കാമുക സംസർഗ്ഗത്തിന് മക്കൾ തടസ്സമാകുമ്പോൾ കൊന്നുകളയുന്ന മനോനിലമാത്രമെടുത്ത് ചർച്ച ചെയ്യുന്നത് സുഖമുള്ള ഏർപ്പാടാണ്

0
206
Adv. Jahangeer Amina Razaq
എപ്പോഴും ഒരു കല്ല് കൂടെയുണ്ട് മലയാളിയുടെ കയ്യിൽ.അല്ലെങ്കിൽ മനഃസ്സാക്ഷി മരവിയ്ക്കുന്ന ക്രൂരതകളിൽ ജുഗുപ്സാവഹമായ കവിതയെഴുതാനുളള ഒരു പേന.
കണ്ണൂരിലെ ശരണ്യ പൂർണ്ണ മാനസികാരോഗ്യമുള്ള ഒരു സ്ത്രീയാണെങ്കിൽ സ്വന്തം മകനെ കൊല്ലില്ല. പൊതുബോധ ആക്രോശങ്ങൾകൊപ്പംകൂടി കല്ലേറ് തുടങ്ങുന്നതിനു മുൻപ് വിവരമുള്ളവർ മനഃശാസ്ത്രവും, ക്രിമിനോളജിയുമെല്ലാം വിശകലനം ചെയ്തു ഇനിയും വൈകാതെ സാമൂഹ്യ മാധ്യമങ്ങളിൽ എഴുതേണ്ടതുണ്ട്.!
കാമുക സംസർഗ്ഗത്തിന് മക്കൾ തടസ്സമാകുമ്പോൾ കൊന്നുകളയുന്ന മനോനിലമാത്രമെടുത്ത് ചർച്ച ചെയ്യുന്നത് സുഖമുള്ള ഏർപ്പാടാണ്. കാരണം “പെണ്ണിൻ്റെ കഴപ്പാണല്ലോ” ചർച്ച ചെയ്യപ്പെടേണ്ടി വരുന്ന പ്രധാന വിഷയം. അത് സോഷ്യൽ മീഡിയയ്ക്കും, നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ ഇക്കിളിക്കഥകളുടെ നിർമ്മാതാക്കൾക്കും സുഖവും സ്വീകാര്യവുമായ ഏർപ്പാടാണ്.! കല്ലെറിയാൻ മാത്രമല്ല, മനോവൈകല്യങ്ങളെ ശാസ്ത്രീയമായി പഠിക്കാനും വിവേകികൾ തയ്യാറാകണം..!!
ഒന്നരവയസ്സുകാരനെ സ്വന്തം അമ്മ എറിഞ്ഞുകൊല്ലുന്നത് രോഷവും, പ്രതിഷേധവുമുണർത്താത്ത മനുഷ്യർ മനുഷ്യരേയല്ല എന്നത് വസ്തുതയാണ്. നിങ്ങൾക്ക് കലശലായ കോപവും രോഷവും സങ്കടവുമെല്ലാം ഉണ്ടാകുന്നുവെങ്കിൽ, മസ്തിഷ്കവും മറ്റും സ്വാഭാവികമായി പ്രവർത്തിക്കുന്ന ഒരു സാധാരണ മനുഷ്യനാണ് നിങ്ങളും. പക്ഷേ സമാനതകളില്ലാത്ത ദുരന്തത്തിൽ (കൊലപാതകമല്ല, ദുരന്തം എന്നാണ് പ്രയോഗിച്ചത്.) കവിതയെഴുതി ഫേസ്‌ബുക്കിൽ പോസ്റ്റുചെയ്യുന്നവരുടെ മനോരോഗവും ശരണ്യയെപ്പോലെ തീവ്രമായ ഒന്നുതന്നെയാണ്. വാക്കുകൾ പരമാവധി മൂർച്ചകൂട്ടി കല്ലെറിയുക, അടുത്ത വിഷയം കിട്ടുന്നതുവരെ അത് ചർച്ചയാക്കുക എന്നതാണ് ഇപ്പോൾ മലയാളത്തിലെ ഒരു പൊതുരീതി.!
