എഴുതിയത്  : Adv Ashkar Khader

മരട് വെടിക്കെട്ടിനിടയിൽ നനഞ്ഞുചീറിയ ഒരു ഗർഭം കലക്കിയെ ഓർത്തുപോയി

തീരവിസ്മയം മഹാശ്ചര്യം! നമുക്കും കിട്ടണം ……

മുതിർന്ന പരിസ്ഥിതി പ്രവര്‍ത്തകനായ എൻ.രാമചന്ദ്രന്റെ പരാതിയെ തുടര്‍ന്ന്‌ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 11.12.2015 തീയതി കൊച്ചി കായലില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചു നടത്തിയിട്ടുള്ള അനധികൃത നികത്തലുകളും നിര്‍മ്മാണങ്ങളും പരിശോധിക്കുന്നതിനു ഒരു വിദഗ്ദസമിതിയെ നിയമിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, ബാംഗ്ളൂർ മേഖലാ ഓഫീസിലെ ശാസ്ത്രജ്ഞന്‍ ഡോ.എസ്‌.കെ സുസര്‍ല, കേരള ശാസ്ത്ര സാങ്കേതിക കൌണ്‍സില്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.കെ.കോക്കല്‍, നാഷണല്‍ സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ കോസ്റ്റല്‍ മാനേജ്മെന്റ്, ചെന്നൈയിലെ ശാസ്ത്രജ്ഞന്‍ ഡോ.കെ.ഒ.ബദ്രീസ്‌ എന്നിവരാണു എക്സ്പര്‍ട്‌ പാനലിലെ അംഗങ്ങൾ. കേരളത്തിലെ തീരദേശപരിപാലന പ്ളാന്‍ തയ്യാറാക്കുന്നതില്‍ പങ്കെടുത്ത പരിചയവും വൈദഗ്ദ്യവുമുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്‌ സ്റ്റഡീസിലെ മുൻ ശാസ്ത്രജ്ഞനായ ഡോ.കെ.വി തോമസിനെ പിന്നീട്‌ കമ്മറ്റിയിലേക്ക്‌ കോപ്റ്റ്‌ ചെയ്തിരുന്നു.

കമ്മറ്റി 2016 ഏപ്രില്‍ 27-നു സ്ഥലപരിശോധന നടത്തി റീപ്പോര്‍ട്‌ സമര്‍പ്പിച്ചു. റിപ്പോർടിലെ പ്രധാന നിഗമനങ്ങൾ ഇപ്രകാരമാണ്

1. അതീവപരിസ്ഥിതിപ്രാധാന്യമുള്ള വേമ്പനാട് കായലിൽ ബോൾഗാട്ടി ദ്വീപിനോട് ചേർന്ന് ഇന്റർ ടൈഡൽ സോണിൽ കായൽ നികത്തിയത് തീരദേശപരിപാലന നിയമത്തിന്റെ ലംഘനമാണ്.

2. നിയമപ്രകാരം സംസ്ഥാന തീരദേശപരിപാലന അതോറിറ്റിയിൽ നിന്നും അനുമതി വാങ്ങാതെയാണ് കൊച്ചി തുറമുഖ ട്രസ്റ്റ് അനധികൃതമായി കായൽ തൂർത്തിയത്.

3. കായൽ നികത്തിയത് അഴിമുഖ ജൈവവ്യവസ്ഥയിൽ പ്രതികൂല ആഘാതമുണ്ടാക്കി.

4. തീരത്തോടു ചേർന്ന് 50 മീറ്റർ വികസന നിരോധിത മേഖലയിൽ താല്‍ക്കാലികവും സ്ഥിരസ്വഭാവമുള്ളതുമായ നിർമ്മാണപ്രവൃത്തികൾ നടത്തി ലുലു ഗ്രൂപ്പ് തീരദേശ പരിപാലന നിയമം ലംഘിച്ചിരിക്കുന്നു.

