്റൊരു അഡ്വേക്കറ്റ് ഹാജരാകുകയും അന്നേ ദിവസം തൽസ്ഥിതി പുനഃസ്ഥാപന പ്രവൃത്തി നിർവ്വഹിക്കുമെന്ന വിവരവും കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

  രണ്ടാം പ്രതി രാജന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ഒപിസി ഫയൽ ചെയ്ത വിവരവും നെയ്യാറ്റിൻകര സബ് കോടതിയിൽ ഫയൽ ചെയ്ത അപ്പീൽ 16.02.2021-നു പരിഗണിക്കുമെന്നും അതുവരെ തൽസ്ഥിതി പുനഃസ്ഥാപന പ്രവൃത്തി തടഞ്ഞുവെക്കണമെന്നും ആവശ്യപ്പെട്ടു ഹർജി (I.A. No.19/2020) ഫയൽ ചെയ്തിട്ടുണ്ടെന്നും ആയതനുവദിക്കണമെന്നും അപേക്ഷിച്ചു.

  മുൻസിഫ് ഓപൺ കോടതിയിൽ അത് സംബന്ധിച്ച് എന്തെങ്കിലും ഉത്തരവു പറയുകയോ പ്രവൃത്തി നിർത്തിവെക്കുന്നതിനു കമ്മീഷണർക്ക് വാക്കാൽ നിർദ്ദേശം നൽകുകയോ ചെയ്തിട്ടില്ല. ഹർജികളിൽ വാദം കേട്ടതിനു ശേഷം സിവിൽ കോടതികളിൽ സാധാരണഗതിയിൽ ഓപൺ കോടതിയിൽ ഉത്തരവു പറയാറില്ല. അത് കോടതി പിരിഞ്ഞതിനു ശേഷം ‘എ’ ഡയറി പ്രൊസീഡിങ്ങ്സിൽ രേഖപ്പെടുത്തുമ്പോഴാണ് അഭിഭാഷകർക്കും കക്ഷികൾക്കും അറിയുവാൻ കഴിയുക.

  22.12.2020-ാം തീയതി ഉച്ചയ്ക്ക് കോടതി പിരിഞ്ഞത് ഏകദേശം ഒന്നര മണിക്കാണ് എന്നാണ് അന്ന് കേസിൽ ഹാജരായ അഭിഭാഷകരിൽ നിന്നും അറിയാൻ കഴിഞ്ഞത്.തൽസ്ഥിതി പുനഃസ്ഥാപന നടപടി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ IA.No.19/2020-ലാണെങ്കിൽ ഉത്തരവൊന്നും പാസാക്കിയിട്ടുമില്ല. ഹൈക്കോടതിയിൽ ഒപിസി ഫയൽ ചെയ്തിട്ടുണ്ടെന്ന രണ്ടാം പ്രതിയുടെ അഭിഭാഷകന്റെ സബ്മിഷന്റെ അടിസ്ഥാനത്തിൽ മുൻസിഫ് സ്വമേധയാ നടപടികൾ 04.01.2021 വരെ നിർത്തിവെക്കുന്നതായാണു കോടതി നടപടിക്കുറിപ്പിൽ നിന്നും മനസ്സിലാകുന്നത്. ആ നടപടിക്കുറിപ്പ് ലഭ്യമാകുന്നതിനു മുമ്പെ ദുരന്തം സംഭവിച്ചിരുന്നു. ഒരു പക്ഷെ ദുരന്തം സംഭവിച്ചതറിഞ്ഞതിനു ശേഷം പശ്ഛാത്താപമായോ മുഖം രക്ഷിക്കുന്നതിനോ ആയണോ ആ ഉത്തരവിട്ടതെന്ന് അജ്ഞേയമാണ്.
  എന്തായാലും വൈകി വന്ന ആ നിർത്തിവെക്കൽ ഉത്തരവ് പ്രതിക്ക് യാതൊരു ഗുണവും നൽകിയില്ലെന്ന് മാത്രമല്ല, കോടതിയുടെ മുൻ ഉത്തരവു നടപ്പിലാക്കാൻ ശ്രമിച്ച അഡ്വേക്കറ്റ് കമ്മീഷണർക്കും സംരക്ഷണം നൽകിയ പോലീസ് ഓഫീസർമാർക്കും അനാവശ്യമായ അപകീർത്തിക്ക് കാരണമാക്കി.