1) ഇനി വിഷയത്തിലേക്ക് വരാം. 21 വയസ്സുമാത്രം പ്രായമുള്ള ഒരു യുവതി, കുടുംബത്തെയുപേക്ഷിച്ചു, ഒന്നരവയസ്സുകാരൻ കുഞ്ഞിനെ കൊന്നുകളഞ്ഞു, കാമുകസംസർഗ്ഗത്തിനായി ഒളിച്ചോടാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണോ? ടിപ്പിക്കൽ മല്ലു പോസ്റ്റുകളിലെ “കാമദാഹം” “ക്രൂരത” “രാക്ഷസി” “അമ്മയെന്ന വാക്കിൻറെ മഹത്വം അറിയാത്തവൾ” തുടങ്ങിയ ക്ളീഷേ പദാവലികൾകൊണ്ട്മാത്രം വിശേഷിപ്പിച്ചു ഒളിച്ചോടാൻ കഴിയുന്നതാണോ ഇത്തരം ഒരു രോഗാതുരമായ വ്യക്തിമനസ്സ്?! സത്യത്തിൽ ശരണ്യ ചെയ്തിരിക്കുന്നത് കൊലപാതകവും, ആത്മഹത്യയുമാണെന്നാണ് എന്റെ പക്ഷം. എങ്ങനെയെന്നല്ലേ…
2) രോഗാതുരമായ മനോനിലകൾ, അരക്ഷിതാവസ്ഥകൾ.
നാളിതുവരെ കൊലപാതകമെന്ന് കേൾക്കുമ്പോൾ വ്യക്തിവൈരാഗ്യവും രാഷ്ട്രീയവും ക്വട്ടേഷനുമൊക്കെയായിരുന്നു സാംസ്കാരിക കേരളത്തിനു ഇതുവരെ പരിചയമുണ്ടായിരുന്ന മുഖം. എന്നാൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി യാഥാർഥ്യങ്ങളാകെ മാറിയിരിക്കുന്നു. ധാർമ്മികവും അല്ലാത്തതുമായ സ്ത്രീപുരുഷ ബന്ധങ്ങളുടെയും, സൗഹൃദങ്ങളുടെയും ഫലമായി ഉടലെടുക്കുന്ന പ്രണയം, പ്രണയനൈരാശ്യം, പ്രണയനിരാസം തുടങ്ങിയ കാരണങ്ങൾ കൊണ്ടുണ്ടായ ഹീനമായ കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുന്നു. അതിൽ ആത്മഹത്യകളും സ്വന്തം കുഞ്ഞുങ്ങൾ അടക്കമുള്ളവരെ കൊന്നുകളയുന്നതും വ്യാപകമാവുന്നു എന്നതുമാണ് ശ്രദ്ധേയം!
3) പ്രതിദിനം ഇന്ത്യയിൽ ഏഴ് കൊലപാതകങ്ങള് ഇത്തരം ബന്ധങ്ങൾ കാരണം നടക്കുന്നുവെന്നാണ് ദേശീയ ക്രൈം റെക്കോർഡ് ബ്യുറോയുടെ കണക്ക്. 14 ആത്മഹത്യകളും ദിവസേന പ്രണയം കാരണമായി നടക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ശരാശരി അൻപതോളം തട്ടിക്കൊണ്ടുപോവലുകളും ദിവസേന നടക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല എന്നത് ഞെട്ടിക്കുന്നതാണ്. ദുരഭിമാന കൊലപാതകങ്ങളും പ്രണയനിരാസത്തിൽ തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും പതിവായ നോർത്തിന്ത്യൻ മധ്യവർഗ്ഗ ജീവിതത്തിനു സമാനമായി, നമുക്ക് വാർത്തകളിൽ വായിച്ച്മാത്രം പരിചയമുള്ള ഹീനമായ കുറ്റകൃത്യങ്ങൾ കേരളത്തിലും വ്യാപകമാവുകയാണ് എന്നത് ഗൗരവമേറിയതാണ്.
4) പ്രണയത്തകര്ച്ചയിലോ, നിരാസത്തിലോ പുരുഷന്മാര് ചെയ്യുന്ന കൊപാതകങ്ങള്, വീട്ടുകാരുടെ അനുമതിയില്ലാത്തതിനാലോ സാമൂഹ്യസമ്മർദ്ദങ്ങളാലോ കമിതാക്കള് നടത്തുന്ന ആത്മഹത്യ, പ്രണയപൂർത്തീകരണത്തിനായി അമ്മമാർ നടത്തുന്ന കുഞ്ഞുങ്ങളെയും ഭർത്താവിനെയുമടക്കമുള്ള ക്രൂരഹത്യകൾ. നോർത്തിന്ത്യൻ മോഡലിൽ ജാതിയുടെ പേരിലുള്ള കൊലപാതകങ്ങള്, കാമുകന്റെ മറ്റൊരു പ്രണയം അറിയുമ്പോഴുള്ള പ്രതികാരം തുടങ്ങി വിവിധ രൂപത്തിലാണ് സമകാലിക കേരളത്തിൽ പ്രണയം കുടുംബങ്ങളില് ദുരിതം വിതയ്ക്കുന്നത്.
