നീതിന്യായ വ്യവസ്ഥ- തേങ്ങയാണ്

0
170

അഡ്വ.ഹരീഷ് വാസുദേവൻ.

നീതിന്യായ വ്യവസ്ഥ- തേങ്ങയാണ്

വിഴിഞ്ഞത്ത് പുറംസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച സുരേഷ് (കടല സുരേഷ്) എന്ന ഗുണ്ട തൽക്കാലം പോലീസ് കസ്റ്റഡിയിൽ ആയി. നമ്മൾ കയ്യടിക്കുന്നു. എന്നിട്ടോ? വകുപ്പുകൾ 323, 294B, പിന്നെ? ജാമ്യം കിട്ടി ഇതിനകം പുറത്തു വന്നു കാണും. ആ പരാതിക്കാരനെ ഇനി ഭീഷണിപ്പെടുത്തും. കുറേയാളുകൾ രാഷ്ട്രീയമായും മറ്റും ഗുണ്ടയ്ക്ക് കൂട്ടുണ്ടാകും. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ജോലി ചെയ്യുന്ന ആ പരാതിക്കാരൻ സമ്മർദ്ദം സഹിക്കാതെ ഒന്നുകിൽ പരാതി പിൻവലിക്കും. ഇല്ലെങ്കിൽ ക്യാമറ ഇല്ലാത്ത സ്ഥലത്ത് വെച്ചു അയാളുടെ കയ്യോ കാലോ സുരേഷ് അടിച്ചൊടിക്കും. ആര് പറഞ്ഞാലും പരാതി പോലും പറയാൻ പിന്നെയാ പാവം സ്റ്റേഷനിലേക്ക് പോലും പോകില്ല. പോയാൽ തന്നെ സ്റ്റേഷനിലെ പോലീസുകാരുടെ കളിയാക്കൽ, ഭീഷണി, സമ്മർദ്ദം ഒക്കെ കേട്ട് പരാതി വേണ്ടെന്ന് വെയ്ക്കും.

സുരേഷ് ഒക്കെ ഇതിനകം എത്രയോ പേരെ മർദ്ദിച്ചിട്ടുണ്ടാകും?മറ്റൊരാളെ മർദ്ദിക്കുന്ന വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. എന്ത് ആത്മാവിശ്വാസത്തിലാണ് ക്യാമറയ്ക്ക് മുന്നിൽ പോലും അടിക്കുന്നത്?തെറി വിളിക്കുന്നത്?(വീട്ടിൽ ഭാര്യയെ മർദ്ദിച്ചു കാണില്ലേ ? അന്വേഷിച്ചു നോക്കിയാൽ അറിയാം!!)കയ്യൂക്ക് കൊണ്ട് ആളുകളെ തല്ലി ജയിക്കാം എന്ന ഒരാളുടെ ആത്മവിശ്വാസം വളം വെച്ചു കൊടുക്കുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ തോൽവിയാണ്.ഈ തല്ലിയ കുറ്റം കോടതിയിൽ സമ്മതിച്ചാൽ 1000 രൂപ പിഴടച്ചു പോകാനുള്ള വഴി അതിലുണ്ടെന്നു അറിയാമോ?ഏത് കാലത്തെ പിഴയാണ് ഇപ്പോഴും IPC യിലെ ശിക്ഷ?തെറി വിളിച്ചതിനോ തല്ലിയതിനോ എത്ര പേരെ ഇതിനകം ജയിൽ കാണിച്ചിട്ടുണ്ട് നമ്മുടെ വിചാരണാ കോടതികൾ?

ഒരു വിദേശ രാജ്യത്ത് നിങ്ങൾക്കിത് ചിന്തിക്കാൻ ആകുമോ??നമ്മുടെ രാജ്യത്ത് പൗരാവകാശത്തിന് പുല്ലുവില. പരാതിക്കാരന്റെ സംരക്ഷണത്തിനും പുല്ലുവില. ക്രിമിനലുകൾ വാഴുന്ന, ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുന്ന പോലീസ് സംവിധാനം.പരാതിക്കാരോട് പുച്ഛം,പരിഹാസം,പരാതിക്കാരൻ കോടതി കയറിയിറങ്ങി മടുത്ത് അവസാനിപ്പിച്ചു പോരും.ഒത്തുതീർപ്പിന് നൂറു സമ്മർദ്ദങ്ങളും.സ്ത്രീകളോട് ചോദിച്ചു നോക്കൂ,പരസ്യമായി തെറിവിളി കേട്ടവർ,തല്ലു കൊണ്ടവർ,സൈബർ അറ്റാക്കിന്‌ വിധേയമായവർ, ലൈംഗികാതിക്രമം നേരിട്ടവർ.എത്രപേർക്ക് ശിക്ഷകിട്ടി? പോലീസ് സേനയെ അടച്ചു ആക്ഷേപിക്കുകയല്ല. നല്ല മനുഷ്യരുണ്ടതിൽ. എന്നാൽ ഇത്തരം കേസിൽ പരാതി കൊടുത്ത അനുഭവത്തിലാണ് പറയുന്നത്. ഒരു നീതിയും കിട്ടില്ല.ശിക്ഷാ നടപടികളും കോടതിയും പഴഞ്ചൻ രീതി മാറ്റണം.ഒരാളുടെ ദേഹത്ത് കൈവെച്ചാൽ ജയിലിൽ കിടക്കേണ്ടി വരുമെന്ന സ്ഥിതി ഉണ്ടാവണം.

തുടർകുറ്റം നടത്തുന്നവർക്ക് ജാമ്യം കിട്ടില്ല എന്നു വരണം. അപ്പോഴേ ദുർബ്ബലനായ മറ്റൊരാൾക്ക് നേരെ ഇനി കൈ പൊങ്ങാതെ ഇരിക്കൂ.Human Dignity യ്ക്ക് നമ്മുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ ഒരു വിലയുമില്ല എന്നതാണ് അനുഭവം.IPC ഒക്കെ ഇപ്പോഴും അറുപഴഞ്ചൻ ശിക്ഷകളുമായി തുടരുകരാണ്.കേരളാ പോലീസ് ആക്‌ടോ??സംസ്ഥാനങ്ങൾക്ക് ക്രിമിനൽ നിയമങ്ങളിൽ ചില ഭേദഗതി കൊണ്ടുവരാം.പക്ഷെ ചെയ്യില്ല.തല്ലു കൊള്ളുന്നവൻ അധികാരശ്രേണിയിൽ നല്ല സ്ഥാനമുള്ളവർ ആണെങ്കിൽ മാത്രമേ ഇവിടെ കേസ് പോലും ശരിയായി നടക്കൂ.എന്നാണ് നമ്മൾ നമ്മുടെ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തെ നന്നാക്കാൻ പോകുന്നത്?സുരേഷ് ഇനിയൊരാളോടും ഇങ്ങനെ ചെയ്യില്ലെന്ന് ഉറപ്പിക്കാൻ നമുക്ക് കഴിയുമോ?40 ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികൾ പലരിൽ നിന്ന് പലപ്പോഴായി തല്ലു കൊള്ളില്ല എന്നു ഉറപ്പിക്കാമോ?