അക്രമരാഷ്ട്രീയത്തെ പൊതുവിൽ അപലപിച്ചാൽ പോരാ, പല പേരുകളിൽ നടക്കുന്ന സംഘപരിവാറിന്റെ കൊലപാതകത്തെ പേരെടുത്ത് അപലപിക്കണം

34

Adv. Harish vasudevan എഴുതിയത്.

രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും അങ്ങേയറ്റം അപലപിക്കുമ്പോഴും, മാധ്യമങ്ങൾ അതിൽ പക്ഷപാതിത്വം കാട്ടുന്നു എന്ന് CPM സുഹൃത്തുക്കൾ നിരന്തരം പരാതി പറയാറുണ്ട്. ഒരു പ്രദേശത്തെ CPM കാരെ ഏകപക്ഷീയമായി കൊല്ലുമ്പോൾ വാർത്ത ഉൾപ്പേജിൽ അപ്രധാനമായി മാറുമെന്നും കൊല്ലപ്പെടുന്നത് RSS കാരോ കൊണ്ഗ്രസുകാരോ ലീഗുകാരോ ആണെങ്കിൽ CPM നെതിരെ അത് ഒന്നാം പേജ് ലീഡും മുഖപ്രസംഗവും ഒക്കെ ആകുമെന്നും അവർ കുറ്റപ്പെടുത്താറുണ്ട്. ഞാനവരോട് തർക്കിക്കുകയാണ് പതിവ്. എല്ലാത്തരം രാഷ്ട്രീയ കൊലപാതകങ്ങളും ഒരുപോലെ എതിർക്കപ്പെടേണ്ടതാണ് എന്ന്.

എന്നാൽ ഇന്ന് കുന്നംകുളം CPM ബ്രാഞ്ച് സെക്രട്ടറിയെ, 26 വയസ്സുള്ള സനൂപിനെ, വെട്ടിക്കൊന്ന വാർത്ത ഉൾപ്പേജിൽ അപ്രധാനമായി കണ്ടു. “കുത്തേറ്റു മരിച്ചു” എന്നതും “കുത്തിക്കൊന്നു” എന്നതും തമ്മിൽ വ്യത്യാസമുണ്ട്. കൊന്നതാര് എന്നതിനെപ്പറ്റി ഒരുവരി കൊടുത്തെന്നു വരുത്തിയിട്ടുണ്ട് മനോരമ. മാതൃഭൂമിയിൽ അതുമില്ല. കൊല്ലപ്പെടുന്നത് CPM ആകുമ്പോൾ കൊന്നതാര് എന്ന് പറയാൻ മാധ്യമങ്ങൾക്ക് മടിയുണ്ട് എന്ന വാദം ഇപ്പോഴെനിക്ക് അംഗീകരിക്കേണ്ടി വരുന്നു.
ഇരൂപക്ഷ സംഘർഷത്തിൽ കൊല്ലപ്പെട്ടതല്ല, ഏകപക്ഷീയമായ ആക്രമണം ആയിരുന്നു. കൂടെയുള്ള എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. കുത്തേറ്റ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിക്കണമെങ്കിൽ, അത് വെറും കുത്തല്ല, കൊല്ലാൻ ഉറച്ച ട്രെയിൻഡ് കുത്താണ് അത്. ഇതൊരു ആസൂത്രിത കൊലപാതകമാണ്.

മെഡിക്കൽ കോളേജിലെയും സർക്കാർ ആശുപത്രിയിലെയും അശരണരായ രോഗികൾക്ക് ഭക്ഷണം എത്തിക്കുന്നതിൽ വ്യാപൃതനായിരുന്നു സനൂപ്. അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചിട്ടും സമൂഹത്തിനു വേണ്ടി ജീവിച്ചവൻ. നഷ്ടം CPIM നു മാത്രമല്ല. ഇത്തരം മനുഷ്യർ ഏത് പാർട്ടിയിൽ ആയാലും അവരുടെ നഷ്ടം സമൂഹത്തിനാകെ ആണ്.
ഇക്കാര്യത്തിൽ അക്രമരാഷ്ട്രീയത്തെ പൊതുവിൽ അപലപിച്ചാൽ പോരാ, പല പേരുകളിൽ നടക്കുന്ന സംഘപരിവാറിന്റെ കൊലപാതകത്തെ പേരെടുത്ത് അപലപിക്കണം. അല്ലാത്ത മാധ്യമങ്ങളും അവരുടെ നിശബ്ദ വായനക്കാരും കാണിക്കുന്നത് ഇരട്ടത്താപ്പ് ആണ്.

മുഖ്യമന്ത്രിയോട് പറയാൻ ഒന്നേയുള്ളൂ. ഇനിയൊരാൾ കൊലക്കത്തിക്ക് ഇരയാകാതെ ഇരിക്കണമെങ്കിൽ, ഇതിനെ വെറുതേ അപലപിച്ചാൽ പോരാ. ആഭ്യന്തര മന്ത്രിയുടെ പണിയെടുക്കണം. സംഘപരിവാർ സംഘടനകളുടെ ആയുധപ്പുരകൾ റെയ്ഡ് ചെയ്യണം. ആയുധശേഖരങ്ങൾ പിടിച്ചെടുക്കണം. ഗുണ്ടാ ലിസ്റ്റിൽ ഉള്ളവരെ കാപ്പ ചുമത്തി അകത്തിടണം. പണ്ട് കണ്ണൂരിൽ അത് ചെയ്തപ്പോഴാണ് അവിടെ കൊലപാതക പരമ്പര ഒന്നടങ്ങിയത്. ഇനി വൈകരുത്.