  22.12.2020 തീയതിയിലെ മുൻസിഫ് കോടതിയുടെ ഉത്തരവു മാത്രം വായിച്ചിട്ട് അഡ്വേക്കറ്റ് കമ്മീഷണർ അന്നേദിവസം തന്നെ നടപടികളുമായി മുന്നോട്ടുപോയതു പരഗണിച്ചാൽ ഒരു വേള അഡ്വേക്കറ്റ് കമ്മീഷണറെ ആരും സംശയിച്ചുപോകും. എന്നാൽ രേഖകൾ അവയുടെ കാലക്രമത്തിൽ വിലയിരുത്തുമ്പോൾ അത് അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെടും.
  കോടതി പ്രഥമ ദൃഷ്ട്യാ പരാതിക്കാരി വസന്തയുടെ ഉടമസ്ഥതയിലെന്ന് ബോധ്യപ്പെട്ട അന്യായ പട്ടിക ഭൂമികളിൽ അതിക്രമിച്ചു കടക്കരുതെന്നും നാശനഷ്ടങ്ങൾ വരുത്തരുതെന്നും നിരോധന ഉത്തരവു പുറപ്പെടുവിച്ചതിനു ശേഷമാണു അന്യായപ്പട്ടിക ഭൂമിയിൽ രാജൻ ഷെഡ് വെച്ചുകെട്ടി താമസം തുടങ്ങിയിരിക്കുന്നതെന്നാണു കമ്മീഷണറുടെ സ്ഥലപരിശോധനാ റിപ്പോർടുകളിൽ നിന്നും വ്യക്തമാകുന്നത്.
  കോടതിയിലെ കേസിനു മുമ്പാണു ഭൂമിയിൽ ഷെഡ് നിർമ്മിച്ചതെന്നും ഒന്നരവർഷമായി അതിലാണു താമസിച്ചു വരുന്നതെന്നും രാജൻ അവകാശപ്പെട്ടിരുന്നെങ്കിലും അത് തെളിയിക്കുന്ന ഒരു രേഖ പോലും ഹാജരാക്കാൻ രാജനു കഴിഞ്ഞിരുന്നില്ല. രാജന്റെ സുഹൃത്തുക്കളിൽ ചിലർ പരാതിക്കാരിയെ സ്ഥിരം ശല്യക്കാരിയായി വർണ്ണിച്ചു ചില മാധ്യമങ്ങളിൽ നല്കിയ സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട് ഒരു രാത്രി കൊണ്ടാണു രാജൻ പട്ടികഭൂമിയിൽ ഷെഡ് പണിതതെന്ന്.

  രാജന്റെ അഭിഭാഷകരെ കേട്ടതിനു ശേഷമാണ് അഡ്വേക്കറ്റ് കമ്മീഷണറുടെ സാന്നിധ്യത്തിൽ പോലീസ് സംരക്ഷണത്തോടെ ഷെഡ് നീക്കം ചെയ്ത് തൽസ്ഥിതി പുനഃസ്ഥാപിക്കുന്നതിനുള്ള ഉത്തരവിടുന്നത്.കേസിലെ രാജന്റെ പ്രധാന വാദങ്ങൾ അന്യായ പട്ടിക എ ഭൂമി പുറമ്പോക്കാണെന്നും വാദിക്ക് ഉടമസ്ഥാവകാശമില്ലെന്നും കുറച്ചു കാലമായി (ഒന്നര വർഷമെന്നാണു അവകാശപ്പെടുന്നതെന്ന് തോന്നുന്നു) രാജനും കുടുംബവും അവിടെ ഷെഡ് കെട്ടി താമസിച്ചു വരികയാണെന്നുമാണ്. 2020-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ രാജന്റെയും ഭാര്യയുടെയും വോട്ട് കിടക്കുന്നത് അമ്മയുടെ കൂടെ അമ്മ തുളസിയുടെ ഉടമസ്ഥതയിലുള്ള 9/249 നമ്പർ വീട്ടിലാണു. വാദി നൽകിയ കേസിൽ രാജനുള്ള സമൻസ് നൽകിയതും ഈ മേൽവിലാസത്തിലാണത്രെ. ഇപ്പോൾ താമസിച്ചിരുന്ന ഷെഡിൽ വൈദ്യുതിക്കും വെള്ളത്തിനും അപേക്ഷിക്കുന്നത് കേസ് ആരംഭിച്ചതിനു ശേഷമാണെന്നാണ് മനസ്സിലാകുന്നത്.

