പിന്നെയും പട്ടിക്ക് മുറുമുറുപ്പ്

  0
  742

  പിന്നെയും പട്ടിക്ക് മുറുമുറുപ്പ്

  Adv Harish Vasudevan Sreedevi എഴുതിയത്

  കേരളാ പൊലീസിലെ ഏതോ ക്രിമിനൽ, മേരിയെന്ന പാവം സ്ത്രീയുടെ ആകെയുള്ള ജീവനോപാധി നശിപ്പിച്ച വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ പോലീസിന്റെ പേജിലും നാട്ടുകാർ പ്രതികരിച്ചു. (ലോക്ഡൗണായത് നന്നായി, ഇല്ലെങ്കിൽ നാട്ടുകാരുടെ കൈത്തരിപ്പ് പോലീസിലെ ആ ക്രിമിനൽ നേരിട്ടറിഞ്ഞേനെ.) ഇതുവരെ ഇത് യൂണിഫോമിന്റെ ബലത്തിൽ ഒരാൾ ചെയ്ത കുറ്റമേ ആകുന്നുള്ളൂ. എന്നെയടക്കം പേജിൽ ബ്ലോക്കി. ഇപ്പോൾ ഒഫീഷ്യൽ പേജിൽ ന്യായീകരണം വന്നിട്ടുണ്ട്. അതായത് ക്രൈം ഒരാളിൽ നിന്ന് പോലീസ് സേന ഔദ്യോഗികമായി ഏറ്റെടുത്തു. ഇപ്പോൾ മുതൽ ഇത് കേരളാ പോലീസും ജനങ്ങളും തമ്മിലുള്ള പ്രശ്നമാണ്.

  സംഗതി വസ്തുതാവിരുദ്ധമാണ് എന്നാണ് ന്യായീകരണം. പോലീസ് നിയമനടപടി സ്വീകരിച്ചപ്പോൾ ആസൂത്രിതമായി ചിത്രീകരിച്ച വീഡിയോ ആണത്രേ !! ചിത്രീകരിക്കാനായി മേരിചേച്ചീ ആയിരക്കണക്കിന് രൂപയുടെ മീൻ വാങ്ങി നിലത്ത് കൊണ്ടു തട്ടിയോ?? എന്നിട്ട് കരഞ്ഞുകൊണ്ട് അഭിനയിച്ചോ?
  ആ കരച്ചിൽ കണ്ടു കണ്ണ് നിറഞ്ഞവരിൽ എന്നെപ്പോലെ ആയിരക്കണക്കിന് മനുഷ്യരുണ്ട്. ഇത്രയും നന്നായി അഭിനയിക്കുമെങ്കിൽ മേരിചേച്ചിക്ക് മീൻ വിൽക്കാൻ പോകേണ്ടല്ലോ, അഭിനയിക്കാൻ പോയാൽ പോരേ?

  മേരിചേച്ചിയുടെ വീടിന്റെ വീഡിയോ ഈ പോസ്റ്റിലുണ്ട്. നിങ്ങൾ ഒന്ന് കാണുക. അതിദാരിദ്രം അകറ്റാൻ കർമ്മ പദ്ധതി ആവിഷ്കരിക്കുന്ന പിണറായി സർക്കാരിന് ആദ്യ പേരായി ചേർക്കാൻ കഴിയുന്ന കുടുംബമാണ് ചോരുന്ന ഓലപ്പുരയിൽ കഴിയുന്ന ഇവർ. നഷ്ടപ്പെട്ട ആ മത്സ്യത്തിന്റെ വില അടച്ചു തീർക്കാൻ ഇവർ ഇനി എത്ര ദിവസം ജോലി ചെയ്താലാണ് !!!

  ഇവരേപോലെ ഒരു പാവം സ്ത്രീ കേരളാ പോലീസിനെതിരെ ആസൂത്രിതമായി വീഡിയോ ഉണ്ടാക്കി എന്നൊക്കെ സൈബർ തലസ്ഥാനത്തിരുന്നു എഴുതി വിടുന്നവന്റെ കൈ പുഴുത്തു പോകുമെടാ സാമദ്രോഹികളേ…. അവരുടെ കണ്ണുനീർ സത്യമാണ്. നിന്റെയൊക്കെ ഏത് അധികാര കോട്ടകളെയും തകർക്കാൻ മാത്രം പ്രഹരശേഷിയുണ്ട് ആ കണ്ണുനീരിന്…

  അതിരിക്കട്ടെ, ഔദ്യോഗിക വിശദീകരണം നൽകാൻ ആരാണീ വിഷയത്തിൽ അന്വേഷണം നടത്തി പോലീസ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് നൽകിയത്??? അവർ മേരി ചേച്ചിയുടെ മൊഴിയെടുക്കാതെ എന്ത് കോപ്പിലെ അന്വേഷണമാണ് നടത്തിയത്? ഇതൊന്ന് അറിയണം. അതിനുള്ള RTI അപേക്ഷ നൽകുന്നുണ്ട്. ഒരു അന്വേഷണവും ഇല്ലാതെ തലസ്ഥാനത്ത് ഫേസ്‌ബുക്കിൽ ഇരിക്കുന്നവന് ഉണ്ടായ വെളിപാട് ആണെങ്കിൽ പോലീസിന്റെ സോഷ്യൽ മീഡിയ പേജിനു അക്കൗണ്ടബിലിറ്റി ഉണ്ടാക്കാൻ ഇന്നാട്ടിലെ നിയമവ്യവസ്ഥയിൽ വഴിയുണ്ടോ എന്നൊന്ന് നോക്കാൻ തീരുമാനിച്ചിട്ടുണ്ട്. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും പട്ടിക്കാണ് മുറുമുറുപ്പ് എന്നു പറഞ്ഞതുപോലെയാണ് കേരളാ പോലീസിന്റെ കാര്യം..

  (മേരി ചേച്ചിയ്ക്ക് നിയമസഹായം നൽകും.ഒപ്പം ഈ മാസത്തെ വരുമാനത്തിൽ നിന്ന് ഒരു പങ്ക് കൂടി നൽകും. ലൈഫ് പദ്ധതിയിൽ ഇവരേ ഉൾപ്പെടുത്താൽ കഴിയില്ലേ ആവോ)

  #inhuman_Kerala_Police
  #KeralaPoliceAtrocity
  #Shame_On_KeralaPolice
  അഡ്വ.ഹരീഷ് വാസുദേവൻ.