ഖജനാവിന്റെ നല്ലൊരു പങ്ക് ചെലവാക്കി സ്വകാര്യ എയ്‌ഡഡ്‌ സ്ഥാപനങ്ങൾക്ക് ശമ്പളവും പെൻഷനും കൊടുക്കുമ്പോൾ നിയമനം മാത്രമെന്തിന് കൈക്കൂലിയിൽ ആക്കണം?

169
അഡ്വ.ഹരീഷ് വാസുദേവൻ
വാടകയ്ക്ക് എടുക്കണം, നിയമനവും ഏറ്റെടുക്കണം.
സ്വകാര്യ എയ്‌ഡഡ്‌ സ്‌കൂളുകൾ നടത്തുന്നത് പകൽക്കൊള്ളയാണ്. സർക്കാരിന്റെ ഒത്താശയോട് കൂടി നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ അഴിമതിയും സ്വജനപക്ഷപാതവുമാണ് സ്വകാര്യ എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം. ഓരോ നിയമനത്തിനും ലക്ഷങ്ങൾ കൈക്കൂലി വാങ്ങിക്കുന്ന മാനേജ്‌മെന്റ് പക്ഷെ ബാധ്യതകൾ എല്ലാം സർക്കാരിന്റെ തലയിൽ ഇടുന്നു. ശമ്പളത്തിനു പുറമെ പെൻഷൻ അടക്കം കൊടുക്കുന്നത് സർക്കാർ. കെട്ടിടവും അനുബന്ധ സൗകര്യങ്ങളും വരെ നൽകുന്നത് MP/MLA ഫണ്ടിൽ നിന്ന്. അതും പൊതുപണം. എന്നാൽ നിയമനത്തിന് പൊതുമാനദണ്ഡമില്ല. യോഗ്യതയുള്ളവരിൽ നിന്ന് കൈക്കൂലി കൊടുക്കുന്നവർക്ക് നിയമനം. നിയമിച്ച ആൾ ഒന്ന് ലീവെടുത്താൽ ലീവ് വേക്കൻസി ഉണ്ടാക്കി അടുത്ത നിയമനം.
ഒരു ഡിവിഷൻ അധികം വന്നാൽ നടക്കുന്ന നിയമനത്തിന്റെ അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കിയ തീരുമാനത്തോട് മോശമായാണ് മുതലാളിമാർ പ്രതികരിച്ചത്.”എന്നാൽ, കെട്ടിടം വാടകയ്ക്ക് എടുത്ത് സർക്കാർ നടത്തിക്കോളൂ” എന്ന സ്വകാര്യ മാനേജ്‌മെന്റിന്റെ ഭീഷണിയോട്, “ആ ഭീഷണി കയ്യിൽ വെച്ചാൽ മതി, വിരട്ടാൻ നോക്കണ്ട” എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നു പറഞ്ഞത്. അപ്പറഞ്ഞ ഡയലോഗിന് ആയിരം അഭിനന്ദനങ്ങൾ.ശമ്പളവും പെൻഷനും കൊടുക്കാൻ അറിയാമെങ്കിൽ വാടക കൂടി കൊടുക്കാനറിയാം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.എന്നാൽ ഏറ്റെടുത്തോളൂ എന്നൊരു വിരട്ടൽ മാനേജ്‌മെന്റുകളുടെ ഭാഗത്ത് നിന്ന് വന്നിട്ടുണ്ട്.
കേരളത്തിലെ വിദ്യാഭ്യാസം ഇത്രമേൽ മലീമസവും ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും മതാധിഷ്ഠിതവും ആക്കി എടുത്തതിൽ ചില എയ്‌ഡഡ്‌ മാനേജ്‌മെന്റ് സ്‌കൂളുകളുടെ പങ്ക് കാണാതിരുന്നുകൂടാ. ഇത് പറ്റിയ അവസരമാണ്.നഷ്ടം സഹിച്ച് ഒരു മുതലാളിയും ഇനി എയ്‌ഡഡ്‌ സ്‌കൂൾ നടത്തണ്ട എന്നു സർക്കാർ തീരുമാനിക്കണം. പൊതു ആവശ്യത്തിനു Land Acquisition Act അനുസരിച്ച് സ്‌കൂൾ ഉൾപ്പെടുന്ന പൊതുഭൂമി ഏറ്റെടുക്കണം. എല്ലാ നിയമനങ്ങളും PSC യെ ഏൽപ്പിക്കണം.മുണ്ടശ്ശേരി നിർത്തിയ സ്ഥലത്ത് നിന്ന് തുടങ്ങാൻ ഇതാണ് പറ്റിയ അവസരം. ഖജനാവിന്റെ നല്ലൊരു പങ്ക് ചെലവാക്കി സ്വകാര്യ എയ്‌ഡഡ്‌ സ്ഥാപനങ്ങൾക്ക് ശമ്പളവും പെൻഷനും കൊടുക്കുമ്പോൾ നിയമനം മാത്രമെന്തിന് കൈക്കൂലിയിൽ ആക്കണം? മുഖ്യമന്ത്രിക്ക് പിന്തുണ. മുന്നോട്ട് പോകാൻ സർക്കാർ തയ്യാറുണ്ടോ?