അഡ്വ.ഹരീഷ് വാസുദേവൻ

ക്വാറി മാഫിയ ചോർത്തുന്ന ഖജനാവ് “അഥവാ മുണ്ട് മുറുക്കി ഉടുക്കുന്ന സർക്കാർ”

ഇനി പറയാൻ പോകുന്നത് ഒരു പത്രത്തിലും വരാൻ പോകുന്നില്ല. അതുകൊണ്ട് ശരിയെന്നു തോന്നിയാൽ നിങ്ങൾ തന്നെ പ്രചരിപ്പിക്കേണ്ട കാര്യമാണ്.

അനധികൃതമായി ഖനനം നടത്തുന്നത് ആരായാലും അവർ ഖനിജങ്ങളുടെ വില മിനിമം പിഴയായി സർക്കാരിൽ അടയ്ക്കണം എന്നാണ് സുപ്രീംകോടതി കോമൺകോസ് കേസിൽ വിധിച്ചത്.

പാറവില എന്നാൽ PWD റോഡുപണിക്ക് പാറ വാങ്ങുന്ന വില ആയിരിക്കണമല്ലോ. എന്നാൽ ഖനനവകുപ്പിന്റെ തലപ്പത്ത് ഇരുന്ന് അഡീഷണൽ ഡയറക്ടർ രാമകൃഷ്ണൻ 2017 ൽ KMMC ചട്ടം 108 ഭേദഗതി ചെയ്തു. “പിഴ ഈടാക്കുമ്പോൾ വില എന്നാൽ റോയൽറ്റിയുടെ ഇരട്ടിയിൽ കൂടാൻ പാടില്ല” എന്നാണ് ഭേദഗതി. ആര് ആവശ്യപ്പെട്ടിട്ടാണ്, ആർക്ക് വേണ്ടിയാണ് ഈ ഭേദഗതി കൊണ്ടുവന്നത്? പാറയെങ്കിൽ ടണ്ണിന്‌ 350 രൂപയും പാറപ്പൊടിയെങ്കിൽ ടണ്ണിന്‌ 900 രൂപയും വിലയുള്ളയിടത്താണ് കേരള സർക്കാരിന് കിട്ടേണ്ട കോടികൾ ഇല്ലാതാക്കാൻ രാമകൃഷ്ണൻ എന്ന ഖനനവകുപ്പിലെ അഡീഷണൽ ഡയറക്ടർ ചട്ടഭേദഗതി കൊണ്ടുവന്ന് അനധികൃത കരിങ്കൽ ഖനനത്തിന് ടണ്ണിന്‌ 48 രൂപയിൽ കൂടുതൽ പിഴ ഈടാക്കരുത് എന്ന നിയമം കൊണ്ടുവന്ന് ഖനിജ മോഷ്ടാക്കളെ സഹായിക്കുന്നത്.

കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഇതുവഴി മാത്രം ഖജനാവിന് ഉണ്ടാകുന്നത്. എന്റെ ഓഫീസിലെ ചില ഫയലുകൾ മാത്രമെടുത്താൽ കേരള സർക്കാരിന് 600 കോടിരൂപ ഈയിനത്തിൽ നഷ്ടം വന്നതായി കാണാം. ഒരു കേസിൽ ഫൈൻ വെറും 18 ലക്ഷമായിരുന്നത് 24 കോടി ആക്കാൻ കഴിഞ്ഞു. യഥാർത്ഥ പാറവില ആണെങ്കിലത് 64 കോടിയാകും. ഇതൊരെണ്ണം. അപ്പോൾ ആകെ കേരളത്തിന്റെ നഷ്ടം ആലോചിച്ചുനോക്കൂ. ചട്ടം 108 ഭേദഗതി ചെയ്ത് കൊടുക്കുക വഴി രാമകൃഷ്ണന് ഉണ്ടായ സ്വകാര്യ നേട്ടം ആലോച്ചിച്ചു നോക്കൂ !!

ഇതൊക്കെ ചൂണ്ടിക്കാട്ടേണ്ട ആരെങ്കിലും ഇവിടെ മിണ്ടുന്നുണ്ടോ? എന്തുകൊണ്ട് ഒരു വ്യവസായ മേഖലയെ മാഫിയ എന്നു ചേർത്തു സംബോധന ചെയ്യുന്നു എന്ന് ചോദിക്കുന്നവരുണ്ട്. ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും ഉദ്യോഗസ്ഥർക്കും പോലീസിനും എന്നുവേണ്ട സർക്കാർ സംവിധാനങ്ങളേ വരുതിയിലാക്കാൻ കോടികൾ മുടക്കി മാഫിയാപ്രവർത്തനങ്ങൾ നടത്തിയാണ്, അതുവഴി പൊതുവിഭവങ്ങൾ കൊള്ളയടിച്ചാണ് ഈ വ്യവസായം പ്രധാനമായും നിൽക്കുന്നതെന്ന് നേരിട്ടറിയാം. നിയമപരമായി പ്രവർത്തിക്കുന്നവരെ അല്ലല്ലോ, അനധികൃതമായി ഖനനം നടത്തുന്നവരെ മാത്രമുദ്ദേശിച്ചുള്ള ചട്ടം 108 നെപ്പറ്റി ആണ് എന്റെ പരാതി.

ക്വാറി മേഖലയിലെ വൻതട്ടിപ്പിനെപ്പറ്റി മലയാള മനോരമ ഇന്നൊരു പരമ്പര തുടങ്ങിയിട്ടുണ്ട്. നിയമസഭാ സമിതിയുടെ കാളമൂത്രം പോലുള്ള റിപ്പോർട്ട് പോലെയാണ് ഇതും.
അവിടെയും ഇവിടെയും തൊടാതെ എന്തെങ്കിലും പറയുമെന്നല്ലാതെ രാമകൃഷ്ണനേയും അയാൾക്ക് പിന്തുണ നൽകുന്ന മന്ത്രി EP ജയരാജനെയും അവരുടെ താല്പര്യങ്ങളെയും പറ്റിയൊന്നും വ്യക്തമായി ഒരുവരി മനോരമയും എഴുതില്ല. പരമ്പര മുഴുവൻ വായിച്ചാലും “ആരാണാവോ ഇതൊക്കെ ചെയ്യുന്നത്” എന്ന് നെടുവീർപ്പിട്ട് വായനക്കാരും സമാധാനിച്ചോളും. അതിനപ്പുറം നടപടികൾ ഉണ്ടാകാൻ കോടതി തന്നെ വീണ്ടും ശരണം.

ട്രഷറി എങ്ങനെയെങ്കിലും അടയ്ക്കാതെ കൊണ്ടുപോകാൻ ധനമന്ത്രി ഡോ.തോമസ് ഐസക്ക് നെട്ടോട്ടം ഓടിയിട്ട് ഒരു കാര്യവുമില്ല. നിങ്ങളുടെ മൂക്കിന് കീഴെയിരുന്നു ഖജനാവ് കുത്തിചോർത്തുന്ന പെരുച്ചാഴികളെ പിടിക്കാൻ പറ്റാത്തിടത്തോളം എന്ത് കാര്യം !!
ചട്ടം 108 ഭേദഗതി ചെയ്തു സുപ്രീംകോടതി വിധി അട്ടിമറിച്ചത് ഈ സർക്കാരിന് റദ്ദാക്കാൻ കഴിയുന്നില്ലെങ്കിൽ, ഇനി “ഖജനാവിൽ പണമില്ല” എന്ന പല്ലവി പാടുമ്പോൾ ജനം പുച്ഛിച്ചു തള്ളും.

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.