  മറ്റൊരു വാദം അന്യായപട്ടിക ഭൂമി നെട്ടത്തോട്ടം ലക്ഷം വീട് കോളനിയിലെ സർക്കാർ പുറമ്പോക്കായിരുന്നുവെന്നും അത് മറ്റാർക്കോ പതിച്ചു നൽകിയതാണെന്നും അത് കൈമാറ്റം ചെയ്യാൻ വിലക്കുണ്ടെന്നുമാണ്. വസന്ത അന്യായ ബി പട്ടിക ഭൂമി 1999-ലും അന്യായ എ പട്ടിക (രാജൻ ഷെഡ് വെച്ച് താമസിച്ചത്) 2006-ലും മുൻ ഉടമകളിൽ നിന്നും വിലകൊടുത്ത് തീറു വാങ്ങിയതാണ്. അതിനു നികുതി ഒടുക്കി വരുന്നതുമാണ്. ഭൂമി പതിവു നിയമം 1964 (Kerala Land Assignment Rules) റൂൾ 8 പ്രകാരം സർക്കാർ പതിച്ചു നൽകിയ ഭൂമി പിന്തുടർച്ചാവകാശമുള്ളതും ക്രയവിക്രയം ചെയ്യാവുന്നതുമാകുന്നു. എന്നാൽ 2009-ലെ ഭേദഗതി പ്രകാരം പതിവു ഭൂമികൾ 25 വർഷത്തേക്ക് കൈമാറ്റം ചെയ്യാൻ കഴിയില്ലെന്നാക്കിയെങ്കിലും ആ ചട്ടത്തിനു മുൻകാലപ്രാബല്യമില്ലെന്നും 24.01.2009-ാം തീയതിക്ക് ശേഷമുള്ള പട്ടയങ്ങൾക്കേ അതു ബാധകാമുകയുള്ളുവെന്ന് ബഹു: കേരള ഹൈക്കോടതി ജോബി മാത്യു വി. സ്റ്റേറ്റ് ഓഫ് കേരള (2019 (1) KHC 276) , ഭാസ്കരൻ പി.ആർ. വി. സ്റ്റേറ്റ് ഓഫ് കേരള (2010 KHC 6210) എന്നീ വിധിന്യായങ്ങളിലൂടെ വ്യക്തത വരുത്തിയിട്ടുള്ളതാണു. 2014-ൽ പതിവുഭൂമി കൈമാറ്റം ചെയ്യാമെന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചിട്ടുണ്ട്.

  ലക്ഷം വീടുകൾ 1972-ൽ എം.എൻ. ഗോവിന്ദൻ നായർ സംസ്ഥാന ഭവന വകുപ്പു മന്ത്രിയായിരിക്കുമ്പോൾ സംസ്ഥാനത്തെ ഭവനരഹിതരായവർക്ക് ഒരു ലക്ഷം വീടുകൾ നിർമ്മിച്ചു നൽകുന്നതിനുള്ള പദ്ധതിയാണു ലക്ഷം വീട് പദ്ധതി. പട്ടികജാതി കുടുംബങ്ങൾ മാത്രമായിരുന്നില്ല ലക്ഷം വീട് പദ്ധതിയുടെ ഗുണഭോക്താക്കൾ. ലക്ഷം വീട് പട്ടയം ലഭിച്ചത് കൈമാറിയത് കൈമാറ്റക്കാരന്റെ പേരിൽ പോക്കുവരവ് ചെയ്യാൻ വിസമ്മതിച്ച നടപടി, പട്ടയത്തിൽ കൈമാറ്റം നിരോധിച്ച് നിബന്ധന ഏർപ്പെടുത്താത്തിടത്തോളം അത് തെറ്റാണെന്ന് ഹൈക്കോടതി WPC No.26511/2015, WPC No.32522 of 2009 & WPC No..35453 of 2009 എന്നീ കേസുകളിൽ വിധിപറഞ്ഞിട്ടുള്ളതാണ്.