5) അതിമതകീയമായ സമൂഹം, ധാർമ്മികവിരുദ്ധമായ സമൂഹം.
വളരെയധികം മതകീയമായ സമൂഹമാണ് കേരളത്തിൻറെ മധ്യവർഗം എന്നതാണ് വസ്തുത. മതവും ജാതിയും രാഷ്ട്രീയ നിലപാടുകളെപ്പോലും സ്വാധീനിക്കുന്ന സമൂഹംകൂടിയാണ് പ്രബുദ്ധരെന്ന് അവകാശപ്പെടുമ്പോഴും നമ്മുടേത്. ആചാരങ്ങളുമായി ബന്ധപ്പെട്ട ഉന്നതകോടതിവിധികൾക്കെതിരെ തെരുവിലിറങ്ങാൻപോലും സന്നദ്ധമായ ഒരു സ്ത്രീപുരുഷസമൂഹംപോലും കേരളത്തിലുണ്ടെന്ന് നാം കണ്ടതാണ്. പക്ഷേ നമ്മുടെ ധാർമ്മിക ചിന്തകളെയും ദൈനംദിന ജീവിതത്തെയും, വിശേഷിച്ചും പുതിയ തലമുറയെ, മതധാർമ്മികതകൾപോലും സ്വാധീനിക്കുന്നില്ല എന്നതാണ് ഇത്തരം ക്രൂരകൃത്യങ്ങൾ സൂചിപ്പിക്കുന്ന പാഠം.
6) കൂട്ടുകുടുംബങ്ങൾ ഉണ്ടായിരുന്ന കാലത്തെ സുരക്ഷിതബോധവും, ബന്ധങ്ങളുടെ ഊഷ്മളതയും, സൗഹൃദങ്ങളുടെ ആഴവും, സാമൂഹ്യസുരക്ഷിതത്വവും നവകാലത്തെ ന്യൂക്ലിയർകുടുംബങ്ങളിലും സമൂഹത്തിലും നിലനിൽക്കുന്നില്ല എന്നതാണ് പ്രധാനമായും ഇതിനെല്ലാം ഹേതുവായി നമുക്ക് കാണാനാവുക. മനുഷ്യരെല്ലാം അവനവനിസത്തിന്റെ ചെറിയ ദ്വീപുകളിലേക്ക്, സ്വന്തം മുറിയും സ്മാർട്ട് ഫോണും, കമ്പ്യൂട്ടറും ഓൺലൈൻ സൗഹൃദങ്ങളും മാത്രമുള്ള ലോകങ്ങളിലേക്ക് ചുരുങ്ങിച്ചെറുതായിരിക്കുന്നു എന്നതും സാമൂഹ്യ യാഥാർഥ്യമാണ്. അവിടെ നടക്കുന്ന കുഞ്ഞുകുഞ്ഞു അസ്വാരസ്യങ്ങൾപോലും വ്യക്തിജീവിതങ്ങളിലെ വലിയ അഗ്നിപർവ്വത സ്ഫോടനങ്ങളായി മാറി, സ്വയം നശിക്കുകയും മറ്റുള്ളവരുടെ പ്രാണനെടുക്കുന്ന ദുരന്തത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നു.
7) ഈ സമയത്ത് സോഷ്യൽ മീഡിയയിലും ദൃശ്യമാധ്യമ ചർച്ചകളിലും കാണുന്ന “കത്തിച്ചവനെ കത്തിക്കണം”, “അവളെയും ഈ പാറപ്പുറത്ത് എറിഞ്ഞുകൊല്ലണം ” – മോഡൽ ആക്രോശങ്ങളോട് യോജിപ്പില്ല. കൊലപാതകം ഒന്നിനും ന്യായീകരണമോ പരിഹാരമോ അല്ല എന്ന് അംഗീകരിക്കുമ്പോൾത്തന്നെ ഇത്തരം വിഷയങ്ങളിലെ പുതിയകാല മാധ്യമമായ സോഷ്യൽ മീഡിയകളിലെ മുൻവിധികൾ മിക്കപ്പോഴും തിരുത്തേണ്ടി വന്നിട്ടുണ്ട് എന്നതാണനുഭവം.!