5. ലുലു ഗ്രൂപ്പ് അർദ്ധവാർഷിക കംപ്ലയൻസ് റിപ്പോർട് തീരദേശ പരിപാലന അതോറിറ്റിക്കോ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ബാംഗ്ലൂർ റീജണൽ ഓഫീസിലോ സമർപ്പിച്ചിട്ടില്ല. ആയത് ഉറപ്പാക്കുന്നതിനു KCZMA വീഴ്ച വരുത്തിയിരിക്കുന്നു.

6. വേമ്പനാടിന്റെ തീരങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന CRZ 2011 നിയമത്തിനു വേണ്ടത്ര പ്രാധാന്യം കല്പിക്കാതെയാണ് KCZMA ലുലു ഗ്രൂപ്പിന്റെ ഹോട്ടൽ-വാണിജ്യ സമുച്ചയത്തിനു നിർമ്മാണാനുമതി നൽകിയത്.

റീപ്പോര്‍ടിന്റെ അടിസ്ഥാനത്തില്‍, അനധികൃതമായി കായല്‍ നികത്തിയിടത്ത്‌ നിയമവിരുദ്ധമായി നിര്‍മ്മാണ പ്രവൃത്തികള്‍ക്ക്‌ അനുമതി നൽകിയതിനു കേരള തീരദേശപരിപാലന അതോറിറ്റിയോട് കാരണം ബോധിപ്പിക്കാനും കായലിന്റെ 50 മീറ്റര്‍ വികസന നിരോധിത മേഖലയില്‍ നിര്‍മ്മാണ പ്രവൃത്തി നടത്തിയ ലുലു ഗ്രൂപ്പിനെതിരെ നടപടി ഏടുക്കുന്നതിനും കേരള തീരദേശ പരിപാലന അതോറീറ്റിക്ക്‌ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതു വരെ മുഖ്യമന്ത്രി ചുമതല വഹിക്കുന്ന പരിസ്ഥിതി വകുപ്പിനു കീഴിലുള്ള തീരദേശ പരിപാലന അതോറിറ്റി ആയതില്‍ എന്തെങ്കിലും നടപടി കൈക്കൊള്ളുകയോ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ല.

റിപ്പോര്‍ട്‌ സമര്‍പ്പിക്കപ്പെട്ടതിനു ശേഷം കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണെങ്കില്‍ കേരള തീരദേശ പരിപാലന അതോറിറ്റിയോട്‌ വിശദീകരണം ചോദിച്ചതല്ലാതെ നിയമലംഘനം നടത്തിയ കൊച്ചി തുറമുഖ ട്രസ്റ്റിനെതിരെയോ, ലുലു ഗ്രൂപ്പിനെതിരെയോ, കേരള തീരദേശ പരിപാലന അതോറിറ്റിക്കെതിരെയോ പ്രോസിക്യൂഷന്‍ ഉള്‍പ്പടെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

കേന്ദ്ര വിജിലന്‍സ്‌ കമ്മീഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ സിവിസിയുടെ ഇടപെടലിനെ തുടര്‍ന്നാണു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഈ നിയമലംഘനം പരിശോധിക്കുന്നതിന്നു വിദഗ്ദ സമിതിയെ നിയോഗിച്ചത്‌. കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ദസമിതി നിയമവിരുദ്ധമെന്ന്‌ കണ്ടെത്തിയ നിര്‍മ്മാണത്തിന്റെ ഉദ്ഘാടനത്തിനാണു കേന്ദ്ര മന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും സന്നിഹിതരായത്‌.

കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതി നിയമവിരുദ്ധമെന്ന്‌ കണ്ടെത്തിയ നിര്‍മ്മാണത്തിന്റെ ഉദ്ഘാടനത്തിനു പോയ മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും നടപടി യഥാർത്ഥത്തിൽ സത്യപ്രതിജ്ഞാ ലംഘനമല്ലേ?

സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരത്തിന്‍റെയും സ്റ്റേറ്റിനു കിട്ടാൻ പോകുന്ന റവന്യൂവിന്‍റെയും കണക്കു പറഞ്ഞു ന്യായീകരിക്കാൻ വരുന്നവരോട്, കറൻസിയും റവന്യൂവും കൊണ്ട് പ്രകൃതിവിഭവങ്ങൾ നിർമ്മിക്കാൻ കഴിയില്ല. ബോൾഗാട്ടിയും വല്ലാർപാടവും പനമ്പുകാടും മറ്റു ദ്വീപുകളുമടങ്ങുന്ന മുളവുകാട് പഞ്ചായത്തിൽ തീരദേശ പരിപാലനനിയമം മൂലം കൂരവെക്കാൻ അനുമതി കിട്ടാത്ത ഒത്തിരി മൂന്നും നാലും സെന്റുകാരുണ്ട്. അല്ല, കാൽക്കാശിനു ഗതിയില്ലാത്ത അവറ്റകൾ വീടുവെച്ചിട്ട് സ്റ്റേറ്റിനെന്തു റവന്യു കിട്ടാനാ? അശ്രീകരങ്ങൾ…

കായലും ചേരിയും വൈലോപ്പിള്ളിയുടെ മകരക്കൊയ്ത്തിനും കന്നിക്കൊയ്ത്തിനുമൊക്കെ പ്രചോദനമരുളിയ വയലുകളും തൂർത്ത് എറണാകുളം നഗരം കെട്ടിപ്പൊക്കിയ കഥ പറയുന്ന കമ്മട്ടിപ്പാടം സിനിമയുടെ അവസാനഭാഗത്ത് ദുൽഖർ അവതരിപ്പിക്കുന്ന കൃഷ്ണൻ റിയൽ എസ്റ്റേറ്റ് മുതലാളിയോട് പറയുന്ന ഒരു സംഭാഷണമുണ്ട്.

“നിന്റെയീ എറണാകുളം സിറ്റി. അതിനു വലിയ ഉറപ്പൊന്നുമില്ലടാ. അതു നിക്കുന്നതേ കമ്മട്ടിപ്പാടത്തിലെ ചതുപ്പിലാ. അതു കെട്ടിയുണ്ടാക്കിയത് സിമന്റും കല്ലും കൊണ്ടൊന്ന്വല്ലാ. കറുത്തു കട്ടപിടിച്ച ചോരകൊണ്ടാ..”

നിന്റെയൊക്കെ പണം കൊണ്ടു നീതിയുടെ കണ്ണുകെട്ടാം. നിയമം വിലയ്ക്കു വാങ്ങാം. പക്ഷേ ഓഖിയോ സുനാമിയോ കായൽക്ഷോഭമോ തടയാൻ കഴിയില്ല. പാവപ്പെട്ടവന്റെ കണ്ണീർക്കായലിലെ ചതുപ്പിലാണു നിന്റെയൊക്കെ നിർമ്മിതികൾ.

മാനവികസമത്വം സ്വപ്നം കണ്ട ജർമ്മനിയിലെ ആ താടിക്കാരൻ പറഞ്ഞതുപോലെ
Let us not, however, flatter ourselves overmuch on account of our human victories over nature. For each victory, nature takes its revenge on us… … Thus at every step we are reminded that we by no means rule over nature like a conqueror over a foreign people, like someone standing outside of nature- but that we, with flesh, blood and brain, belongs to nature and exist in midst.

ഇനിയുമൊരു ദുരന്തം വരണമല്ലോ നമുക്ക് പ്രകൃതിയെക്കുറിച്ചോർത്ത് പരിതപിക്കാൻ. അതുവരെ തീരവിസ്മയം മഹാശ്ചര്യം! നമുക്കും കിട്ടണം റവന്യു

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.