  പോലീസിൽ ഒരു വിഭാഗത്തിന്റെയും അധീശത്വവും ധാർഷ്ഠ്യവും നിറഞ്ഞ ശരീരഭാഷയും പൊതുജനങ്ങളോടുള്ള പെരുമാറ്റവും വിമർശിക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്. പോലീസിനോടുള്ള അസംതൃപ്തിയുടെ പേരിലോ രാഷ്ട്രീയമായ വൈരനിര്യാതനത്തിന്റെ പേരിലോ നിയമപരമായ നടപടിക്രമങ്ങൾ നിർവ്വഹിക്കുന്നതിനുള്ള ശ്രമങ്ങളെ സമ്മർദ്ദത്തിലാക്കി പിന്തിരിപ്പിക്കാനുള്ള ആത്മാഹുതി ഭീഷണികളെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചാൽ അത് നിയമവാഴ്ചയിൽ അധിഷ്ഠിതമായ ഒരു സമൂഹത്തിനു ഒട്ടും അനുഗുണമായിരിക്കില്ല എന്നു മാത്രമല്ല, അത് തെറ്റായ കീഴ്വഴക്കങ്ങൾക്ക് വഴിയൊരുക്കും.

  ആ ദമ്പതികളുടെ ദാരുണാന്ത്യത്തിലും ആ കുട്ടികളുടെ അനാഥത്വത്തിലും അവർ കടന്നുപോയ മെന്റൽ ട്രോമയിലും അതീവസങ്കടമുണ്ട്. പക്ഷെ അവിചാരിതമായ ദുരന്ത സന്ധികളിൽ ഒരാൾ ചതുരവടിവിൽ ഇങ്ങനെ പെരുമാറണം അങ്ങനെ ചെയ്യണമെന്നൊക്കെ പിന്നീട് വേണ്ടുവോളം ആലോചിച്ചു പറയുന്നതു പോലല്ല ആ സന്ദർഭത്തിൽ ഓരോരുത്തരുടെയും റിഫ്ലക്സ് ആക്ഷനുകൾ. സച്ചിൻ ടെൻഡുൽകർ ബോൾഡൗടായ സന്ദർഭങ്ങളിൽ ആ മണ്ടൻ ആ ബോൾ ഫ്രണ്ട് ഫൂടിൽ കളിക്കണമായിരുന്നു സ്ക്വയർ ഡ്രൈവ് .ചെയ്യണമായിരുന്നുവെന്നൊക്കെ ജീവിതത്തിലൊരിക്കൽ പാലും കാലിൽ പാഡു കെട്ടാത്ത ഞാൻ സോഫയിൽ ചാരിക്കിടന്ന് മാർക്കിടാറുണ്ട്.

  പെട്രോളൊഴിച്ച് ലൈറ്റർ കത്തിച്ച് ഭീഷണിപ്പെടുത്തുക എന്ന അവിവേകം ആരും അനുകരിക്കാതെ ഇരിക്കട്ടെ. പോലീസ് സേനയിലുള്ളവർക്ക് അത്തരം വൈകാരിക സന്ദർഭങ്ങൾ നയപരമായി കൈകാര്യം ചെയ്യാൻ കഴിയട്ടെ. ഭയം വിതച്ച്, അധീശത്വ ഭാഷയിലൂടെ നിയമവാഴ്ച ഉറപ്പുവരുത്താമെന്ന തിടുക്കം നിയമപാലകരും ന്യായാധിപരും ഉപേക്ഷിക്കട്ടെ!