8) പ്രണയസാക്ഷാത്ക്കാരത്തിനായി വധശിക്ഷപോലും ലഭിക്കാവുന്ന കുറ്റകൃത്യത്തിലേർപ്പെടാൻ തക്കവണ്ണം, ചെറുപ്രായമുള്ള യുവതികളുടെ മനസ്സുപോലും പാകപ്പെടുമ്പോൾ, മനശാസ്ത്രപരമായും, വസ്തുതാപരമായും ഫേസ്‌ബുക്ക് “ഗ്വാഗ്വാ വിളികൾക്കപ്പുറം” ഗൗരവതരമായ പ്രശ്നങ്ങൾ ഈ ക്രൂരകൃത്യത്തിലേക്കു നയിച്ചിട്ടുണ്ട് എന്നുറപ്പാണ്. സമൂഹവും, ഭരണകൂട സംവിധാനങ്ങളും ജുഡീഷ്യറിയും മതനേതൃത്വങ്ങളും തിരിച്ചറിയേണ്ടതും തിരുത്തേണ്ടതും ഇടപെടേണ്ടതും മേൽപ്പറഞ്ഞ ദുരൂഹമായ സാമൂഹ്യ യാഥാർഥ്യങ്ങളെയാണ്..!
9) ക്രൂരതകളിൽ, കുറ്റകൃത്യങ്ങളിൽ ലിംഗവ്യത്യാസമുണ്ട് എന്നുള്ള മൗഢ്യങ്ങളിൽ അഭിരമിക്കാൻ, ഒരഭിഭാഷകൻ എന്നുള്ള അനുഭങ്ങളിൽനിന്നു, ഞാൻ തയ്യാറല്ല. ഒരു സാമൂഹ്യമുൻവിധികളും നമ്മെ നയിക്കുന്നത് ശരിയല്ല എന്നതാണ് എന്റെ നിലപാട്. കാമുകനുമായി ചേർന്ന് ഭർത്താവിനെ വെട്ടിനുറുക്കി ചാക്കിലാക്കി വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വലിച്ചെറിഞ്ഞ സ്ത്രീകളും, സ്വന്തം കുഞ്ഞുങ്ങളെ ഭേദ്യം ചെയ്തുകൊല്ലാനും, ലൈംഗികമായി ചൂഷണം ചെയ്യാനും അനുവാദം നൽകുന്ന സ്ത്രീകളും കോടതിയനുഭവങ്ങളിൽ കുറവല്ല എന്ന യാഥാർഥ്യങ്ങൾകൂടി ഏതെങ്കിലും ഒരു ലിംഗവിഭാഗത്തെ കുറ്റപ്പെടുത്തുമ്പോഴും ഈ സാമൂഹ്യ ദുരന്തങ്ങളിൽ പഴിചാരുമ്പോഴും നാം ശ്രദ്ധിക്കേണ്ടതുണ്ട്.!
10) പ്രണയവും പ്രണയനൈരാശ്യവുമെല്ലാം മനുഷ്യമനഃശാസ്ത്രത്തിൽ സ്വാഭാവികമാണ്. എന്നാൽ, പൈശാചികമായ കൊലപാതകങ്ങൾ സ്വാഭാവികമല്ല, മാത്രമല്ല സാമൂഹ്യ തിന്മയുമാണ്. പക്ഷേ, “എറിഞ്ഞു, ലിംഗംഛേദിച്ചു കൊല്ലവനെ”, “കല്ലെറിഞ്ഞു, പാറപ്പുറത്തടിച്ചു കൊല്ലവളെ” -ആക്രോശങ്ങൾകൊണ്ട് മാനസികാരോഗ്യമുള്ള, രോഗാതുരമല്ലാത്ത വ്യക്തികളെയും സമൂഹമനഃസ്സാക്ഷിയെയും പുനർനിർമ്മിക്കാനാകുമെന്നു കരുതുകവയ്യ. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് വികലമായ മുൻവിധികളും പരിഹാരം സാധ്യമാക്കില്ല. കുറ്റകൃത്യങ്ങളിലെ സാമൂഹ്യ മുൻവിധികൾ മിക്കപ്പോഴും പിഴവുകളായിരുന്നു എന്നതായിരുന്നു ചരിത്രവും. ഇത്തരം ഹീനകൃത്യങ്ങളിൽ സുതാര്യമായ അന്വേഷണം നടക്കട്ടെ; രോഗാതുരമായ മനസ്സുള്ള നമ്മുടെ സമൂഹത്തിനും, വ്യക്തികൾക്കും സമൂലമായ മാറ്റവും പരിവർത്തനവും ഉണ്ടാകുവാനുള്ള സാമൂഹ്യ – ഭരണകൂട- ജുഡീഷ്യൽ ജാഗ്രതകൾ ഉണ്ടാവട്ടെ…! ശാസ്ത്രീയമായ മനസികാവബോധനവും, അതിലൂടെ ആരോഗ്യമുള്ള മനസ്സുള്ള വ്യക്തികളെ സൃഷ്ടിക്കാനുമാവട്ടെ.!!
Adv. Jahangeer Amina Razaq
8136 888 889.